Image

ഗാന്ധിജി

ചാക്കോ ഇട്ടിച്ചെറിയ Published on 02 October, 2011
ഗാന്ധിജി
നോക്കൂക്രുശഗാത്രനാമൊരു വയോവൃദ്ധനി
ന്നാര്‍ക്കുമായവനൊരു വെറുംമര്‍ത്യകോലമോ
ഓര്‍ക്കുവീനതുല്യപ്രഭയാളും മഹാരധന്‍
നോക്കിനില്‍പ്പൂയീയുഗമിപ്പൊഴുമാ മര്‍ത്യനെ!

ആരാണന്നരിയണ്ടേ ചൊല്ലിടാമറിഞ്ഞീടൂ
ധീരനാമൊരുകൂട്ടുകാരനാണവന്‍നമു
ക്കാരിലുംകനിവേറുന്നാമഹാന്‍സാക്ഷാല്‍ മര്‍ത്യ
ഭാരതമണ്ണിന്‍ശില്‍പി ഗന്ധിജിയവന്‍നാമം
മര്‍ത്യരെന്നഭിമാനിച്ചീടുവോര്‍ താന്താങ്ങളെ
മാത്രമേകാണാന്‍കൂട്ടാക്കീടുള്ളു നിരന്തരം
മര്‍ത്യനല്ലവന്‍തുലോം മര്‍ത്യനെയിപ്പാരിന്നു
സത്യമായ്‌കാട്ടിത്തന്ന പുണ്ണ്യവാന്‍മഹാത്മജി!

കണ്ടവനൊന്നായ്‌മര്‍ത്യകുലത്തെയീലോകത്തെ
കണ്ടവനൊന്നായെന്നും ഭാരതസാംഭ്രാജ്യത്തെ
കണ്ടുകാരണംസ്‌നേഹിച്ചീടുവാന്‍ മനുഷ്യരെ
കണ്ടതില്ലൊരിക്കലുംകാരണം ദ്വേഷിച്ചീടാന്‍!
ലോകമേപിറപ്പിച്ചുമക്കളെനീ പേക്കോല
ലോകവാഴ്‌വിനോവിനാശത്തിനോ വൈരത്തിനോ
ഏകുവാന്‍മനുഷ്യത്വമുള്ളിലീ കോലങ്ങള്‍ക്കു
പാകുവാനതിന്‍വിത്തു വിസ്‌മരിച്ചതെന്തു നീ!?

കൊണ്ടുവന്നതില്ലൊരുമര്‍ത്യനുമീ ലോകത്തില്‍
വിണ്ടുപോയീടുംമണ്ണാം സ്വന്തദേഹമല്ലാതെ
കണ്ടിടുന്നവപാരിലുള്ളവയെല്ലാം പണ്ടേ
ഇണ്ടല്‍പെട്ടീടേണ്ടവയോര്‍ത്തു മര്‍ത്യരാരുമെ
സ്രുഷ്ടിചെയ്‌തവന്‍പരനുണ്ട്‌ നാമറിയേണ
മിഷ്ടനാണവന്‍നമുക്കൊക്കെയുംചൊല്ലീ സമ
സ്രുഷ്ടരായവരെനാമാദരിക്കേനം സ്‌നേഹ
പുഷ്ടരായ്‌വര്‍ത്തിക്കേണമാജീവനാന്തം പാരില്‍

ഈവകയറിഞ്ഞവരാരുതാനീലോകത്തി
ലേവമെത്തിയോന്‍ദിവ്യനാമഹാല്‍മജി ഗാന്ധി
ജീവനെയമൂല്യമാം മറ്റുജീവിതങ്ങളെ
സേവചെയ്യുവാനര്‍പ്പിച്ചാല്‍മശാന്തി നേടിയോന്‍
മാനുഷ്യനല്ലാതില്ല മറ്റമൂല്യമായൊന്നും
മന്നില്‍നാംമാണിക്യത്തെ തേടിവന്നവരെന്നോ
വഴിപോക്കരാണുനാമബലര്‍വഴിതെറ്റി
കുഴിയില്‍പതിച്ചെന്നാല്‍ താങ്ങണംകരങ്ങളാല്‍

ഇന്നുവിശ്വത്തില്‍വന്നു പാര്‍ക്കുമീയധിതിക
ളെന്നുനാമറിയേണമല്ലിതിന്നുടയവര്‍
വല്ലതുംവിശപ്പിന്നുതിന്നു ദാഹവുംതീര്‍ത്തു
മെല്ലവേയീയമ്പലവാസവും വെടിയേണം
ക്ഷമമില്ലേതുംധന്യമത്രെയീവിശ്വം നമ്മെ
ക്ഷേമമായ്‌പരിപാലിച്ചീടുവാന്‍ പോരുന്നതും
കൂട്ടിവയ്‌ക്കുവാന്‍നിക്ഷേപങ്ങളെയന്യായമായ്‌
പൂട്ടിവച്ചീടാന്‍തുനിഞ്ഞീടരുതാരും പാരില്‍

വഴിയില്‍കണ്ടോരെല്ലിന്‍കഷണം ചുറ്റിപ്പറ്റി
മിഴികള്‍കൂര്‍പ്പിച്ചടുത്തൊച്ചയാല്‍ കടിപിടി
കൂട്ടിടുംശുനകരെപ്പോലെയോ നരകുലം
നാട്ടിലിന്നതിനുനാമുത്തരം പറയേണം!
നന്മചെയ്യുവാന്‍നമ്മെ പഠിപ്പിച്ചില്ലേപാരം
തിന്മയെയതിന്മൂലം വെല്ലുവാനെല്ലായ്‌പ്പോഴും
ആമാഹാനരികില്‍ നിന്നേറ്റുപാടേണം നമ്മള്‍
തമസ്സോ മ ജ്യോതിര്‍ഗ്ഗമയാ അസതോ മ സത്‌ഗ്ഗമയാ!

ആമഹാത്മജിഗാന്ധി കാട്ടിയവഴിയഭി
കാമ്യമാണതിലെനാമേവരും നടക്കേണം
വിസ്‌ത്രുതംലോകംമര്‍ത്യകുലത്തെയുള്‍ക്കൊള്ളുവാന്‍
വിശ്വമെന്നെന്നുംപോരും സ്വൈരജീവിതംചെയ്‌വാന്‍!
പൂത്തുപുഞ്ചിരിച്ചലതല്ലിസൗരഭ്യം പാരില്‍
ചേര്‍ത്തുപാര്‍ത്തഖിലര്‍ക്കുമുറ്റമിത്രമായേവം
വന്നവതാരംചെയ്‌തദിവ്യജോതിസ്സേ ഗുരോ
ധന്യയായ്‌വിശ്വംതവവന്ദ്യപാദസ്‌പര്‍ശത്താല്‍!

ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍

ചിക്കാഗോ
ഗാന്ധിജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക