Image

ബഹ്‌റൈന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: നാലു വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു

Published on 03 October, 2011
ബഹ്‌റൈന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: നാലു വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു
മനാമ: ബഹ്‌റൈന്‍ പാര്‍ലമെന്‍റിന്‍െറ ചരിത്രത്തിലാദ്യമായി നാലു വനിതാ എം.പിമാര്‍ പ്രതിനിധി സഭയില്‍. ശനിയാഴ്‌ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ രണ്ട്‌ സ്‌ത്രീകള്‍ ജയിച്ചതോടെയാണ്‌ വനിതാ എം.പിമാരുടെ എണ്ണം നാലായത്‌. കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ മണ്ഡലം മൂന്നില്‍ ഇബ്‌തിസാം അബ്ദുറഹ്മാന്‍ ഹിജ്രിസ്‌, സെന്‍ട്രല്‍ ഗവര്‍ണറേറ്റിലെ മണ്ഡലം ഒന്നില്‍ ഡോ. സുമയ്യ അബ്ദുറഹ്മാന്‍ അലി ഇബ്രാഹിം അല്‍ ജോവ്‌ദര്‍ എന്നിവരാണ്‌ ജയിച്ചത്‌. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ച ആദ്യ വനിതകള്‍ എന്ന പ്രധാന്യവും ഇവര്‍ക്കാണ്‌.

ഇബ്‌തിസാം ഹിജ്രിസ്‌ തൊട്ടടുത്ത സ്ഥാനാര്‍ഥിയേക്കാള്‍ 54 വോട്ടും ഡോ. സുമയ്യ എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ 75 വോട്ടും അധികം നേടിയാണ്‌ ജയിച്ചത്‌. മറ്റൊരു വനിതാ സ്ഥാനാര്‍ഥിയായ സീമ അഹമ്മദ്‌ അല്‍ ലങ്കാവി 248 വോട്ടിനാണ്‌ പരാജയപ്പെട്ടത്‌.

നിലവിലുള്ള രണ്ട്‌ വനിതാ എം.പിമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്‌. സൂസന്‍ തഖ്വി ഈ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ലത്തീഫ അല്‍ ഗഊദുമാത്രമായിരുന്നു പ്രതിനിധി സഭയില്‍ ഇതുവരെയുള്ള സ്‌ത്രീ പ്രാതിനിധ്യം. സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്‌ ഇവരെല്ലാം.

ഇബ്‌തിസാം ഹിജ്രിസിന്‍െറയും ഡോ. സുമയ്യയുടെയും ചരിത്രവിജയം ശനിയാഴ്‌ച സിറ്റി സെന്‍ററില്‍ ആഘോഷപൂര്‍വമാണ്‌ പ്രഖ്യാപിച്ചത്‌. മന്ത്രി ഡോ. ഫാത്തിമ അല്‍ ബലൂഷിയും എം.പി സൂസന്‍ തഖ്വിയും നേരിട്ട്‌ എത്തി രണ്ടുപേരെയും അഭിനന്ദിച്ചു. വനിതാ എം.പിമാരുടെ തെരഞ്ഞെടുപ്പ്‌ ഭാവിയിലെ സ്‌ത്രീ ശാക്തീകരണപ്രക്രിയയൊണ്‌ സൂചിപ്പിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. സമൂഹം സ്‌ത്രീകളില്‍ വിശ്വാസം പ്രകടിപ്പിച്ചുവെന്നത്‌ പ്രധാന കാര്യമാണെന്ന്‌ അവര്‍ പറഞ്ഞു.

ഒരു കുടുംബ ഡോക്ടര്‍ എന്ന നിലക്കുള്ള തന്‍െറ വൈദഗ്‌ധ്യം പാര്‍ലമെന്‍റിന്‌ നല്‍കുമെന്ന്‌ ഡോ. സുമയ്യ പറഞ്ഞു. കൂടുതല്‍ നവീനവും മികച്ചതുമായ നിയമനിര്‍മാണങ്ങള്‍ക്കും ആശയങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന്‌ ഇബ്‌തിസാം ഹിജ്രിസ്‌ പറഞ്ഞു.

സനദ്‌, ജിദാലി, ടൂബ്‌ളി എന്നീ പ്രദേശങ്ങളെയാണ്‌ ഡോ. സുമയ്യ പ്രതിനിധീകരിക്കുന്നത്‌. മനാമ, നയിം, ഗഫൂള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്‌, ബര്‍ഹാമ, സല്‍മാനിയ പ്രദേശങ്ങളാണ്‌ ഇബ്‌തിസാം ഹിജ്രിസിന്‍െറ മണ്ഡലത്തില്‍ വരുന്നത്‌.
40 അംഗങ്ങളുള്ള പ്രതിനിധി സഭയിലെ വര്‍ധിച്ച സ്‌ത്രീ പങ്കാളിത്തം രാജ്യത്തെ സ്‌ത്രീ ശാക്തീകരണത്തിന്‌ ബലം പകരുമെന്നാണ്‌ പ്രതീക്ഷ. പാര്‍ലമെന്‍റിന്‍െറ ഉപരിസഭയായ ശൂറ കൗണ്‍സിലിലെ 40 അംഗങ്ങളില്‍ 11 പേര്‍ സ്‌ത്രീകളാണ്‌. ഇവരെ രാജാവാണ്‌ നാമനിര്‍ദേശം ചെയ്യുന്നത്‌.
ബഹ്‌റൈന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: നാലു വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക