Image

പ്രതിപക്ഷത്തിന്‌ കഴിയുമോ മുഖ്യനെ രാജിവെയ്‌പ്പിക്കാന്‍

Published on 18 June, 2013
പ്രതിപക്ഷത്തിന്‌ കഴിയുമോ മുഖ്യനെ രാജിവെയ്‌പ്പിക്കാന്‍
കേരളത്തില്‍ ശക്തമായൊരു പ്രതിപക്ഷമുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനകം രാജിവെച്ചു കഴിഞ്ഞേനെ. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണെന്നതാണ്‌ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളുടെ എക്കാലത്തെയും ഉള്ളുകളികളുടെ ചരിത്രം വ്യക്തമാക്കുന്നത്‌. ടീം സോളാര്‍ തട്ടിപ്പിന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂട്ടുനിന്നുവെന്ന ആരോപണം വന്നാല്‍, സരിതാ നായരുടെ അടുത്ത സുഹൃത്താണല്ലോ കഴിഞ്ഞ മന്ത്രി സഭയിലെ പ്രധാനിയുടെ മകന്‍ എന്ന്‌ തിരിച്ചു പറഞ്ഞാല്‍ തീരും പ്രതീപക്ഷത്തിന്റെ കാര്യം. പിന്നെ വഴിപാട്‌ പോലെ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ കുറച്ച്‌ ഡിവൈഎഫ്‌ഐക്കാര്‍ കല്ലെറിഞ്ഞും ലാത്തിയടി മേടിച്ചും സമയം കളയും. ജനത്തെ കാണിക്കാന്‍ പ്രതിപക്ഷം നാലു തവണ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകും. ഇതിനപ്പുറത്ത്‌ മുഖ്യമന്ത്രി തന്റെ സ്ഥാനത്തു നിന്ന്‌ മാറി നിന്ന്‌ ഒരു വ്യക്തതയുള്ള അന്വേഷണം സോളാര്‍ തട്ടിപ്പ്‌ കേസില്‍ നടത്തേണ്ടതിന്റെ ആവിശ്യകത മുമ്പോട്ടു വെക്കാന്‍ പ്രതിപക്ഷത്തിന്‌ ഇതേവരെ കഴിഞ്ഞിട്ടുണ്ടെന്ന്‌ തോന്നുന്നില്ല.

അതുകൊണ്ടു തന്നെയാണ്‌ `ഫോണ്‍ വിളിച്ചതിന്റെ പേരില്‍' എന്തിന്‌ താന്‍ രാജിവെക്കണമെന്ന്‌ മുഖ്യമന്ത്രി ചോദിക്കുന്നത്‌. അതായത്‌ സമൂഹത്തില്‍ തട്ടിപ്പ്‌ നടത്തിയ ഒരു സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നുവെന്നതില്‍ വ്യക്തമായ തെളിവുകള്‍ ഉള്ളപ്പോഴും അതൊരു പ്രശ്‌നമല്ല എന്ന നിലയില്‍ ലളിതവല്‍ക്കരിക്കുകയാണ്‌ ഭരണപക്ഷം ചെയ്യുന്നത്‌.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വിശ്വസ്‌തന്‍ ടി.സിദ്ധിഖ്‌ പറഞ്ഞത്‌ കെ.എസ്‌.യു നേതാവായും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവായും ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ പോലും അദ്ദേഹം മൊബൈല്‍ ഉപയോഗിച്ചിട്ടില്ല എന്നാണ്‌. ഒരു ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന്‌ ഇത്തരം വങ്കത്തരം പറയാന്‍ എങ്ങനെ തോന്നുന്നുവെന്നതാണ്‌ അത്ഭുതം. ഉമ്മന്‍ചാണ്ടി കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവായി നടക്കുന്ന കാലത്തൊന്നും ലോകത്ത്‌ തന്നെ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിരുന്നില്ല. എന്നാലിന്ന്‌ മൊബൈല്‍ ഫോണ്‍ എന്നത്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍പോലും കേരളത്തില്‍ ഉപയോഗിക്കുന്ന ഒരു കാലത്ത്‌ മുഖ്യമന്ത്രി അത്‌ ഉപയോഗിക്കാതിരിക്കുന്നു എന്നതും അവിശ്വസനീയം. സാധാരണക്കാരന്‌ പോലും ഇന്ന്‌ മൊബൈലില്ലാതെ ദൈനംദിന കാര്യങ്ങള്‍ നടക്കുന്നില്ല. അപ്പോഴാണ്‌ ഒരു മുഖ്യമന്ത്രി മൊബൈല്‍ ഉപേക്ഷിച്ച്‌ പാവപ്പെട്ടവന്‍ ചമയുന്നത്‌. ഉമ്മന്‍ചാണ്ടിക്ക്‌ വേണ്ടി മൊബൈല്‍ കൈകാര്യം ചെയ്‌തിരുന്നത്‌ അദ്ദേഹത്തിന്റെ അനുയായികളാണ്‌ എന്നതാണ്‌ ഇവിടെ വ്യക്തമാകുന്ന കാര്യം. അതായത്‌ സ്വന്തം പോക്കറ്റില്‍ മൊബൈല്‍ വെക്കുന്നില്ല എന്നേയുള്ള ഉമ്മന്‍ചാണ്ടി. തൊട്ടടുത്ത്‌ ശരീരത്തിന്റെ എക്‌സ്റ്റന്‍ഷന്‍ എന്നപോലെ നടക്കുന്ന അനുയായികളുടെ പോക്കറ്റിലും കൈയ്യിലുമായി മുഖ്യമന്ത്രിക്ക്‌ ഉപയോഗിക്കാന്‍ ഇഷ്‌ടം പോലെ മൊബൈലുകളുണ്ട്‌. (തനിക്കൊരു ഫോണ്‍ ഇല്ലാതിരുന്നത്‌ കൊണ്ടാണ്‌ ഈ പ്രശ്‌നം ഉണ്ടായതെന്നും അതിനാല്‍ ഇനിയൊരു മൊബൈല്‍ വാങ്ങാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറയുന്നു. മൊബൈല്‍ വന്നതുകൊണ്ട്‌ ഇനി തട്ടിപ്പു നടക്കില്ല എന്ന്‌ ജനം ആശ്വസിക്കട്ടെ... എന്തൊരു ജനാധിപത്യം. )

മുഖ്യമന്ത്രിയുടെ ഓഫീസിന്‌ സോളാല്‍ സംഘവുമായി ബന്ധമുണ്ടായിരുന്നു എന്ന്‌ തെളിയുമ്പോള്‍ പഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി നിര്‍ത്തുന്നത്‌ കൊണ്ട്‌ തീരുന്നതാണോ പ്രശ്‌നങ്ങള്‍. ഉമ്മന്‍ചാണ്ടി സ്ഥലത്ത്‌ ഇല്ലാതിരുന്നപ്പോഴാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തട്ടിപ്പുസംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നത്‌ എന്നു പറഞ്ഞുകൊണ്ട്‌ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക്‌ മാറിനില്‍ക്കാന്‍ കഴിയുമോ. ഒരിക്കലുമില്ല.

ഇനി ഈ കേസിലേക്ക്‌ ഗണേഷ്‌കുമാറിനെ ഉള്‍പ്പെടുത്താനുള്ള ശ്രമവും ഒരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സരിതാ നായര്‍ ഗണേഷ്‌കുമാറുമായി ഏതെങ്കിലും തരത്തില്‍ അടുപ്പമുണ്ടായിരുന്നോ എന്നതല്ല ഇവിടെ വിഷയം. ബിജു രാധാകൃഷ്‌ണന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്‌, അങ്ങനയൊരു കൂടികാഴ്‌ച നടന്നുവെന്ന്‌ ഉമ്മന്‍ചാണ്ടിക്ക്‌ സമ്മതിക്കേണ്ടി വന്നു, ബിജുവിന്റെ ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച്‌ സംസാരിക്കാനായിരുന്നുവത്രേ. അതായത്‌ മന്ത്രിസഭയിലെ അംഗമായിരുന്ന ഗണേഷിന്‌ സരിതയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പരാതി പറയാനാണത്രേ ബിജു രാധാകൃഷ്‌ണന്‍ വന്നത്‌ എന്നാണ്‌ ഊഹിക്കേണ്ടത്‌. ഇപ്പോള്‍ അറസ്റ്റിലാകുന്നതിന്‌ മുമ്പ്‌ ബിജു ഏഷ്യാനെറ്റ്‌ ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലും ഗണേഷാണ്‌ തന്റെ ജീവിത കഥയിലെ വില്ലന്‍ എന്ന രീതിയിലാണ്‌ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. അതായത്‌ ബിജുവിനെ ഉമ്മന്‍ചാണ്ടി കണ്ടത്‌ പഞ്ചപ്പാവമായ അയാളുടെ കുടുംബ ജീവതത്തിലെ താളപ്പിഴകള്‍ പരിഹരിക്കാനും ഗണേഷ്‌ കുമാറിനെക്കുറിച്ചുള്ള പരാതി കേള്‍ക്കാനും മാത്രം എന്നാണ്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌.

യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ തന്നെ ഗണേഷ്‌ ആകെ മുഖം നഷ്‌ടപ്പെട്ടു നില്‍ക്കുകയാണ്‌. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ തലയില്‍ ഇതും കൂടെയിരിക്കട്ടെ എന്ന ലൈനിലാണ്‌ ഇവിടെ തിരക്കഥ തയാറാക്കപ്പെട്ടത്‌. യാമിനി സംഭവത്തിലും ഉമ്മന്‍ചാണ്ടി ഗണേഷിന്റെ പരാതികള്‍ യാമിനിയില്‍ നിന്നും വ്യക്തിപരമായി നേരിട്ടു തന്നെ കേട്ടിരുന്നു. അതുപോലെ ഒരു സംഭവം മാത്രമാണിത്‌ എന്നാണ്‌ ഇപ്പോള്‍ ഉമ്മന്‍ചണ്ടി ഭക്തന്‍മാര്‍ വാദിക്കുന്നത്‌.

എന്നാല്‍ ഒരു കാര്യം ചോദിക്കട്ടെ, യാമിനിയും ഗണേഷും തമ്മിലുള്ള വിഷയം ദാമ്പത്യ ജീവിതത്തിലെ കാര്യങ്ങളായിരുന്നു. തന്റെ മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ വ്യക്തപരമായ കാര്യങ്ങളില്‍ ഒരു പ്രത്യേകഘട്ടത്തില്‍ അന്ന്‌ മുഖ്യമന്ത്രിക്ക്‌ ഇടപെടേണ്ടി വന്നത്‌ മനസിലാക്കാം. പക്ഷെ ഇവിടെ ബിജു രാധാകൃഷ്‌ണന്‍ ആരാണ്‌ മുഖ്യമന്ത്രിക്ക്‌. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നോക്കിയാല്‍, ആദ്യമായിട്ടാണ്‌ അദ്ദേഹം ബിജുവിനെ കണ്ടത്‌ പോലും. (അന്നയാള്‍ പിട്ടികിട്ടാപ്പുള്ളിയായിരുന്നില്ല എന്ന ന്യായവും പറയുന്നുണ്ട്‌ മുഖ്യമന്ത്രി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കോടികളുടെ തട്ടിപ്പ്‌ ബിജു നടത്തിയിട്ടുണ്ടെന്നും പറയുന്നു.) ഇങ്ങനെ വഴിയില്‍ കാണുന്നവരുടെയൊക്കെ ദാമ്പത്യപ്രശ്‌നം തീര്‍ക്കലാണോ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ജോലി. കുടുംബക്കോടതിയുടെയും, കൗണ്‍സിലിംഗ്‌ വിദഗ്‌ധരുടെയുമൊക്കെ ജോലി എന്നാണ്‌ മുഖ്യമന്ത്രി നേരിട്ട്‌ ചെയ്‌തു തുടങ്ങിയത്‌.

ഇനി ബിജു മുഖ്യമന്ത്രിയോട്‌ പരാതി പറഞ്ഞത്‌ സരിതയും ഗണേഷും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചാണെന്ന്‌ തന്നെ വെക്കുക. ഈ സംഭവം പുറത്തു വന്നതിനു ശേഷം തനിക്ക്‌ സരിതയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ ഗണേഷ്‌ വാര്‍ത്താ സമ്മേളനം വിളിച്ചു പറഞ്ഞു. ഗണേഷിന്റെ വൈരി കൂടിയായിരുന്ന അച്ഛന്‍ ബാലകൃഷ്‌ണപിള്ളയും ഈ പ്രശ്‌നത്തില്‍ ഗണേഷിനെ പിന്താങ്ങുന്നു. സരിതയുമായി ബന്ധമുണ്ടായിരുന്നുവെന്ന്‌ തെളിയിച്ചാല്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കാമെന്ന്‌ വരെ ഗണേഷ്‌ പറയുന്നു. അപ്പോള്‍ ബിജുവിന്റെ ആരോപണങ്ങളെല്ലാം ഗണേഷ്‌ ശക്തിയായി മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ തന്നെ നിഷേധിക്കുന്നു. അങ്ങനെയെങ്കില്‍ ബിജുവും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന കൂടികാഴ്‌ചയും ചര്‍ച്ചയും എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യം വീണ്ടും അവശേഷിക്കുകയല്ലേ. ഗണേഷ്‌ ആരോപണങ്ങള്‍ തള്ളിയ സ്ഥിതിക്ക്‌ അത്‌ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം കൂടി ഇപ്പോള്‍ മുഖ്യമന്ത്രിക്കില്ലേ?.

ഒപ്പം സരിതാ നായരുമായി ഡല്‍ഹിയില്‍ കൂടികാഴ്‌ച നടത്തിയെന്ന്‌ പറയപ്പെടുന്ന ഡിസംബര്‍ 27ന്‌ താന്‍ ഡെല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ വാദവും പൊളിഞ്ഞിരിക്കുന്നു. അന്നേ ദിവസം അദ്ദേഹം ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നു എന്നതിന്‌ പത്രവാര്‍ത്തകള്‍ തെളിവാണ്‌.

ഇപ്പോള്‍ ഒരു അധോലോക നായകന്റെ പരിവേഷമുള്ള , കൊലക്കേസില്‍ പ്രതിയായ ബിജുരാധാകൃഷ്‌ണനെ മുഖ്യമന്ത്രി കണ്ടിരുന്നു എന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സരിതാ നായരുമായും അദ്ദേഹം കൂടികാഴ്‌ച നടത്തിയിട്ടുണ്ട്‌ എന്ന്‌ തന്നെ മനസിലാക്കേണ്ടതുണ്ട്‌. ഇതിനെല്ലാം ഉപരിയായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ വഴിവിട്ട ഒരുപാട്‌ കാര്യങ്ങള്‍ക്ക്‌ വേദിയായി എന്നത്‌ വ്യക്തമായിരിക്കുന്നു. താല്‍കാലികമായെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി അന്വേഷണത്തെ നേരിടാന്‍ ഇതില്‍ കൂടുതല്‍ കാരണം വേണ്ടതിലല്ലോ. എന്നാല്‍ അതിലേക്ക്‌ യുഡിഎഫിനെ നിര്‍ബന്ധിതമാക്കാനുള്ള സമര്‍ദ്ദം ചെലുത്തുവാന്‍ പ്രതിപക്ഷത്തിന്‌ കഴിയുമോ എന്നാണ്‌ അറിയേണ്ടത്‌. ഇടത്‌ ഭരണത്തിന്റെ കാലത്തും സരിതയും ബിജുവും കോടികളുടെ തട്ടിപ്പ്‌ നടത്തിയെന്ന വസ്‌തുതയും അന്നൊക്കെ അവരെ രക്ഷപെടുത്തിയത്‌ അന്നത്തെ ഒരു മന്ത്രിപുത്രനായിരുന്നു എന്നും വരുമ്പോള്‍ പ്രതിപക്ഷം ഒരു നാടകം കളിച്ച്‌ പിന്മാറാനാണ്‌ സാധ്യത. മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ശക്തമായ നിലപാട്‌ സ്വീകരിച്ചില്ലെങ്കില്‍ ഈ നാടകത്തിന്‌ അപ്പുറത്തേക്ക്‌ എന്തെങ്കിലും സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും വേണ്ട.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക