Image

മഹായാനം (കഥ: കൃഷ്‌ണ)

Published on 27 June, 2013
മഹായാനം (കഥ: കൃഷ്‌ണ)
വളരെയേറെ ഉയരമുള്ള ഒരു വൃക്ഷമായിരുന്നു അത്‌. അതിന്റെ ശാഖോപശാഖകള്‍ എല്ലാ ദിക്കിലേക്കും നിണ്ടുനിന്നു. ആ പുരയിടത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും അവ നിറഞ്ഞുനിന്നു. തുടക്കവും ഒടുക്കവുമില്ലാത്ത ജാലത്തിന്റെ ചിറകടിപോലെ അതിന്റെ ഇലകള്‍ തുള്ളിക്കളിച്ചു.

അതിന്റെ നേരെ നോക്കിനിന്നപ്പോള്‍ പണ്ടെങ്ങോ കേട്ടുമറന്ന ശാന്തിമന്ത്രങ്ങള്‍ അവന്റെയുള്ളില്‍ പുനര്‍ജനിച്ചു. ആ വൃക്ഷത്തിന്റെ പാദത്തില്‍ അവന്റെ മനസ്സ്‌ ആദരവോടെയും എളിമയോടെയും നമിച്ചുനിന്നപ്പോള്‍ ജാലാതീതമായ ഉണ്മയുടെ കുളിര്‍മ്മ തന്റെ സിരകളില്‍ നിറഞ്ഞുനില്‍ക്കുന്നതായി അവനനുഭവപ്പെട്ടു. ആ അനുഭവം തിജച്ചും പൂര്‍ണ്ണമായപ്പോള്‍ സ്വയം അറിയാതെ അവന്‍ ഉരുവിട്ടു.

`എത്ര മഹാനാണീ വൃക്ഷം. ഇത്‌ നൂറ്റാണ്ടുകളുടെ ജനിമൃതികള്‍ക്കുതന്നെ സാക്ഷിയായിരിക്കാം. ആദ്യത്തെ മനുഷ്യന്‍ ഭൂമിയില്‍ നടന്നതുപോലും ഈ വൃക്ഷം കണ്ടിരിക്കാം. യഥാര്‍ഥ അതിശയം ഇതുതന്നെ.'

അവന്‍ ആരില്‍നിന്നും ഒരു ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല. ആ നിശ്ശബ്‌ദതയ്‌ക്ക്‌ ഒരു ചെറിയ പോറല്‍ ഏല്‍ക്കുന്നതുപോലും അവന്‌ അസഹ്യമായിരുന്നു. അതുകൊണ്ടുതന്നെ സ്‌നേഹിതന്റെ ഉത്സാഹം നിറഞ്ഞ ശബ്‌ദം അവനെ അലോസരപ്പെടുത്തി.

`ആ മരം ഞങ്ങളുടേതാണ്‌. അതു വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഇരുപത്തയ്യായിരം രൂപ വില പറഞ്ഞുകഴിഞ്ഞു. തടിക്കച്ചവടക്കാരന്‍ പറയുന്നത്‌ അതു വിറജിനു മാത്രമേ പറ്റൂ എന്നാണ്‌. ഏതായാലും നാല്‍പ്പതിനായിരം എങ്കിലും കിട്ടിയാലേ അതുകൊടുക്കൂ. അതുകിട്ടുമെന്ന്‌ തീര്‍ച്ചയാണ്‌. എന്നിട്ടുവേണം ഞങ്ങള്‍ക്ക്‌ ഒരു സെക്കന്‍ഡ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങാന്‍. കാറിന്‌ അഡ്വാന്‍സ്‌ കൊടുത്തുകഴിഞ്ഞു.'

`എന്നിട്ടുവേണം നമുക്കൊന്ന്‌ അടിച്ചുപൊളിക്കാന്‍.' മറ്റുകൂട്ടുകാര്‍ അലറിവിളിച്ചു.

ആ കോലാഹലം കേട്ടപ്പോള്‍ വൃക്ഷത്തിലിരുന്ന പക്ഷികള്‍, മുങ്ങുന്ന കപ്പലില്‍നിന്നും യാത്രക്കാരെന്നോണം, വിവിധദിശകളിലേക്കു പറന്നകന്നു. എങ്കിലും അവ തങ്ങളൂടെ അശക്‌തമായ പ്രതിഷേധം വിവിധ ശബ്‌ദങ്ങളിലൂടെ വ്യക്‌തമാക്കി. അതോടൊപ്പം മന്ദമായ ചിറകടികളിലൂടെ ആ വൃക്ഷത്തെ സമാശ്വസിപ്പിക്കാനും അവ മറന്നില്ല.

കോലാഹലങ്ങള്‍ അവനെ ശാന്തിയുടെ സമീപത്തുനിന്നു വലിച്ചകറ്റി. ഇപ്പോള്‍ താനും അവരിലൊരാളായിത്തീര്‍ന്നെന്ന്‌ അവനു തോന്നി. തകര്‍ന്ന ഓടക്കുഴലിന്റെ വേദനയോടെ അവന്‍ സ്വയം ചോദിച്ചു: `ഞാനും സര്‍വ്വനാശത്തിന്റെ സന്ദേശവാഹകനാകുകയാണോ?'

പക്ഷെ ആ വൃക്ഷം തന്റെ ആയിരം കണ്ണുകള്‍ ദൂരെയെങ്ങോ മറഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളില്‍ ഉറപ്പിച്ചുകൊണ്ട്‌ നിശ്ശബ്‌ദമായ പ്രാര്‍ഥനയോടെ തികച്ചും ശാന്തനായി ഒഴിവാക്കാനാകാത്ത ഏതോ ഒന്നിനുവേണ്ടി ക്ഷമയോടെ നിലകൊണ്ടു.
മഹായാനം (കഥ: കൃഷ്‌ണ)
Join WhatsApp News
വിദ്യാധരൻ 2013-06-30 06:19:32
ഇന്നലെ വൈകിട്ട് സൂര്യപ്രകാശത്തിന്റെ കഠിനമായ ചൂടടിച്ചപ്പോൾ കൃഷ്ണയുടെ 'മഹായാനം' വായിച്ചത് ഓർമ വന്നു. ഒരു വൃക്ഷം അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. വികസനത്തിൽ മാത്രം കണ്ണ് വച്ച്നടക്കുന്ന ഏതോ സ്വാർത്ഥമതികൾ അവിടെനിന്നിരുന്ന ആ തണൽ വൃക്ഷങ്ങളുടെ കടക്കു കോടാലി വച്ചിരുന്ന. ഒരു വൃക്ഷം വെട്ടി നശിപ്പിക്കുമ്പോൾ മറ്റൊരെണ്ണം വച്ച് പിടിപ്പിക്കാൻ ഓർക്കുക 

"മരമായിരുന്നു ഞാൻ 
        പണ്ടൊരു മഹാനദി-
ക്കരയിൽ; നദിയുടെ 
          പേര് ഞാൻ മറന്നുപോയ് 
ഒന്ന് മാത്രം ഓർമ്മയുണ്ട് 
            പണ്ടേതോ ജലാർദ്രമാം 
മണ്ണിന്റെ തിരുനാഭി 
            ച്ചുഴിയിൽ കിളിർത്തു ഞാൻ 

മുലപ്പാൽ നല്കി നീല
             പ്പൂന്തണൽ പുരകെട്ടി 
വളർത്തി കുഞ്ഞുങ്ങളെ 
             വംശം ഞാൻ നിലനിർത്തി 

ഞാനറിയാതെ പൂക്കൾ
             തേൻ ചുരത്തിപ്പൊയ്  എന്റെ 
താണ ചില്ലയിൽ കാറ്റിൻ 
              കിളികൾ  ഊഞ്ഞാലാടി
 (അങ്ങനെ ജീവിക്കുമ്പോൾ )
ഞെട്ടിപ്പോയ് (ഒരു ദിവസം)  അസഹ്യമാം 
              നോമ്പെരം കൊ- ണ്ടെൻ നെഞ്ച് 
പോട്ടിപ്പോയ് , കണ്ണീർ കണ്ണ് 
             ഒന്നടച്ചു തുറന്നു ഞാൻ 

നിർദ്ദയ -മവനെന്റെ 
              യൊടിഞ്ഞ കൈയും കൊണ്ടു 
നില്ക്കുന്നു ഞെരിച്ചെ
              നിക്കവനെ കൊല്ലാൻ തോന്നി " (വയലാർ )

ആറുമുളയിൽ മരം വെട്ടി മുറിച്ചും കാട് തെളിച്ചും തറവാട് കൊളമാക്കി വികസനം കൊണ്ടുവരണം എന്ന് വാദിക്കുന്ന പുരൊഗമനവാദികൾ അവർ വെട്ടി വീഴുത്തുന്ന ഓരോ മരങ്ങൾക്ക്  പകരം മറ്റൊരു മരം വെയ്ക്കാൻ എങ്കിലും തയ്യാറാകും എന്ന്  പ്രത്യാശിക്കുന്നു ." മഹായാനത്തിനു"  നന്ദി 


krishna 2013-06-30 07:23:43
വളരെ സന്തോഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക