Image

നീല കൊണ്ടു മറക്കുന്ന അഴിമതികള്‍: വാണിഭം മാത്രം വാര്‍ത്തയാകുമ്പോള്‍

emalayalee Published on 22 June, 2013
നീല കൊണ്ടു മറക്കുന്ന അഴിമതികള്‍: വാണിഭം മാത്രം വാര്‍ത്തയാകുമ്പോള്‍
പെണ്‍വാണിഭവും വ്യഭിചാരവുമൊക്കെ മുമ്പ് വമ്പന്‍മാരുടെ കഥകഴിച്ചു കളയുന്ന ഇടപടുകളായിരുന്നു മുമ്പ്. പെണ്ണ് വിചാരിച്ചാല്‍ അമേരിക്കല്‍ പ്രസിഡന്റ് പോലും വെള്ളംകുടിക്കുമെന്നതിന് ചരിത്രം സാക്ഷിയുമാണ്. എന്നാലിന്ന് പെണ്ണുടലും, നീല കഥകളും വമ്പന്‍ അഴിമതികളെ മറച്ചു വിടാനുള്ള പുകമറയായി മാറിയിരിക്കുന്നു. കാരണം പൈങ്കിളി വല്‍ക്കരിക്കപ്പെട്ട മാധ്യമ ലോകം ശക്തമായി വന്നപ്പോള്‍, മാധ്യമങ്ങള്‍ക്കും ഒരു പെണ്ണുലടല്‍ വിപണിയുണ്ടെന്ന് വന്നപ്പോള്‍, ഏറ്റവും ചിലവാകുന്നത് നീലക്കഥകള്‍ തന്നെയായി. ഏത് സംഘടിത കുറ്റുകൃത്യത്തെയും, വമ്പന്‍ അഴിമതിയെയും തേയ്ച്ച് മായിച്ച് കളയാന്‍ ഏറ്റവും എളുപ്പം അതിനിടയിലേക്ക് ഒരു വ്യഭിചാരകഥയോ, നീലക്കഥയോ പ്ലഗ് ചെയ്ത് കൊടുക്കുക എന്നതാണ്.
പഴയ ഐസ്‌ക്രീം കേസ് തന്നെ ഉദാഹരണം. ഐസ്‌ക്രം പാര്‍ലറില്‍ എത്തുന്ന വിദ്യാര്‍ഥികളെ വരെ മയക്കുമരുന്ന് നല്‍കി ലൈംഗീക അക്രമങ്ങള്‍ക്ക് വിധേയമാക്കുകയും അതിനുമപ്പുറം ഒരു സംഘടിത സെക്‌സ് റാക്കറ്റ് നടത്തുകയും ചെയ്ത മാഫിയ ഇടപായിരുന്നു ഐസ്‌ക്രീം കേസ്. ഈ കേസിന് പിന്നാലെ നിരവധി അന്വേഷണങ്ങള്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ തന്നെ വെളിപ്പെടുത്തയത് കസ്റ്റംസ് ഉദ്യോഗസ്ഥരെ വശത്താക്കാന്‍ പോലും പെണ്‍വാണിഭം നടത്തിയതടക്കം വന്‍ സംഘടിത കുറ്റകൃത്യത്തിന്റെ ചെറിയ ഭാഗമായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ സെക്‌സ് റാക്കറ്റ് എന്നതാണ്. എന്നാല്‍ ആ കഥ റജീനാ കേസും കുഞ്ഞാലിക്കുട്ടിയും മാത്രമായി തീര്‍ന്നത് ആലോചിച്ചു നോക്കു. ചില രാഷ്ട്രീയ നേതാക്കളും ചില സ്ത്രീകളും തമ്മിലുള്ള അവിഹിത ഇടപാടിന്റെ നീലക്കഥകള്‍ മാത്രമായി അത് അവസാനിച്ചു. ഒരുപാട് നീണ്ട കുറ്റകൃത്യങ്ങളിലേക്കും സംഘടിത മാഫിയാ പ്രവര്‍ത്തനത്തിന്റെ അണിയറക്കഥകളിലേക്കും വ്യാപിക്കേണ്ട കേസ് വെറുമൊരു വാണിഭക്കഥയായി തീര്‍ന്നു. അതിനപ്പുറമുള്ള മാഫിയ ഇന്നും സുരക്ഷിതം തന്നെ.
നീലക്കഥയില്‍ അഴിമതി പൂഴ്ത്തുന്ന ഈ തന്ത്രത്തിന്റെ മറ്റൊരു എപ്പിസോഡാണ് ഇപ്പോള്‍ സോളാര്‍ തട്ടിപ്പ് കേസിലും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയില്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതിയെ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്. ''തവള ചാകുന്നത് വാര്‍ത്ത പാമ്പ് ചാകുന്നത് വരെ, പാമ്പ് ചാകുന്നത് വാര്‍ത്ത പരുന്ത് ചാകുന്നത് വരെ'' എന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഇന്നത്തെ മാധ്യമ രീതിയെക്കുറിച്ച് ഒരു കഥാപാത്രം പറയുന്നത്. ഇത് അക്ഷരം പ്രതി ശരിയാണെന്ന് പൈങ്കിളിവല്‍ക്കരണം കൊണ്ട് വിപണി നേടിയിരിക്കുന്ന കേരള മാധ്യമ ലോകം തെളിയിച്ചു കഴിഞ്ഞു.
ബിജു രാധാകൃഷ്ണന്‍ എന്ന അധോലോക രാജാവിന്റെ സംഘടിത തട്ടിപ്പ് കഥകള്‍ വ്യക്തതയോടും സമഗ്രമായും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടു വരേണ്ട ഈ സാഹചര്യത്തിലും, മാധ്യമ വാര്‍ത്തകളും വിശകലനങ്ങളും നില്‍ക്കുന്നത് സരിതാ നായരിലും, ശാലുമേനോനിലുമാണ്. സരീതയും ഗണേഷ്‌കുമാറും തമ്മില്‍ ബന്ധമുണ്ടോ, ശാലുമേനോനും ബിജുവും പ്രണയത്തിലായിരുന്നോ, സരിതയെ ബിജു ഏതൊക്കെ രാഷ്ട്രീയ നേതാക്കന്‍മാരെ വശീകരിക്കാന്‍ ഉപയോഗിച്ചു എന്നതൊക്കെയാണ് ഇവിടെ ചര്‍ച്ചാ വിഷയം.
ഇതിനൊപ്പം അവിടെയും ഇവിടെയുമായി കുറെ ലക്ഷങ്ങള്‍ തട്ടിയ കേസും റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ സോളാല്‍ തട്ടിപ്പ് എന്നത് വഴിനീളെ കുറെ പണക്കാരുടെ കാശ് പോയ വെറുമൊരു തട്ടിപ്പ് കേസല്ല എന്നത് ഉറപ്പാണ്. പി.സി ജോര്‍ജ്ജ് പറഞ്ഞതാണ് ഇവിടെ ഏറെക്കുറെ വിശ്വാസയോഗ്യമായിട്ടുള്ളത്. കുറഞ്ഞത് ആയിരം കോടിയുടെയെങ്കിലും സംഘടിത തട്ടിപ്പും കുറ്റകൃത്യവും നടന്ന കേസാണ് സോളാര്‍ തട്ടിപ്പ്. പി.സി ജോര്‍ജ്ജ് ഇത് വ്യക്തമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നു പറയുകയും ചെയ്തു. ഇപ്പോള്‍ കുടുങ്ങിയത് പരല്‍മീനുകള്‍ മാത്രമെന്നും പി.സി പറയുന്നു.
ഇവിടെ ബിജു രാധാകൃഷ്ണന് ബിസ്‌നസ്സ് ആവിശ്യത്തിനായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ കത്ത് നല്‍കിയെന്ന് അയാളുടെ അഭിഭാഷകന്‍ തന്നെ വ്യക്തമാക്കുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരേണ്ടത് നമ്മുടെ പോലീസിംഗ് ഏജന്‍സികളാണ്. എന്നാല്‍ കുറ്റാരോപിതര്‍ തന്നെ ഭരണം കൈയ്യാളുമ്പോള്‍ അത് എത്രമാത്രം സാധ്യമാകുമെന്ന് ആലോചിക്കേണ്ടതുണ്ട്.
ഇനി ഈ തട്ടിപ്പ് കഥയിലെ താരമൂല്യമുള്ള കഥാപാത്രമായ ശാലു മേനോനിലേക്ക് പോകാം. ഒറ്റ ദിവസം കൊണ്ട് അവര്‍ ഈ കേസില്‍ ആകെ താരപരിവേഷത്തില്‍ പെടുത്തി വഴിമാറ്റി വിട്ടു എന്നതാണ് സത്യം. ശാലുമേനോനെ മാധ്യമങ്ങള്‍ സമീപിക്കുമ്പോള്‍ ആദ്യം ചോദിക്കേണ്ടത് ഇവര്‍ കേന്ദ്രസെന്‍സര്‍ബോര്‍ഡ് അംഗമായിരിക്കുന്നത് എങ്ങനെ എന്നാണ്. എന്ത് മാനദണ്ഡത്തിലാണ് ഇവരെ സെന്‍സര്‍ബോര്‍ഡ് അംഗമായി നിയമിച്ചിരിക്കുന്നത്. എന്ത് യോഗ്യതയാണ് ശാലുമേനോനെപ്പോലെ ഒരു മൂന്നാംകിട ചലച്ചിത്ര നടിക്ക് സെന്‍സര്‍ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കാന്‍ മാത്രം യോഗ്യതയുള്ളത്. (ശാലുവിനെ സെന്‍സര്‍ ബോര്‍ഡില്‍ എത്തിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് പറയപ്പെടുന്നു) ഏതാനും സിനിമകളിലും സീരിയലുകളിലും മാത്രം അഭിനയിച്ചിട്ടുള്ള ശാലുമേനോന്റെ പേര് ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കു. അവര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പോലെ ഒരു പ്രധാനപ്പെട്ട സമതിയില്‍ ഇരിക്കാനുള്ള യോഗ്യത തെളിക്കുന്ന ഒന്നും ഗൂഗിള്‍ തിരഞ്ഞെടുത്തു തരില്ല. പകരം കാണാന്‍ കഴിയുക സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ നിലവാരം തെളിയിക്കുന്ന ചില വീഡിയോ ക്ലിപ്പിംഗുകളായിരിക്കും.
അവിടെയാണ് ഉന്നത ബന്ധങ്ങളും അതിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്ന മാഫിയയുടെ പ്രവര്‍ത്തനങ്ങളും വ്യക്തമാകുന്നത്. സ്വന്തം കഴിവുകൊണ്ടും കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടുമൊന്നുമല്ല ശാലു സെന്‍സര്‍ബോര്‍ഡില്‍ എത്തിയത്. ചിലര്‍ അവരെ അവിടെകൊണ്ട് പ്രതിഷ്ഠിച്ചതാണ്. മാധ്യമങ്ങള്‍ വാര്‍ത്തകളെ കൊണ്ടുചെന്നത്തിക്കേണ്ടത് ഈ സംഘടിത മാഫിയാ പ്രവര്‍ത്തനത്തിന്റെ ഉള്ളുകളികളിലേക്കാണ്. അല്ലാതെ മൂന്നാംകിട നീലകാഴ്ചകളിലേക്കല്ല.
സരിതാ നായര്‍ അറസ്റ്റിലായതിന്റെ അടുത്ത ദിവസമാണ് ശാലുമേനോന്‍ ബിജു രാധാകൃഷ്ണന്‍ തന്നില്‍ നിന്നും ഇരുപത് ലക്ഷംരൂപ തട്ടിയെടുത്തതായി കാണിച്ചുകൊണ്ട് ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. അതോടെയാണ് ശാലുമേനോന്‍ ടീം സോളാര്‍ തട്ടിപ്പിന്റെ ചിത്രത്തിലേക്ക് വരുന്നത്. അതിനു മുമ്പ് ഇങ്ങനെയൊരു കേസ് ശാലു എവിടെയും പറഞ്ഞതായി അറിവില്ല. ബിജുവും ശാലുവും തമ്മില്‍ മുമ്പാണ്ടായിരുന്ന ബന്ധം വെച്ചു നോക്കുമ്പോള്‍ ഈ പരാതി തന്നെ ഒരു ഗൂഡാലോചനയുടെ ബാക്കിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണത്തിലെ ചില ഉന്നത വ്യക്തികളുടെ നിര്‍ദ്ദേശ പ്രകാരമാണ് ശാലു ഇങ്ങനെയൊരു പരാതി നല്‍കിയത് എന്ന് പറയപ്പെടുന്നു.
സിനിമയില്‍ കാര്യമായ റോളുകളൊന്നുമില്ലാതെയിരുന്ന ശാലു എങ്ങനെയാണ് ചുരുങ്ങിയ കാലം കൊണ്ട് നിരവധി ശാഖകളുള്ള നൃത്ത വിദ്യാലയം തുടങ്ങിയതെന്നതും സെന്‍സര്‍ ബോര്‍ഡ് അംഗം എന്ന സ്ഥാനം നേടിയതെന്നതുമാണ് മാധ്യമങ്ങള്‍ ചോദ്യം ചെയ്യേണ്ടത്. അവര്‍ ആഡംബര കാര്‍ വാങ്ങിയതും വിലകൂടിയ ബംഗ്ലാവ് നിര്‍മ്മിച്ചതുമെല്ലാം ചുരുങ്ങിയ കാലം കൊണ്ടാണ്. ഇതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നത് ന്യായമായും അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. അങ്ങനെയുള്ളപ്പോള്‍ സെന്‍സര്‍ബോര്‍ഡ് സ്ഥാനം നല്‍കി അവരെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തേക്ക് എത്തിച്ചതിന് പിന്നില്‍ ആരുണുള്ളത്?. അതിന് പിന്നിലെ ആളുകളെ കണ്ടെത്തുമ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുക. എന്നാല്‍ ബിജു ശാലുവിന് വിവാഹ വാഗ്ദനം നല്‍കിയിരുന്നോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍.
നിയമപരമായ വിവാഹിതരല്ലാത്ത ബിജുവും സരിതയുടെയും ബന്ധത്തില്‍ ബിജു തന്നെ കാണാന്‍ വന്നത് ദാമ്പത്യ പ്രശ്‌നം പറയാനാണെന്ന് ഉമ്മന്‍ചാണ്ടി പറുയുമ്പോള്‍ നിയമപരമായി വിവാഹിതനല്ലാത്ത അയാളുടെ എന്ത് ദാമ്പത്യ പ്രശ്‌നമാണ് ഉമ്മന്‍ചാണ്ടി കേട്ടതെന്ന് ചോദിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല.
മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിനെ ഉദ്യോഗസ്ഥന്റെ ലൈംഗീകാരോപണ കേസും കിട്ടിയിട്ടുണ്ട്. അയാളെ പിരിച്ചുവിട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നല്ലപിള്ളയാകുകയും ചെയ്തു. എന്നാല്‍ വീണ്ടും ഒരു നീലക്കഥയിലേക്ക് കാഴ്ചകള്‍ കടന്നു പോകുകയാണിവിടെ. സരിതക്കും ശാലുമേനോനും പിന്നാലെ ഈ ലൈംഗീകാരോപണ കേസും കൂടിയാകുമ്പോള്‍ യഥാര്‍ശ പ്രശ്‌നങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വളരെ അകന്നു പോകുകയ തന്നെയാണ്. ഇവിടെ സരിതയും മറ്റും ബിജുവിന്റെയും അയാളുടെ മാഫിയയുടെയും ഉപകരണങ്ങള്‍ മാത്രമായിരുന്നുവെന്ന് മനസിലാക്കാന്‍ വളരെ എളുപ്പമാണ്. യഥാര്‍ഥ പ്രശ്‌നം മുഖ്യമന്ത്രിയുടെ ഓഫീസ് ബിജുരാധാകൃഷ്ണന്‍ എന്ന മാഫിയാ തലവനെ സഹായിച്ചിരുന്നുവോ എന്നതാണ്. അല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഭരണത്തിലെ ഉന്നത തലങ്ങളിലുള്ളവര്‍ ഉള്‍പ്പെട്ട എത്രത്തോളം സംഘടിത കുറ്റകൃത്യങ്ങള്‍ നടന്നു എന്നതാണ്. അതിലേക്കാണ് മാധ്യമ വിചാരങ്ങള്‍ കടന്നു ചെല്ലേണ്ടത്.
Join WhatsApp News
josecheripuram 2013-06-22 10:31:58
Who wants to take risk by going behind Mafia,when a new issue comes the old issue is forgotten.Who follows up the end of any problem.Those who are responsible are not doing their duties.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക