Image

സംഗീതം വളമായി... നൂറുമേനി വിളവുമായി ജോസഫ്‌

സഖറിയ പുത്തന്‍കളം Published on 30 September, 2011
സംഗീതം വളമായി... നൂറുമേനി വിളവുമായി ജോസഫ്‌
ബ്രിഗ്‌ഹൗസ്‌: വെസ്‌റ്റ്‌ യോര്‍ക്ക്‌ഷെയറിലെ ചെറുനഗരമായ ബ്രിഗ്‌ഹൗസില്‍ മലയാളിയായ ജോസഫിന്റെ പഴവര്‍ഗ കൃഷിയിലെ നൂറുമേനി വിളവ്‌ തദ്ദേശിയര്‍ക്ക്‌ അദ്‌ഭുതമാവുകയാണ്‌.

നാലുവര്‍ഷം മുന്‍പ്‌ ആരംഭിച്ച പഴവര്‍ഗ കൃഷിയുടെ പൂര്‍ണതയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ്‌ ചങ്ങനാശേരി മുറിയായ്‌ക്കല്‍ ജോസഫും ഭാര്യ ജെസി, മക്കളായ രശ്‌മി, ജയ്‌സണ്‍, ജോജന്‍ എന്നിവര്‍. കൃഷിയോടും പൂന്തോട്ടത്തോടും കമ്പമുള്ള ജോസഫും കുടുംബവും പച്ചക്കറി കൃഷി ചെയ്യുവാനാണ്‌ പദ്ധതി ആസൂത്രണം ചെയ്‌തതെങ്കിലും സ്‌ഥലപരിമിതി കാരണം ഉദ്ദേശിക്കുന്നതു പോലെ വിവിധ തരം പച്ചക്കറി കൃഷികള്‍ക്ക്‌ അനുയോജ്യമല്ല എന്നതിനാലാണ്‌ പഴവര്‍ഗ കൃഷിയിലേക്ക്‌ ശ്രദ്ധ ചെലുത്തിയത്‌.

സ്‌ട്രോബെറി, മുന്തിരി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി, ചെറി, പെയര്‍, പ്ലം, വിവിധതരം ആപ്പിള്‍, റെഡ്‌ ബെറി, എന്നിവയ്‌ക്കൊപ്പം തക്കാളിയും ബീന്‍സും ചീരയും വിളയു ന്നുണ്ട്‌.

യാതൊരുവിധ രാസവളങ്ങളോ ജൈവവളങ്ങളോ ഉപയോഗിക്കാതെയാണ്‌ ജോസഫിന്റെ കൃഷിയിടത്തില്‍ നൂറുമേനി വിളയുന്നത്‌. ചെടികള്‍ക്ക്‌ സംഗീതം കേള്‍പ്പിക്കുന്നതാണ്‌ നല്‍കുന്ന വളമെന്ന്‌ ജോസഫ്‌ പറയുന്നു. എല്ലാ ദിവസവും രണ്ടു നേരമെങ്കിലും ചെടികള്‍ക്ക്‌ സംഗീതം കേള്‍പ്പിക്കുന്നതില്‍ ജോസഫിന്‌ നിര്‍ബ ന്ധമുണ്ട്‌. ഒപ്പം അവരോട്‌ സംസാരിക്കുന്നതു വഴിയും ശ്രദ്ധ നല്‍കുന്നതും വഴിയാണ്‌ കൃഷിക്ക്‌ നൂറുമേനി വിളവ്‌ ലഭിക്കുന്നതെന്ന്‌ ജോസഫ്‌ പറയുന്നു.

മനോഹരമായ പൂന്തോട്ടം മുറ്റത്തും ലിവിങ്‌ റൂമിലും നിര്‍മിച്ച്‌ വിജയം കണ്ടതിനാലാണ്‌ പഴവര്‍ഗ കൃഷിയിലേക്ക്‌ തിരിഞ്ഞത്‌. 12 മാസക്കാലവും പൂവ്‌ വിരിയുന്ന ജിറേനിയ ത്തിന്റെ നാല്‌ കളറിലുള്ള പൂക്കള്‍ ലിവിങ്‌ റൂമിന്‌ കൂടുതല്‍ വശ്യത നല്‍കുന്നു.

യുകെയുടെ ഭവനങ്ങളുടെ പ്രത്യേകതയില്‍ ബഡ്‌ ചെയ്‌ത ചെടികള്‍ വളര്‍ത്തുന്നതു മൂലം ഒരു സസ്യത്തില്‍ നിന്നും വിവിധ നിറത്തിലുള്ള ആപ്പിളും മുന്തിരിയും ലഭിക്കുന്നതുവഴി സ്‌ഥലം ലാഭിക്കാമെന്ന്‌ ജോസഫും ജെസിയും സാക്ഷ്യപ്പെടുത്തുന്നു. മലയാളികള്‍ക്ക്‌ ഒഴിച്ചുകൂടാനവാത്ത കറിവേപ്പിലയുടെ തൈകള്‍ നല്‍കുവാന്‍ ജോസഫ്‌ തയാറാണ്‌. പക്ഷേ ഒറ്റ നിര്‍ബന്ധം മാത്രം. അനാഥരായി ചെടികളെ വളര്‍ത്താതെ പരിപാലിച്ചു വളര്‍ത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 07886873849
സംഗീതം വളമായി... നൂറുമേനി വിളവുമായി ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക