Image

യുഎസിലെ 15 സംസ്ഥാനങ്ങളില്‍ വെള്ളക്കാരുടെ എണ്ണത്തില്‍ ഇടിവ്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 01 October, 2011
യുഎസിലെ 15 സംസ്ഥാനങ്ങളില്‍ വെള്ളക്കാരുടെ എണ്ണത്തില്‍ ഇടിവ്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: യുഎസിലെ 15 സംസ്ഥാനങ്ങളില്‍ വെള്ളക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്‌ടായതായി യുഎസ്‌ സെന്‍സസ്‌ ബ്യൂറോയുടെ റിപ്പോര്‍ട്ട്‌. നോര്‍ത്ത്‌ ഈസ്റ്റ്‌, മിഡ്‌ വെസ്റ്റ്‌ മേഖലയിലുള്ള സംസ്ഥാനങ്ങളിലാണ്‌ വെള്ളക്കാരുട എണ്ണം ഗണ്യമായി കുറഞ്ഞത്‌. അതേസയമം സൗത്ത്‌, വെസ്റ്റ്‌ സംസ്ഥാനങ്ങളില്‍ വെള്ളക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്‌ടായതായും സെന്‍സസ്‌ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാസാചുസെറ്റ്‌സ്‌, പെന്‍സില്‍വാനിയ, കന്‍സാസ്‌, ഒഹിയോ, കാലിഫോര്‍ണിയ, മേരിലാന്‍ഡ്‌ എന്നീ സംസ്ഥാനങ്ങളിലെല്ലാം വെള്ളക്കാരുടെ എണ്ണത്തില്‍ കുറവുണ്‌ടായി. സെന്‍സസ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ രാജ്യത്തെ ഹിസ്‌പാനിക്കല്ലാത്ത വെള്ളക്കാരുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ 69 ശതമാനത്തില്‍ നിന്ന്‌ 64 ശതമാനമായി താണു.

അതേസമയം കറുത്തവര്‍ഗക്കാരുടെ ജനസംഖ്യയില്‍ 12 ശതമാനം വര്‍ധനവുണ്‌ടാകുകയും ചെയ്‌തു. ആകെ ജനസംഖ്യയുടെ 13 ശതമാനവും ഇപ്പോള്‍ അഫ്രോ അമേരിക്കക്കാരാണ്‌. ഇവരില്‍ ഭൂരിഭാഗവും വെര്‍ജിനിയ, മേരിലാന്‍ഡ്‌ സംസ്ഥാനങ്ങളിലാണ്‌. അതേസമയം കഴിഞ്ഞ ഒരു ദശകത്തിനിടെ സൗത്ത്‌ സ്റ്റേറ്റുകളില്‍ വെള്ളക്കാരുടെ എണ്ണം നാലു ശതമാനവും വെസ്റ്റില്‍ മൂന്നു ശതമാനവും വര്‍ധിച്ചു.

ആത്മകഥാകാരിക്കെതിരെ കേസ്‌ കൊടുക്കുമെന്ന്‌ സാറാ പാലിന്‍

അലാസ്‌ക: തന്റെ ആത്മകഥാകാരി ജോ മക്‌ഗിന്നിസിനെതിരെ അപകീര്‍ത്തി കേസ്‌ കൊടുക്കുമെന്ന്‌ മുന്‍ അലാസ്‌കന്‍ ഗവര്‍ണര്‍ സാറാ പാലിന്‍. മക്‌ഗിന്നിസ്‌ രചിച്ച സാറാ പാലിന്റെ ആത്മകഥയായ `ദ്‌ റോഗ്‌: സേര്‍ച്ചിംഗ്‌ ഫോര്‍ ദ്‌ റിയല്‍ സാറാ പാലിന്‍' എന്ന പുസ്‌തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെയാണ്‌ പാലിന്‍ കോടതിയെ സമീപിക്കുന്നത്‌.

നുണകളെ വസ്‌തുതകളായി അവതരിപ്പിക്കുകയാണ്‌ പുസ്‌തകത്തില്‍ മക്‌ഗിന്നിസ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ പാലിന്റെ അഭിഭാഷകന്‍ ജോണ്‍ ടൈംസന്‍ പറഞ്ഞു. അജ്ഞാതമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മക്‌ഗിന്നിസ്‌ പുസ്‌തകം രിചിച്ചിരിക്കുന്നതെന്നും ടൈംസന്‍ വ്യക്തമാക്കി.

പാലിന്‍ കൊക്കൈന്‍ ഉപയോഗിച്ചിരുന്നുവെന്നും മുന്‍ ബാസ്‌കറ്റ്‌ ബോള്‍ താരവുമായും ഭര്‍ത്താവ്‌ ടോഡ്‌ പാലിന്റെ ബിസിനസ്‌ പങ്കാളിയുമായും അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പുസ്‌തകത്തില്‍ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷത്തെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന പാലിന്റെ പ്രതിച്ഛായ മോശമാക്കുന്നതായിരുന്നു ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍.


ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗിക്കുന്നത്‌ വലിയതെറ്റ്‌: ഹിലാരി

ന്യൂയോര്‍ക്ക്‌: കാശ്‌മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാക്കിസ്‌ഥാന്‍ ഉപയോഗിക്കുകയാണെന്ന്‌ യുഎസ്‌. ഇതു ഗുരുതരവും തന്ത്രപരവുമായ തെറ്റാണെന്നും യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പറഞ്ഞു.

തീവ്രവാദ സംഘടനകളെ സഹായിക്കുന്ന പാക്ക്‌ നിലപാട്‌ വ്യസനകരമാണെന്നും ഇതിനെതിരെ പാക്കിസ്‌ഥാനു മുന്നറിയിപ്പ്‌ നല്‍കിയിട്ടുണെ്‌ടന്നും ഹിലാരി വ്യക്തമാക്കി.

പാക്കിസ്‌ഥാന്‍ മണ്ണില്‍ നിന്നു യുഎസിനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനൊപ്പം പാക്കിസ്‌ഥാനിലെ ആഭ്യന്തര തീവ്രവാദം ഇല്ലാതാക്കുകയും യുഎസിന്റെ ലക്ഷ്യമാണെന്നു ഹിലാരി വ്യക്‌തമാക്കി. അഫ്‌ഗാനിസ്‌ഥാന്റെ ഭാവി അവരുടെ തന്നെ കൈകളില്‍ ഭദ്രമാക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കണെന്നും ഹലാരി പറഞ്ഞു.

അയല്‍ രാജ്യത്തെ അക്രമിക്കാന്‍ വന്യമൃഗത്തെ വളര്‍ത്തുന്നതുപോലെയാണ്‌ പാക്കിസ്ഥാന്‍ തീവ്രവാദികളെ വളര്‍ത്തുന്നത്‌. ഒരുവശത്ത്‌ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ യുഎസ്‌ പാക്കിസ്ഥാനെ സഹായിച്ചപ്പോള്‍ മറുവശത്ത്‌ തീവ്രവാദികളെ ഉപയോഗിച്ച്‌ ഇന്ത്യക്കെതിരെ നീങ്ങാനാണ്‌ പാക്കിസ്ഥാന്‍ ശ്രമിച്ചതെന്നും ഹിലാരി വ്യക്തമാക്കി. ഹഖാനി ഗ്രൂപ്പിന്‌ ഐഎസ്‌ഐ നല്‍കുന്ന പിന്തുണയുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കെയാണ്‌ ഹിലാരിയുടെ പ്രസ്‌താവന.

യുഎസിലെ കരുത്തുറ്റ വനിതാ വ്യവസായ പ്രമുഖരില്‍ ഇന്ദ്ര നൂയിയും

ന്യൂയോര്‍ക്ക്‌: ഫോര്‍ച്യൂണ്‍ മാഗസിന്‍ തയാറാക്കിയ അമേരിക്കയിലെ കരുത്തുറ്റ വനിതാ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ പെപ്‌സികോ ചെയര്‍മാനും സിഇഒയുമായ ഇന്ത്യക്കാരി ഇന്ദ്ര നൂയി രണ്‌ടാം സ്‌ഥാനത്ത്‌. ക്രാഫ്‌റ്റ്‌ സിഇഒ ഐറിന്‍ റോസന്‍ഫെല്‍ഡ്‌ ആണ്‌ അഞ്ചുവര്‍ഷവും ഒന്നാമതായിരുന്ന നൂയിയെ പിന്തള്ളിയത്‌.

ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതാ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ഇന്ദ്ര നൂയി ഒന്‍പതാമതായി ഇടം നേടി. 1.40 കോടി ഡോളറാണ്‌ വാര്‍ഷിക ശമ്പളം. ഇരുപട്ടികയിലും ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക വനിത ഇന്ദ്ര നൂയിയാണ്‌.

ഒറാക്കിളിന്റെ പ്രസിഡന്റും ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫിസറുമായ സഫ്ര കാറ്റ്‌സ്‌ ആണ്‌ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത്‌. 4.20 കോടി ഡോളറാണ്‌ അവര്‍ കഴിഞ്ഞ വര്‍ഷം ശമ്പളമായി കൈപ്പറ്റിയത്‌.

അവ്‌ലാക്കിയുടെ മരണം അല്‍ ഖായിദയ്‌ക്കു തിരിച്ചടിയെന്ന്‌ ഒബാമ

വാഷിംഗ്‌ടണ്‍: ആഗോള ഭീകരന്‍ അന്‍വര്‍ അല്‍ അവ്‌ലാക്കിയുടെ മരണം അല്‍ ക്വയ്‌ദയ്‌ക്കു കനത്ത തിരിച്ചടിയാണെന്നു യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ. യുഎസിനെതിരായ പല ആക്രമണങ്ങള്‍ക്കും പിന്നില്‍ അല്‍ അവ്‌ലാക്കിയായിരുന്നുവെന്നും ഒബാമ പറഞ്ഞു.

2009ല്‍ ക്രിസ്‌മസ്‌ ദിനത്തില്‍ യുഎസ്‌ യാത്രാ വിമാനം തകര്‍ക്കാന്‍ അവ്‌ലാക്കി ശ്രമിച്ചിരുന്നു. 2010ല്‍ യുഎസ്‌ ചരക്ക്‌ വിമാനം തകര്‍ക്കാനും അല്‍ അവ്‌ലാക്കി പദ്ധതിയിട്ടു. എന്നാല്‍ ഈ രണ്‌ടു ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നുവെന്ന്‌ ഒബാമ വ്യക്‌തമാക്കി.

അല്‍ ക്വയ്‌ദയുടെ വാഹന വ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിലാണ്‌ ഇന്നലെ അവ്‌ലാക്കിയും നാല്‌ അനുയായികളും കൊല്ലപ്പെട്ടത്‌. ജീവനോടെയോ അല്ലാതെയോ പിടികൂടേണ്‌ട ഭീകരരുടെ പട്ടികയില്‍ യുഎസ്‌ ഉള്‍പ്പെട്ട ആളായിരുന്നു അവ്‌ലാക്കി.


ഇന്ത്യയുമായുള്ള ബന്ധത്തിന്‌ പ്രാധാന്യം നല്‍കണമെന്ന്‌ ജോണ്‍ ഹണ്‌ട്‌സ്‌മാന്‍

ന്യൂയോര്‍ക്ക്‌: പാക്കിസ്ഥാനുമായുള്ള ബന്ധം ഉലയുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ബന്ധത്തിന്‌ യുഎസ്‌ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന്‌ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ജോണ്‍ ഹണ്‌ട്‌സ്‌മാന്‍. അസ്ഥിരത നിലനില്‍ക്കുന്ന ദക്ഷിണേഷ്യയില്‍ ഇന്ത്യയുമായുള്ള ബന്ധമായിരിക്കും യുഎസിന്‌ ഏറ്റവും കൂടുതല്‍ ഗുണകരമാകുകയെന്നും നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സമീപനം ഇപ്പോള്‍ കാണാനില്ലെന്നും ഉഠാ മുന്‍ ഗവര്‍ണറും ചൈനയിലെ യുഎസ്‌ അംബാസഡറുമായിരുന്ന ഹണ്‌ട്‌സാമാന്‍ പറഞ്ഞു.

ഒരേ പാരമ്പര്യവും ജനാധിപത്യമൂല്യങ്ങളും മൂല്യങ്ങളും പുലര്‍ത്തുന്ന രാജ്യങ്ങളാണ്‌ യുഎസും ഇന്ത്യയും. അതിനാല്‍ ഇന്ത്യയെ നല്ലൊരു സഖ്യകക്ഷിയായി യുഎസിന്‌ കാണാനാവുമെന്നും ഹണ്‌ട്‌സ്‌മാന്‍ പറഞ്ഞു. ശീതയുദ്ധകാലത്തെ വിദേശനയത്തിന്റെ അടിസ്ഥാനത്തിലാണ്‌ പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധം. അക്കാലത്ത്‌ അത്‌ വളരേയേറെ ഗുണകരമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനെ അങ്ങനെ കാണാനാവില്ല. പാക്കിസ്ഥാനില്‍ ഒരു നേതൃത്വമില്ലെന്നും ജനാധിപത്യപരമായി ഇപ്പോഴും ശൈശവാസ്ഥയിലാണ്‌ ആ രാജ്യമെന്നും ഹണ്‌ട്‌സ്‌മാന്‍ വ്യക്തമാക്കി. ഒട്ടേറെ വിദേശരാജ്യങ്ങളില്‍ രാജ്യത്തിന്റെ പ്രതിനിധിയായിട്ടുള്ളതിനാല്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന മറ്റുള്ളവരെ അപേക്ഷിച്ച്‌ തനിക്ക്‌ വ്യക്തമായ വിദേശനയമുണ്‌ടായിരിക്കുമെന്നും ഹണ്‌ട്‌സ്‌മാന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക