Image

മലയാളികളെ കബളിപ്പിച്ച്‌ കണ്ണൂര്‍ സ്വദേശി മുങ്ങി; ഇരകള്‍ നിയമ നടപടിക്ക്‌

Published on 30 September, 2011
മലയാളികളെ കബളിപ്പിച്ച്‌ കണ്ണൂര്‍ സ്വദേശി മുങ്ങി; ഇരകള്‍ നിയമ നടപടിക്ക്‌
ഷാര്‍ജ: ഷാര്‍ജയില്‍ നിരവധി മലയാളികളെ കബളിപ്പിച്ച്‌ കണ്ണൂര്‍ സ്വദേശി മുങ്ങിയതായി പരാതി. എട്ട്‌ ലക്ഷം ദിര്‍ഹത്തിന്‍െറ തട്ടിപ്പ്‌ ഇയാള്‍ നടത്തിയതായിട്ടാണ്‌ ലഭിച്ചിരിക്കുന്ന വിവരം. അല്‍ ഖാസിമിയ ഭാഗത്ത്‌ പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പിലെ തൊഴിലാളിയായിരുന്ന കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി റശീദിനെതിരെയാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌. സ്ഥാപനങ്ങളില്‍ പാര്‍ട്ടണര്‍ഷിപ്പ്‌, വിസ, സ്ഥാപനത്തിന്‍െറ ലൈസന്‍സ്‌, നിശ്ചിത സംഖ്യ അടച്ചാല്‍ മാസം തോറും ലാഭവിഹിതം എന്നിങ്ങനെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കിയാണ്‌ ഇയാള്‍ പലരില്‍ നിന്നായി പണം പിരിച്ചത്‌. നല്‍കിയ പണത്തിന്‌ പകരം ഇയാള്‍ ചെക്കുകളും മുദ്രപത്രങ്ങളും ഈടായി നല്‍കിയിട്ടുണ്ടെന്നാണ്‌ ഇതിലകപ്പെട്ടവര്‍ പറയുന്നത്‌.

ഇതിനായി ഉപയോഗിച്ച ചെക്കുകള്‍ സ്‌പോണ്‍സറായ അറബിയുടെ വ്യാജ ഒപ്പുകളിട്ട്‌ നേടിയതാണെത്രെ. ഇതു കാരണം അറബിയും നിയമ നടപടിക്ക്‌ ഒരുങ്ങുന്നതായി റശീദിനോടൊപ്പം സലൂണില്‍ പങ്കാളിയായ മുസമ്മില്‍ പറഞ്ഞു. റശീദ്‌ ഈടായി നല്‍കിയ ചെക്ക്‌ മടങ്ങിയെന്ന പരാതിയുമായി ഒരാള്‍ സലൂണിലെത്തിയതിനെ തുടര്‍ന്ന്‌ മുസമ്മില്‍ സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോളാണ്‌ വ്യാജ ചെക്കുകളുടെ കഥ പുറത്താകുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഇരകള്‍ നിരന്തരമായി അന്വേഷിച്ചെത്താന്‍ തുടങ്ങിയതോടെ റശീദ്‌ ഒരു ദിവസം അപ്രത്യക്ഷനാകുകയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നാട്ടിലെത്തിയതായി സൂചന ലഭിച്ചു. തട്ടിപ്പിന്‌ ഇരയായവര്‍ നാട്ടില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ ഇയാള്‍ അവിടെ നിന്നും മുങ്ങി. അപ്പോളാണ്‌ വന്‍ ചതി നിക്ഷേപകര്‍ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ റശീദിനെ കണ്ടെത്താനുള്ള അന്വേഷണത്തിനായി ഇവരില്‍ രണ്ടുപേര്‍ നാട്ടിലേക്ക്‌ തിരിച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക