Image

വസന്തം വരവായി (ജി. പുത്തന്‍കുരിശ്‌)

Published on 22 June, 2013
വസന്തം വരവായി (ജി. പുത്തന്‍കുരിശ്‌)
ചന്തം ധരയ്‌ക്കേറെയായി ശീതവും പോ
യന്തിക്ക്‌ പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

മനോഹരമായ വസന്തത്തിന്റെ വരവിനെ ഔദ്യോഗികമായി വരവേല്‍ക്കാന്‍ ജൂണ്‍ ഇരുപത്തി ഒന്നാം തിയതി പ്രപഞ്ചം തയാറാകുമ്പോള്‍ ആ വരവേല്‍പ്പിന്‌ ഉണര്‍ത്ത്‌ പാട്ടായി കുമാരനാശാന്റെ പൂക്കാലത്തിലെ കവിതാ ശകലം പോലെ അനുയോജ്യമായ മറ്റൊരു കവിതാ ശകലം ഉണ്ടെന്ന്‌ തോന്നുന്നില്ല. വസന്തകാലത്ത്‌ പ്രകൃതി ജീവിന്റെ തുടിപ്പുകളാലും ചുറുചുറുക്കിനാലും പൊട്ടിവിടരുന്ന ദൃശ്യം മനസ്സിന്റെ അകത്തളങ്ങളില്‍ എന്തെന്നില്ലാത്ത പ്രസരിപ്പുണ്ടാക്കുന്നു. വസന്തകാലത്തിലെ അസ്‌തമന സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ വരയ്‌ക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍, ചെന്താമരും ആമ്പലും ഒരെ സമയം വിരിഞ്ഞ്‌ പൊന്തുന്ന പൊയ്‌കയുടെ ചന്തമിയന്നിടുന്നൊ എന്ന കാവ്യഭാവനപോലെ ആ സായംസന്ധ്യ മനസ്സില്‍ വിസ്‌മയം സൃഷ്‌ടിക്കുന്നു.

ഒരു വര്‍ഷത്തിലെ ഏറ്റവും മിതോഷ്‌ണവും താപനിലവാരം കൂടിയതുമായ മാസമാണ്‌ ജൂണ്‍.. ചൂടുള്ളതും നീണ്ടതുമായ ദിവസങ്ങള്‍, അസ്വസ്ഥമായ രാവുകള്‍ എല്ലാംകൊണ്ടും അലസത എങ്ങും തളംകെട്ടി നില്‌ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും വസന്തത്തെ സൂഷ്‌മതയോടെ വീക്ഷിക്കുന്ന ഒരു വ്യക്‌തിക്ക്‌ മതിതെളിയും ഉഷസ്സൊ മജ്‌ഞുവാം പൂനിലാവോ കാണാന്‍ കഴിഞ്ഞെന്നിരിക്കും. കര്‍ക്കടക സംക്രാന്തി അല്ലെങ്കില്‍ വസന്തത്തിന്റെ ആരംഭം ജൂണ്‍ ഇരുപത്തിയൊന്നൊ രണ്ടോ ആകാം. അത്‌ വര്‍ഷത്തെ
അനുസരിച്ചിരിക്കും. വടക്കന്‍ അര്‍ദ്ധഗോളങ്ങളില്‍ വസന്തം ജൂണ്‍, ജൂലൈ, ഓഗസ്‌റ്റ്‌, സെപ്‌തംബര്‍ മാസങ്ങളിലും തെക്കന്‍ ആര്‍ദ്ധഗോളങ്ങളില്‍ ഡിസംബര്‍ മാസത്തിലുമാണ്‌. അതായത്‌ തെക്കന്‍ അര്‍ദ്ധഗോളങ്ങളില്‍ വസന്തമായിരിക്കുമ്പോള്‍ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ശിശിരമായിരിക്കും. ഉത്തരായനാവസാനത്തിലാണ്‌ ഉത്തരധ്രൂവം സൂര്യനോട്‌ ഏറ്റവും അടുത്തുവരികയും സൂര്യന്‍ നേരെ തലയ്‌ക്ക്‌
മുകളിലായി നിലകൊള്ളുകയും ചെയ്യുന്നു. രാത്രിയില്‍ ഉത്താര്‍ദ്ധഗോളത്തില്‍ നീലാംബരത്തില്‍ വിസ്‌മയാവഹമായ വൃശ്ചിക നക്ഷത്ര സമൂഹത്തേയും ദര്‍ശിക്കാന്‍ കഴിയും.

വസന്തകാലത്തിലെ കാലാവസ്ഥയെ വിലയിരുത്തുമ്പോള്‍ റോക്കി പര്‍വ്വതനിരകളുടെ കിഴക്കുഭാഗം തുടങ്ങി വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളുടെ പകുതിയിലേറെയും ചൂടും ഇര്‍പ്പവും കലര്‍ന്ന കാലാവസ്ഥയായിരിക്കും. തെക്കുനിന്നടിക്കുന്ന ഉഷ്‌ണക്കാറ്റ്‌ ഗള്‍ഫോ ഓഫ്‌ മെക്‌സിക്കോയിലെ ഈര്‍പ്പത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌ അമേരിക്കയുടെ മദ്ധ്യത്തിലൂടെ വടക്കന്‍ അമേരിക്കയുടെ പൂര്‍വ്വഭാഗത്തെ പുല്‍കുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തുറന്നതും പരന്നതുമായ ഉള്‍ഭാഗമായിരിക്കും കൂടുതല്‍ ഉഷ്‌ണമുള്ള പ്രദേശം.

വസന്തകാലത്ത്‌ പക്ഷികള്‍ കൂടുവയ്‌ക്കുകയും അതിന്റെ കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്നു. വസന്തകാലത്തിന്റെ അവസാനത്തോടെ പക്ഷികള്‍ അതിന്റെ ശിശിരഗേഹങ്ങള്‍ തേടി ദേശാടനം ആരംഭിക്കുന്നു. ഈച്ചയുടേയും പ്രാണികളുടേയും സമയമാണിത്‌. രാത്രികാലങ്ങള്‍ ചീവീടുകളുടേയും തവളകളുടേയും ശബ്‌ദംകൊണ്ട്‌ മുഖരിതമാകുന്നു. അമേരിക്കയില്‍ കണ്ടുവരുന്ന ചിരഞ്‌ജിവി വര്‍ഗ്ഗത്തില്‍പ്പെട്ട മഞ്ഞ പൂക്കളാല്‍ നിറഞ്ഞു നില്‌ക്കുന്ന ഗോള്‍ഡന്‍ റോഡെന്ന ചെടിയിലും ഇളംചുവപ്പു നിറത്തിലുള്ള സുഗന്ധ പൂക്കളോടു കൂടിയ മില്‍ക്കിവീഡ്‌ ചെടിയിലും വസന്തകാല പ്രാണികളുടെ സമ്മോഹന നൃത്തങ്ങള്‍ മണിക്കൂറുകളോളം കണ്ടു നില്‌ക്കാന്‍ കഴിയും.

വസന്തകാലത്ത്‌ വ്യത്യസ്‌തങ്ങളായ വര്‍ണ്ണങ്ങളോടെ വിരിഞ്ഞു നില്‌ക്കുന്ന പൂക്കള്‍ ആര്‍ക്കാണ്‌ കണ്ണിന്‌ കുളിര്‍മ നല്‍കാത്തത്‌. ബോഗന്‍ വില്ലയില്‍ വിരിയുന്ന കടലാസ്‌ പുഷ്‌പങ്ങളും, വാടാമല്ലിയും കുങ്കുമപൂക്കളും, കോളാമ്പി ചെടികളും, മുല്ല പൂക്കുളും കാണുമ്പോള്‍ നാം അറിയാതെ ആലപിച്ചുപോകും

നാകത്തില്‍ നിന്നോമനേ നിന്നെ വിട്ടീ
ലോകത്തിനാന്ദമേകുന്നതീശന്‍
ഈ ക്കാല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ. (ആശാന്‍)


ഞാന്‍ ഒരു പൂമ്പാറ്റയായിരുന്നെങ്കില്‍ വസന്തകാലത്ത്‌ അവയോടൊപ്പം മൂന്നു ദിവസം ചിലവഴിക്കുമായിരുന്നു. അന്‍പത്‌ വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിനെക്കാള്‍ സന്തോഷകരമായിരുന്നേനെ അത്‌ (ജോണ്‍ കീറ്റ്‌സ്‌)
വസന്തം വരവായി (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക