Image

ഇന്ത്യയിലെ ആദ്യ സുപ്പര്‍ ഫാസ്റ്റ് ഡബിള്‍ ഡെക്കര്‍ ട്രയ്‌നിന് ഫ്ലാഗ് ഓഫ്‌

Published on 03 October, 2011
ഇന്ത്യയിലെ ആദ്യ സുപ്പര്‍ ഫാസ്റ്റ് ഡബിള്‍ ഡെക്കര്‍ ട്രയ്‌നിന് ഫ്ലാഗ് ഓഫ്‌
കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ സുപ്പര്‍ ഫാസ്റ്റ് ഡബിള്‍ ഡെക്കര്‍ തീവണ്ടിയ്ക്ക് ശനിയാഴ്ച ഹൗറാ സ്റ്റേഷനില്‍ ഫ്ലാഗ് ഓഫ്. ഹൗറയ്ക്കും ധാന്‍ബാധിനും ഇടയില്‍ സര്‍വീസ് നടത്തുന്ന തീവണ്ടി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി ദിനേശ് ത്രിവേദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

വേണ്ടത്ര പരിശീലന ഓട്ടങ്ങള്‍ക്ക് ശേഷം ചീഫ് റെയില്‍വേ കമ്മീഷണറുടെ എല്ലാ ക്ലിയറന്‍സുകളും പുതിയ സര്‍വീസിന് ലഭിച്ചിട്ടുണ്ട്. പ്ലാറ്റ് ഫോമുകളുടെ അരികില്‍ കോച്ചുകള്‍ മുട്ടുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. തീവണ്ടിയിലെ ഒരോ കോച്ചുകളിലും 128 പേര്‍ക്ക് യാത്ര ചെയ്യാം. ശതാബ്ദി ചെയര്‍ കാറുകളില്‍ 78 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന സ്ഥാനത്താണിത്. മണിക്കൂറില്‍ 130-160 കിലോമീറ്റര്‍ വേഗത്തിലുള്ള യാത്രക്ക് തീവണ്ടി സജ്ജമാണെങ്കിലും 100-110 കിലോമീറ്റര്‍ വേഗതക്കാണ് ക്ലിയറന്‍സ് ലഭിച്ചിട്ടുള്ളത്.

സാധാരണ കോച്ചുകളുടെ വിസ്തീര്‍ണം 3,245 മില്ലീമീറ്ററാണെങ്കില്‍ എസി ഡബിള്‍ ഡെക്കര്‍ കോച്ചുകളുടേത് 3,135 മില്ലീമീറ്ററാണ്. വണ്ടിയുടെ ബോഗികളുടെ അരികില്‍ ഇടിക്കാത്തവണ്ണം ഹൗറ-ധാന്‍ബാദ് റൂട്ടിലുള്ള പ്ലാറ്റ്‌ഫോമുകള്‍ പുതുക്കി പണിതിട്ടുണ്ട്. അടുത്ത ഡബിള്‍ ഡെക്കര്‍ തീവണ്ടി സര്‍വീസ് ഡല്‍ഹി-ജയ്പ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയിലാവുമെന്നും അറിയുന്നു. കപൂര്‍ത്തലയിലെ തീവണ്ടി ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഡബിള്‍ ഡെക്കര്‍ ബോഗികള്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മിതവും സുരക്ഷക്കായുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയവയുമാണ്. കണ്‍ട്രോള്‍ ഡിസ്ചാര്‍ജ് സൗകര്യത്തോടെയുള്ള ടോയ്‌ലെറ്റുകളടക്കമുള്ള ആധുനിക സൗകര്യങ്ങളാണ് തീവണ്ടിയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക