Image

ചാണക്യപുരി (തോമസ്‌ കെ എബ്രഹാം)

Published on 22 July, 2013
ചാണക്യപുരി (തോമസ്‌ കെ എബ്രഹാം)
എറണാകുളം സൗത്ത്‌ റെയില്‍വേസ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറിനരികെ ചുറ്റിത്തിരിയുന്ന വെള്ളഷര്‍ട്ടുകാരന്‌ എഴുപത്‌കളില്‍ റേറ്റ്‌ ഇരുപത്‌ രൂപയാണ്‌. അതുവഴി കടന്നുപോകുന്ന ഏതു വണ്ടിയ്‌ക്കും ബര്‍ത്ത്‌ ശരിയാക്കിത്തരും. ക്യൂവിലൊന്നും നില്‍ക്കാതെ നിസാമുദ്ദീനിലേക്കുള്ള ഓര്‍ഡിനറി ടിക്കറ്റ്‌ കയ്യില്‍ തരും, ഏത്‌ സ്‌ളീപ്പര്‍ കോച്ചില്‍ കയറണമെന്നുള്ള നിര്‍ദ്ദേശം സഹിതം.

ട്രെയിന്‍ നിര്‍ത്തിയാലുടന്‍ ടി.ടി.യെ പൊതിയുന്ന യാത്രക്കാര്‍ക്കിടയില്‍ പതുങ്ങിനിന്നാല്‍ മതി. ടി.ടി നിങ്ങളെ കണ്ടു പിടിച്ചു കൊള്ളും. നൂറു രൂപയും, ടിക്കറ്റും കൂടി അയാളുടെകയ്യില്‍ കൊടുത്താല്‍ മുപ്പത്‌ രൂപയുടെ രസീതും, ടിക്കറ്റും, നാല്‍പ്പതുരൂപയും മടക്കിത്തരും. റെയില്‍വേബോര്‍ഡ്‌ തല്‍ക്കാലിനെപ്പറ്റി ആലോചിക്കാന്‍ പിന്നെയും എത്രയോപതിറ്റാണ്ടുകളെടുത്തു.

അന്‍പതു രൂപ മുടക്കാന്‍ മനസു വരുന്നില്ലെങ്കില്‍ ഒറ്റക്കാലിലും, കാല്‍ സീറ്റിലുംയാത്രയാകാം. ശുഭയാത്രക്കായി ചുവരിലെല്ലാം റെയില്‍വേ എന്തെങ്കിലും കുറിച്ച്‌ വച്ചിട്ടുണ്ടാകും.

`ലെസ്‌ ലഗേജ്‌ മോര്‍ കംഫര്‍ട്ട്‌' (പരിഭാഷ: ചിന്നസാമാന്‍ പെരിയസുഖം)വിദ്ധ്യാ പര്‍വ്വതത്തിനപ്പുറം ടിക്കറ്റോ റിസര്‍വേഷനോ വേണ്ട.പക്ഷെ തെക്ക്‌ നിര്‍ബന്ധംഅപരിചിതര്‍ ആഹാരം തന്ന്‌ മയക്കും
കാശ്‌ കളവ്‌പോകും. മയങ്ങിയാലുടന്‍ ഈ നമ്പറില്‍ വിളിക്കുക'ഡല്‍ഹി വരെ ബോറടിക്കില്ല.
കൂടുതല്‍ വിശേഷങ്ങളുമായി ഞങ്ങളുടെബാത്ത്‌റൂം ചുവരുകള്‍ കാത്തുനില്‍ക്കുന്നു.

സേലം, കാട്‌പാടി, റെനിഗുണ്ട, ഭോപ്പാല്‍, ജാന്‍സി, ആഗ്രാ സ്റ്റേഷനുകളില്‍ വാട്ടര്‍കൂളറുണ്ട്‌. മിക്കതും പ്രവര്‍ത്തിക്കുന്നവ. രണ്ടുകുപ്പിയില്‍ വെള്ളം ശേഖരിച്ചുവെച്ചാല്‍ഡല്‍ഹിയിലോ, ചണ്ടിഗഡിലോ, ലുധിയാനയിലോ നേഴ്‌സിംഗ്‌ പഠിക്കുന്ന സുമ്പരിക്കുട്ടികളുമായിപരിചയപ്പെടാം. വീട്ടില്‍ നിന്നും ആ പാവം കുട്ടികള്‍ക്ക്‌ കൊടുത്തു വിട്ടിരിക്കുന്നഉപ്പേരി, അച്ചപ്പം,അച്ചാര്‍, അവിലോസുണ്ടയും ശാപ്പിട്ട്‌ ബര്‍ത്തില്‍ കയറി കിടക്കാം.അപൂര്‍വ്വം സമ്പര്‍ഭങ്ങളില്‍ അവധി കഴിഞ്ഞ്‌ മടങ്ങിപ്പോകുന്ന പട്ടാളക്കുട്ടപ്പന്മാര്‍ തണുത്തവെള്ളം ചോദിക്കും. കൊടുക്കേണ്ട താമസം,തങ്കക്കുടങ്ങള്‍ റാഞ്ചിക്കൊണ്ടുപോകും.

പിന്നെ പാട്ടായി,സാഹിത്യ ചര്‍ച്ചകളായിമേമ്പൊടിക്ക്‌ മത്സ്യമാംസാദികളായി അര്‍ദ്ധരാത്രിയോടടുപ്പിച്ച്‌ ഫ്‌ളാറ്റായി കിടന്നുറങ്ങാം.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ യാത്രക്ക്‌ പറ്റിയത്‌. ഡീപ്പ്‌ ഫ്രീസറില്‍ കിടന്നുറങ്ങുന്ന അനുഭൂതിയാണ്‌. കമ്പളിക്കുള്ളില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ഏതെങ്കിലും അവയവം പൈപ്പ്‌ വെള്ളത്തില്‍ തൊട്ടാല്‍ മതി ഒടിച്ചെടുക്കാം. എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ യാത്ര ജൂണ്‍-ജൂലായിലാക്കിയാല്‍ മതി, തട്ടുകടയിലെ പറോട്ടാകല്ലില്‍ കയറിഇരുന്നാലത്തെ സുഖമാണ്‌.

നിസാമുദ്ദീനില്‍ ചെന്നിറങ്ങിയാല്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഫട്ട്‌ ഫട്ടുകളുമായി സര്‍ദാര്‍ജിമാര്‍ കാത്തുനില്‍പുണ്ടാകും. നാലു രൂപക്ക്‌ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‌സമീപമുള്ള ദേവി ഇന്റര്‍നാഷണലിന്റെ മുന്‍പില്‍ ഇറക്കും. ലോകമഹായുദ്ധത്തിനുശേഷംഅമേരിക്കക്കാര്‍ 1949 ല്‍ ഇന്‍ഡ്യയിലെത്തിച്ച ഈ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ ബൈക്കുകള്‍ട്രൈക്കുകളാക്കി, 1998 ല്‍ ഇവ നിരോധിക്കുന്നതുവരെ സ്വദേശികളും വിദേശികളും നാലണമുതല്‍ നാലുരൂപക്ക്‌ പട്ടണം ചുറ്റി.

നാലു മണിക്ക്‌ ഒരു ഷാള്‍ പുതച്ച്‌ പുറത്തിറങ്ങി പത്തുരൂപക്ക്‌ ഒരു സൈക്കിള്‍റിക്ഷാ ചാര്‍ട്ടര്‍ ചെയ്‌താല്‍ ചമ്പിനീചൗക്കിന്റെ വിസ്‌മയത്തിനിടയിലൂടെ ജുമാ മസ്‌ജിദ്‌,റെഡ്‌ഫോര്‍ട്ട്‌ ഇവയൊക്കെ കണ്ട്‌ ഏഴു മണിയോടെ കരിംസിന്റെ മുമ്പിലെത്താം. ഹോട്ടലിന്റെ ബോര്‍ഡ്‌ കാണുംമുമ്പേ ബാദ്‌ഷാഹി ബദാം പസന്തും, തണ്ടൂരി ബുരായും,ഫിര്‍ദൗസി ഖുര്‍മ്മയും അന്തരീക്ഷത്തില്‍കൂടി ഒഴുകിവന്ന്‌ സ്വാഗതം ചെയ്‌തുകൊള്ളും.ജഹാംഗിരി ഖുര്‍മ, കുല്‍ച്ചയും കൂട്ടി കഴിക്കാതെ പിന്നെ സമാധാനം കിട്ടുകയില്ല.മുഗള്‍ രാജാക്കന്‍മാരുടെ പ്രധാന പാചകക്കാരായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. രാജവംശംഷെഡ്ഡില്‍ കയറിയെങ്കിലും അവരുടെ കുശിനിക്കാര്‍ മഹാരാജാക്കന്മാരായാണ്‌ കഴിയുന്നത്‌. ഡല്‍ഹിയിലെത്തുന്ന ആരും കരീംസില്‍നിന്നും രണ്ടുനേരം ഭക്ഷണം കഴിക്കാതെപോവില്ല.

അമിതാഭ്‌ ബച്ചനും, ശശികപൂറും, രേഖയും, രാഖിയും, പ്രിയങ്കാ ചോപ്രയും, അമീര്‍ഘാനും, ഇങ്ങനെ പൈനാപ്പിള്‍ പോലെ ഇരിക്കുന്നതെന്താ? `കരിംസിലെ ഫുഡാ'.രാത്രി വൈകിയും ഓടുന്ന ബസുകളിലൊന്നില്‍ കയറി ന്യൂഡല്‍ഹി സ്റ്റേഷനിലെത്താം. പകലും, രാത്രിയും സ്റ്റേഷന്‍ ലൈവാണ്‌. ഫ്രണ്ടിയര്‍ മെയില്‍, ഗോള്‍ഡന്‍ ടെമ്പിള്‍എക്‌സ്‌പ്രസ്സ്‌, ഹിമസാഗര്‍, കല്‍ക്കാവണ്ടികള്‍ തലങ്ങനെയും വിലങ്ങനെയും ഓടുന്നു.
കല്‍ക്കട്ടയെ കാഷ്‌മീരുമായും, കട്ടക്കിനെ അംബാലയുമായും, കന്യാകുമാരിയെ ജമ്മുവുമായും,ജാട്ടുകളെ-ഗുജറാത്തികളുമായും, ഠാക്കൂറിനെ-യാദവനുമായും, മറാത്തിയെ-മലയാളിയുമായി കൂട്ടിക്കുഴച്ച്‌ അവിയല്‍ പരുവമാക്കുന്നു. രാത്രി മുഴുവന്‍ സ്റ്റേഷനില്‍ വന്നുപോകുന്ന പട്ടാളവണ്ടികള്‍ക്കും ഉറക്കമില്ല. ഉറങ്ങുന്ന നഗരമല്ല ദില്ലി.

രാവിലെ തീ കായുന്ന ദില്ലിക്കാര്‍ക്കിടയിലൂടെ നടന്നും, ബസ്‌ കയറിയും കണോട്‌പ്‌ളെയിസില്‍ എത്താം. ലൂട്ടിയന്‍സ്‌ എന്ന ലൂട്ടാപ്പി നിര്‍മ്മിച്ച സര്‍ക്കിളുകളിലൊന്നില്‍നിന്നാല്‍ മലൈമമ്പിഅ വഴിപോകുന്ന ബസില്‍ കയറാം.

ചാണക്യപുരിയില്‍കൂടിയാണ്‌ ബസ്‌ പോകുന്നത്‌ ശാന്തിപത്‌, പഞ്ചശീല്‍ മാര്‍ഗ്‌, ന്യായ മാര്‍ഗ്‌, ചന്ദ്രഗുപ്‌ത മാര്‍ഗ്‌ ഒക്കെ കടക്കുമ്പോഴേക്കും നൂറ്ററുപത്തഞ്ചോളം നയതന്ത്രകാര്യാലയങ്ങള്‍ കടന്നിട്ടുണ്ടാകും. ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്രപ്രതിനിധികള്‍രാജ്യത്ത്‌ സ്വതന്ത്രരാണ്‌. തന്ത്രശാലികളായ ഇവര്‍ വൈകിട്ട്‌ സ്‌കോച്ചും, വോഡ്‌കയുംസേവിക്കുന്നവരും രസികന്മാരുമാണ്‌.

റയ്‌സ്‌കോഴ്‌സിന്‌ പടിഞ്ഞാറായി ഏക്കറുകണക്കിന്‌ സ്ഥലമാണ്‌ 1950 ല്‍ നെഹ്രുവിദേശരാജ്യങ്ങള്‍ക്ക്‌ നല്‍കിയത്‌. സ്ഥലത്തിന്‌ മൗര്യസാമ്രാജ്യത്തിന്റെ `പുത്തി'മന്ത്രി ചാണക്യന്റെപേരുമിട്ടു. അതിമനോഹരങ്ങളായ കെട്ടിടങ്ങളാണ്‌ ഓരോ രാജ്യവും ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്‌. തന്ത്രജ്‌ഞന്‍മാര്‍ ഈ കെട്ടിടങ്ങള്‍ക്കുള്ളിലിരുന്ന്‌ മന്ത്രം ജപിക്കുകയും, ഗവേഷണംനടത്തുകയും ചെയ്യുന്നു. ഇവരെ സഹായിക്കാന്‍ സാമ്പത്തിക, സൈനിക, സംസ്‌കാരികഅറ്റാഷെമാര്‍ തിരിഞ്ഞുമറിഞ്ഞുമിരുന്നും ഒറ്റക്കും, കൂട്ടായും, തലപുകക്കുന്നുണ്ടാവും.

അവര്‍ക്ക്‌ ചായകൊടുക്കാനും, ടെലഫോണ്‍ കോളെടുക്കാനും റീത്തഭാര്യയെയും, സോഫിയാലോറനെയും വെല്ലുന്ന കുറെപ്പേരും കാണും.

കലാ സാഹിത്യകാരികളും, സോഷ്യല്‍ ലേഡികളും ഈ പ്രദേശത്ത്‌ സുലഭമാണ്‌.സി.ഡി.നമ്പര്‍ പ്‌ളേറ്റുള്ള വിദേശ കാറുകളിലെ നിയന്ത്രിത ഊഷ്‌മാവില്‍ സഞ്ചാരവും, പഞ്ചനക്ഷത്രഹോട്ടലുകളില്‍ ശാപ്പാടും ആയതിനാല്‍ ലിപ്‌സ്റ്റിക്കിനോ മേക്കപ്പിനോ ഒരു പോറല്‍പോലും ഏല്‍ക്കില്ല.

നാടും വീടും വിട്ട്‌ അകലെ കഴിയുന്ന നയതന്ത്രപ്രതിനിധികള്‍ക്ക്‌ വീട്‌ മിസ്‌ ചെയ്‌ത്‌ഹോംസിക്ക്‌നസ്‌ പിടിപെട്ട്‌ കിടപ്പിലാകാതിരിക്കാന്‍ മണിമണികള്‍ ചെയ്യുന്ന സേവനം ചില്ലറയല്ല. തൈത്തിരീയ ഉപനിഷത്തില്‍ നിന്നും `അതിഥി ദേവോ ഭവ' എന്ന ഭാഗം കൗമാരത്തിലേ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്‌. ഭര്‍ത്താക്കന്മാര്‍ മിക്കവരും വന്‍ ഇറക്കുമതിക്കാരായിലോക തലസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ടാകും. എംബസിയില്‍ നിന്നുള്ള ക്ലിയറന്‍സുകളൊക്കെതരുണികള്‍ ശരിയാക്കി കൊള്ളും.

കഥകള്‍ ഓര്‍ത്തിരുന്ന്‌ മലൈമന്ദിര്‍ മിസ്‌ ചെയ്യരുത്‌. കഷ്‌ടിച്ച്‌ നൂറു മീറ്ററേയുള്ളുനൈജീരിയന്‍ ഹൈക്കമ്മീഷനിലേക്ക്‌. അവിടെ മൂന്നു ഫാറങ്ങള്‍ ലഭിക്കും. അത്‌ പൂരിപ്പിച്ച്‌പാസ്‌പോര്‍ട്ട്‌, നൈജീരീയായിലേക്കും തിരിച്ചുമുള്ള ടിക്കറ്റ്‌, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഇവകൊടുത്ത്‌ വിസ പ്രോസസിംഗ്‌ ഫീസ്‌ മുന്നൂറു രൂപ അടച്ച്‌ കാത്തു നില്‍ക്കാം. പുറത്തിറങ്ങിയാല്‍ ഹോളിവുഡ്‌ സിനിമയില്‍ കണ്ടമാതിരി കാറുകള്‍ പാഞ്ഞുപോകുന്നതു കാണാം.

നല്ല സ്റ്റൈലന്‍ സായപ്പന്‍മാരും, മദാമ്മമാരും, അവരുടെ കുഞ്ഞുകുട്ടികളും ഉള്ളിലുണ്ടാവും.ജനിക്കുകയാണെങ്കില്‍ സായിപ്പായി ജനിക്കണം.

ഇംഗ്‌ളീഷില്‍ രണ്ടു വാക്ക്‌ പറയണം.`ജനിക്കുമ്പോഴേ എന്‍ മകന്‍ ഇംഗ്‌ളീഷ്‌ പഠിക്കണം അതിനെന്‍ ഭാര്യ തന്‍ പേറങ്ങിംഗ്‌ളണ്ടിലാക്കി ഞാന്‍'

എന്ന്‌ കുഞ്ഞുണ്ണി എഴുതിയത്‌ ഇതൊക്കെ കണ്ടിട്ടായിരിക്കാം.

മൂന്നു മൂന്നരയാകുമ്പോള്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ്‌ സെക്രട്ടറിയുടെ മുറിയിലേക്ക്‌വിളിക്കും. ടിയാള്‍ ഒരു ലേഡിയും, ആറടി പൊക്കവുമാണ്‌. പേര്‌ പേജു ഫഡാഹുന്‍സി.കണ്ണ്‌ എക്‌സ്‌റേ എനേബിള്‍ഡ്‌. തുണിക്കകത്തൂടെ ചങ്കും മനസ്സും വരെ കാണാമെന്ന്‌തോന്നുന്നു.

`മിസ്റ്റര്‍ എബ്രഹാം, പ്ലീസ്‌ കം ആന്‍ഡ്‌ ടേക്ക്‌ യുവര്‍ സീറ്റ്‌'
`താങ്ക്‌ യൂ മാം'
`യാത്രയുടെ ഉദ്ദേശം'
കസേരയില്‍ അല്‌പം മുമ്പോട്ട്‌ കയറിയിരുന്ന്‌, `ടൂറിസം'

ചിന്ന പയ്യന്റെ മുഖത്തേക്കും, ഫാറങ്ങള്‍ പാസ്‌പോര്‍ട്ട്‌, സര്‍ട്ടിഫിക്കറ്റ്‌, ടിക്കറ്റ്‌ ഇവഅല്‌പസമയം പരിശോധിക്കുന്നതായി ഭാവിക്കും.

പതിയെ മുഖമുയര്‍ത്തി മാഡം ചോദിക്കും
`ആവശ്യത്തിന്‌ ട്രാവലേഴ്‌സ്‌ ചെക്ക്‌, മെത്ത, കിടക്ക, സോപ്പ്‌, ചീപ്പ്‌ ഒക്കെ കരുതിയിട്ടുണ്ടോ?'
`യേസ്‌ മാം'

എന്തോ ആലോചിച്ച്‌ ഒരു നിമിഷം ഇരുന്നശേഷം മാഡം, `ഡു യു ഹാവ്‌ എനിഫ്രണ്‍ഡ്‌സ്‌ ഓര്‍ റിലേറ്റീവ്‌സ്‌ ദെയര്‍; ലൈക്ക്‌ സംബഡി ടു ഗൈഡ്‌ യു?'
`യേസ്‌ മാം'
`വെയര്‍'
`ഇലിഷ്യ, ഇലോറിന്‍, ബെനിന്‍'
ഒരു ചെറു പുഞ്ചിരിയോടെ ഫസ്റ്റ്‌ സെക്രട്ടറി
`നൈസ്‌ പ്ലേസസ്‌'

അതിനിടയില്‍ സെക്രട്ടറി എന്തൊക്കെയോ എഴുതും. എന്നിട്ട്‌ മുഖം ഉയര്‍ത്തി`ദെന്‍ സേഫ്‌ ജേര്‍ണി ആന്റ്‌ ഹാവ്‌ എ നൈസ്‌ ടൈം'
(പരിഭാഷ: `മോനേ കുട്ടപ്പാ, ആന്റി ഇതെത്ര കണ്ടതാ. പോയി ജോലിയൊക്കെ തപ്പിപ്പിടി റിട്ടേണ്‍ ടിക്കറ്റ്‌ നാട്ടില്‍ അയച്ച്‌ റീഫണ്ട്‌ വാങ്ങ്‌')

`താങ്ക്‌ യു മാം'

സെക്രട്ടറിയുടെ മുഖം ഇപ്പോള്‍ പ്രസന്നമാണ്‌.

`ഐ ഹാവ്‌ ഗിവണ്‍ വിസാ ഫോര്‍ ത്രീ മന്ത്‌സ്‌. വെല്‍, യൂ മേ എക്‌സ്റ്റെന്‍ഡ്‌ ഇറ്റ്‌ അപ്പ്‌ ടു സിക്‌സ്‌ മന്ത്‌സ്‌ അറ്റ്‌ എനി ഇമിഗ്രേഷന്‍ ഓഫീസ്‌ ദെയര്‍. യൂ വില്‍ ലൈക്ക്‌ഔവര്‍ കണ്‍ട്രി.'

(പരിഭാഷ: `ജോലി തപ്പാന്‍ നിനക്ക്‌ ആറുമാസം വരെ തരാം. പെങ്കൊച്ചുങ്ങള്‍ സുമ്പരിമാരാണ്‌. വെറുതെ അവരുടെ പിന്നാലേ കൂടി സമയം കളയരുത്‌').

`നൗ യു കാന്‍ കളക്‌ട്‌ യുവര്‍ പാസ്സ്‌പോര്‍ട്ട്‌, ടിക്കറ്റ്‌ ആന്റ്‌ സര്‍ട്ടിഫിക്കറ്റ്‌ ഫ്രം മിസ്‌.കല്യാണി രാമന്‍, നിയര്‍ ദ റിസപ്‌ഷന്‍. ടെയ്‌ക്ക്‌ കെയര്‍'

(പരിഭാഷ: `പാസ്സ്‌പോര്‍ട്ടും കിടുവടിയുമൊക്കെ പെട്ടെന്ന്‌ വാങ്ങി സ്ഥലം വിട്ടോണം.കല്യാണി പെങ്കൊച്ചിന്റെ അടുത്ത്‌ കൊഞ്ചിക്കുഴഞ്ഞു നില്‌ക്കരുത്‌').
`ഓ.കെ. മാം'

യെല്ലോ ഫീവര്‍ കുത്തിവയ്‌പ്പെടുത്ത്‌ രണ്ടുമൂന്നുദിവസം കഴിഞ്ഞേ ആഫ്രിക്കയിലേക്ക്‌യാത്ര അനുവദിക്കൂ. അല്ലെങ്കില്‍ തിരികെ വരുമ്പോള്‍ പ്രശ്‌നമാണ്‌. പതിനാലു ദിവസംസാന്താക്രൂസ്‌ വിമാനത്താവളത്തിലെ ക്വാറന്റൈനില്‍ കിടക്കണം.

തകര്‍ന്നടിഞ്ഞ സാമ്രാജ്യങ്ങളുടെ ശേഷിപ്പുകള്‍ പലതുമുള്ളതിനാല്‍ സമയംപോകുന്നതറിയില്ല. കുത്തബ്‌മിനാര്‍, രാജ്‌ഘട്ട്‌, ഇന്‍ഡ്യാഗേറ്റ്‌, പുരാനാ ഖിലാ, നാഷണല്‍മ്യുസിയം; പത്തുദിവസം കണ്ടാലും തീരില്ല.

ജീസസ്‌ ആന്‍ഡ്‌ മേരി, മിറാണ്ടാ ഹൗസ്‌, ലേഡി ശ്രീറാം, ഇവിടെയൊക്കെ മെറിറ്റില്‍തന്നെയാണോ പ്രവേശനമെന്ന്‌ ആരെങ്കിലും അത്ഭുതപ്പെട്ടാല്‍ അത്ഭുതമില്ല.ആര്യവംശജരുടെ സൂര്യശോഭ. വല്ലാത്തൊരു കാഴ്‌ച തന്നെയാണ്‌. ജവഹര്‍ലാല്‍ നെഹ്രുയൂണിവേഴ്‌സിറ്റിയും, സെന്റ്‌ സ്റ്റീഫന്‍ഡും, ഒപ്പത്തിനൊപ്പമുണ്ട്‌. വാവിട്ട്‌ നോക്കിനില്‍ക്കരുത്‌. ദ്രൗപതി, നൂര്‍ജഹാന്‍, ജാന്‍സി റാണി ഇവരുടെ ഒക്കെ വര്‍ഗ്ഗമാണ്‌. ഇളുക്കിന്‌നല്ല ചളുക്ക്‌ കിട്ടും. വേണമെങ്കില്‍ പപ്പടമാക്കും.

രാത്രി എട്ടുമണിക്ക്‌ ഗോള്‍ മാര്‍ക്കറ്റില്‍ പോയി ഗലീനയില്‍ ഒരു സീറ്റ്‌ പിടിക്കണം.കിട്ടിയാല്‍ ഭാഗ്യമാണ്‌. വല്യവല്യ ആളുകള്‍ കഴിക്കുന്ന സ്ഥലമാണ്‌. തണ്ടൂരി റൊട്ടി മട്ടണ്‍ബുരാ കൂട്ടി തന്നെ കഴിക്കണം. സീക്ക്‌ കബാബ്‌, മട്ടണ്‍ ടിക്ക, അഫ്‌ഗാനി ചിക്കന്‍, മലായ്‌താങ്ക്‌റി എന്തെല്ലാം വിഭവങ്ങള്‍. കഴിക്കാന്‍ വരുന്നവര്‍ അതിനേക്കാള്‍ പഷ്‌ട്‌.ഗോറി, ഗസ്‌നി, ഖില്‍ജി, തുഗ്‌ളക്ക്‌, ബാബര്‍, കഴ്‌സന്‍, ഇര്‍വിന്‍, മൗണ്ട്‌ ബാറ്റന്‍എത്രയോ സാഹസികര്‍ ദില്ലിയിലെ സുന്ദരവസ്‌തുക്കള്‍ തേടി വന്നു. കണ്ട്‌ു, കീഴടക്കി. ഇപ്പോഴും നാടും വീടും വിട്ട്‌ കുറേപ്പേര്‍ അവസരം കാത്തവിടെ ചുറ്റിത്തിരിയുന്നു.

തോമസ്‌ കെ എബ്രഹാം thomaskandanattu@gmail.com
ചാണക്യപുരി (തോമസ്‌ കെ എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക