Image

വിദേശ ഡോക്‌ടര്‍മാര്‍ക്ക്‌ ബ്രിട്ടന്‍ ഇംഗ്‌ളീഷ്‌ ഭാഷാടെസ്റ്റ്‌ നിര്‍ബന്ധമാക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 04 October, 2011
വിദേശ ഡോക്‌ടര്‍മാര്‍ക്ക്‌ ബ്രിട്ടന്‍ ഇംഗ്‌ളീഷ്‌ ഭാഷാടെസ്റ്റ്‌ നിര്‍ബന്ധമാക്കുന്നു
ലണ്‌ടന്‍: ബ്രിട്ടനിലേയ്‌ക്കു കുടിയേറുന്ന വിദേശികളായ ഡോക്‌ടര്‍മാര്‍ ഇനിയും ഇംഗ്‌ളീഷ്‌ ഭാഷയിലുള്ള പ്രാവീണ്യംകൂടി തെളിയിച്ചിരിയ്‌ക്കണം. ഇംഗ്‌ളീഷ്‌ ഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിയ്‌ക്കാനുമുള്ള പരിജ്ഞാനം തെളിയിക്കുന്ന ടെസ്റ്റിന്‌ മേലില്‍ ഡോക്‌ടര്‍മാര്‍ വിധേയമാകണം: ഭാഷാടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ജോലിചെയ്യാനുള്ള അവകാശവും നഷ്‌ടപ്പെടുമെന്നാണ്‌ ബ്രിട്ടീഷ്‌ ഹെല്‍ത്ത്‌ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സിലി വ്യക്തമാക്കുന്നത്‌.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്‌ട്‌ 23033 ഡോക്‌ടേഴ്‌സാണ്‌ എന്‍എച്ച്‌എസില്‍ ജോലിചെയ്യാനായി ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിരിയ്‌ക്കുന്നത്‌. ഇവരില്‍ ആര്‍ക്കുംതന്നെ മതിയായ ഇംഗ്‌ളീഷ്‌ ഭാഷാ പരിജ്ഞാനമില്ലെന്നും ഹെല്‍ത്ത്‌ സെക്രട്ടറി വെളിപ്പെടുത്തി. ഭാഷാപരിജ്ഞാനമുള്ള ഡോക്‌ടര്‍ എന്‍എച്ച്‌എസിന്റെ വിശ്വാസ്യത തന്നെ വര്‍ദ്ധിപ്പിയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നടന്ന ഒരു സംഭവത്തിന്റെ വെളിച്ചത്തിലാണ്‌ ഈ നിയമം കൊണ്‌ടുവരുന്നത്‌. 1983 ല്‍ മാര്‍ക്ഷരറ്റ്‌ താച്ചര്‍ പ്രാബല്യത്തിലാക്കിയ മെഡിക്കല്‍ ലോയില്‍ ഭാഷാ ടെസ്റ്റ്‌ എന്ന ഭാഗം ഉണ്‌ടെങ്കിലും കാര്യമായ പരിഗണന നല്‍കിയിരുന്നില്ല.

നിലവില്‍ യൂറോപ്പിന്‌ പുറത്തുനിന്ന്‌ ജോലിക്കെത്തുന്ന ഡോക്ടര്‍മാരുടെ ഇംഗ്ലീഷ്‌ പരിജ്ഞാനം മാത്രമാണ്‌ ബ്രിട്ടനില്‍ നോക്കിയുന്നത്‌ ഇനിയിപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ ടെസ്റ്റ്‌ ബാധകമാവും. ഇംഗ്ലീഷ്‌ ഭാഷാ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ആശുപത്രികളിലോ ജിപി സര്‍ജറിയിലോ ജോലി ചെയ്യുവാന്‍ ഇവര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തും. ഡോക്ടര്‍മാരും രോഗികളും തമ്മില്‍ പക്വതവന്ന ആശയവിനിമയം സാധിച്ചെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്‌ പുതിയ ഈ പുറപ്പാട്‌. കഴിഞ്ഞ വര്‍ഷം കോമണ്‍സ്‌ ഹെല്‍ത്ത്‌ സെലക്ട്‌ കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഔട്ട്‌ ഓഫ്‌ അവേഴ്‌സില്‍ ഇംഗ്ലീഷ്‌ അറിയാത്ത ഡോക്ടര്‍മാര്‍ ജോലി നോക്കുന്നത്‌ പല രോഗികള്‍ക്ക്‌ ശരിയായ ചികിത്സ കിട്ടുന്നില്ലയെന്ന്‌ പരാമര്‍ശിച്ചിരുന്നു.

പുതിയ നിയമം നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിയ്‌ക്കുന്നത്‌ ഇങ്ങനെയാണ്‌. എന്‍എച്ച്‌എസ്‌ ട്രസ്റ്റിലോ മറ്റു പ്രൈവറ്റ്‌ മേഖലയിലോ ഏതാണെങ്കിലും ജോലിയില്‍ പ്രവേശിയ്‌ക്കുന്ന ഡോക്ടര്‍മാരുടെ ഭാഷാജ്ഞാനം പരിശോധിക്കാനായി ഒരു ഉത്തരവാദിത്വപ്പെട്ട ഓഫീസര്‍ ഉണ്‌ടായിരിക്കണം. ജോലിക്ക്‌ അപേക്ഷിക്കുമ്പോള്‍ തന്നെ ഇംഗ്ലീഷ്‌ ഭാഷാപരിജ്ഞാനം പരിശോധിക്കേണ്‌ടത്‌ ഈ ഓഫീസറുടെ കടമായായിരിക്കും. യുകെ നിലവാരത്തിലുള്ള പരിശീലനമാണ്‌ ഡോക്ടര്‍ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നതെന്ന്‌ ഈ ഓഫീസര്‍ ഉറപ്പുവരുത്തിയതിനു ശേഷമായിരിയ്‌ക്കും നിയമനത്തിന്റെ അന്തിമ തുരുമാനം.

നിലവില്‍ ഏതെങ്കിലും ഒരു ഡോക്ടറുടെ ഭാഷാജ്ഞാനം മോശമാണെന്നും അതു രോഗികള്‍ക്ക്‌ അധികം പ്രശ്‌നം സൃഷ്‌ടിക്കുമെന്നും എന്‍എച്ച്‌എസിനു തോന്നുകയാണെങ്കില്‍ ഇക്കാര്യം ജിഎംസിയെ അറിയിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്‌ട്‌.എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരുടെ ഭാഷാജ്ഞാനം പരിശോധിക്കരുതെന്ന്‌ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതുകൊണ്‌ട്‌ യൂണിയനിലെ അംഗരാജ്യങ്ങള്‍ ബ്രിട്ടന്റെ ഈ കാഴ്‌ച്ചപ്പാടിനെ സ്വീകരിയ്‌ക്കില്ല എന്നുറപ്പാണ്‌. എങ്കിലും ബ്രിട്ടന്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറാവില്ല എന്നും കരുതാം.
വിദേശ ഡോക്‌ടര്‍മാര്‍ക്ക്‌ ബ്രിട്ടന്‍ ഇംഗ്‌ളീഷ്‌ ഭാഷാടെസ്റ്റ്‌ നിര്‍ബന്ധമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക