Image

കാമ്പസ്സുകള്‍ക്ക് നഷ്ടപ്പെടുന്നത് -മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം (emalayalee exclusive) Published on 20 July, 2013
കാമ്പസ്സുകള്‍ക്ക് നഷ്ടപ്പെടുന്നത് -മീട്ടു റഹ്മത്ത് കലാം
മനസ്സിന്റെ ജാലകം തുറക്കുമ്പോള്‍, പിന്നിട്ട വഴികളില്‍ നിറം മങ്ങാതെ നില്‍ക്കുന്നത് ആ തിരുമുറ്റമാണ്. ജീവിതവുമായി അത്രകണ്ട് ഇഴപിരിയാത്ത അനുഭവങ്ങളാണ് കാമ്പസ് അന്തരീക്ഷം തന്റെ മക്കള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഓര്‍ത്തുവച്ചോമനിക്കാന്‍ ഒരായിരം മധുരസ്മരണകളുള്ള സുവര്‍ണ്ണകാലഘട്ടം. കാമ്പസ് എന്ന വാക്കിന്റെ മാസ്മരികതയില്‍ തെളിയുന്നത് കലാലയ മുഹൂര്‍ത്തങ്ങളുടെ വര്‍ണ്ണാഭലോകമാണ്. അന്നത്തെ ക്ലാസ്മുറികള്‍, സൗഹൃദങ്ങള്‍, ഇണക്കങ്ങള്‍ -പിണക്കങ്ങള്‍, അദ്ധ്യാപകര്‍, കാന്റീന്‍, പ്രണയ- വരിഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രകൃതി… എല്ലാം കാലങ്ങളായി കാത്തിരുന്ന പ്രിയപ്പെട്ടവനെപ്പോലെ വിരുന്നെത്തി മനം നിറയ്ക്കും. പുതുതലമുറയുടെ കാഴ്ചപ്പാടില് ഇതൊക്കെ വെറും ഭാവന മാത്രം. അടുത്തിടെ വിജയിച്ച കോളജ് പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാമ്പസ് ചിത്രീകരിച്ചതിന്റെ കാരണവും മറ്റൊന്നല്ല. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കഴിഞ്ഞ തലമുറകള്‍ അനുഭവിച്ചറിഞ്ഞ ആ കാമ്പസ് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. കാമ്പസുകള്‍ക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്നതാണ് സത്യം.

പ്രശസ്ത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ ഭയപ്പെട്ടിരുന്ന കാലം അടുത്തെന്ന് തോന്നുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ മികവ് മനുഷ്യബന്ധങ്ങളെ ഭേദിച്ച് മുന്നേറുന്ന കാഴ്ച ഇന്നത്തെ കാമ്പസുകള്‍ വരച്ചുകാട്ടുന്നു. സുഖലോലുപതയുടെ പിറകെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ചെറുപ്പക്കാര്‍ സമൂഹത്തിന് ഭീഷണിയാണ്. നല്ല ആശങ്ങളും ആദര്‍ശങ്ങളും ചിന്തകളും മുഴങ്ങിക്കേട്ട ഇടനാഴികള്‍ക്ക് അതൊക്കെ ഇന്ന് അകലെയാണ്.

മൊബൈലും ഇന്റര്‍നെറ്റും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതോടെ നേരിട്ടുള്ള സംസാരം കുറഞ്ഞു. കോളേജ് വരാന്തയിലെ കുസൃതു നിറഞ്ഞ കലപില ശബ്ദങ്ങള്‍ റിങ് ടോണുകളില്‍ ഒതുങ്ങി. മെസേജുകളുടെ അതിപ്രസരം സ്വന്തം പ്രണയിനിയുടെയോ സുഹൃത്തിന്റെയോ കയ്യക്ഷരം കാണാനും അറിയാനുമുള്ള അവസരം കുറച്ചു. അതാണ് വികാരങ്ങളുടെ വിരലടയാളങ്ങളില്ലാത്ത എസ്എംഎസുകള്‍ കെട്ടിപ്പടുത്ത ബന്ധങ്ങള്‍ ശിഥിലങ്ങളാക്കുന്നത്. അക്ഷരമുറ്റം കടക്കുന്ന മാത്രയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയുള്ള ഹായ്-ബൈ ബന്ധത്തില്‍ ഒതുങ്ങുന്നതാണ് പൊതുവെ കാണുന്ന പ്രവണത. പൂര്‍വ-വിദ്യാര്‍ത്ഥി സംഗമങ്ങള്‍ സംഘടിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള സൗഹൃദങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബദ്ധപ്പെടുന്നവര്‍ക്ക് മുന്നിലാണ് ഇളമുറക്കാരുടെ വേറിട്ട സഞ്ചാരം.

പൂക്കാലം സ്വപ്നം കണ്ടാണ് ചെറുപ്പക്കാര്‍ കാമ്പസിന്റെ വളക്കൂറുള്ള മണ്ണില്‍ എത്തപ്പെടുന്നത്. ഹരിതകം മാത്രം കൈമുതലായുള്ള അവരില്‍ സൗഹൃദത്തിന്റെ ചാറ്റല്‍ മഴയും അദ്ധ്യാപകരാകുന്ന സൂര്യപ്രകാശവും ചേരുമ്പോള്‍ ജീവിതം പൂത്തലഞ്ഞ കഥകള്‍ കഴിഞ്ഞ ദശകത്തോടെ അസ്തമിച്ചു. ഹോര്‍മോണ്‍ കുത്തിവെച്ചും രാസവളങ്ങള്‍ പ്രയോഗിച്ചും പൂക്കള്‍ വിരിയിച്ച് പ്രദര്‍ശനയോഗ്യമാക്കുക എന്ന ലക്ഷ്യം പോലെ കൂടുതല്‍ മാര്‍ക്കോടെ പടി കടക്കുന്ന കേവല ബിരുദധാരിയില്‍ കവിഞ്ഞ് അിറവിന്റെ ആഴങ്ങള്‍ മുങ്ങിത്തപ്പാനുള്ള അവസരം ലഭിക്കാത്ത അവസ്ഥ കാമ്പസിന്റെ മണ്ണിനെ തരിശ് നിലമാക്കുന്നു. ഇവിടെയാണ് ശ്രീ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ഉപദേശം പ്രസക്തമാകുന്നത്.

'ഇടയ്‌ക്കൊക്കെ ക്ലാസ് കട്ട് ചെയ്ത് സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കുന്നു. കാലം കടക്കുമ്പോള്‍ കൂട്ടുകാരുമൊത്തുള്ള ഓര്‍മ്മകള്‍ക്കല്ലാതെ വാരിക്കൂട്ടിയ മാര്‍ക്കുകള്‍ക്ക് നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയില്ല.'

ഇന്നത്തെ കോളേജുകളില്‍ അങ്ങനെയൊരു സാഹചര്യം ഇല്ല. കാമ്പസ് എന്നത് ന്യൂ ജനറേഷന് സമ്മര്‍ദത്തിന്റെ പര്യായമാണ്. അടിച്ചുപൊളിയെ പ്രണയിക്കുന്നവര്‍ ചെന്നെത്തുന്നത്. പ്രൊഫഷണല്‍ പഠനത്തിനാണെങ്കില്‍ പറയുകയും വേണ്ട. യൂണിഫോമില്‍ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന മോചനത്തിനും നിബന്ധനകള്‍ ഏറെയുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങലും കൂടുംതോറും പിരിമുറുക്കത്തിലാകുന്ന ഇളം മനസ്സ് പഠനത്തോട് പോലും വിരക്തി പ്രകടിപ്പിക്കുന്നു. അവരുടെ കാഴ്ച്ചപാടില്‍ കാമ്പസ് എന്നാല്‍ പ്രോജക്ട്, അസൈന്‍മെന്റ്, സെമിനാര്‍, ഇന്റേണല്‍സ് തുടങ്ങിയ നൂലാമാലകളില്‍ പെടുത്തി ചിന്തകളെ പിടിച്ചുകെട്ടി, പ്രതീക്ഷകള്‍ തച്ചുടച്ച ഒന്നാം പ്രതിയാണ്. പിന്നെ കാമ്പസിലെ ആ മണ്‍ത്തരികളോട് ഒരാത്മബന്ധവുമില്ല. എന്തിന്, വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കി ജന്മം കൊടുത്ത സ്ത്രിയോട് തോന്നാവുന്ന അനുകമ്പ പോലുമില്ല.

ഇനി ഈ മുറ്റത്ത് കാല് കുത്താന്‍ ഇടവരുത്തരുതേ ഈശ്വരാ.. എന്ന് പ്രാര്‍ത്ഥിച്ച് ഒരു തലമുറ പടിയിറങ്ങുമ്പോള്‍, കാമ്പസുകള്‍ക്ക് നഷ്ടപ്പെടുന്നതെന്തെന്ന ചോദ്യത്തിന്റെ പ്രസക്തി ഏറുന്നു. പ്രതീക്ഷിച്ചതൊന്നും തരാതെ പറഞ്ഞയച്ചതിലുള്ള പ്രതിഷേധസ്വരത്തില്‍ കലാലയങ്ങളുടെ മൂല്യത്തിനും പവിത്രതയ്ക്കും ഏറ്റ ക്ഷതം മാത്രമാണോ പ്രകടമാകുന്നത്. ഇതിനുള്ള ഉത്തരം തേടി നടക്കുമ്പോള്‍ അകലെ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെട്ട വിദ്യാദേവതയുടെ നിര്‍ത്താതെയുള്ള കരച്ചിലാണ്. അതൊരു പിന്‍വിളിയാണ്. പവിത്രമായ പഴയ കാമ്പസുകളിലേയ്ക്ക് തിരിച്ചുപോയി നഷ്ടങ്ങള്‍ നികത്താനുള്ള ക്ഷണം. ഒരമ്മ മക്കളെ വിളിക്കുന്നതുപോലെ! ഇവിടെ ഒരു കാര്യം പറയാതെ വയ്യ. 'കാമ്പസിനു അമ്മയുടെ പരിവേഷം ഉണ്ടെന്ന സത്യം'


കാമ്പസ്സുകള്‍ക്ക് നഷ്ടപ്പെടുന്നത് -മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക