Image

ട്രെയ്‌വോണ്‍ മാര്‍ട്ടിന്‍, നിനക്ക് ഒരിറ്റു കണ്ണീര്‍: ജോസ് കല്ലിടിക്കില്‍

ജോസ് കല്ലിടിക്കില്‍ ചിക്കാഗോ (emalayalee Exclusive) Published on 20 July, 2013
ട്രെയ്‌വോണ്‍ മാര്‍ട്ടിന്‍, നിനക്ക് ഒരിറ്റു കണ്ണീര്‍: ജോസ് കല്ലിടിക്കില്‍
അമേരിക്കന്‍ നീതിന്യായ വ്യവസ്ഥിതിയുടെ വിശ്വാസ്യതയിലും, നിഷ്പക്ഷതയിലും, കാര്യക്ഷമതയിലും കരിനിഴല്‍ വീഴ്ത്തുന്നൊരു വിധിന്യായമായിരുന്നു. ദേശം മുഴുവന്‍ ഉറ്റുനോക്കിയ ട്രെയ് വോണ്‍ മാര്‍ട്ടിന്‍ വധക്കേസില്‍ പ്രതിയായിരുന്ന ജോര്‍ജ്ജ് സിമ്മര്‍മാനെ നിരപരാധിയായി പ്രഖ്യാപിച്ച ഫ്‌ളോറിഡയിലെ സെമിനോള്‍ കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് വിധി.

കോടതിവിധിയ്‌ക്കെതിരെ അമേരിക്കയിലെ കറുത്ത വംശജര്‍ക്കിടയില്‍ ഉടലെടുത്ത കടുത്ത അമര്‍ഷവും പ്രതിഷേധവും സൂചിപ്പിക്കുന്നത് അമേരിക്കയുടെ നീതിന്യായ വ്യവസ്ഥിതിയുടെ നിഷ്പക്ഷതയില്‍ കറുത്തവംശജര്‍ക്കുള്ള അവിശ്വാസമാണ്. കുറ്റകൃത്യത്തിന്റെ കാഠിന്യവും, അത് വലിയൊരു ജനവിഭാഗത്തിന്റെ സുരക്ഷതാ സങ്കല്പങ്ങള്‍ക്കും, സ്വാഭിമാനത്തിനും ഉണ്ടാക്കിയ മുറിവും, കോടതിയില്‍ സമര്‍പ്പിയ്ക്കപ്പെട്ട തെളിവുകളും പരിഗണിയ്ക്കാതെ, മുന്‍വിധിയോടും, വംശീയ പരിഗണയോടുകൂടിയുമാണ് ഇത്തരം ഒരു വിധിന്യായത്തില്‍ ജൂറി അംഗങ്ങള്‍ എത്തിചേര്‍ന്നതെന്ന ധാരണ പൊതുസമൂഹത്തില്‍ പ്രബലമാണ്.

കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്. 2012 ഫെബ്രുവരി 26ന് തന്റെ പിതാവിനൊപ്പം ഫ്‌ളോറിഡയിലെ സാന്‍ഫോര്‍ഡിലുള്ള പിതാവിന്റെ ഗേള്‍ഫ്രണ്ടിന്റെ ഭവനം സന്ദര്‍ശിച്ച 17 വയസ്സുക്കാരനായ ട്രെയ് വോണ്‍ മാര്‍ട്ടിന്‍ സായാഹ്നം 7മണിയ്ക്ക് സമീപത്തുള്ള കടയില്‍ നിന്ന് മിഠായി വാങ്ങി മടങ്ങുകയായിരുന്നു. നേരിയ തണുപ്പ് ഉണ്ടായിരുന്നതിനാലാകാം തലമറയ്ക്കുന്നൊരു ഹൂഡ്ഡോടുകൂടിയ സ്വെറ്റര്‍ ട്രെയ് വോണ്‍ ധരിച്ചിരുന്നു. കടയില്‍ നിന്ന് മടങ്ങി വരുന്ന ട്രെയിവോണിനെ ഹൗസിംഗ് കോംപ്ലക്‌സിന്റെ സുരക്ഷാചുമതല പ്രതിഫലം വാങ്ങാതെ സ്വമേധയാ നിര്‍വഹിച്ചിരുന്ന ഹിസ്പാനിക്ക് വംശജനായ ജോര്‍ജ്ജ് സിമ്മര്‍മാന്‍ കാണാനിടയായി. കറുത്ത വംശജരോടുള്ള അനിഷ്ടവും മുന്‍വിധിയുമാകാം ട്രെയ് വോണ്‍ മാര്‍ട്ടിനെ ഒരു മോഷ്ടാവും അപകടകാരിയുമായി തെറ്റിദ്ധരിയ്ക്കുവാന്‍ ജോര്‍ജ്ജ് സിമ്മര്‍മാനെ പ്രേരിപ്പിച്ചത്. തന്റെ സംശയം പോലീസ് അധികൃതരെ അറിയിച്ച സിമ്മര്‍മാന് പോലീസ് സ്‌ക്വാഡ് ഉടന്‍ എത്തുമെന്നും, ട്രെയ് വോണിനെ പിന്‍തുടരരുതെന്നും നിര്‍ദ്ദേശം ലഭിച്ചു. ഈ നിര്‍ദ്ദേശം അവഗണിച്ച് തന്റെ കൈവശമുള്ള തോക്കുമായി ട്രെയ് വോണിനെ സമീപിച്ച സിമ്മര്‍മാന്റെ അവിവേകം നിരായുദ്ധാരിയായ ട്രെയ് വോണിന്റെ ദാരുണ മരണത്തിന് കാരണമായി. ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും പിടിവലിയും കൊണ്ടെത്തിച്ചത് സ്വയരക്ഷയെന്ന വ്യാജേന ട്രെയ് വോണിന്റെ നെഞ്ചിന് നേരെ നിറയൊഴിച്ച സിമ്മര്‍മാന്റെ കാടാത്ത നടപടിയിലാണ്. തല്‍ക്ഷണം പോലീസ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അതിനോടശം ട്രെയ് വോണിന്റെ മരണം സംഭവിച്ചിരുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ച് ട്രെയ് വോണിനെ പിന്‍തുടരുകയും കൊലപ്പെടുത്തുകയും ചെയ്ത സിമ്മര്‍മാന്‍ അഃിന് നല്‍കിയ ന്യായം തന്റെ ജീവന്‍ അപകടത്തിലായതിനാലാണ് വെടിവെയ്ക്കുവാന്‍ നിര്‍ബന്ധിതനായതെന്നാണ്. തന്റെ തലയ്ക്കും മൂക്കിനുമുണ്ടായ മുറിവുകള്‍ ഈ അവകാശവാദത്തിനുള്ള തെളിവായും സിമ്മര്‍മാന്‍ സമര്‍പ്പിച്ചു. കറുത്ത വംശജരായ യുവാക്കള്‍ അപകടകാരികളാണെന്ന പോലീസ് ഉദ്യോഗഗസ്ഥരുടെ മുന്‍വിധിയോടുകൂടിയ സമീപനവും, വെളുത്ത നിറമുള്ള ഹിസ്പാനിക്ക് വംശജനായ സിമ്മര്‍മാനോടുള്ള പ്രത്യേക മമതയുമാകാം അയാളുടെ അവകാശവാദങ്ങള്‍ അപ്പാടെ അംഗീകരിച്ച് കുറ്റവിമുക്തനാക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. ഫ്‌ളോറിഡയില്‍ നിലവിലുള്ള സ്റ്റാന്‍ഡ് യുവര്‍ ഗ്രൗണ്ട് ലോ  തങ്ങളുടെ വാസസ്ഥലത്ത് സ്വജീവന്‍ അപകടത്തിലാണെന്ന് ബോധ്യപ്പെട്ടാല്‍ അപകടകാരിയ്‌ക്കെതിരെ വെടിവെയ്ക്കുവാന്‍ പൗരന് നല്‍കുന്ന അധികാരമാണ് സിമ്മര്‍മാനെ സംരംക്ഷിയ്ക്കുവാന്‍ പോലീസ് കണ്ടെത്തിയ നിയമവശം.

നിരപരാധിയും, നിരായുദ്ധധാരിയുമായ ഒരു യുവാവ് തന്റെ പൗരാവകാശത്തിന്റെ ഭാഗമായ സഞ്ചാരസ്വാതന്ത്ര്യം ഉപയോഗിച്ചപ്പോള്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിയ്ക്കുകയും, അകാരണമായി വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത ജോര്‍ജ്ജ് സിമ്മര്‍മാന്റെ നടപടിയ്‌ക്കെതിരെ ഉയര്‍ന്ന അമേരിക്കയിലെ കറുത്തവംശജരുടെയും പൗരാവകാശസംഘടനകളുടെയും വ്യാപകമായ പ്രതിക്ഷേധവും, മില്യണിലധികം വ്യക്തികള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനങ്ങളുമാണഅ സിമ്മര്‍മാനെതിരെ കുറ്റം ചുമത്തുവാനും, വിചാര നടപടികള്‍ക്കും പോലീസിനേയും, പ്രോസിക്യൂട്ടേഴ്‌സിനേയും നിര്‍ബന്ധിതരാക്കിയത്.

പ്രത്യക്ഷമായി അനുഭവപ്പെട്ടില്ലെങ്കിലും ഒരു വംശീയ പരിവേഷത്തിന്റെ അടിയൊഴുക്കുകള്‍ ഈ കേസിന്റെ ആരംഭം മുതല്‍ പ്രകടമായിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി സിമ്മര്‍മാനെതിരെ കുറ്റം ചുമത്തി വിചാരണ നടത്തിയ പോലീസിന്റെയും പ്രോസിക്യൂട്ടേഴ്‌സിന്റെയും ആത്മാര്‍ത്ഥതയില്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. കരുതിക്കൂട്ടി മനപൂര്‍വ്വം നടത്തിയ കൊലപാതകത്തിന് പകരം താരതമേന്യ ഗൗരവവും, ശിക്ഷയും കുറവുള്ള മനപൂര്‍ വ്വമല്ലാത്ത സ്വയരക്ഷയും, അശ്രദ്ധ മൂലമുണ്ടാകുന്ന സെക്കന്‍ഡ് ഡിഗ്രി മര്‍ഡര്‍, മാന്‍സ്‌കോട്ടര്‍ എന്നീ കുറ്റങ്ങളാണ് സിമ്മര്‍മാനെതിരെ പോലീസ് ചുമത്തിയത്. പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയ തെളിവുകളും, വാദവും നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരു വ്യക്തിയും സിമ്മര്‍മാന്‍ കുറ്റക്കാരനാണെന്ന് വിശ്വസിയ്ക്കാന്‍ പര്യാപ്തമായിരുന്നു. എന്നാല്‍ കേസ്സ് പരിഗണിച്ച ആറംഗ ജൂറിയുടെ കണ്ടെത്തലും തീരുമാനവും സിമ്മര്‍മാനെ കുറ്റവിമുക്തനാക്കുന്നതായിരുന്നു. സ്വയരക്ഷയ്ക്കായി ട്രെയ് വോണ്‍ മാര്‍ട്ടിനെ കൊലപ്പെടുത്തുവാന്‍ സിമ്മര്‍മാന്‍ നിര്‍ബന്ധിതനായതാണെന്ന പ്രതിഭാഗം വാദഗതിയാണ് ജൂറിയെ സ്വാധീനിച്ചത്. സംശയാതീതമായി കുറ്റം തെളിയ്ക്കപ്പെട്ടാല്‍ മാത്രമേ കുറ്റവാളിയായി പ്രഖ്യാപിയ്ക്കുവാന്‍ കഴിയൂ എന്ന വ്യവസ്ഥ ജൂറിയ്ക്ക് അവരുടെ തീരുമാനത്തെ ന്യായീകരിയ്ക്കുവാനുള്ള പഴുതുമായി.

വിവാദമായ ഈ കേസിലെ ജൂറിവിധിയോട് വിയോജിയ്ക്കുവാന്‍ അടിസ്ഥാനങ്ങള്‍ ഏറെയുണ്ട്, ദൃക്ക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന ഈ കൊലപാതകത്തില്‍ ഇരയുടെ ഭാഗം പറയുവാന്‍ ആ വ്യക്തി ജീവിച്ചിരിപ്പില്ല. യഥാര്‍ത്ഥ വസ്തുത കോടതിയില്‍ വിശദീകരിയ്ക്കുവാന്‍ പ്രതി സന്നദ്ധനുമായില്ല. കുറ്റാരോപിതനായ വ്യക്തിയ്ക്ക് തനിയ്‌ക്കെതിരെ മൊഴി നല്‍കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഭരണഘടനയുടെ അഞ്ചാം ഭേദഗതി പ്രയോജനപ്പെടുത്തി പ്രതിയായ സിമ്മര്‍മാന്‍ കോടതിയില്‍ നിശബ്ദത പാലിച്ചു. സിമ്മര്‍മാന്റെ ഈ നിശബ്ദതയ്ക്ക് പിന്നില്‍ കോടതിയുടേയും, ജൂറിയുടേയും ശ്രദ്ധയില്‍ നിന്ന് എന്തോ ഒളിപ്പിയ്ക്കുവാന്‍ അദ്ദേഹത്തിനുണ്ടെന്നുള്ള സന്ദേശമാണഅ പൊതു സമൂഹത്തിന് ലഭിയ്ക്കുന്നത്.

ഫ്‌ളോറിഡായിലെ സ്റ്റാന്‍ഡ് യുവര്‍ ഗ്രൗണ്ട് നിയമത്തിന്റെ ആനുകൂല്യം പ്രതിയ്ക്ക് അനുവദിച്ചതിനോടും വിയോജിയ്ക്കുവാന്‍ ന്യായങ്ങള്‍ ഏറെ. യാതൊരുവിധ പ്രകോപനവും കൂടാതെ തന്റെ വാസസ്ഥലത്തേയ്ക്കും നടന്നു പോയ ട്രെയ് വോണിനെ സംശയത്തോടുകൂടി വീക്ഷിച്ചതും പിന്തുടര്‍ന്നതും സിമ്മര്‍മാന് കറുത്തവംശജരോടുള്ള വിദ്വേഷ മനോഭാവത്താലാണ്. സുരക്ഷിതമായി താനിരുന്ന കാറില്‍ നിന്ന് ഒരു സംഘര്‍ഷാവസ്ഥയിലേയ്ക്കും പോലീസിന്റെ നിര്‍ദ്ദേശവും അവഗണിച്ച് അയാള്‍ എത്തിചേര്‍ന്നത് സ്വന്തം അഹങ്കാരം ഒന്നുകൊണ്ട് മാത്രമാകാം. ആയുധധാരിയായ സിമ്മര്‍മാന്റെ ജീവന് നിരായുധധാരിയായ ട്രെയ്വോണ്‍ ഭീഷണി ഉയര്‍ത്തിയെന്ന ആരോപണം വിശ്വസനീയമായി കരുതുവാന്‍ കഴിയില്ല. തന്റെ ജീവന് ഭീഷണി ഉയര്‍ത്തുവാന്‍ ട്രെയ് വോണ്‍ ഉപയോഗിച്ച ആയുധമോ വസ്തുവോ ചൂണ്ടികാണിയ്ക്കുവാന്‍ സിമ്മര്‍മാന് കഴിഞ്ഞില്ല. ബലപ്രയോഗത്തിനിടയില്‍ തന്നെ കീഴ്‌പ്പെടുത്തി തന്റെ തല സിമന്റ് നടപ്പാതയില്‍ ഇടിച്ച് പരിക്കേല്പിച്ചുവെന്നാണ് സിമ്മര്‍മാന്‍ ആരോപിയ്ക്കുന്നത്. ശാരീരികബലത്തില്‍ മുന്നിലുള്ള സിമ്മര്‍മാനെ, പതിനേഴുകാരനും, മെലിഞ്ഞ ശരീരപ്രകൃതമെന്നും തോന്നിയ്ക്കുന്ന ട്രെയ് വോണ്‍ കീഴ്‌പ്പെടുത്തി ആക്രമിച്ചെന്ന ആരോപണം പൂര്‍ണ്ണമായും വിശ്വസിയ്ക്കാന്‍ കഴിയില്ല. പോലീസ് ഉടന്‍ എത്തുമെന്ന് അറിഞ്ഞിട്ടും ട്രെയ് വോണിന്റെ നെഞ്ചിന് നേരെ തന്നെ വെടിവെച്ചത് വധിയ്ക്കണമെന്ന ലക്ഷ്യത്തോടുകൂടിയുമാകാം.

സംശയാതീതമായി തെളിയ്ക്കപ്പെട്ടില്ലന്നതിന്റെ ആനുകൂല്യം സിമ്മര്‍മാന് നല്‍കിയ ജൂറിയുടെ നിഗമനത്തോടും വിയോജിയ്ക്കാം. ട്രെയ് വോണ്‍ മാര്‍ട്ടിന് എന്ന യുവാവ് കൊല്ലപ്പെട്ടുവെന്നതിലും അത് സംഭവിച്ചത് ജോര്‍ജ്ജ് സിമ്മര്‍മാന്‍രെ വെടിയേറ്റാണെന്നതും യാഥാര്‍ത്ഥ്യമാണ്. സ്വജീവന്‍ സംരക്ഷിയ്ക്കുവാനായിരുന്നു വെടിവെച്ചതെന്ന് തെളിയ്ക്കുവാനുള്ള ഉത്തരവാദിത്തം സിമ്മര്‍മാന് മാത്രമാണ് അതിന്റെ സത്യാവസ്ഥ കോടതിയില്‍ നല്‍കുവാന്‍ വിസ്സമ്മതിച്ചതു വഴി സ്വയരക്ഷയ്ക്കായി എന്ന സിമ്മര്‍മാന്റെ അവകാശവാദം എക്കാലവും സംശയകരമായി നിലനില്‍ക്കും.

ജോര്‍ജ്ജ് സിമ്മര്‍മാനെ കുറ്റവിമുക്തനാക്കിയ നടപടിയ്‌ക്കെതിരെ കറുത്തവംശജരില്‍ നിലനില്‍ക്കുന്ന അമര്‍ഷത്തിന്റെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തില്‍  അയാള്‍ക്കെതിരെ പൗരാവകാശലംഘനത്തിന് കേസ്സെടുക്കുവാന്‍ ഒബാമാ ഭരണകൂടം നിര്‍ബന്ധിതമാകും. ക്രിമിനല്‍ കുറ്റത്തിന് ഏതേലും കോടതി കുറ്റവിമുക്തനാക്കപ്പെടുന്ന വ്യക്തിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുവാനോ, പുനര്‍വിചാരണ നടത്തുവാനോ അമേരിക്കന്‍ നിയമവ്യവസ്ഥ അനുവദിയ്ക്കുന്നില്ല. പ്രമാദമായ റോഡ്‌നി കിംഗ് മര്‍ദ്ദന കേസ്സില്‍ നാല് വെളുത്തവംശജരായ പോലീസ് ഉദ്യോഗസ്ഥരെ നിരപരാധിയായി പ്രഖ്യാപിച്ച ജൂറി വിധിയ്‌ക്കെതിരെ പൊട്ടിപുറപ്പെട്ട വ്യാപകപ്രതിഷേധത്തിനും കലാപത്തിനും ഇരയായി അന്‍പതിലധികം വ്യക്തികള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികളെ അനുനയിപ്പിയ്ക്കാന്‍ അന്നത്തെ ക്ലിന്റണ്‍ ഭരണകൂടം കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൗരവകാശലംഘനത്തിന് നിയമ നടപടി സ്വീകരിച്ചു. ഈ വിചാരണയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളിയെന്ന് കണ്ടെത്തി ജയില്‍ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തുവാന്‍ ക്രിമിനല്‍കേസ്സിലെ അത്ര കടുത്ത വ്യവസ്ഥകളില്ലാത്ത പൗരവകാശലംഘന നടപടിയില്‍ മരണം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നല്‍കാവുന്ന കൂടിയ ശിക്ഷ  10 വര്‍ഷം തടവാണ്.

കുറ്റാരോപിതനായൊരു വ്യക്തിയ്ക്ക് തനിക്ക് സമാനമായ സാധാരണ പൗരരില്‍ കേസ്സ് പരിഗണനയ്ക്കും വിധിയ്ക്കുകയും ഏല്‍പ്പിക്കുവാന്‍ അവകാശം നല്‍കുന്ന ജൂറി സിസ്റ്റം നിരപരാധികള്‍ ശിക്ഷിയ്ക്കപ്പെടരുതെന്നൊരു മഹത്തായ ലക്ഷ്യത്തോടു കൂടി സ്ഥാപിയ്ക്കപ്പെട്ടതാണ്. ഭൂരിപക്ഷം കേസ്സുകളിലും ബാഹ്യ സ്വാധീനമോ ഇതര പരിഗണനകളോ കൂടാതെ തീരുമാനത്തിലെത്തുവാന്‍ ജൂറികള്‍ക്ക് കഴിയുന്നുണ്ട്. നിയമത്തിന്റെ തലനാരിഴ ചികഞ്ഞ് വ്യാഖ്യാനം നടത്തുന്ന ഒരു ന്യായാധിപന്റെ സമീപനം സാധാരണ വ്യക്തികളായ ജൂറികളില്‍ നിന്ന് സമൂഹം പ്രതീക്ഷിയ്ക്കുന്നില്ല, എങ്കിലും കോടതിയില്‍ ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ സ്വീകരിയ്ക്കുന്ന നടപടി സ്വാതന്ത്ര്യവും നിഷ്പക്ഷവുമാണെന്ന ധാരണ പൊതുസമൂഹത്തിനുണ്ടാകണമെന്ന ബോധ്യം ജൂറികള്‍ക്കുണ്ടാകണം. ഈ ദേശത്ത് നീതിനടപ്പിലാക്കുവാനും, നിയമവ്യവസ്ഥ ശക്തിപ്പെടുവാനും, അക്രമവും അഴിമതിയും നിരുത്സാഹപ്പെടുത്തുവാനും, സൈ്വര്യ ജീവിതം ഉറപ്പാക്കുവാനും നിഷ്പക്ഷരായ ജൂറികള്‍ക്ക് മാത്രമേ കഴിയൂ. എമിത്ത് ടില്‍ കേസ്സിലും, റോഡ് നികിംഗ് കേസ്സിലും നീതി നിഷേധിയ്ക്കപ്പെട്ടുവെന്ന് വിലപിച്ച കറുത്ത വംശജര്‍. കുറ്റക്കാരാണെന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും വംശീയപരിഗണനയാല്‍ ഒ.ജെ. സിംപ്‌സനെ നിരപരാധിയായി പ്രഖ്യാപിച്ച ജൂറിവിധി വലിയൊരാഘോഷമായി മാറ്റുകയായിരുന്നു. യഥാസ്ഥിതികര്‍-ലിബറലുകള്‍, ഭൂരിപക്ഷം,- ന്യൂനപക്ഷം, വെളുത്ത വംശജര്‍-കറുത്ത വംശജര്‍, സ്വദേശികള്‍- കുടിയേറ്റക്കാര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിനു വേണ്ട അധികാരപരിധി, നികുതി വര്‍ദ്ധനവ്, സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭച്ഛിദ്രം, തോക്കുകളുടെ മേല്‍ നിയന്ത്രണം, കുടിയേറ്റ നിയമ പരിഷ്‌ക്കരണം എന്നീ സമൂഹത്തെ സ്പര്‍ശിയ്ക്കുന്ന എല്ലാ മേഖലകളിലും വ്യക്തമായൊരു നിലനില്‍ക്കുന്ന അമേരിക്കയില്‍ നിഷ്പക്ഷമായൊരു ജൂറി സിസ്റ്റം ഉറപ്പാക്കേണ്ടത് നിയമവ്യവസ്ഥയുടെ നിലനില്പിന് തന്നെ ആവശ്യമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക