Image

ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഇരുപതാമത്‌ മിഷന്‍ സാക്രമെന്റോയില്‍

ജോര്‍ജ്‌ തോട്ടപ്പുറം Published on 30 September, 2011
ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഇരുപതാമത്‌ മിഷന്‍ സാക്രമെന്റോയില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഇരുപതാമത്‌ മിഷന്‍ സാക്രമെന്റോയില്‍ ആരംഭിക്കുന്നതായി ക്‌നാനായ കാത്തലിക്‌ റീജിയണ്‍ ഡയറക്‌ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത്‌ അറിയിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നാമധേയത്തില്‍ ആരംഭം കുറിക്കുന്ന മിഷന്‍ ഒക്‌ടോബര്‍ 1-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സാക്രമെന്റോ ബ്ലസ്സഡ്‌ ജോണ്‍ പോള്‍ കക ക്‌നാനായ കാത്തലിക്‌ മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി പുറപ്പെടുവിച്ചു. ഇപ്പോള്‍ സാന്‍ഹൊസേ സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ ഡയറക്‌ടര്‍ ആയി സേവനം ചെയ്യുന്ന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിനെ സാക്രമെന്റോ ക്‌നാനായ കാത്തലിക്‌ മിഷന്റെ അധിക ചുമതലയും നല്‍കിക്കൊണ്ടുള്ള ഉത്തരവും ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.

സാക്രമെന്റോ ക്‌നാനായ കത്തോലിക്കരുടെ ചിരകാലാഭിലാഷമാണ്‌ മിഷന്‍ സ്ഥാപനത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടതെന്ന്‌ റീജിയണ്‍ ഡയറക്‌ടര്‍ മോണ്‍ എബ്രഹാം മുത്തോലത്ത്‌ അഭിപ്രായപ്പെട്ടു. ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഇരുപത്‌ മിഷനുകളില്‍ എട്ടെണ്ണം സ്വന്തമായ പള്ളിയോടുകൂടി ഇടവകകളായി മാറി. ഹൂസ്റ്റണ്‍ ക്‌നാനായ മിഷനാണ്‌ ഏറ്റവും ഒടുവിലായി ദൈവാലയം വാങ്ങിയത്‌. പുതിയതായി വാങ്ങിയ ദൈവാലയത്തിന്റെ കൂദാശ നവംബര്‍ 5-ാം തീയതി നടത്തപ്പെടുന്നതോടെ ഹൂസ്റ്റണ്‍ ക്‌നാനായ മിഷന്‍ ഒമ്പതാമത്തെ ഇടവകയായി മാറും.

സാക്രമെന്റോയില്‍ ക്‌നാനായ മിഷന്‍ സ്ഥാപിക്കുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിച്ച ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്‌ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ പ്രത്യേകം നന്ദി പറഞ്ഞു.

നോര്‍ത്ത്‌ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക്‌ സഭാപരമായി വളരുവാന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നല്‍കുന്ന പ്രോത്സാഹനത്തിനും, സഹകരണത്തിനും മോണ്‍. എബ്രഹാം മുത്തോലത്ത്‌ പ്രത്യേകമായി നന്ദി പറയുന്നതായി ക്‌നാനായ കാത്തലിക്‌ റീജിയണ്‍ ഇറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഇരുപതാമത്‌ മിഷന്‍ സാക്രമെന്റോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക