Image

ഫുജൈറയില്‍ കാളപ്പോര്‌

Published on 01 October, 2011
ഫുജൈറയില്‍ കാളപ്പോര്‌
ഫുജൈറ: ഫുജൈറ ഗ്രാമങ്ങളിലെ പോരുകാളകള്‍ പൂഴിമണ്ണ്‌ പറപ്പിച്ച്‌ കൊടുങ്കാറ്റിന്റെ വേഗത്തില്‍ പാഞ്ഞടുക്കുന്നു വാള്‍ത്തലയുടെ സീല്‍ക്കാരം. പിന്‍കാലുകളില്‍ ഉയര്‍ന്നുനിന്ന്‌ എതിരാളിയെ ഒറ്റക്കുത്തിന്‌ മലര്‍ത്തിയടിച്ചും കൊമ്പില്‍ കോരിയെറിഞ്ഞും അമ്പരപ്പിക്കുന്ന അടവുകളുമായാണ്‌ ചില വീരന്മാരുടെ `കാളക്കടകന്‍.

റുഗൈലാത്തിലെ കോര്‍ണിഷ്‌ റോഡിനു സമീപം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നാട്ടിന്‍പുറങ്ങളിലെ ഫയല്‍വാന്‍മാര്‍ തലയെടുപ്പോടെ കൊമ്പും കുലുക്കിയെത്തുന്നു. വെള്ളിയാഴ്‌ചകളിലാണ്‌ പ്രധാന പോരാട്ടം. നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള പലയിനം കാളകളുമായി ഉടമകളും പരിശീലകരും എത്തുന്നു. ഓരോ ആഴ്‌ചയും എത്തുന്നത്‌ നാനൂറോളം കാളക്കൂറ്റന്മാര്‍. ചിലര്‍ക്കു നീളന്‍കാലുകളും കൂര്‍ത്ത കൊമ്പുകളും. ഉയരം കുറഞ്ഞ്‌ നീളം കൂടിയ ചിലര്‍ക്ക്‌ ചുണ്ടന്‍വള്ളത്തിന്റെ തലയെടുപ്പ്‌. കൊമ്പിലും പൊക്കത്തിലും നീളത്തിലൊന്നുമല്ല കാര്യം. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള കിടിലന്‍ ഇടിയും തൊഴിയുമാണു പ്രധാനം.

വൈകിട്ടു നാലുമണിയോടെ പോര്‍നിലം സജീവമാകുന്നു. നാട്ടുകാര്‍ക്കു പുറമെ ഒമാനില്‍ നിന്നുള്ളവരും ധാരാളം. ഉച്ചകഴിയുമ്പോഴേ വലിയ പിക്കപ്പ്‌ വാഹനങ്ങളില്‍ രാജകീയമായി കാളക്കൂറ്റന്മാര്‍ എത്തും. വാഹനത്തിന്റെ ഡ്രൈവിങ്‌ സീറ്റില്‍ മീശപിരിച്ച്‌ ഉടമയിരിക്കുമ്പോള്‍ പിന്നില്‍ കാളയെ ചൊറിഞ്ഞും തലോടിയും അതിലും തലയെടുപ്പോടെ പരീശീലകനും നില്‍പ്പുണ്ടാകും.

കട്ടിയുള്ള കമ്പിവേലിക്കകത്താണു മല്‍സരം. വിറളിപിടിച്ച കാളകള്‍ ജനക്കൂട്ടത്തിനിടയിലേക്ക്‌ ഓടിക്കയറിയതിനെ തുടര്‍ന്നാണ്‌ അടുത്തിടെയാണ്‌ വേലികെട്ടി തിരിച്ചത്‌. ഉടമകള്‍ക്കും പരിശീലകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും മാത്രമാണ്‌ ഇതിനകത്ത്‌ പ്രവേശനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക