Image

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2011
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉജ്വലമായി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 11-ന്‌ നടത്തപ്പെട്ട ഓണാഘോഷം ഉജ്വലമായി. സംഘടനാമികവും, വര്‍ദ്ധിച്ച ജനപങ്കാളിത്തവും, ഉന്നതനിലവാരം പുലര്‍ത്തിയ കലാവിരുന്നുകളും, സമന്വയിച്ച ആഘോഷ പരിപാടികളില്‍ ഗൃഹാതുരസ്‌മരണകള്‍ പേറി വിവിധതുറകളില്‍പ്പെട്ട കേരളീയരും, വിവിധ ഇന്ത്യന്‍ സമൂഹപ്രതിനിധികളും പങ്കുചേര്‍ന്നത്‌ ആവേശമുണര്‍ത്തി. പത്മശ്രീ ഡോ. പി. സോമസുന്ദരന്‍ (കൊളംബിയ യൂണിവേഴ്‌സിറ്റി) മുഖ്യാതിഥിയായിരുന്നു.

രുചിയേറിയ ഓണവിഭവങ്ങള്‍ നിറഞ്ഞ സദ്യയ്‌ക്കുശേഷം നടന്ന ആഘോഷമായ ഘോഷയാത്രയില്‍ താലപ്പൊലിയുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലി തമ്പുരാനേയും വിശിഷ്‌ടാതിഥികളേയും വേദിയിലേക്കാനയിച്ചു. മായാ സാമുവേലിന്റെ അമേരിക്കന്‍ ദേശീയ ഗാനാലാപനം, തിരുവാതിരകളി എന്നിവയോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ റജി വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജോസ്‌ ഏബ്രഹാം സ്വാഗതം നേര്‍ന്നുകൊണ്ട്‌ ചടങ്ങില്‍ അവതാരകനായി. ഓണക്കാലം നല്‍കുന്ന സമത്വസാഹോദര്യ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട്‌ ഐക്യത്തോടെ സമൂഹ നന്മയ്‌ക്കായി പ്രവര്‍ത്തിക്കണമെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ റെജി വര്‍ഗീസ്‌ ആഹ്വാനം ചെയ്‌തു. മുഖ്യാതിഥി പത്മശ്രീ ഡോ. പി. സോമസുന്ദരന്‍ ഓണസന്ദേശം നല്‍കി. കാലദേശ ഭാഷാന്തരങ്ങള്‍ക്കപ്പുറം മലയാളത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുവാന്‍ ഗൃഹാതുരസ്‌മരണകളുണര്‍ത്തുന്ന ഇത്തരം ഉത്സവാഘോഷങ്ങള്‍ക്ക്‌ കഴിയട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. വിപുലമായ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ച അസോസിയേഷന്‍ പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചുകൊണ്ട്‌ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു.

മലയാളി അസോസിയേഷന്റെ അഭിമാനഭാജനമായ ഷഷ്‌ഠിപൂര്‍ത്തിനിറവില്‍ എത്തിയിരിക്കുന്ന പ്രമുഖ പ്രവാസി മലയാളി സാഹിത്യകാരന്‍ രാജു മൈലപ്രയെ പൊന്നൊടയണിച്ചുകൊണ്ട്‌ ചടങ്ങില്‍ ആദരിച്ചു. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സെപ്‌റ്റംബര്‍ 11-ന്‌ ഭീകരാക്രമണത്തെ സ്‌മരിച്ചുകൊണ്ട്‌ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ ആയിരങ്ങളുടെ ഓര്‍മ്മയ്‌ക്കായി യോഗം മൗനപ്രാര്‍ത്ഥന ആചരിച്ചു.

രാജു മൈലപ്ര, ഓണാഘോഷം കോര്‍ഡിനേറ്റര്‍ സാബു സക്കറിയ, ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, മീഡിയ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍ (ഐ.പി.ടിവി), രാജു പള്ളത്ത്‌ (ഏഷ്യാനെറ്റ്‌) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫ്രെഡ്‌ എഡ്വേര്‍ഡ്‌ കലാപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ശില്‍പ നിലവാരത്ത്‌, കവിത ഫ്രെഡറിക്‌ എന്നിവരുടെ മികച്ച അവതരണത്തില്‍ ന്യൂയോര്‍ക്കിലെ നൂപുര സ്‌കൂള്‍, നാട്യകല മാരുതി മഹലിംഗം ആര്‍ട്ട്‌ സ്‌കൂള്‍, സെന്റ്‌ ജോണ്‍സ്‌ യൂത്ത്‌ ഡാന്‍സേഴ്‌സ്‌ എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, വിവിധ കലാകാരികളുടെ ആകര്‍ഷകങ്ങളായ ഡാന്‍സുകള്‍, റോഷന്‍ മാമ്മന്റെ ഗാനാലാപനം എന്നിവ ചടങ്ങിനെ വര്‍ണ്ണാഭമാക്കി.

മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ `ചക്കിക്കൊത്ത ചങ്കരന്‍' എന്ന ലഘുഹാസ്യ നാടകം ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി. ഫ്രെഡ്‌ കൊച്ചിന്‍ (സംവിധാനം), തിരുവല്ല ബേബി (ചമയം, രംഗപടം), റോഷന്‍ മാമ്മന്‍ (മേക്കപ്പ്‌, പരസ്യകല) എന്നിവ നിര്‍വഹിച്ചു. തോമസ്‌ മാത്യു, ഫ്രെഡ്‌, അലക്‌സ്‌, റോഷന്‍, ഷാജി, ജോസ്‌, വളഞ്ഞവട്ടം, ഏബ്രഹാം എന്നിവര്‍ വേഷമിട്ടു. വള്ളംകളി, ദേശീയ ഗാനാലാപനം എന്നിവയോടെ ഓണാഘോഷപരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.

റെജി വര്‍ഗീസ്‌ (പ്രസിഡന്റ്‌), ജോസ്‌ ഏബ്രഹാം (സെക്രട്ടറി), ജോസ്‌ വര്‍ഗീസ്‌ (ട്രഷറര്‍), തോമസ്‌ മാത്യു (വൈസ്‌ പ്രസിഡന്റ്‌), അലക്‌സ്‌ വലിയവീടന്‍ (ജോയിന്റ്‌ സെക്രട്ടറി), സാബു സ്‌കറിയ (കോര്‍ഡിനേറ്റര്‍), ഫ്രെഡ്‌ കൊച്ചിന്‍ (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പി.ആര്‍ഒ ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക