Image

ഡോ. പോള്‍ തോമസിന്റെ ഓര്‍മ്മത്തിരകളിലൂടെ ഒരു തിരനോട്ടം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 10 July, 2013
ഡോ. പോള്‍ തോമസിന്റെ ഓര്‍മ്മത്തിരകളിലൂടെ ഒരു തിരനോട്ടം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
160 പേജുകളിലൂടെ വീശിയടിക്കുന്ന "ഓര്‍മ്മത്തിരകളു'ടെ ആഴവും പരപ്പും ആസ്വദിച്ചുകൊണ്ട് ഞാന്‍ അതിന്റെ ഓളങ്ങളിലൂടെ ഊയലാടി. ഭാഷയുടെ അനര്‍ഗളമായ ഒഴുക്ക്, യാഥാര്‍ത്ഥ്യങ്ങളുടെ നിര്‍മ്മലവും കലര്‍പ്പില്ലാത്തതുമായ വിവരണം, ഉയരത്തിലെത്തിയിട്ടും താഴേക്കു നോക്കുവാനും കയറിപ്പോന്ന ഏണിപ്പടവുകളെ അഭിമാനത്തോടെ വീക്ഷിക്കുവാനുമുള്ള മനഃശുദ്ധി, ഉന്നതങ്ങളിലേക്ക് കരേറുവാനുള്ള അദമ്യമായ അഭിവാഞ്ച, ലാളിത്യവും നന്മയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു പച്ചയായ മനുഷ്യന്‍, പട്ടിണിയും പരിവട്ടവും, കഠിനാദ്ധ്വാനവും മാത്രം കൈമുതലായി സൂക്ഷിച്ചുകൊണ്ട്, ഒരു മുക്കുവക്കുടിയുടെ മുഴുവന്‍ പ്രതിനിധിയായ, ബുദ്ധിശാലിയായ, ആദര്‍ശവാനായ, സുധീരനായ കര്‍മ്മയോഗി, പ്രണയപരവശനായ ഒരു കാമുകന്‍, സാമൂഹ്യ പരിവര്‍ത്തകനായ പോരാളിയായി മുന്നേറിയ ആത്മധൈര്യം, അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുക്കിയെടുത്ത പ്രതിഭാശാലിയായ ഒരു വലിയ ആദര്‍ശ സൗധം ഇതാ ഇവിടെ ഉയര്‍ന്നു നില്‍ക്കുന്നു. വായന തുടങ്ങിയാല്‍ ആവേശത്തോടെ വായിച്ചു തീര്‍ക്കാനുള്ള ആര്‍ത്തി, നേരിന്റെ നേര്‍വരകളാല്‍ അനുവാചകന്റെ മനോമുകുരത്തില്‍ വെന്നിക്കൊടി ചാര്‍ത്തും വിധമുള്ള ആഖ്യാനശൈലി ഈ വകയെല്ലാം ഒത്തിണങ്ങുന്ന ഈ ഓര്‍മ്മക്കുറിപ്പിന്റെ ചാരുത അവാച്യമാണ്.

ഡോ. പോള്‍ തോമസിന്റെ ഹൃദയരക്തം വാര്‍ന്നൊഴുകി ഉരുത്തിരിഞ്ഞ "ഓര്‍മ്മത്തിരകള്‍' ഒരു മനുഷ്യജീവിതത്തിന്റെ വെച്ചുകെട്ടുകളില്ലാത്ത നഗ്നചിത്രം വരച്ചു കാട്ടിയിരിക്കയാണ്. ഏറ്റം താഴേക്കിടയില്‍നിന്നും, കഷ്ടപ്പാടുകളുടെ തീക്കുണ്ടത്തില്‍ നിന്നും ദൈവത്തിന്റെ കൈയൊപ്പുള്ള ഒരു പിഞ്ചു ബാലന്‍ ഔന്നത്യത്തിന്റെ ഉത്തുംഗപീഠത്തില്‍ എത്തിപ്പെട്ട ഒരത്ഭുത ജീവിത യാഥാര്‍ത്ഥ്യമാണ് ഡോ. പോള്‍ തോമസ് വിവരിച്ചിക്കുന്നത്. നിത്യദാരിദ്ര്യത്തിന്റെ കൊടും വേനലില്‍, ചോര്‍ന്നൊലിക്കുന്ന
ഒറ്റമുറിച്ചാളയില്‍, തീയതിയോ, നാളോ, എതെന്നറിയാതെ നിരന്തരമായി വര്‍ഷം തോറും പിറന്നുവീണ പത്തു മക്കളില്‍ മൂന്നാമനായ പോള്‍ എന്ന അത്ഭുത ബാലന്‍, അമ്മ അന്തിയില്‍ മീന്‍ കച്ചവടം നടത്തി തളര്‍ന്നു വരുമ്പോള്‍ വാങ്ങിക്കൊണ്ടുു വരുന്ന കപ്പ പഴുങ്ങി പന്ത്രണ്ടു ചട്ടികളില്‍ പകരുമ്പോള്‍ ലഭിച്ച അല്‍പം വിഹിതം മാത്രം കഴിച്ചുകൊണ്ട്, പട്ടിണിയിലും ദാരിദ്ര്യത്തിലും, സംതൃപ്തിയോടെ, ക്രൂരനായ പിതാവിന്റെ ദാക്ഷിണ്യമില്ലാത്ത, നിഷ്ഠുര പീഢനത്തിലൂടെ, ഉടുക്കാന്‍ തുണിയോ, പഠിക്കാന്‍ പുസ്തകമോ ഇല്ലാതെ, വെളുപ്പിന് മുതല്‍ വെറുംവയറോടെ കട്ടമരം ഇറക്കി പണി ചെയ്ത് ക്ഷീണിച്ചവശനായിട്ടും, ദീര്‍ഘദൂരം നടന്ന്, ഒറ്റജോഡി വസ്ത്രം മാത്രം കൈമുതലായി, ക്ലാസിലെ കേട്ടുപഠിത്തം ഒന്നുകൊണ്ട്, സ്വപ്രയത്‌നത്തിലൂടെ, അരാചകത്വത്തിലും, അധ്വാനഭാരത്തിലും വീണുകിട്ടിയ ചുരുങ്ങിയ സമയം മുതലാക്കി, ക്ലാസുകളിലും പരീക്ഷകളിലും, ഡിസ്റ്റിംഗ്ഷനോടെ പഠിച്ചുയര്‍ന്ന്, പലരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളെ അതിജീവിച്ച്, തീഷ്ണമായ ലക്ഷ്യബോധത്തോടെ മുന്നേറിയ ഒരു മുക്കുവ ബാലന്‍, വിദ്യയുടെ ഉയരങ്ങള്‍ കയ്യടക്കുകയും, എതോ അദൃശ്യ ശക്തിയുടെ മായാവിലാസത്താല്‍ നൈജീറിയയിലെത്തിപ്പറ്റുകയും, തീവ്രയത്‌നത്താല്‍ പി.എച്ച്.ഡി. നേടുകയും ചെയ്തതും എല്ലാം വിധി വിലാസമെന്നല്ലാതെ, ദൈവ കരുണയെന്നല്ലാതെ എന്തു പറയേണ്ടു!

ശംഖുമുഖം കടപ്പുറം, കണ്ണാന്തുറ, അമ്മയുടെ മീന്‍കുട്ടയേന്തിയുള്ള പകലന്തിയോളമുള്ള മീന്‍ കച്ചവടം, യാതനയ്ക്കിടയിലും പഠിച്ചു മുന്നേറാനുള്ള അഭിവാഞ്ഛ, കോളജ് പവേശനത്തിന് അനുഭവിക്കേണ്ടി വന്ന വിവേചനം, അവിടവിടെയായി ദൈവം കരുതിയ ചില നല്ല മനുഷ്യരുടെ സഹായഹസ്തങ്ങളുടെ കൈത്താങ്ങല്‍, കഷ്ടത അനുഭവിക്കുന്നവരെ കരകയറ്റാനുള്ള പ്രതിബദ്ധത എല്ലാം തന്നെ എത്ര അനുകരണീയമാണ്. നിത്യവൃത്തിക്കു വേണ്ടി മരണത്തെ മുന്നില്‍ക്കണ്ടുകൊണ്ട്, വന്‍തിരകളോടു പോരാടി നേടിയെടുത്ത തന്റേടം, ജീവിതത്തിലുടനീളം മുന്നേറാനുള്ള ഇച്ഛാശക്തി, ജീവനുതുല്യം സ്‌നേഹിച്ച പ്രണയിനിയെ സ്വപ്നസാക്ഷാത്ക്കാരമായി റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വച്ചു തന്നെ വരണമാല്യം ചാര്‍ത്തിയ ചങ്കൂറ്റം, സ്വകുടുംബത്തെ കരകയറ്റാന്‍ കാട്ടിയ നിര്‍വ്യാജമായ സഹോദരസ്‌നേഹം, സാഹസികനായി അനേകം പ്രാവശ്യം ഉലകം ചുറ്റല്‍, കൊടും തിരകളിലും മണിക്കൂറുകളോളം അലിഞ്ഞുചേര്‍ന്ന് സായൂജ്യമടയുവാനുള്ള പാരവശ്യം, സൗഹൃദത്തിന്് എന്നും വില കല്പിച്ചുകൊണ്ട് അനേകം പേരെ നൈജീറിയയില്‍ എത്തിപ്പെടുവാന്‍ സഹായിച്ചത് തുടങ്ങി ഒട്ടനവധി സാഹസികതകളിലൂടെയുള്ള ഈ ജീവിത വിജയത്തിനു പിന്നില്‍ ലാളിത്യവും നൈര്‍മ്മല്യവും ഓളം വെട്ടുന്ന ഒരു വിനീതനായ മനുഷ്യനെയാണ് നാം വീക്ഷിക്കുന്നത്.

അനുഗ്രഹിക്കപ്പെട്ട നാലു മക്കളെയും കൊണ്ട് 1980 കളുടെ മദ്ധ്യത്തോടുകൂടി അമേരിക്കന്‍ മണ്ണിലേക്കുള്ള സാഹസിക കുടിയേറ്റം, സമൃദ്ധിയുടെ മടിത്തട്ടിലും സ്വന്തം മുക്കുവ സമുദായത്തെയും, കണ്ണാന്തറയെയും എന്നും താലോലിക്കയും അവരുടെ ഉദ്ധാരണത്തിനായി നിരന്തരം കൈത്താങ്ങല്‍നല്‍കുകയും ചെയ്യുന്നത് മാനവഹൃദയത്തെ പിടിച്ചുലയ്ക്കുന്ന വൈശിഷ്ട്യമാണ്. "ഓര്‍മ്മത്തിരകളി'ല്‍ എനിക്ക് ആത്മബന്ധം ലഭ്യമായ ഒരു ഘടകം, ഞാന്‍ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജില്‍ ബി.എസ്.സി. കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായിരിക്കവേയാണ് പോള്‍ തോമസ് ഒരു വര്‍ഷം കെമിസ്ട്രി അദ്ധ്യാപകനായി അവിടെ എത്തിയത്. വിജ്ഞാനകുതുകിയായ ഒരു മുക്കുവബാലന്‍, പട്ടിണിയും പരിവട്ടവും, കഠിനാധ്വാനവും കൈമുതലാക്കിക്കൊണ്ട്, സത്യസന്ധതയും, ഹൃദയനൈര്‍മ്മല്യവും ഹൃദയത്തില്‍ പ്രകാശം ചൊരിഞ്ഞു ജീവിക്കുന്ന വിനീതനായ ഒരു വലിയ മനസ്സിന്റെ ഉടമ! സൗമ്യനും, ശാന്തനും, നിരന്തര കഠിനാദ്ധ്വാനിയുമായ ഈ കര്‍മ്മനിഷ്ഠന് അഭിവാദനങ്ങള്‍! അഭിനന്ദനങ്ങള്‍! ആശംസകള്‍!.

ദൈവം അനുഗ്രഹങ്ങള്‍ മേലിലും അനവരതം ചൊരിയുവാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

******* ******

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക് (Yohannan.elcy@gmail.com)
ഡോ. പോള്‍ തോമസിന്റെ ഓര്‍മ്മത്തിരകളിലൂടെ ഒരു തിരനോട്ടം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക