Image

ട്രെവോണ്‍ മാര്‍ട്ടിന്‍: വിധിയുടെ നിറം (മീനു എലിസബത്ത്‌)

ഇമലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 16 July, 2013
ട്രെവോണ്‍ മാര്‍ട്ടിന്‍: വിധിയുടെ നിറം (മീനു എലിസബത്ത്‌)
പതിനേഴുകാരനായിരുന്ന ട്രെവോണ്‍ മാര്‍ട്ടിന്‍ എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ പയ്യനെ കൊലപ്പെടുത്തിയ കേസില്‍, ജോര്‍ജ്‌ സിമ്മര്‍മ്മാനെ വെറുതെ വിട്ടുകൊണ്ടുള്ള വാര്‍ത്ത ഞെട്ടലോടെയാണ്‌ കേട്ടത്‌. 'Involuntary Manslaughter' എന്ന വകുപ്പില്‍ കുറഞ്ഞത്‌ ഏഴു വര്‍ഷമെങ്കിലും സിമ്മര്‍മ്മാനെ കോടതി ശിക്ഷിക്കുമെന്നായിരുന്നു ബഹുഭൂരിപക്ഷം അമേരിക്കകാരെയും പോലെ ഞാനും വിചാരിച്ചിരുന്നത്‌. അമേരിക്കന്‍ മനഃസാക്ഷിയെ ഞെട്ടിച്ച ഈ വിധിന്യായത്തിനെതിരെ, വന്‍ പ്രതിഷേധം ശക്തമായി എല്ലാ സംസ്ഥാനങ്ങളിലും തുടരുന്നു. ആള്‍ക്കാര്‍ സംയമനം പാലിക്കണമെന്നും ജൂറി വിധിയെ മാനിക്കണമെന്നും പ്രസിഡന്റ്‌ ഒബാമ അമേരിക്കക്കാരോട്‌ അഭ്യര്‍ത്ഥിച്ചു. അമേരിക്കയിലാകമാനം പ്രതിഷേധ റാലികള്‍ സംഘടിക്കപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെ ഞെട്ടിക്കുകയായിരുന്നു ഈ വിധിന്യായം.

എന്താണ്‌ യഥാര്‍ത്ഥത്തില്‍ നടന്നത്‌?...

ഫ്‌ളോറിഡായിലെ സാന്‍ഫോര്‍ട്ട്‌ എന്ന സ്ഥലത്തുള്ള, തന്റെ അച്ഛന്റെ പുതിയ കാമുകിയുടെ വീട്ടിലേക്കു രണ്ടാഴ്‌ചത്തേക്ക്‌ വിരുന്നു വന്നതായിരുന്നു ട്രെവോണ്‍ മാര്‍ട്ടിന്‍. അച്ഛന്റെ കൂട്ടുകാരി പറഞ്ഞതനുസരിച്ച്‌, കുറച്ചു സ്‌നാക്കുകള്‍ വാങ്ങാനായി ട്രെവോണ്‍ അടുത്തുള്ള കടയില്‍ പോയി തിരിച്ചു നടക്കുകയായിരുന്നു. ഗെയിറ്റട്‌ കമ്മ്യൂണിറ്റിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്‌. ഇതെല്ലാമുണ്ടായിരുന്നിട്ടും, പതിവായി, കള്ളന്മാരുടെ ശല്ല്യം ഉള്ളതിനാല്‍, ഇവിടെ താമസിക്കുന്നവര്‍ തന്നെ ഏര്‍പ്പെടുത്തിയതാണ്‌ 'നെയിബര്‍ഹുഡ്‌ വാച്ച്‌' എന്ന പേരിലുള്ള കമ്മ്യൂണിറ്റി കാവല്‍ക്കാരെ.

പോലീസില്‍ ചേരുവാനുള്ള ആഗ്രഹവും മനസിലിട്ട്‌ നടന്നിരുന്ന ഇരുപത്തിയെട്ടുകാരനായിരുന്ന ജോര്‍ജ്‌ സിമ്മര്‍മാന്‍ സന്തോഷത്തോടെ ഈ കാവല്‍പ്പണി ഏറ്റെടുത്തു. പതിവ്‌ പോലെ, തന്റെ കാറിലിരുന്നു,  പോകുന്നവരെയും വരുന്നവരെയും നിരീക്ഷിക്കുകയായിരുന്നു സിമ്മര്‍മാന്‍. അതാ വരുന്നു തലമൂടിയ, കറുത്ത ഹുഡ (hood) ധരിച്ചു ഒരു കൊച്ചു കറുമ്പന്‍ ചെറുക്കന്‍. ചന്നം പിന്നം മഴയും പെയ്യുന്നുണ്ട്‌, എന്നിട്ടും ഈ ചെറുക്കന്‍ എന്താ നടന്നു വരുന്നത്‌? മെല്ലെ കാഴ്‌ചയൊക്കെ കണ്ടാണ്‌ പയ്യന്റെ നടപ്പ്‌. പയ്യനെ മുന്‍പ്‌ ഇവിടെയെങ്ങും കണ്ടിട്ടുമില്ല. കണ്ടാലെ ഒരു കള്ളലക്ഷണവും ഉണ്ട്‌.

സിമ്മര്‍മാന്‍ ഉടനെ തന്നെ പോലീസ്‌ പെട്രോളിങ്ങ്‌ പോലീസുകാരെ വിളിച്ചു പറഞ്ഞു.

`ഞങ്ങളുടെ ഗെയ്‌റ്റട്‌ കമ്മ്യൂണിറ്റിയില്‍ കൂടി ഇതാ ഒരു കള്ള ലക്ഷ്‌ണമുള്ള കറുത്ത  പയ്യന്‍ ഓരോ വീടും നോക്കി നടക്കുന്നു. ഇവന്‍ ഇവിടുത്തെ താമസക്കാരന്‍ ഒന്നുമല്ല. മുന്‍പെങ്ങും ഇവനെ ഇവിടെ കണ്ടതായി ഓര്‍ക്കുന്നുമില്ല'

പെട്രോളിങ്ങിലുള്ള പോലീസുകാരന്‍ ഉടനെ സിമ്മര്‍മാന്‌ മറുപടി കൊടുത്തു.

`നീ അവനെ വാച്ച്‌ ചെയ്‌താല്‍ മതി. എന്താണ്‌ അവന്‍ ചെയ്യാന്‍ പോകുന്നത്‌ എന്ന്‌ കാണുക.. ഒരു കാരണവശാലും വണ്ടിയില്‍ നിന്ന്‌ പുറത്തിറങ്ങുകയേ വേണ്ട'. അയാള്‍ പറഞ്ഞു നിര്‍ത്തി.

പക്ഷെ..സിമ്മര്‍മാന്‍ ഈ ഉപദേശം കേള്‍ക്കാതെ വണ്ടിയില്‍ നിന്നും ഇറങ്ങി, മെല്ലെ ട്രേവോണിന്റെ പുറകെ നടന്നു. ആദ്യം ഇതൊന്നും ട്രോവോണ്‍ ശ്രദ്ധിച്ചതേ ഇല്ല. അയാള്‍ തന്റെ കാമുകിയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടായിരുന്നു നടന്നത്‌. അതെകുറിച്ച്‌ കാമുകി പിന്നീട്‌ പറഞ്ഞതിങ്ങനെ.. സംസാരത്തിനിടയില്‍, ആരോ ട്രോവോണിനോട്‌ ചോദിക്കുന്നത്‌ താന്‍ കേട്ടു,  നീ എന്താണിവിടെ ചെയ്യുന്നത്‌ ? എന്താണ്‌ നിനക്കിവിടെ കാര്യം?

അതിനു മറുപടിയായി മാര്‍ട്ടിന്റെ മറുചോദ്യവും താന്‍ ശ്രദ്ധിച്ചു.

`നിങ്ങള്‍ എന്തിനാണെന്നെ പിന്തുടരുന്നത്‌?' പിന്നീടവള്‍ക്ക്‌ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. കാരണം.. അപ്പോഴേക്കും ഫോണ്‍ കോള്‍ ഡിസ്‌കണക്‌റ്റ്‌ ആയിരുന്നു.

പക്ഷെ, പിന്നീട്‌ എന്താണ്‌ അവിടെ നടന്നത്‌ എന്ന്‌ ലോകത്തോട്‌ പറയുവാനും, താന്‍ മരണപ്പെട്ട സാഹചര്യം എന്താണ്‌ എന്ന്‌ നമ്മെ മനസിലാക്കിതരുവാനും ട്രെവോണ്‍ മാര്‍ട്ടിന്‍ ഇന്നില്ല. കാരണം ജോര്‍ജു സിമ്മര്‍മാന്റെ തോക്കില്‍ നിന്നും ഉതിര്‍ന്ന ഒരു വെടിയുണ്ട നിരായുധനായിരുന്ന ട്രെവോണിന്റെ നെഞ്ച്‌ തുളച്ചു കയറുകയായിരുന്നു. ഒരു കുറ്റവും ചെയ്യാത്ത ആ പാവം പതിനേഴുകാരന്‍ പയ്യന്റെ ജീവന്‍ അപ്പോള്‍ തന്നെ പൊലിഞ്ഞു. വെടിയൊച്ചയുടെ ശബ്‌ദം കേട്ടു അയല്‍ക്കാര്‍ ഇതിനിടിയല്‍ 911 ല്‍ വിളിച്ചിരുന്നു.

പോലീസു വന്നു ജോര്‍ജു സിമ്മര്‍മാനെ അറസ്റ്റ്‌ ചെയ്‌തു. തന്നെ ഇങ്ങോട്ട്‌ ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്‌ക്ക്‌ വേണ്ടി താന്‍ മാര്‍ട്ടിനെ വെടിവെച്ചു കൊന്നതാണെന്നാണ്‌ സിമ്മര്‍മ്മാന്‍ പോലീസിനു മൊഴി നല്‍കിയത്‌. തെളിവായി, തന്റെ തലയുടെ പിറകിലെയും മൂക്കിലെയും മുറിവുകള്‌ സിമ്മര്‍മാന്‍ പോലീസിനു കാണിച്ചു കൊടുത്തു.

സാന്‍ഫോര്‍ട്ട്‌ പോലീസ്‌ ചീഫ്‌ ബില്‍ ലീ മതിയായ തെളിവുകളില്ലെന്നു പറഞ്ഞു ആദ്യം കേസ്‌ ഫയല്‍ ചെയ്യാതെ, സിമ്മര്‍മ്മാനെ വിട്ടയച്ചു. ഇതോടെ അമേരിക്ക ഇളകി. അന്നും പ്രസിഡന്റ്‌ ഒബാമ ജനങ്ങളോട്‌ സംസാരിച്ചു. അമേരിക്കക്കാര്‍ എല്ലാവരും തന്നെ, സ്വയം ആത്മപരിശോധന നടത്തേണ്ട സമയമായി എന്ന്‌ അദ്ദേഹം പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഒരു മാസം കഴിഞ്ഞിട്ടും സിമ്മര്‍മാനെ അറസ്റ്റ്‌ ചെയ്യാഞ്ഞതിനാല്‍ അമേരിക്കയിലാകമാനെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിരുന്നു. സാന്‍ഫോര്‍ഡ്‌ സിറ്റി കമ്മീഷന്‍ സംഘടിപ്പിച്ച മീറ്റിങ്ങില്‍ ട്രെവോണിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മരണപ്പെട്ട മകന്‌ നീതി ലഭിക്കണമെന്ന്‌ നിറകണ്ണുകളോടെ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഒളിവില്‍ പോയ സിമ്മര്‍മാനെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയില്‍ ഒരു മാസത്തിനു ശേഷം അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. കുറ്റം സെക്കണ്ട്‌ ഡിഗ്രി മര്‍ഡര്‍. ഇത്‌ നടക്കുന്നത്‌ 2012 ഏപ്രില്‍ പതിനൊന്നിനായിരുന്നു.

പതിമൂന്നു മാസങ്ങള്‍ക്ക്‌ ശേഷം 2013 ജൂലൈ പതിമൂന്നാം തീയതി, ആറു വെള്ളക്കാരികള്‍ മാത്രമുണ്ടായിരുന്ന ജൂറി, ജോര്‍ജ്ജു സിമ്മര്‍മ്മാന്റെ സ്വയരക്ഷാവാദം കണക്കിലെടുത്തു കഴിഞ്ഞ ശനിയാഴ്‌ച അയാളെ വെറുതെ വിടുകയായിരുന്നു.

ട്രെവോണ്‍ മാര്‍ട്ടിന്‌ നീതി നിഷേധിക്കപ്പെട്ടോ? അതോ, അമേരിക്കയിലെ സ്വയരക്ഷാ നിയമം ചൂഷണം ചെയ്യപ്പെട്ടോ? തീര്‍ച്ചയായും അമേരിക്ക ഈ ഉത്തരങ്ങളില്‍ വിഭജിച്ചു തന്നെ നില്‍ക്കുമ്പോള്‍ തന്നെ ചില സത്യങ്ങള്‍ക്ക്‌ നേരെ നാം കണ്ണ്‌ തുറന്നു തന്നെ പിടിക്കേണ്ടിയിരിക്കുന്നു. ട്രെവോണ്‍ മാര്‍ട്ടിന്റെയും ജോര്‍ജ്‌ സിമ്മര്‍മാന്റെയും വക്കീലന്മാര്‍ പല തവണ ആണയിട്ടു പറയുന്നു. ഈ കേസിനു ആരുടേയും (race) -മായി ബന്ധമില്ല. ഇതൊരു വര്‍ണ്ണവെറിയുടെ കഥയല്ല. പക്ഷെ സത്യം അതാണോ?

ലോകത്തെല്ലായിടത്തും ഇന്നും ഉള്ളത്‌ പോലെ അമേരിക്കയിലും (പ്രത്യക്ഷമായില്ലെങ്കിലും) പരോക്ഷമായി വര്‍ണ്ണവെറി ഒരു പരിതി വരെ നിലനില്‍ക്കുന്നു. ഈ സത്യം നമുക്ക്‌ സമ്മതിക്കാതെ തരമില്ല.

പക്ഷെ സ്റ്റീരിയോ ടൈപ്പിങ്ങ്‌, തീര്‍ച്ചയായും ഇതില്‍ ഒരു പ്രധാന പങ്കുവഹിച്ചു എന്നുള്ളതിന്‌ രണ്ടു പക്ഷമില്ല. തന്റെ ഒരു നെയ്‌ബര്‍ഹൂഡില്‍, Hood തലയിലൂടെ വലിച്ചിട്ടിരിക്കുന്ന, ഒന്നിനും കൊള്ളാത്ത പോലെ തോന്നിക്കുന്ന ഒരു കറുത്ത വര്‍ക്ഷക്കാരന്‍ എല്ലാം വീടുകളും നോക്കി നോക്കി നടന്നു നീങ്ങുന്നു. എന്നാണു സിമ്മര്‍മ്മാന്‍ ആദ്യം വിളിച്ച പോലീസുകാരനോട്‌ പറഞ്ഞത്‌. ഓര്‍ക്കണം, സിമ്മര്‍മാന്‍ വെള്ളക്കാരനല്ല. അമേരിക്കയില്‍ രമ്‌ടു മൂന്നു തമമുറയായി താമസിക്കുന്ന മെക്‌സിക്കന്‍ വംശജനാണ്‌. സിമ്മര്‍മാന്റെ വീടിരിക്കുന്ന ഭാഗങ്ങളിലൊക്കെ സ്ഥിരമായി മോഷണങ്ങള്‍ നടക്കാറുണ്ട്‌? അങ്ങിനെയിരിക്കുമ്പോഴാണ്‌ എവിടെനിന്നോ വന്ന ഒരു കറുമ്പന്‍ ചെറുക്കന്‍ വീടുകളൊക്കെ നോക്കി നോക്കി നടക്കുന്നത്‌, സിമ്മര്‍മാന്‌ സംശയം ഉണ്ടായത്‌ സ്വാഭാവികം. പക്ഷേ, കാറില്‍ നിന്നും ഇറങ്ങണ്ട, പയ്യന്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ നോക്കിയാല്‍ മതിയെന്ന്‌ ഉപദേശിച്ച പോലീസുകാരന്റെ വാക്ക്‌ കേള്‍ക്കാതെ, എന്തിനാണ്‌ ഇയാള്‍ ഈ കുട്ടിയെ അനുഗമിച്ചത്‌? തന്നെ ആക്രമിച്ചപ്പോള്‍, തിരികെ തല്ലുകയോ, ഇടിക്കുകയോ ചെയ്യാതെ എന്തിനാണ്‌ അയാളെ വെടിവെച്ച്‌ കൊന്നത്‌? സിമ്മര്‍മാന്‌ എല്ലാറ്റിനും ന്യായങ്ങളുണ്ട്‌. ഈ ന്യായങ്ങള്‍ എല്ലാം ആ ആറു ജൂറി അംഗങ്ങള്‍ക്കും മനസിലായിട്ടുണ്ട്‌. പക്ഷേ അമേരിക്കക്കാര്‍ക്ക്‌ ഈ വിധിപ്രഖ്യാപനം തീരെയും മനസിലാകുന്നില്ല എന്ന്‌ മാത്രം.

തന്റെ പുറകെ വരുന്നതെന്തിനാണ്‌ എന്ന ചോദിച്ച കുട്ടിയോട്‌, ഒന്നും രണ്ടും പറഞ്ഞു കയ്യാംകളി നടത്തിയത്‌ എന്തിനായിരുന്നു? തന്റെ പുറകെ വരുന്ന അപരിചിതനായ ആളെ കണ്ടു കുട്ടിയും പേടിച്ചിട്ടുണ്ടാവും, സിമ്മര്‍മാന്‍ ഉപദ്രവിച്ചപ്പോള്‍ തിരിച്ചടിച്ചിട്ടുണ്ടാവും. അങ്ങിനെയാണല്ലോ സിമ്മര്‍മാന്റെ തലക്കും മൂക്കിനും പരുക്കേല്‍ക്കുന്നത്‌? പക്ഷെ, വെറുതെ നടന്നു പോയ, പയ്യനെ അവന്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആണ്‌. അതിനാല്‍ അവന്‍ ഒരു കള്ളനായിരിക്കും എന്ന മുന്‍ വിധി വെച്ച്‌ പിന്തുടരുകയല്ലേ സിമ്മര്‍മാന്‍ ചെയ്‌തത്‌. പിന്നീട്‌ നടന്നതൊന്നും വിവരിക്കാന്‍ ട്രെവോണ്‍ മാര്‍ട്ടിന്‍ ഇല്ല. അതെ തീര്‍ച്ചയായും ഒരു ബ്ലാക്ക്‌ അമേരിക്കന്‍ ആയതിനാലും, തലമൂടിയ hood ധരിച്ചതിനാലും മാത്രമാണ്‌ ട്രെവോണ്‍ മാര്‍ട്ടിനു തന്റെ ജീവന്‍ നഷ്‌ടപ്പെട്ടത്‌ എന്ന്‌ പറയേണ്ടിരിക്കുന്നു.

തുറന്നു പറയാന്‍ നാം ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക്‌ മടിയുണ്ടെങ്കിലും, `കറുമ്പന്‍' എന്ന ഓമനപ്പേരില്‍ നാം വിളിക്കുന്ന ഇവരോട്‌ നമ്മള്‍ ഇന്ത്യക്കാരുടെ രീതിയും ഇങ്ങനെയൊക്കെ തന്നെയാണ്‌. ഈ സ്വഭാവം നമ്മുക്ക്‌ നാട്ടില്‍ നിന്നും പോരുന്നതിനു മുമ്പേ വന്നു ചേര്‍ന്നതാണ്‌. പണ്ട്‌ നാം നാട്ടില്‍ വെച്ച്‌ ഇവരെ വിളിച്ചിരുന്നത്‌ നീഗ്രോ എന്ന്‌ തന്നെയായിരുന്നു. ഇവിടെ വന്നു കഴിഞ്ഞാണ്‌ ബ്ലാക്‌സ്‌ എന്ന പദം നമ്മുടെ മുന്‍പേ വന്നവര്‍ നമുക്ക്‌ പറഞ്ഞു തരുന്നതും, ഒരിക്കലും നീഗ്രോ എന്ന വാക്ക്‌ അവര്‍ക്കെതിരെ ഉപയോഗിക്കരുത്‌ എന്ന്‌ പറയുന്നതും. നല്ലൊരു ശതമാനം മലയാളികള്‍ക്കും മറ്റു ഇന്ത്യക്കാര്‍ക്കും കറുമ്പരോട്‌ പുച്ചവും, ഉള്ളില്‍ അകാരണമായ വെറുപ്പും ഉള്ളതായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അതിനു നമുക്കും നമ്മുടേതായ കാരണങ്ങളും ഉണ്ടാവും. നാമും ടെലിവിഷനില്‍ സ്ഥിരം കാണുന്നതും, അവരുടെ വിഭാഗം ഉള്‍പ്പെടുന്ന കൊലയും കൊള്ളയും, എല്ലാമാണ്‌. പേടി ഉണ്ടായി പോകും. സ്വാഭാവികം.

പക്ഷെ, നാം പൂജിക്കുന്ന വെള്ളക്കാരന്റെ ഉള്ളില്‍ നാമും കറുമ്പന്‍മാര്‍ തന്നെ എന്ന്‌ നാമോര്‍ക്കണം. കാണുമ്പോള്‍ നമ്മോടു നല്ല വര്‍ത്തമാനം പറയുമെങ്കിലും ഇന്നും കുറെ വെള്ളക്കാരൊക്കെ നമ്മെ കാണുന്നതു, നമ്മള്‍ ആഫിക്കന്‍ അമേരിക്കക്കാരെ കാണുന്നതു പോലെ തന്നെ.

അടുത്തിടെ നടന്ന ഒരു ചെറിയ സംഭവം പറയാം. ഞങ്ങള്‍ പുതിയ വീട്ടില്‍ താമസമാക്കി രണ്ടു മൂന്ന്‌ ദിവസം കഴിഞ്ഞ ഒരു ദിവസം. അന്ന്‌ സ്‌ക്കൂള്‍ അവധി ആയിരുന്നതിനാല്‍ കുട്ടികള്‍, കാപ്പി കുടി കഴിഞ്ഞു വെളിയിലേക്ക്‌ നടക്കാനിറങ്ങി. മിനിട്ടുകള്‍ക്കകം, എവിടെ നിന്നോ ഒരു പോലീസുകാരി പ്രത്യക്ഷപ്പെട്ടു കുട്ടികളെ ചോദ്യം ചെയ്‌തു.

എന്താണ്‌ നിങ്ങള്‍ ഈ നെയബര്‍ഹൂഡില്‍ ചുറ്റികറങ്ങുന്നത്‌..?

എന്തിനാണീ വീടിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നത്‌?

നിങ്ങള്‍ക്കിന്നു സ്‌ക്കൂള്‍ ഇല്ലേ? എന്താണ്‌ പോകാത്തത്‌?

ഇങ്ങനെ .. മൂന്ന്‌ നാല്‌ ചോദ്യങ്ങള്‍ അവര്‍ കുട്ടികളോട്‌ ചോദിച്ചു.

ഇത്‌ തങ്ങള്‍ പുതുതായി വാങ്ങിയ വീടാണെന്നും മൂന്നു ദിവസം മുന്‍പ്‌ താമസം തുടങ്ങിയെന്നും ഇന്ന്‌ സ്‌ക്കൂള്‍ അടവാണെന്നും എല്ലാം കുട്ടികള്‍ പറഞ്ഞപ്പോളും അവര്‍ക്ക്‌ ഒരു വിശ്വാസം വരാത്ത പോലെ എന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്‌..

കുട്ടികള്‍ ഇത്‌ ജോലിയില്‍ വിളിച്ചു എന്നോട്‌ പറയുമ്പോള്‍ എന്താണ്‌ അവര്‍ കുട്ടികളെ തടഞ്ഞതെന്നും ചോദ്യങ്ങള്‍ ചോദിച്ചതെന്നും എനിക്ക്‌ പെട്ടെന്ന്‌ പിടികിട്ടി. വെള്ളക്കാര്‍ മാത്രമുള്ള ഏരിയയില്‍ എന്താണ്‌ ബ്രൗണ്‍ നിറക്കാരായ നിങ്ങള്‍ക്ക്‌ കാര്യം. ഒരു പക്ഷെ, കറുത്ത വര്‍ക്ഷക്കാരായോ, മെക്‌സിക്കന്‍സായോ അവര്‍ കുട്ടികളെ തെറ്റിധരിച്ചിട്ടുണ്ടാവും. എന്റെ മക്കളും ഇടുന്നതു ഹൂടിയും, ബ്ലൂ ജീന്‍സുമൊക്കെ തന്നെ. അതെ നാമും ഈ തരം സ്റ്റീരിയോ ടൈപ്പിങ്ങില്‍ നിന്നും വിമുക്തരാണെന്നു വിചാരിക്കേണ്ട. എനിക്ക്‌ ആദ്യം ദേഷ്യം സങ്കടവും തോന്നിയെങ്കിലും, പിന്നീട്‌ ചിന്തിച്ചപ്പോള്‍, പോലീസുകാരി ഏതു സാഹചര്യത്തിലാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ മനസിലായി. ഒന്നുമില്ലെങ്കിലും പോലീസ്‌ വീടും നെയ്‌ബര്‍ഹൂഡും ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന തോന്നലില്‍ സ്വയം ആശ്വസിക്കുകയും ചെയ്‌തു.

പലപ്പോഴും ജോലി സ്ഥലങ്ങളിലും മറ്റേതു തുറയിലും നമ്മുടെ ആളുകള്‍ കറുത്ത വര്‍ക്ഷക്കാരോട്‌ ഉള്ളു കൊണ്ട്‌ അകല്‍ച്ച കാണിക്കുകയും വെള്ളക്കാരനോട്‌ കൂടുതല്‍ ഒട്ടി നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ കാണാറുണ്ട്‌. ഇത്‌ ഒരു തലമുറയിലെ ഇന്ത്യാക്കാരുടെ കഥ. പക്ഷെ, നമ്മുടെ ഇവിടെ വളരുന്ന പുതിയ തലമുറ കൂടുതലും റിലേറ്റ്‌ ചെയ്യുന്നത്‌, അഥവാ, അവര്‍ക്ക്‌ കൂടുതലും അടുപ്പം തോന്നുന്ന വിഭാഗം ആഫ്രിക്കന്‍ അമേരിക്കക്കാരാണ്‌. നമ്മുടെ മലയാളി പിള്ളേര്‍ക്ക്‌ റാപ്‌ മ്യൂസിക്കാണ്‌ പ്രിയം. ചിലയിടങ്ങളിലൊക്കെ ബ്ലാക്‌സിനെ നമ്മുടെ കുട്ടികള്‍ വേഷവിധാനത്തിലും തലമുടിവെട്ടിലും സംസാരത്തിലും അന്ധമായി അനുകരിക്കുകയാണോ എന്ന്‌ പോലും തോന്നിപ്പോകുന്നു. സ്റ്റീരിയോ ടൈപ്പിങ്ങില്‍ നമ്മുടെ കുട്ടികളും പെട്ട്‌പോകുന്നതീ രീതികളിലാണ്‌. എന്തായാലും നമ്മുടെ ഇവിടെ വളരുന്ന പുതിയ തലമുറയ്‌ക്ക്‌ നമ്മളെ പോലെ വര്‍ണ്ണ വിവേചനം ഇല്ലാതാവട്ടെ. ഇനി അവരങ്ങിനെ ആകുന്നുണ്ടെങ്കില്‍ അതിനു കാരണക്കാരും നമ്മള്‍ തന്നെയാണ്‌.

എന്തായാലും ഒരിക്കുലം ട്രെവോണ്‍ മാര്‍ട്ടിനെന്ന കുഞ്ഞിന്റെ വിധി ഇവിടുത്തെ ഒരു കുഞ്ഞുങ്ങള്‍ക്കും ഉണ്ടാവാതിരിക്കട്ടെ, ഇതിന്റെ എല്ലാ പ്രധാന കാരണം നിയന്ത്രണമില്ലാത്ത തോക്ക്‌ നിയമങ്ങള്‍ തന്നെയാണ്‌ എന്നതിന്‌ ആര്‍ക്കാണ്‌ സംശയം!!
ട്രെവോണ്‍ മാര്‍ട്ടിന്‍: വിധിയുടെ നിറം (മീനു എലിസബത്ത്‌)
Join WhatsApp News
Raju Chiramannil 2013-07-16 14:45:01
Congratulations ,Meenu, whatever you mention is a real fact. Whites consider us lower than black and Latinos. Keep it up
josecheripuram 2013-07-16 19:18:22
We have been brain wshed by the white colour.Way back home when marriage proposals are coming everyone aska "Pennu veluthathano".Other than cocasin white, all are black according to whites.We Indians consider we as white.There is discrimination in America,but the law is very striect since it is not been exhibited in public.Well written Meenu.
വിധ്യാധരാൻ 2013-07-17 07:08:02
ജോസ് ചെറിപുരത്തിന്റെ വാദഗതിയോടു എനിക്ക് യോജിക്കാൻ കഴിയുന്നില്ല. കാരണം ഞാൻ കരിക്കട്ട പോലെ കറത്ത ആളാണ്‌ പക്ഷെ എനിക്ക് ഞാൻ ഏറ്റവും സുന്ദരനാനെന്നാണ്. സ്നേഹം കൂടുമ്പോൾ എന്റെ ഭാര്യ എന്നെ ശ്യാമളാ എന്നാ വിളിക്കുന്നത്‌. അവൾക്കു ഞാൻ കള്ള കൃഷ്ണനാണ്. എനിക്ക് അതുമതി. എന്നാൽ നാട്ടു കാര് എന്നെ വിളിക്കുന്നത്‌ ഇരുട്ട് എന്നാണു. ശരിക്ക് നോക്കിയാലെ എന്നെ കാണുകയുള്ളൂ. പക്ഷേ ഇതൊന്നും എന്നെ ബാധിക്കാറില്ല. കറുപ്പിന് ഏഴു ആഴ്കാനെന്നാണ് പറച്ചിൽ. അതുകൊണ്ട് മറ്റുള്ളവര എന്ത് പറയുന്നു എന്ന് ചിന്തിച്ചു ഭ്രാന്തു പിടിക്കാതെ സ്വയം തെറ്റായാ ധാരണകളെ മാറ്റുക. (ഇരുട്ട്)
Vinod 2013-07-19 20:45:22
Nice article, keep up good work! Judicial system is the only one even close to something we can trust. Hopefully in this case, system considered all factors and decided the right thing. Possible zimmerman was not as physically capable as Martin and was able to defend himself.... If you are living in a predominently white area, dont expect a jury to have anyone other than whites. In a country built on immigrated backbone, if those generations still have racial profiling, you think its going to change in the next generation?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക