Image

ജര്‍മനിയിലെ ഐക്യദിനാഘോഷത്തില്‍ ശുഭാപ്‌തിവിശ്വാസം അലയടിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 04 October, 2011
ജര്‍മനിയിലെ ഐക്യദിനാഘോഷത്തില്‍ ശുഭാപ്‌തിവിശ്വാസം അലയടിച്ചു
ബര്‍ലിന്‍: ജര്‍മനി തിങ്കളാഴ്‌ച 21ാം യൂണിറ്റി ഡേ ആഘോഷിച്ചു. രാജ്യം ശക്തമായും ഐക്യത്തോടെയും നിലകൊള്ളാന്‍ ഇനിയുമേറെ ചെയ്യാനുണ്‌ടെന്ന്‌ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തദവസരത്തില്‍ ഓര്‍മിപ്പിച്ചു.

യൂറോപ്പിന്റെ നിര്‍ണായക ഭാഗമായും ജര്‍മനി തുടരേണ്‌ടതുണ്‌ട്‌. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്‌ടിയും മെര്‍ക്കലിന്റെ ആഹ്വാനമുണ്‌ടായി. രാജ്യത്തിന്റെ കിഴക്ക്‌, പടിഞ്ഞാറ്‌ ഭാഗങ്ങള്‍ തമ്മില്‍ ഇപ്പോഴും സമ്പത്തിക വ്യത്യാസങ്ങള്‍ വ്യക്തമാണ്‌. ഇതു പരിഹരിക്കുന്നതിനു പ്രാധാന്യം നല്‍കണം.

നമ്മള്‍ ഒരുപാടു ദൂരം സഞ്ചരിച്ചു. പക്ഷേ, ഇനിയും ലക്ഷ്യം പൂര്‍ത്തിയായിട്ടില്ല- ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളും രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്ത പ്രകടനങ്ങളില്‍ ശുഭാപ്‌തിവിശ്വാസമാണ്‌ നിറഞ്ഞു നിന്നത്‌. സമൂഹത്തില്‍ കൂടുതല്‍ ഇടപെടാന്‍ എല്ലാവരും ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തു.

1990 ഒക്‌ടോബര്‍ 3 നാണ്‌ ലാണ്‌ പശ്ചിമ ജര്‍മനിയും പൂര്‍വ ജര്‍മനിയും പുനരേകീകരിക്കുന്നത്‌. ഏകാധിപത്യത്തിനു മേല്‍ ജനാധിപത്യം നേടിയ വിജയമായിരുന്നു അതെന്നും ആഘോഷവേളയില്‍ പ്രസംഗിച്ച ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പതിവിന്‌ വിപരീതമായി ജര്‍മനിയിടെ മുന്‍ തലസ്ഥാനമായ ബോണിലാണ്‌ ഇത്തവണ പുനരേകീകരണ ആഘോഷങ്ങള്‍ നടന്നത്‌. ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, പ്രസിഡന്റ്‌ ക്രിസ്റ്റ്യാന്‍ വുള്‍ഫ്‌, പാര്‍ലമെന്റ്‌ സ്‌പീക്കര്‍ ലാമെര്‍ട്ട്‌, മുന്‍ വിദേശകാര്യമന്ത്രി ഗെന്‍ഷര്‍, വെസ്റ്റ്‌ഫാളിയ മുഖ്യമന്ത്രി ഹനലോറെ ക്രാഫ്‌റ്റ്‌ തുടങ്ങി വിശിഷ്‌ടവ്യക്തികള്‍ ഉള്‍പ്പെടെയുള്ള 1000 ഓളം രാഷ്ട്രീയ നേതാക്കള്‍ ആഘോഷചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആഘോഷങ്ങളില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു പൊതു അവധിയായതിനാല്‍ ആഘോഷങ്ങള്‍ പൊടിപൊടിച്ചു. വെസ്റ്റ്‌ ഫാളിയ സംസ്ഥാനത്തിന്റെ 65ാം വാര്‍ഷികം കൂടി ബോണില്‍ നടത്തിയ പുനരേകീകരണ സ്‌മരണയില്‍ തെളിഞ്ഞു.
ജര്‍മനിയിലെ ഐക്യദിനാഘോഷത്തില്‍ ശുഭാപ്‌തിവിശ്വാസം അലയടിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക