Image

മുഖ്യമന്ത്രി ഭരണ പാടവം തെളിയിക്കണം

കൈരളി ന്യൂയോര്‍ക്ക്‌ Published on 02 October, 2011
മുഖ്യമന്ത്രി ഭരണ പാടവം തെളിയിക്കണം
ശ്രീ ഉമ്മന്‍ ചാണ്ടി ഭരണത്തിലെ ആദ്യത്തെ പരീക്ഷണമാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യാക്കോബൈറ്റ്‌സ്‌ ബഹളം. ഈ പരീക്ഷണത്തെ അദ്ദേഹം എങ്ങനെ അതിജീവിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹത്തിന്റെ ഭാവി വിജയവും നിലകൊള്ളുന്നത്‌.

ഒരു നേതാവെന്ന്‌ പറയുമ്പോള്‍ അതിനു ചില പ്രത്യേക സവിശേഷ യോഗ്യതകള്‍ ഉണ്ടായിരിക്കണം.

ഒന്ന്‌: വ്യത്യസ്ഥരായ ജനങ്ങളോട്‌ ഇട പെടാനുള്ള പ്രത്യേക നയം- അതു സ്വന്തം സിരകളില്‍ ഉണ്ടാകണം,
രണ്ട്‌: തന്റെ ജനങ്ങളെപറ്റി ഒരു പൂര്‍ണ്ണ അവബോധം ഉണ്ടായിരിക്കണം.
മൂന്ന്‌: ഒരു പ്രത്യേക താല്‍പര്യത്തിന്റെ പേരില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാകരുത്‌ .

ഉദാഹരണത്തിന്‌ വോട്ട്‌ ബാങ്ക്‌ നോക്കി തീരുമാനങ്ങള്‍ എടുത്താല്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കപ്പെടും.

മൂന്നര കോടി ജനങ്ങളുള്ള സംസ്ഥാനത്ത്‌ മൂഴുവന്‍ ജനങ്ങളും നേതവിന്റെ കണ്ണില്‍ സമന്മാരായിരിക്കണം; നിഷ്‌പക്ഷ സമീപനം ആയിരിക്കണം. ചുറ്റുപാടും നടക്കുന്ന എല്ലാ ചലനങ്ങളും സൂഷ്‌മമായി വിലയിരുത്താനുള്ള ഒരു പ്രത്യേക കഴിവും ഒരു നേതാവിനു ഉണ്ടാകണം.

അങ്ങനെ അങ്ങനെ പലഗുണങ്ങളുടെ ഒരു സംയുക്ത പ്രതിഭയ്‌ക്കെ നേതാവാകാന്‍ സാധിക്കു. ഇന്ന്‌ ഇന്‍ഡ്യയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന നേതാക്കന്മാരില്‍ മികച്ച ഒരു നേതാവാണ്‌ എ.കെ ആന്റണി . സാദാ ജനങ്ങള്‍ അദ്ദേഹത്തെ നിര്‍ഗുണന്‍ എന്നു വിളിക്കുമെങ്കിലും, എന്തു കൊണ്ടാണ്‌ അദ്ദേഹം പ്രധാനമന്ത്രിപദം വരെ കൈക്കലാക്കാന്‍ സാധ്യതയുള്ള നേതാവായി മാറിക്കൊണ്ടിരിക്കുന്നത്‌്‌. കാരണം മറ്റൊന്നല്ല. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ വോട്ട്‌ ബാങ്ക്‌ നോക്കിയോ, നിക്ഷിപ്‌ത താത്‌പര്യത്തിന്റെ അടിസ്ഥാനത്തിലോ അല്ല, മറിച്ച്‌ സ്വന്തം ജനങ്ങളുടെ താത്‌പര്യം മുന്‍ നിര്‍ത്തി തീരുമാനങ്ങള്‍ കൈക്കൊള്ളും;അതാണ്‌ അദ്ദേഹത്തിന്റെ വിജയരഹസ്യം.

ഓര്‍ക്കുന്നുണ്ടോ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ വര്‍ക്കല ശിവഗിരി സംഭവം?

ആന്റണയെപ്പോലെ മറ്റൊരു ലീഡറും കേരളത്തിലുണ്ട്‌. അദ്ദേഹത്തിന്റെ പേര്‌ വി.എം. സുധീരന്‍ . ഒര്‍ക്കുന്നുണ്ടോ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ പിന്തുണയില്‍ മെഡിക്കല്‍ സ്റ്റുഡന്‍സ്‌ സമരത്തിനിറങ്ങയത്‌ ഒറ്റ ദിവസംകൊണ്ട്‌ പൊട്ടിച്ച്‌ കയ്യില്‍ കൊടുത്തത്‌ .

രണ്ടാഴ്‌ച മുമ്പ്‌ ലീഡറായ അണ്ണാ ഹസാരയെ കേന്ദ്ര ഗവണ്മേന്റ്‌ എങ്ങനെയാണ്‌ കൈകാര്യം ചെയ്‌തതെന്ന്‌ ശ്രദ്ധിച്ചോ?

ആവശ്യം എന്നു തോന്നിയപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ നിജലിംഗപ്പ ഉള്‍പ്പെട്ട സിന്‍ഡിക്കേറ്റ്‌സ്‌ മെമ്പേഴ്‌സിനെ ഇന്ദിരാഗാന്ധി ഫയര്‍ ചെയ്‌തുകൊണ്ട്‌ അധികാരം കയ്യിലെടുത്തത്‌ ഓര്‍മ്മയില്ലേ?

പഞ്ചാബ്‌ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഗില്‍ എന്നു വിളിക്കപ്പെടുന്ന ഒരു പഞ്ചാബി പട്ടാള ഉദ്യോഗസ്ഥനെ അധികരം നല്‍കിക്കൊണ്ട്‌ അടിച്ചൊതുക്കിയത്‌ ഓര്‍മ്മയില്ലേ? കേരളത്തിലേയ്‌ക്ക്‌ വന്നു കഴിഞ്ഞാല്‍ വടക്കന്‍ മലബാറിലെ നക്‌സല്‍ ബാരികളെ അടിച്ചൊതുക്കാന്‍ കരുണാകരന്‍ ചെയ്‌തത്‌ ഓര്‍മ്മയില്ലേ? പുന്നപ്ര വയലാര്‍ ബഹളം അടിച്ചൊതുക്കാന്‍ സര്‍സിപി കാണിച്ച തന്റേടം ഓര്‍മ്മയില്ലേ?

ഒരു നേതാവിന്റെ മുമ്പില്‍ എന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനെ നേരിടാനുള്ള കരുത്ത്‌ നേതാവിനുണ്ടാകണം.

നാട്ടില്‍ ഒരു പുലിയിറങ്ങിയാല്‍ ആദ്യം അവനെ എങ്ങനെയെങ്കിലും അവന്റെ പുലിമടയിലേയ്‌ക്ക്‌ തിരിച്ചയക്കാന്‍ ശ്രമിക്കും. അതു സാധിച്ചില്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷയ്‌ക്ക്‌ വേണ്ടി അതിനെ വെടിവെച്ചു കൊണ്ടും. അല്ലാതെ മത്തായി സഹദോരനെ പാമ്പു സഹോദരന്‍ കടിച്ചു എന്ന നയമാണോ വേണ്ടത്‌ .

പണ്ട്‌ ഫ്രഞ്ചുകാര്‍ ക്യാനഡ വിഭജിച്ച്‌ ക്യുബക്ക്‌ ഫ്രഞ്ചാക്കാണം എന്നു വാദിച്ചപ്പോള്‍ കനേഡിയന്‍സ്‌ ഒരു ഫ്രഞ്ചുകാരനായ പീരി ട്രൂഡോയെ പ്രൈമിനിസ്റ്റര്‍ ആക്കിക്കൊണ്ടാണ്‌ ആപ്രശ്‌നം തീര്‍ത്തത്‌ . കേരളത്തിലും ആ ഒരു ചുറ്റുപാടാണ്‌ നിലവില്‍ വന്നിരിക്കുന്നത്‌.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സഭക്കാരാണ്‌ കേരളത്തില്‍ ഇപ്പോള്‍ അനാവശ്യ പ്രശ്‌നം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. അവരോട്‌ മര്യാദയ്‌ക്ക്‌ പറഞ്ഞിട്ടു കേള്‍ക്കില്ലെങ്കില്‍ നിലയ്‌ക്ക്‌ നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം .

ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിട ത്തോളം ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ പറ്റിയ അവസരമാണ്‌ . കാരണം അദ്ദേഹവും ഓര്‍ത്തഡോക്‌സ്‌ ഗോത്ര വര്‍ഗം തന്നെ. കേസ്‌ കോടതിയില്‍ നില്‍ക്കുന്നിടത്തോളം കാലം കോടതി വിധി വീണ്ടും വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ ഇരുകൂട്ടരെയും ഉപദേശിക്കാം. കേള്‍ക്കുന്നില്ലെങ്കില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന, ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന കൂറീലോസുകളെ കൈകാര്യം ചെയ്യാന്‍ മടിക്കരുത്‌.

ശ്രീ.ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി എന്ന നിലക്ക്‌ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്‌ വിധേയത്വം കാണിക്കേണ്ടത്‌. അവരുടെ ക്ഷേമമാണ്‌ പരമപ്രധാനം. അതിനു വിഘ്‌നം സൃഷ്‌ടിക്കാന്‍ ആരെയും അനു വദിക്കരുത്‌.

ഇനി വേറൊരു വിധത്തില്‍ നോക്കിയാല്‍, ശ്രീ. ഉമ്മന്‍ ചാണ്ടിയില്‍ നിക്ഷിപ്‌തമായിരിക്കുന്ന അഞ്ചു വര്‍ഷം തീര്‍ന്നു കഴിയുമ്പോള്‍ അടുത്ത വേറൊരു അഞ്ചുവര്‍ഷത്തേയ്‌ക്ക്‌ തിരിയുമെന്ന്‌ കരുതുന്നില്ല. പകരം ഭംഗിയായി ഭരണം അവസാനിപ്പിച്ച്‌ , ആ കസേര വേറൊരു നല്ല നേതാവിനെ ഏല്‍പിച്ച്‌ കേരള രാഷ്‌ട്രീയത്തിലെ ഒരു ആചാര്യനായി ജീവിത സായ്‌ഹ്ന രാഷ്‌ട്രീയത്തിലേക്ക്‌ കടക്കും എന്നാണ്‌ ഒരു പൊതു ധാരണ. അങ്ങനെ ഇരിക്കെ ആരെ പേടിക്കണം? അലമ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ മുഖം നോക്കാതെ തന്നെ നേരിടുക പറ്റില്ലെങ്കില്‍ ആ പദവി ശ്രീ വി.എം.സുധീരനു കൈമാറിക്കൊണ്ട്‌ കളം കാലിയാക്കുക. സ്വരംനന്നാകുമ്പോള്‍ പാട്ടു നിര്‍ത്തുക. അതായിരിക്കും ഉത്തമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക