Image

ഇതാണ്‌ ഞങ്ങളുടെ കോട്ടയം (ജോര്‍ജ്‌ തുമ്പയില്‍)

Published on 20 June, 2013
ഇതാണ്‌ ഞങ്ങളുടെ കോട്ടയം (ജോര്‍ജ്‌ തുമ്പയില്‍)
കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ട, കൊച്ചി കണ്ടവന്‌ അച്ചി വേണ്ട, കോട്ടയം കണ്ടവനോ? കോട്ടയംകാര്‍ സദയം ക്ഷമിക്കണം. പരമാര്‍ത്ഥം പറഞ്ഞാല്‍ ഒള്ളതൊക്കെ പോകും, ഏതായാലും ഞാനുമൊരു കോട്ടയംകാരനായതു കൊണ്ടും നാട്ടില്‍ വന്നപ്പോള്‍ കണ്ടതൊക്കെയും പറയാതെ വയ്യന്നായി.

നാട്ടിലൊന്നു പോകുമ്പോള്‍, `അവിടെ പോകണം, ഇവിടെ പോകണമെന്നൊക്കെ' വിചാരിച്ച്‌ പത്തു ദിവസത്തെ ലീവിനുള്ളില്‍ 20 ദിവസത്തേക്കുള്ള കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌താണ്‌ എല്ലാ അമേരിക്കന്‍ മലയാളിയെ പോലെ ഞാനും നെടുമ്പാശേരിയില്‍ ലാന്‍ഡ്‌ ചെയ്‌തത്‌. വന്നിറങ്ങിയപ്പോള്‍ ഉശിരന്‍ ചൂട്‌. ഇപ്പോള്‍ ഇത്‌ എഴുതുമ്പോള്‍ നല്ല മഴ. നല്ല കൊതുക്‌, നല്ല പനി. എനിക്ക്‌ മാത്രമല്ല, കുടുംബത്തില്‍ എല്ലാവര്‍ക്കും പനിയോടു പനി ! പത്രം നിവര്‍ത്തിയാല്‍ പനി വാര്‍ത്ത, ഡോക്‌ടര്‍മാരുടെ സമര വാര്‍ത്ത.

ഇത്‌ പണ്ടത്തെ മാതിരി മഴ പെയ്യുമ്പോള്‍, മഴ നനയുമ്പോള്‍ വരുന്ന സുഖമുള്ള പനിയല്ല.. ദേഹമാകെ പൊട്ടി പോകുന്ന വേദന, കണ്ണു തുറക്കാന്‍ വയ്യ, എണ്ണീക്കാന്‍ വയ്യ, ഒന്നും കഴിക്കാന്‍ വയ്യ, പനി ഇങ്ങനെയുമുണ്ടോ എന്നു തോന്നിപ്പിക്കുന്ന പനി. എന്തിനുമേതിനും കോട്ടയത്ത്‌ മാഫിയ ആണെന്നതു പോലെ ഇവിടെമാകെ പനി മാഫിയയുടെ വന്‍ വിളയാട്ടമാണോ എന്നു തോന്നി പോകുന്ന അവസ്ഥ. എന്തായാലും പണി എട്ടു നിലയില്‍ കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ, അങ്ങോട്ടും പോകാന്‍ വയ്യ, ഇങ്ങോട്ടും പോകാന്‍ വയ്യ. എല്ലാ പ്ലാനിങ്ങും, ഷെഡ്യൂളിങ്ങും ദാ പോയി, ദാ വന്നു എന്നതു പോലെയായി.

വീട്ടില്‍ അല്‍പ്പനേരമിരുന്നു മനഃസമാധാനത്തോടെ റസ്റ്റ്‌ എടുക്കാമെന്നു വച്ചാല്‍, എപ്പോഴും കറന്റ്‌ കട്ടിന്റെ സംസ്ഥാന സമ്മേളനം. അതിനിടയ്‌ക്ക്‌ കൊതുകും മിന്തും.. ആകെ നരകതുല്യ അവസ്ഥ. എന്നാല്‍ ശരി ഒന്നു പുറത്തിറങ്ങി കളയാമെന്നു വച്ചാലോ... റോഡിലെങ്ങും ബ്ലോക്കോടു ബ്ലോക്ക്‌. എവിടെയും വണ്ടി പാര്‍ക്ക്‌ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. പത്തുദിവസത്തിനുള്ളില്‍ കോട്ടയത്ത്‌ നാലു വരി പാത പണിതു റെക്കോഡ്‌ സൃഷ്ടിച്ചു എന്ന്‌ എന്റെ സുഹൃത്ത്‌ പറഞ്ഞതനുസരിച്ച്‌ ആ അത്ഭുതം ഒന്നു കണ്ടു കളയാമല്ലോ എന്നു വിചാരിച്ചാണ്‌ വണ്ടി നേരെ അങ്ങോട്ടു വിട്ടു.

അവിടെ ചെന്നപ്പോഴാണ്‌ മനസ്സിലായത്‌. ഇത്‌ റോഡല്ല. വലിയൊരു ഗ്രൗണ്ടാണ്‌. റോഡിലെങ്ങും ഒരു സൂചനാ ബോര്‍ഡ്‌ പോലുമില്ല. നേരെ വണ്ടി ഓടിച്ചുപോയാല്‍ റോഡിനു നടുവില്‍ ഉണ്ടാക്കിയിട്ടിരിക്കുന്ന വലിയ ഗര്‍ത്തത്തിലാവും ചെന്നു ചാടുക. പേരിനു പോലും ഒരു സൈന്‍ ബോര്‍ഡ്‌ പോലും എവിടെയുമില്ല. കുറെ വണ്ടികള്‍, ഗട്ടറില്ലാത്ത വീതിയുള്ള വഴി കണ്ട സന്തോഷത്തില്‍ ആക്രാന്തഭരിതരായി നൂറേല്‍ കത്തിക്കുന്നു.

മുന്നോട്ടു പോകണ്ടെന്നു തന്നെ തീരുമാനിച്ചു, വണ്ടി ഒരു തരത്തില്‍ വളച്ചു തിരിച്ചെടുത്തു വന്നപ്പോഴാണ്‌ ഒറ്റവരി പാതയില്‍ നാലിടത്ത്‌ ട്രാഫിക്ക്‌ ലൈറ്റ്‌ കണ്ടത്‌. പച്ചയാണോ, മഞ്ഞയാണോ, ചുവപ്പാണോ എന്നൊന്നും നിശ്ചയമില്ല. വണ്ടികള്‍ മുന്നില്‍ കിടക്കുന്നു. അത്‌ ഇഴഞ്ഞ്‌ ഇഴഞ്ഞ്‌ നീങ്ങുന്നു. വിശന്നിട്ട്‌ ഒരു ഹോട്ടലില്‍ കയറാമെന്നു വച്ചാല്‍ വണ്ടി എവിടെ പാര്‍ക്ക്‌ ചെയ്യുമെന്നത്‌ അതിലേറെ പ്രശ്‌നം.

കര്‍ത്താവേ, ഇതാണോ കോട്ടയത്തിന്റെ വികസനമുഖം എന്ന്‌ അത്ഭുതപ്പെട്ടു പോയി. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ ആധിക്യമാണ്‌ എങ്ങും. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫ്‌ളക്‌സുകള്‍. അക്ഷരനഗരിയായിരുന്ന കോട്ടയം പേര്‌ ഒന്നു പരിഷ്‌ക്കരിച്ചു ഫ്‌ളക്‌സ്‌ നഗരിയായതു പോലെ തോന്നി. ഇടയ്‌ക്ക്‌ എപ്പോഴോ കോട്ടയം ചിത്രനഗരമായെന്ന വാര്‍ത്ത വായിച്ചിരുന്നു. നൂറു കോടി വില മതിക്കുന്ന ചുവര്‍ചിത്രങ്ങളാണത്രേ ടൗണ്‍ മുഴുവന്‍. മതിലായ മതിലു മുഴുവന്‍ ചിത്രമെഴുതി വച്ചിരിക്കുന്നുവെന്നു കേട്ടു. എവിടെയാണോ ആവോ...

തിരുനക്കര മൈതാനത്തിന്റെ പ്രവേശന കവാടത്തില്‍ നല്ല കളര്‍ഫുള്‍ ഒരു പടം കണ്ടു. എന്നാല്‍ വണ്ടി അവിടെ നിര്‍ത്തി അതൊന്നു കണ്ടേച്ചു പോകാമെന്നു വച്ചപ്പോഴേയ്‌ക്കും പോലീസുകാരന്‍ ഓടി വന്നു, നല്ല പുളിച്ച ശ്രേഷ്‌ഠഭാഷയില്‍ സംസാരിച്ചു. കേട്ട മാതിരി, ചെവിയും പൊത്തി ഡ്രൈവര്‍ വണ്ടിയുടെ ഫസ്റ്റ്‌ ഗിയര്‍ മാറ്റി. കരിക്കിനേത്ത്‌ എന്ന പുതിയ വസ്‌ത്രാലയം കണ്ടപ്പോള്‍ ഒന്നു കയറാമെന്നു വച്ചു. സില്‍ക്ക്‌ വില്ലാജിയോ എന്നാണ്‌ പേര്‌. കൊള്ളാം, കയറി ചെന്നപ്പോള്‍ തന്നെ നഗരത്തിരക്കിന്റെ വൈഷമ്യങ്ങളെല്ലാം മാറി. നല്ല ആതിഥേയത്വം. നല്ല, അടുക്കും ചിട്ടയോടും കൂടി ഷോപ്പിങ്ങിനുള്ള അവസരം, പുറമേ വൈവിധ്യങ്ങളുടെ വന്‍ ശേഖരവും. നൂറില്‍ നൂറും മാര്‍ക്ക്‌ കൊടുത്താണ്‌ അവിടെ നിന്നിറങ്ങിയത്‌.

കോട്ടയത്തിന്റെ മാറിയ മുഖം, വൈവിധ്യങ്ങളുടെ വിപുലശേഖരം എന്നൊക്കെയാണ്‌ അവരുടെ പരസ്യവാചകം. അതിലൊന്നും ഒരു തെറ്റുമില്ല. ബാബുച്ചായനും റിനി ചേച്ചിയും പി ആര്‍ഒ രാജീവും ആതിഥ്യമര്യാദയോടെ ഞങ്ങളെ സ്വീകരിച്ചു. സില്‍ക്ക്‌ വില്ലാജിയോയ്‌ക്ക്‌ എല്ലാ ആശംസകളും. ഉള്ളതു പറയണമല്ലോ, ശീമാട്ടിയേക്കാള്‍ നല്ല രീതിയില്‍ ഇവിടെ വിലക്കുറവുമുണ്ട്‌.

വീട്ടിലേക്ക്‌ റെയില്‍വേ സ്‌റ്റേഷന്‍ റോഡ്‌ വഴി പായുമ്പോള്‍ ഓര്‍ത്തു, എത്രയോ കാലമായി ഇവിടെ റെയില്‍വേ ഡബിള്‍ ലൈനിനു വേണ്ടിയുള്ള വാര്‍ത്തകള്‍ വിരാജിക്കുന്നു. ഇതുവരെയും ഒന്നുമായിട്ടില്ല. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. ഒരു ഫ്‌ളൈ ഓവറോ, എന്തിന്‌ ഒരു കാര്യമായ ബൈറോഡ്‌, നല്ല പാര്‍ക്കിങ്ങോ ഇല്ലാത്ത ഒരു നഗരമായി കോട്ടയം മാറിക്കൊണ്ടേയിരിക്കുന്നു.

മലയാളം പത്രത്തിന്റെ കോട്ടയം ഓഫീസിലെത്തി സെബാനെയും സ്റ്റാഫ്‌ അംഗങ്ങളായ ജയന്‍, സാബു, സില്‍ജി, സുജ, സനോജ്‌, പ്രസാദ്‌, മനു എന്നിവരുമായും കുശലസംഭാഷണം നടത്തി മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍ ഡങ്കിപനി വാര്‍ത്തകളായിരുന്നു. ഓരോ ദിവസവും ഡോളറിന്റെ വില കയറുന്നതു പോലെ, ഓരോരുത്തര്‍ ഡങ്കിയുടെ ഇരകളാവുന്നു... അറിയാതെ കര്‍ത്താവിനെ വിളിച്ചു പോയി...

വണ്ടിയില്‍ ഇരുന്നാല്‍ കാണാവുന്ന കാഴ്‌ച, മാനം മറയ്‌ക്കുന്ന രീതിയില്‍ പൊങ്ങുന്ന ഫ്‌ളാറ്റുകളാണ്‌. ഇതിനു മാത്രം ഫ്‌ളാറ്റുകള്‍ എന്തിനാണ്‌ ഇവിടെ എന്നു ചിന്തിച്ചു പോയി... പലതും പണിത്‌ ഇട്ടിരിക്കുന്നുവെന്നേയുള്ളു. രാത്രി ഈ വഴി പോയാല്‍ കാണാം, ഒരിടത്തു പോലും വെട്ടവും വെളിച്ചവുമില്ല. ഏതൊക്കെയോ ഹതഭാഗ്യര്‍ ആരുടെയൊക്കെയോ മോഹവലയങ്ങളില്‍ പെട്ടു വാങ്ങിക്കൂട്ടിയിട്ടുള്ള സിമന്റ്‌കാടുകളാണിത്‌. ഇക്കാലത്ത്‌ പാരയും കുതികാല്‍വെട്ടും വിശ്വാസവഞ്ചനയും അരങ്ങുവാഴുമ്പോള്‍ എങ്ങനെ ഇവിടെ ഇങ്ങനെ ജീവിക്കാന്‍ പറ്റുന്നുവെന്ന്‌ ആലോചിച്ചു പോയി. പിന്നെ സമാധാനിച്ചു, ലോകത്ത്‌ ഇതൊക്കെയും നടക്കാത്തതായി എവിടമാണുള്ളത്‌... ദൈവത്തിന്റെ സ്വന്തം നാടാന്നെ പേരില്‍ നമുക്ക്‌ ആശ്വസിക്കാം, ഉള്ളതു കൊണ്ട്‌ ഓണം പോലെ കഴിയാം. അല്ലെങ്കിലും കോട്ടയത്തിന്റെ പൊതു സ്വഭാവം ഇതൊക്കെ തന്നെയല്ലേ..

ഒത്തിരി മാറിയിരിക്കുന്നു. എന്നാലൊട്ടും മാറിയിട്ടുമില്ല എന്നതാണ്‌ സ്ഥിതി. കോട്ടയത്തിന്റെ സ്വഭാവത്തിനാണ്‌ മാറ്റം. സൗഹൃദങ്ങളില്‍ പണത്തൂക്കത്തിനാണ്‌ മുന്‍തൂക്കം. 70കളിലെ സൗഹൃദമാനസങ്ങള്‍ എങ്ങുമില്ല.
ഇതാണ്‌ ഞങ്ങളുടെ കോട്ടയം (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
Vincent 2013-06-20 18:33:17
Very good       ADVERTISEMENT.
Eby J Jose 2013-06-21 04:16:55

THUnikkadayude ad kalanjal jorai.pinne njegal evideya 365 divasavum thamasikkunne.sir 10 day alle ullu.pinne jeevithathil sukam matharam mathiyo?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക