Image

മലയാള സിനിമയിലെ പകപോക്കലുകള്‍

Published on 29 September, 2011
മലയാള സിനിമയിലെ പകപോക്കലുകള്‍
പുറമെ കാണുന്ന കളര്‍ഫുള്‍ ലോകമല്ല മലയാള സിനിമയുടെ ഉള്ളിലെന്ന്‌ വീണ്ടും തെളിയുകയാണ്‌. കഴിഞ്ഞ ദിവസം ഏറെ വിവാദമായ നിത്യാമേനോന്‍ വിലക്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുമ്പോള്‍ പകപോക്കലിനായി സംഘടനകളെ ഉപയോഗപ്പെടുത്തുകയും സംഘടനകളുടെ ബലത്തില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷട്യം കാണിക്കുകയും ചെയ്യുന്ന ഒരു കൂട്ടും സിനിമാക്കാരുടെ ഉള്ളുകളികളാണ്‌ വെളിവാകുന്നത്‌.

തല്‍സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിത്യാമേനോനോട്‌ ആന്റോ ജോസഫ്‌ എന്ന നിര്‍മ്മാതാവ്‌ കഥ പറയാന്‍ ചെന്നുവെന്നും എന്നാല്‍ കഥകേള്‍ക്കുവാനോ തങ്ങളെ കാണുവാനോ നിത്യ കൂട്ടാക്കിയില്ലെന്നും, നടി തങ്ങളോട്‌ മോശമായി പെരുമാറിയെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. തുടര്‍ന്ന്‌ നിര്‍മ്മാതാക്കളുടെ സംഘടന നിത്യയെ മലയാള സിനിമയില്‍ നിന്നും വിലക്കുകയായിരുന്നു.

എന്നാല്‍ നിത്യയുടെ വിലക്കിനു പിന്നിലെ കാരണം ഈ സംഭവമല്ലെന്നാണ്‌ നിത്യയുടെ വെളിപ്പെടുത്തലുകളില്‍ നിന്നും അറിയുന്നത്‌. ആന്റോ ജോസഫിനൊപ്പമുണ്ടായിരുന്ന പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌കുമാര്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചട്ടക്കാരി എന്ന സിനിമയിലേക്ക്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ നിത്യാമേനോനെ നായികയായി ക്ഷണിച്ചിരുന്നു. എന്നാല്‍ നിത്യ ഈ സിനിമ വേണ്ടെന്ന്‌ വെക്കുകയായിരുന്നു. തുടര്‍ന്നും പലതവണ ഈ സിനിമയില്‍ അഭിനയിക്കാന്‍ നിത്യാമേനോന്‌ മേല്‍ സമര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി നടിയുടെ സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ നിത്യ ഈ സമര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങിയില്ലത്രേ. ഇതിന്റെ വൈരാഗ്യമാണ്‌ നടിയെ ഇപ്പോഴുണ്ടായിരിക്കുന്ന വിലക്കിനു പിന്നില്‍.

കഴിഞ്ഞ ദിവസം ആന്റോജോസഫും, സുരേഷ്‌കുമാറും തല്‍സമയം ഒരു പെണ്‍കുട്ടിയുടെ ലൊക്കേഷനില്‍ നിത്യയെ കാണാന്‍ ചെന്നതും ചട്ടക്കാരിയില്‍ അഭിനയിക്കണമെന്ന്‌ ആവശ്യപ്പെടാനായിരുന്നുവത്രേ. പക്ഷെ നിത്യ ഇതില്‍ താത്‌പര്യം കാണിച്ചതേയില്ല. ഇതാണ്‌ നിര്‍മ്മാതാക്കളെ പ്രകോപിപ്പിച്ചതെന്ന്‌ മലയാള സിനിമയില്‍ നിന്നുള്ളവര്‍ തന്നെ പറയുന്നു.

1974ല്‍ പമ്മന്റെ കഥയ്‌ക്ക്‌ തോപ്പില്‍ ഭാസി തിരക്കഥയെഴുതി കെ.എസ്‌ സേതുമാധവന്‍ സംവിധാനം ചെയ്‌ത ചിത്രമാണ്‌ ചട്ടക്കാരി. മലയാള സിനിമയിലെ ആദ്യകാല നായികമാരില്‍ ഒരാളായ ലക്ഷമിയായിരുന്നു ചിത്രത്തിലെ നായിക. ലക്ഷമിയുടെ ഗ്ലാമര്‍ നിറഞ്ഞ ചിത്രമായിരുന്നു ചട്ടക്കാരി. എങ്കിലും മികച്ച തിരക്കഥയും സംവിധാനവുംമൊക്കെ ഒത്തിണങ്ങിയ ചട്ടക്കാരി എന്ന ചിത്രം മലയാള സിനിമയില്‍ ഏറെ ശ്രദ്ധനേടുകയും ചെയ്‌ത ചിത്രമാണ്‌. മോഹനായിരുന്നു ചട്ടക്കാരിയിലെ നായിക. അടൂര്‍ഭാസിയും സുകുമാരിയും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

രതിനിര്‍വേദം എന്ന ചിത്രം നേടിയ വിജയമാണ്‌ സുരേഷ്‌കുമാറിനെ ചട്ടക്കാരിയുടെ റീമേക്കിന്‌ പ്രേരിപ്പിച്ചത്‌. പത്മരാജനും ഭരതനും ചേര്‍ന്നൊരുക്കിയ രതിനിര്‍വേദത്തിന്റെ റീമേക്ക്‌ പക്ഷെ ആദ്യ ചിത്രം പോലെയായിരുന്നില്ല. പത്മരാജന്‍ ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന രതിനിര്‍വേദം ഒരു മലയാളത്തിലെ ക്ലാസിക്കുകളുടെ ഗണത്തിലാണ്‌ ഉള്‍പ്പെടുത്തുന്നതെങ്കില്‍ പുതിയ രതിനിര്‍വേദം വെറും ഗ്ലാമര്‍ കാഴ്‌ചകളായി മാറിയിരുന്നുവെന്ന്‌ ചിത്രം റിലീസ്‌ ചെയ്‌തപ്പോള്‍ തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. റീമേക്ക്‌ ചെയ്‌തപ്പോള്‍ രതിനിര്‍വേദത്തിന്റെ അണിയറക്കാര്‍ ഗ്ലാമര്‍ വിപണനം ചെയ്യുന്നതിലാണ്‌ ശ്രദ്ധവെച്ചത്‌ എന്നതും ആരോപണങ്ങള്‍ക്ക്‌ കാരണമായിരുന്നു. ഇനിയും പത്മരാജന്‍ ചിത്രങ്ങള്‍ റീമേക്കിന്‌ നല്‍കില്ലെന്ന്‌ പത്മരാജന്റെ ഭാര്യ രാധാലക്ഷമി തുറന്നു പറഞ്ഞതും ഇക്കാരണം കൊണ്ടു തന്നെ. ഭരതന്‍ ചിത്രങ്ങളുടെ കാര്യത്തില്‍ കെ.പി.എ.സി ലളിതയും ഇതേ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം മറികടന്ന്‌ തകര റീമേക്ക്‌ ചെയ്യാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്‌.

പഴയകാല ചിത്രങ്ങളുടെ റീമേക്കുകള്‍ക്ക്‌ പിന്നുള്ള ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും സുരേഷ്‌കുമാറിനെപ്പോലുള്ള നിര്‍മ്മാതാക്കള്‍ നിശബ്‌ദത പാലിക്കുകയാണ്‌ പതിവ്‌. സാധാരണ ചിത്രങ്ങള്‍ മാറ്റിനിര്‍ത്തി രതിതരംഗത്തിന്‌ സാധ്യതയുള്ളചിത്രങ്ങള്‍ മാത്രമാണ്‌ റീമേക്കിനായി തിരഞ്ഞെടുക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

ചട്ടക്കാരിയില്‍ നായികയാവന്‍ മലയാള സിനിമയിലെ പ്രമുഖ നായികമാര്‍ ആരും തന്നെ തയാറായിരുന്നില്ല. മൈഥിലിയെ ആദ്യം ഈ സിനിമയിലേക്ക്‌ സമീപിച്ചിരുന്നുവെങ്കിലും ചിത്രത്തിലെ രതിരംഗങ്ങളുടെ പേരില്‍ അവര്‍ സിനിമയില്‍ നിന്നും പിന്മാറി. അന്യഭാഷയില്‍ നായികമാരെയും ചിത്രത്തിലേക്ക്‌ പരിഗണിച്ചിരുന്നുവെങ്കിലും ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്‍ പ്രതിഫലമാണ്‌ പലരും ചോദിച്ചത്‌. പിന്നീടാണ്‌ നിത്യാമേനോനെ സിനിമയിലേക്ക്‌ അഭിനയിക്കുന്നതിനായി സമീപിച്ചത്‌. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ താത്‌പര്യമില്ലെന്ന്‌ അറിയിച്ചിരുന്നതായി നിത്യാമേനോന്‍ പറയുന്നു. എന്നാല്‍ നിര്‍മ്മാതാവ്‌ വീണ്ടും പലതവണ നിത്യയെ നിര്‍ബന്ധിച്ചിരുന്നുവെന്ന്‌ പറയപ്പെടുന്നു.

ഇതിന്റെ തുടര്‍ച്ചയാണ്‌ തല്‍സമയം ഒരു പെണ്‍കുട്ടിയുടെ ലൊക്കേഷനിലെ സംഭവങ്ങളും പിന്നീടുണ്ടായ വിലക്കും. നിര്‍മ്മാതാവിന്റെ ഈഗോയാണ്‌ ഇതിനു പിന്നിലെന്ന്‌ നിത്യ തുറന്നു പറഞ്ഞതോടെ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്‌ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌കുമാറാണ്‌. താരസംഘടനയായ അമ്മയും നടിക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. എന്തായാലും മലയാള സിനിമയില്‍ ചിലരുടെ പകപോക്കലിന്റെ പുതിയ കഥയാണ്‌ നിത്യാമേനോന്‍ സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്‌. ഇവിടെ എല്ലാവരും ചോദിക്കുന്നത്‌ ഒരു ചോദ്യം മാത്രമാണ്‌. ഒരു കലാകാരനെയോ, കലാകാരിയെയോ തന്റെ കലാപ്രവര്‍ത്തനത്തില്‍ നിന്നും വിലക്കാന്‍ സംഘടനകള്‍ക്ക്‌ എന്ത്‌ അധികാരമാണ്‌ ഉള്ളത്‌. ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ഇതുവരെ ഒരു സംഘടനയ്‌ക്കും കഴിഞ്ഞിട്ടുമില്ല.

ഇതിനിടയില്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഇത്തരം മോശമായ അനുഭവം ശരണ്യാമോഹന്‍ എന്ന നായികയ്‌ക്കും നേരിടേണ്ടി വന്നുവെന്ന്‌ പുതിയ ആരോപണങ്ങളും ഉണ്ടായിരിക്കുന്നു. മലയാളത്തില്‍ കരിയര്‍ ആരംഭിച്ചുവെങ്കിലും തമിഴിലേക്ക്‌ ചേക്കേറിയ മലയാളി പെണ്‍കുട്ടിയാണ്‌ ശരണ്യമോഹന്‍. റിലീസിന്‌ തയാറായിരിക്കുന്ന വിജയ്‌ ചിത്രമായ വേലായുധം അടക്കമുള്ള ചിത്രങ്ങളിലെ നായികയാണ്‌ ശരണ്യ. തന്റെ ഷെഡ്യൂളുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ മാനേജരെ ഏര്‍പ്പെടുത്തിയെന്ന കാരണത്തിന്‌ ശരണ്യക്കെതിരെ നിര്‍മ്മാതാക്കള്‍ നോട്ടിസ്‌ നല്‍കിയിരുന്നു. അവസാനം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ യോഗത്തില്‍ മാപ്പുപറഞ്ഞതിനു ശേഷമാണ്‌ ശരണ്യയെ മലയാള സിനിമയില്‍ നിന്നും വിലക്കാനുള്ള നീക്കത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്‍മാറിയത്‌.

മുമ്പ്‌ അമ്മ എന്ന സംഘടന നിര്‍മ്മിച്ച ട്വെന്റി ട്വെന്റി എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയാറായില്ല എന്ന കാരണം പറഞ്ഞ്‌ മീരാജാസ്‌മിനെ മലയാള സിനിമയില്‍ നിന്നും വിലക്കിയിരുന്നു. തമിഴ്‌ സിനിമകളുടെ തിരക്കുകള്‍ കാരണമാണ്‌ അഭിനയിക്കാന്‍ കഴിയാത്തത്‌ എന്ന കാരണം കാണിച്ചിട്ടും അന്ന്‌ മീരാജാസ്‌മിനെ വിലക്കാനാണ്‌ സംഘടനകള്‍ തീരുമാനിച്ചത്‌. ഇതിനെ തുടര്‍ന്ന്‌ ഒരു വര്‍ഷത്തോളം മലയാള സിനിമകളില്‍ അഭിനയിക്കാന്‍ മീരാജാസ്‌മിന്‌ കഴിഞ്ഞിരുന്നുമില്ല.

സംഘടനകളുടെയും സംഘടനകളെ ഭരിക്കുന്ന ചിലരുടെയും പകപോക്കലുകള്‍ക്ക്‌ ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ മലയാള സിനിമയില്‍ സമീപകാലത്ത്‌ അരങ്ങേറുന്നുണ്ട്‌. ഏറെ വിവാദമായ തിലകന്‍ വിഷയവും പൊതുജനമധ്യത്തില്‍ എത്തിച്ചത്‌ തിലകനോട്‌ മലയാള സിനിമയില്‍ ഒരുവിഭാഗത്തിനുള്ള ഈഗോയായിരുന്നു. മാക്‌ട എന്ന സംഘടനയുടെ പിളര്‍പ്പിലും ഫെഫ്‌ക എന്ന സംഘടനയുടെ രൂപപ്പെടലിനും പിന്നില്‍ പ്രവര്‍ത്തിച്ചതും മലയാള സിനിമയിലെ ഉന്നതന്‍മാരുടെ ഈഗോ പ്രശ്‌നങ്ങളായിരുന്നു.

എന്നാല്‍ മലയാള സിനിമയില്‍ സംഘടനകള്‍ കാര്യമായി തങ്ങളെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നാണ്‌ അന്യഭാഷയിലേക്ക്‌ ചേക്കേറിയ മിക്ക നായികമാരും പറയുന്നത്‌. കൃത്യമായ പ്രതിഫലം വാങ്ങിനല്‍കുന്നതിലോ ലൊക്കേഷനുകളില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലോ സംഘടനകള്‍ ഒരിക്കലും ഇടപെടാറുമില്ല. എന്തായാലും മലയാള സിനിമയിലെ സംഘടനാ പ്രവര്‍ത്തനം ചില വ്യക്തികളുടെ സ്വകാര്യ താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗിക്കപ്പെടുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍ കാണുന്നത്‌.
മലയാള സിനിമയിലെ പകപോക്കലുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക