Image

ബിജുവിന്റേയും സരിതയുടേയും വാചകക്കസര്‍ത്തില്‍ കുരുങ്ങിയത്‌ ഒന്നരക്കോടി

Published on 22 July, 2013
ബിജുവിന്റേയും സരിതയുടേയും വാചകക്കസര്‍ത്തില്‍ കുരുങ്ങിയത്‌ ഒന്നരക്കോടി
ന്യൂയോര്‍ക്ക്‌: `ഇത്രയും ബുദ്‌ധിയും അറിവുമൊക്കെ ഉണ്ടായിട്ടും കാശ്‌ കൊണ്ടുപോയി തട്ടിപ്പുകാര്‍ക്ക്‌ കൊടുത്തല്ലോ'; രത്‌നമ്മ രാജനോട്‌ മകന്‍ പറഞ്ഞു. `ഞങ്ങളുണ്ടാക്കിയ കാശാണ്‌ പോയത്‌, നിന്റെയൊന്നും കാശു വേണ്ട'; രത്‌നമ്മയുടെ മറുപടി.

ഒരുകോടി നാല്‍പ്പത്തിരണ്ടര ലക്ഷം രൂപ നഷ്‌ടമായിട്ടും അതോര്‍ത്ത്‌ കണ്ണീരൊഴുക്കാന്‍ രത്‌നമ്മ തയാറല്ല. താനും ഭര്‍ത്താവ്‌ ബാബുരാജനും മാത്രമല്ല ഏതൊരാളും ആര്‍.ബി നായരുടെയും ലക്‌ഷ്‌മി നായരുടെയും വാക്‌ചാതുരിയില്‍ വീണുപോകുമായിരുന്നുവെന്നും അവര്‍ പറയുന്നു. ഇരുവരും മറ്റാരുമല്ല; ബിജു രാധാകൃഷ്‌ണനും സരിതാ നായരും തന്നെ.

ന്യൂയോര്‍ക്കില്‍ കേരള സെന്ററില്‍ കൈരളി ടി.വിക്കു വേണ്ടി സംഘടിപ്പിച്ച ഷോയിലാണ്‌ അവര്‍ തട്ടിപ്പിന്റെ ദിനവൃത്താന്തം കൃത്യമായി പറഞ്ഞത്‌.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കുകയും തട്ടിപ്പിനിരയായവര്‍ക്ക്‌ തുക തിരിച്ചു നല്‍കുകയും ചെയ്യണമെന്ന്‌ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കേരളത്തില്‍ കുറെനാളായി സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ മറ്റൊരു മുഖമാണ്‌ ഇത്തരം തട്ടിപ്പുകളെന്നും പലരും വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഓഫിസും സര്‍ക്കാരിന്റെ ഫോണും ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ക്ക്‌ സഹായം നല്‍കിയത്‌ വിവാദമായതിനാല്‍ മുഖ്യ മന്ത്രി രാജിവയ്‌ക്കണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ അതിനെക്കാള്‍ മോശപ്പെട്ടവരായിരിക്കും ആ സ്‌ഥാനത്ത്‌ വരാനുളളതെന്നും അതിനാല്‍ തമ്മില്‍ ഭേദം ചാണ്ടി തന്നെയാണെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടി. നേതൃമാറ്റവും മറ്റും വന്നാല്‍ മാധ്യമശ്രദ്‌ധ അങ്ങോട്ടു പോവുകയും ഈ കേസ്‌ തേഞ്ഞുമാഞ്ഞു തീരുകയും ചെയ്യുമെന്നും പലരും ചൂണ്ടിക്കാട്ടി.

ഫോമ മുന്‍ പ്രസിഡന്റ്‌ബേബി ഊരാളില്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, തോമസ്‌ ടി. ഉമ്മന്‍ തുടങ്ങിയവരടക്കം ഏതാനും പേരാണ്‌ ചര്‍ച്ചക്കെത്തിയത്‌. ജോസ്‌ കാടാപുറം ആയിരുന്നു ആങ്കര്‍.

വൈദ്യുതിക്ഷാമം എന്നും പ്രശ്‌നമായ കേരളത്തില്‍ സോളാര്‍ ഊര്‍ജത്തിന്റെ സാധ്യതകള്‍ കണ്ട്‌ തങ്ങളും ഒരു കമ്പനി തുടങ്ങിയത്‌ ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ നേതാവ്‌ ജോണ്‍ പോള്‍ വിവരിച്ചു. ബ്രൂക്ക്‌ലിനിലുളള ബേബി തോട്ടുകടവിലാണ്‌ ചെയര്‍മാന്‍.

തിരുവനന്തപുരത്തും കൊച്ചിയിലും ഓഫിസുളള കമ്പനി ഏതാനും വീടുകള്‍ക്ക്‌ പാനല്‍ സ്‌ഥാപിച്ചു. ജര്‍മ്മനിയില്‍ നിന്നാണ്‌ പാനല്‍ ഇറക്കുമതി ചെയ്യുന്നത്‌ (ടീം സോളാറും അങ്ങനെ തന്നെയെന്ന്‌ രത്‌നമ്മ).

പക്ഷേ ടീം സോളാര്‍ വിവാദം കത്തിപ്പടര്‍ന്നതോടെ തങ്ങളുടെ ബിസിനസ്‌ ഫലത്തില്‍ നിശ്‌ചലമായതായി ജോണ്‍പോള്‍. ചെല്ലുന്നിടത്തൊക്കെ ടീം സോളാറില്‍ പെട്ടവരാണോ എന്നാണ്‌ ചോദ്യം. തങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫിസുമായോ രാഷ്‌ട്രീയക്കാരുമായോ ബന്‌ധമൊന്നുമില്ല. സത്യസന്‌ധവും മാന്യവുമായ രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കിലും പാപഭാരം തങ്ങള്‍ക്കും ഏല്‍ക്കേണ്ടി വരുന്നു.

തട്ടിപ്പിന്റെ ചരിത്രം രത്‌നമ്മ വിവരിച്ചു. ഇടയാറന്മുളയിലെ വീട്ടില്‍ വെളളം ചൂടാക്കാന്‍ ഏതാനുംവര്‍ഷം മുമ്പ്‌ സോളാര്‍ പാനല്‍ വച്ചു. അത്‌ നന്നായി പ്രവര്‍ത്തിക്കുന്നു. എങ്കില്‍ പിന്നെ കൂടുതല്‍ മുറികളില്‍ ഫാനും ലൈറ്റും എ.സിയുമൊക്കെ പ്രവര്‍ത്തിക്കാന്‍ പാകത്തിലുളള സോളാര്‍ പാനലുണ്ടോ എന്ന്‌ അന്വേഷിച്ചു. സോളാര്‍ പാനല്‍ വയ്‌ക്കുന്നവര്‍ക്ക്‌ സര്‍ക്കാരിന്റെ ആനുകൂല്യമുണ്ടെന്നും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ സര്‍ക്കാര്‍ അത്‌ വാങ്ങുമെന്നും അറിഞ്ഞു. അങ്ങനെ ഒരു കമ്പനിയുമായി മൂന്നുലക്ഷം രൂപക്ക്‌ കരാറായി. പക്ഷേ പണം കൊടുത്തില്ല.

അപ്പോഴേക്കും കുലീനയായ ലക്‌ഷ്‌മി നായര്‍ വന്ന്‌ ഇതിലും കുറഞ്ഞ തുകക്ക്‌ കൂടുതല്‍ ശേഷിയുളള പാനല്‍ വച്ചു നല്‍കാമെന്നും തനിക്കത്‌ വലിയ സഹായമാകുമെന്നും പറഞ്ഞ്‌ പ്രാരാബ്‌ദങ്ങളുടെ ഒരു വിവരണം തന്നെ നല്‍കുകയും ചെയ്‌തു.

സഹതാപം തോന്നി രത്‌നമ്മ തന്നെയാണ്‌ ഭര്‍ത്താവിനോട്‌ അവരുടെ കമ്പനിക്ക്‌ കരാര്‍ നല്‍കാന്‍ ഉപദേശിച്ചത്‌.

പിന്നെയാണ്‌ ആര്‍.ബി നായരുടെ വരവ്‌. കൈയില്‍ കിടക്കുന്നത്‌ രത്‌ന മോതിരം. കാശുളളയാളാണെന്ന്‌ വ്യക്‌തം. കല്ല്‌ രത്‌നമാണോ എന്ന്‌ തിരിച്ചറിയാനുളള കഴിവൊക്കെ തനിക്കുണ്ടെന്ന്‌ രത്‌നമ്മ. ഐ.പി.എസ്‌ ഓഫിസറായിരുന്നുവെന്നും ജോലി പോയതാണെന്നും ആര്‍.ബി നായര്‍ പറഞ്ഞു. മസൂറിയില്‍ ട്രെയിനിംഗ്‌ നടന്ന സ്‌ഥലത്തെ മരങ്ങളെപ്പറ്റി പോ ലും അയാള്‍ പറഞ്ഞു. അവിടെ ജോലി ചെയ്‌ത്‌ പരിചയമുളള രത്‌നമ്മക്ക്‌ കൂടുതല്‍ വിശ്വാസമായി.

ഇടക്ക്‌ ഫോണ്‍ വിളി വരും. തിരിച്ചു വിളിക്കാമെന്ന്‌ അയാള്‍ പറയും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നാണ്‌ പറയുക. എന്നിട്ട്‌ ഫോണ്‍ മേശപ്പുറത്ത്‌ വയ്‌ക്കും (കൈയില്‍ മൂന്നാല്‌ ഫോണുണ്ട്‌). ആ നമ്പര്‍ നോക്കി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു തന്നെയാണെന്ന്‌ തങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്‌തതായി രത്‌നമ്മ പറഞ്ഞു.

മുഖ്യമന്ത്രിയുമായുളള ബന്‌ധം കാട്ടുന്ന വേറെയും ചില സംഭവങ്ങളുണ്ടായി. അടുത്ത ബന്‌ധമായി കഴിഞ്ഞപ്പോഴാണ്‌ കമ്പനിയില്‍ ഒരു കോടി മുടക്കിയാല്‍ ഒരാള്‍ക്ക്‌ ജോലി നല്‍കാമെന്ന്‌ പറഞ്ഞത്‌. അമേരിക്കയിലായിരുന്ന രത്‌നമ്മയെ ഭര്‍ത്താവ്‌ അടിയന്തരമായി തിരിച്ചു വിളിപ്പിച്ചു. സ്‌ഥലം വിറ്റതും ട്രഷറിയില്‍ കിടന്നതും പിന്നെ ബാങ്കില്‍ നിന്നുളള തുകയുമടക്കം ഒരു കോടി 19 ലക്ഷം രൂപ കമ്പനിയില്‍ ഓഹരിക്കായി കൊടുത്തു. അതിന്‌ ലക്‌ഷ്‌മി നായര്‍ രസീത്‌ കൊണ്ടുവന്നു തന്നു. മുഖ്യമന്ത്രിയുടെ ഒപ്പുളള രേഖയും കിട്ടി. തുകയൊക്കെ ടീം സോളാറിന്റെ പേരില്‍ ചെക്കായിട്ടാണ്‌ കൊടുത്തത്‌.

പിന്നീട്‌ ആര്‍.ബി നായര്‍ വന്ന്‌ കുറച്ചു പണം വായ്‌പയായി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഓഫിസുമായി ബന്‌ധപ്പെട്ടവര്‍ക്ക്‌ കൊടുക്കാനാണെന്നാണ്‌ പറഞ്ഞത്‌. കാഷായി വേണം. സോളാര്‍ കഫേ എന്നൊരു കമ്പനി കൂടിയുണ്ട്‌. ജര്‍മ്മനിയില്‍ നിന്ന്‌ വൈദ്യുതി മീറ്റര്‍ ഇറക്കുമതി ചെയ്യുകയാണ്‌ ലക്ഷ്യം. അതു സംബന്‌ധിച്ചാണ്‌ ചിദംബര ത്തിന്റെ ഓഫിസുലുളളവര്‍ക്ക്‌ തുക നല്‍കുന്നതെന്നും പറഞ്ഞു.

ആറരലക്ഷം രൂപ ആദ്യം കൊടത്തു. പിന്നെ കടം വാങ്ങി 10 ലക്ഷവും ഏഴുലക്ഷവും കൊടുത്തു. 15 ദിവസത്തിനകം തിരിച്ചു തരാമെന്നാണ്‌ പറഞ്ഞത്‌.

പക്ഷേ പിന്നെ ആളെ കാണാതായപ്പോള്‍ തട്ടിപ്പില്‍ പെട്ടെന്ന്‌ മനസിലായി.

കേന്ദ്രമന്ത്രി വയലാര്‍ രവി സോളാര്‍ പ്രോജക്‌ടിനെതിരാണെന്നും അതിനാല്‍ അദ്ദേഹത്തോട്‌ ഇക്കാര്യമൊന്നും പറയരുതെന്നും നേരത്തെ തന്നെ അവര്‍ പറഞ്ഞിരുന്നു. തട്ടിപ്പാണെന്ന്‌ അറിഞ്ഞതോടെ രവിയെ വിളിച്ചു. രവിയുടെ സഹായത്തോടെ ഡി.ജി.പിയെ കണ്ട്‌ പരാതി കൊടുത്തു. പത്തനംതിട്ട കോടതിയില്‍ കേസും കൊടുത്തു.

നാലു പതിറ്റാണ്ട്‌ മുമ്പ്‌ അമേരിക്കയില്‍ വന്ന രത്‌നമ്മ വെസ്‌റ്റ്‌ചെസ്‌റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമ വനിതാ ഫോറം നേതാവുമാണ്‌. ഭര്‍ത്താവ്‌ ബാബുരാജന്‍ ആര്‍.എന്‍ ആയിരുന്നു. സാഹിത്യരംഗത്തും സജീവമായിരുന്നു.

കേരളത്തിലെ തട്ടിപ്പുകള്‍ക്ക്‌ ഒരവസാനമുണ്ടാകണമെന്നും പണം നഷ്‌ടപ്പെട്ടവരോട്‌ സഹതപിക്കുന്നതായും തോമസ്‌ ടി. ഉമ്മന്‍, ഇട്ടന്‍ ജോര്‍ജ്‌ പാടിയേടത്ത്‌ എന്നിവര്‍ പറഞ്ഞു. പണം നഷ്‌ടപ്പെട്ടവരോട്‌ തനിക്ക്‌ സഹതാപമൊന്നുമില്ലെന്നും പണമുളളതു കൊണ്ടാണല്ലോ അവര്‍ കൊടുത്തതെന്നും പീറ്റര്‍ നീണ്ടൂര്‍ പറഞ്ഞു. വലിയ കോഴകളുടെ കഥകളാണ്‌ ഇന്ത്യയില്‍ നിന്ന്‌ കേള്‍ക്കുന്നത്‌. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റ്‌ മുഖ്യമന്ത്രി രാജിവയ്‌ക്കണം.

സര്‍ക്കാര്‍ സംവിധാനം കൂടി തട്ടിപ്പിന്‌ ഉപയോഗിച്ച സാഹചര്യത്തില്‍ പണം തിരച്ചു നല്‍കാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്ന്‌ തോമസ്‌ കൂവളളൂര്‍ പറഞ്ഞു. മുഖ്യമന്ത്രി രാജി വയ്‌ക്കുകയാണ്‌ വേണ്ടത്‌. പണം തിരിച്ചു കൊടുക്കാന്‍ സംവിധാനം വേണമെന്ന്‌ രവീന്ദ്രന്‍ നാരായണനും ആവശ്യപ്പെട്ടു.

വളരെ ആലോചിച്ചു മാത്രം തീരമാനമെടുക്കുന്ന ആളാണ്‌ ബാബുരാജെന്ന്‌ ജോണ്‍ പോള്‍ പറഞ്ഞു. അദ്ദേഹത്തിന്‌ ഈ തട്ടിപ്പു പറ്റിയെങ്കില്‍ അതിനു പിന്നില്‍ കടുത്ത ഗൂഡാലോചന ഉണ്ടായതു കൊണ്ടാണ്‌.

മുഖ്യമന്ത്രി അഴിമതിയില്‍ പങ്കാളിയാണെന്ന്‌ കരുതുന്നില്ലെങ്കിലും ആരെയൊക്കെയോ സംരക്ഷിക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നതെന്ന്‌ ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌. ഗവണ്‍മെന്റ്‌ ഓഫിസും സ്വത്തുമാണ്‌ ഇവിടെ തട്ടിപ്പിന്‌ ഉപയോഗിച്ചത്‌. അതിനാല്‍ ജൂഡിഷ്യല്‍ അന്വേഷണം നടത്തുകയാണ്‌ വേണ്ടത്‌.

കേരളത്തില്‍ നിക്ഷേപിക്കൂ എന്ന്‌ നിരന്തരം പറയുന്ന സര്‍ക്കാര്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക്‌ സുരക്ഷിതത്വം കൂടി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ചിന്നമ്മ സ്‌റ്റീഫന്‍ പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന്‌ ആലീസ്‌ തമ്പി പറഞ്ഞു.

അടുത്തകാലത്തായി കേരളത്തില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ഇതിലൊന്നും അത്‌ഭുതം തോന്നുന്നില്ലെന്ന്‌ ഡോ.എന്‍.പി ഷീല ചൂണ്ടിക്കാട്ടി. നീതിബോധമോ മൂല്യങ്ങളിലുളള വിശ്വാസമോ ഇല്ലാത്ത ഒരു ജനതയായി കേരളീയര്‍ മാറിക്കൊണ്ടിരിക്കുന്നു. കാറിലൊരു പെണ്ണിനെ കണ്ടുവെന്ന്‌ പറഞ്ഞ്‌ പിറ്റേന്ന്‌ മന്ത്രി രാജിവച്ച നാടാണിത്‌ (അറുപതുകളില്‍ മന്ത്രി
ചാത്തന്റെ കാറില്‍ ഒരു പെണ്ണിനെ കണ്ടു എന്നതായിരുന്നു കാരണം). എന്തായാലും ഈ സംഭവം എല്ലാവര്‍ക്കും ഒരു പാഠമാകണം.

മുഖ്യമന്ത്രി രാജിവച്ചാല്‍ കേസ്‌ തേഞ്ഞുമാഞ്ഞ്‌ പോകുകയേ ഉളളൂവെന്ന്‌ ബാബു പാറക്കല്‍ പറഞ്ഞു. കേസ്‌ ശക്‌തമായി തുടരുകയും പണം തിരിച്ചു കൊടുക്കാന്‍ സംവിധാനമൊരുക്കുകയുമാണ്‌ വേണ്ടത്‌.

ഫോമയുടെ ഒരു നേതാവിന്‌ ഇത്തരമൊരു ദുര്യോഗം ഉണ്ടായതില്‍ ദുഖമുണ്ടെന്ന്‌ മുന്‍ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. കൊടുത്ത പണമൊക്കെ എവിടെ പോയി? അതു കണ്ടെത്തണം. മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്‌ധമാണെന്നതില്‍ സംശയമില്ല. അതിനാല്‍ രാജിവക്കേണ്ട കാര്യവുമില്ല.

ഫോമ നേതാവ്‌ ഡോ. ജേക്കബ്‌ തോമസ്‌, രാജു തോമസ്‌, പി.ടി പൗലോസ്‌, ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവരും സംസാരിച്ചു.
ബിജുവിന്റേയും സരിതയുടേയും വാചകക്കസര്‍ത്തില്‍ കുരുങ്ങിയത്‌ ഒന്നരക്കോടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക