Image

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമോ?- ബാബു പാറയ്ക്കല്‍

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 24 July, 2013
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമോ?- ബാബു പാറയ്ക്കല്‍
സോളാര്‍ തട്ടിപ്പ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ ആകെ തുക ഏതാണ്ട് 15കോടിയോളം മാത്രമേ വരൂ. ഇന്ത്യയില്‍ ഒരു തട്ടിപ്പില്‍ മാത്രം ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടി രൂപ മറിഞ്ഞപ്പോള്‍ അതിന്റെ ഒരു സംസ്ഥാനത്ത് വെറും 15 കോടി മാത്രം വരുന്ന ഒരു തട്ടിപ്പ് അത്ര വലിയ സംഭവമാണെന്നാരും കരുതുകയില്ല. പണ്ട് ബോംബെയില്‍ വന്നിറങ്ങുന്ന പ്രവാസിമലയാളികളില്‍ തട്ടിപ്പിനിരയാകാതെ വീട്ടില്‍ ചെന്നെത്തുന്നവര്‍ വളരെ ചുരുക്കമായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍ മുതല്‍ എയര്‍ ഇന്ത്യവരെ അവരെ ചൂഷണം ചെയ്യുന്നു. ബന്ധുക്കളുടെയും സ്വന്തക്കാരുടെയും വരെ തട്ടിപ്പിന് ഇവര്‍ ഇരയാകുന്നു. അതു മലയാളി പ്രവാസിയുടെ ജാതകദോഷം. സരിത എന്ന സൂര്യനില്‍ നിന്നും അല്പം പ്രകാശം കിട്ടാന്‍ വേണ്ടി മലര്‍ന്നുകിടന്ന മലയാളിക്ക് ശാലുമേനോന്‍ എന്ന നക്ഷത്രത്തിന്റെ തിളക്കം കൂടി കണ്ടപ്പോള്‍ ലക്ഷങ്ങള്‍ വിഷയമല്ലാതായി. പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗത്തിന്റെയും കള്ളപ്പണമാണ്. അതുകൊണ്ടുതന്നെ മുഴുവന്‍ വെളിയില്‍ പറയുവാന്‍ മടിക്കും. എന്നിട്ടും എന്തുകൊണ്ടാണ് ഇത് ഇത്രയും വലിയ സംഭവമായത്? കാരണം വളരെ ലളിതമാണ്. ഈ തട്ടിപ്പിന്റെ ചാണക്യന്മാര്‍ ഇരുന്ന് ഓപ്പറേഷന്‍ മുഴുവന്‍ നിയന്ത്രിക്കുകയോ ആളുകളെ ചാക്കിട്ടുവാന്‍ സഹായിക്കുകയോ ചെയ്തത് കേരളീയര്‍ സത്യസന്ധമായി കേരളത്തിന്റെ ഭരണം നടത്തുവാന്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്? എല്ലാ മന്ത്രിമാരെയുംപോലെ ഉമ്മന്‍ചാണ്ടിയും വിശ്വസ്തരെന്നു കരുതിയ ചില ശിങ്കിടികളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചിരുന്നു. വിളവു തിന്നുന്ന വേലിയാണെന്ന് മനസ്സിലാക്കാനുള്ള ബോധം അദ്ദേഹത്തിനില്ലാതെ പോയി.

പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ജോപ്പന്‍ എന്ന വ്യക്തി വാടകവീട്ടിലാണു താമസിച്ചിരുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി മുതല്‍ മുടുക്കുള്ള വലിയ വീട്ടിലേക്കു താമസം മാറി. എന്നിട്ടും മുഖ്യമന്ത്രിയുടെ ഇന്റെലിജന്‍സ് ടീമിലെ ഒരുത്തന്‍പോലും ഇക്കാര്യം സംശയദൃഷ്ട്യാ നോക്കിയില്ല. പിന്നെ എന്താണ് രഹസ്യാന്വേഷണത്തിന്റെ ചുമതലയില്‍ പെടുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്ന ഈ വീഴ്ച- ഇന്റെലിജന്‍സ് വിഭാഗത്തിന്റെയും- പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തേ മതിയാകൂ. മാധ്യമങ്ങള്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. സരിതയെ അറിയുന്നവരും അറിയാത്തവരും അറിഞ്ഞിട്ടുള്ളവരും എല്ലാവരും പ്രസ്താവനയിറക്കുകയാണ്. സരിതയുടെ കൂടെ ജയിലില്‍ കിടന്നവരും വെളിയില്‍ കിടന്നവരും കിടക്കണമെന്നാഗ്രഹിച്ചവരും എല്ലാം ഇന്നു ടിവിയില്‍ വാര്‍ത്താ താരങ്ങളാണ്. എന്തെങ്കിലും ഒരു കാര്യം കേട്ടാലുടന്‍ ആദ്യം പരസ്യമായി വിളിച്ചു പറയുന്നതു ഞങ്ങളായിരിക്കണമെന്നാണ് എല്ലാ ടി.വി.ചാനലുകളും ആഗ്രഹിക്കുന്നത്. അതിന്റെ ഉറവിടമോ സത്യമോ ഒന്നും അന്വേഷിക്കേണ്ട ആവശ്യമില്ല. യാതൊരു ധാര്‍മ്മികതയുമില്ലാത്ത മാധ്യമപ്രവര്‍ത്തനം!

ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം എന്നതാണ് പ്രതിപക്ഷത്തിന്റെ മുറവിളി. ഒരു പക്ഷേ ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ പ്രതിപക്ഷ നേതാവായ ശ്രീ. അച്ച്യുതാനന്ദനെ മുഖ്യമന്ത്രിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗീകരിക്കില്ലെന്നറിയാവുന്ന ഭരണകക്ഷിയിലെ ചിലര്‍ ഒരു മുഴം മുമ്പേ എറിഞ്ഞു. മുഖ്യമന്ത്രിയാകുവാന്‍ കെ.എം. മാണി സര്‍വ്വാത്മ യോഗ്യനാണെന്നു പരസ്യപ്രസ്താവനയിറക്കി, രമേശ് ചെന്നിത്തലയും വയലാര്‍ രവിയും ആ കസേര കണ്ടു പനിച്ചിട്ടു കുറെ നാളുകളായി. കുഞ്ഞാലിക്കുട്ടി പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിലും ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയാണെന്നാണു പലരും പറയുന്നത്. ചുരുക്കത്തില്‍, സോളാര്‍ തട്ടിപ്പിന്റെ സ്ത്യം അറിയുന്നതിലല്ല, ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുവാനാണ് പലരും ആഗ്രഹിക്കുന്നത്. ഇതു കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് എന്റെ ചെറുപ്പത്തിലുണ്ടായ ഒരു സംഭവമാണ്. ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്ന ഒരു പശുവിന് റബ്ബറിന്റെ ഇലതിന്നു കട്ടു പിടിച്ചു. നാട്ടുവൈദ്യന്‍ വന്നു മരുന്നു കൊടുത്തിട്ടു ഫലമില്ലാതെ വന്നു. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പശുവിനെ രക്ഷപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് അറവുകാര്‍ക്കു കൊടുക്കാമത്രെ! ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള ഒരു പലചരക്കു കടയായിരുന്നു സംപ്രേക്ഷണ കേന്ദ്രം. ആളുകള്‍ ഉടന്‍തന്നെ കടയിലേക്കു പാഞ്ഞു. മുളകും മല്ലിയും മസാലയും എണ്ണയും എല്ലാം വാങ്ങുന്നവരുടെ ക്യൂ നീണ്ടു. വീട്ടില്‍ അച്ഛനും അമ്മയും വീടിനാവശ്യത്തിനു പാല്‍ തരുന്ന പശുവിനു വേണ്ടി പ്രാര്‍ത്ഥിച്ചു. പുറത്ത് നല്ല അയല്‍ക്കാര്‍ ആയിരുന്നവര്‍ എത്രയും പെട്ടെന്ന് അതിനെ അറവുകാര്‍ക്കു കൈമാറണേയെന്നു പ്രാര്‍ത്ഥിച്ചു. മുളകും മല്ലിയും മസാലയും അരച്ചു കൂട്ടുണ്ടാക്കി അവര്‍ രാത്രി കാത്തിരുന്നു. പ്രഭാതമായപ്പോഴേക്കും പശു എഴുന്നേറ്റുനിന്നു. ഞങ്ങളുടെ കുടുംബം ദൈവത്തോടു നന്ദി പറഞ്ഞു. അയല്‍ക്കാര്‍ ദൈവത്തോടു പരിതപിച്ചു. ഇതില്‍ വാര്‍ത്ത പരത്തിയ കടക്കാരന്‍ ചാകരകൊയ്തു.

സോളാര്‍ വിവാദത്തില്‍ മാധ്യമങ്ങള്‍ അക്ഷരം പ്രതി ആഘോഷിക്കുകയാണ്. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ജയില്‍ പുള്ളിയോട് ബിജുരാധാകൃഷ്ണന്‍ പറഞ്ഞെന്നവകാശപ്പെടുന്ന ജയില്‍പ്പുള്ളി അതു വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയാകുകയാണ്. എന്നാല്‍ രണ്ടാഴ്ചമുമ്പു മാത്രം ജയിലിലായ സരിത എന്തോ രഹസ്യമായി കോടതിയില്‍ പറഞ്ഞപ്പോള്‍ അതെന്തായിരിക്കുമെന്നൂഹിച്ച് ചിലര്‍ പുറപ്പെടുവിച്ച അഭിപ്രായം കേട്ട് ഉത്തരവാദപ്പെട്ടവര്‍ ചോദിക്കുന്നു, സരിത ഒരു ജയില്‍പുള്ളിയാണ്. ജയില്‍ പുള്ളിയുടെ വാക്ക് എങ്ങനെ വിശ്വസിക്കും എന്ന്. ഇത്രയും ആളുകളെ ചിരിച്ചു മയക്കി കോടികള്‍ തട്ടാമെങ്കില്‍ ഒരു ജഡ്ജിയുടെ മുമ്പില്‍ കള്ളം പറയാനാണോ അവള്‍ക്കു മടി എന്നാരും ചോദിച്ചില്ല. സരിതയുടെ സോളാറിന്റെ ചൂടുപറ്റി സുഖിച്ചവന്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട്. ഉമ്മന്‍ചാണ്ടി ഭരണം ഏല്‍ക്കുന്നതിനു മുമ്പു തന്നെ സരിത എന്ന സൂര്യന്‍ വളരെയധികം ഊര്‍ജ്ജം പ്രവഹിച്ചുകൊണ്ടിരുന്നു. സ്വന്തം ഭാര്യയെ നിര്‍ദാക്ഷിണ്യം കൊലപ്പെടത്തിയ ബിജുരാധാകൃഷ്ണന്‍ സൈ്വര്യവിഹാരം നടത്തുവാന്‍ ആ സര്‍ക്കാര്‍ എങ്ങനെ അനുവദിച്ചു? ഉമ്മന്‍ചാണ്ടി രാജി വയ്ക്കാതെ സോളാര്‍ പ്രശ്‌നം തീരുകയില്ല എന്നു പ്രമുഖനായ ഒരു നേതാവു പറയുന്നതുകേട്ടു. അതാണ് സത്യം. ഉമ്മന്‍ചാണ്ടി രാജിവയ്ക്കാതെ ഈ പ്രശ്‌നം തീരില്ല. അഥവാ ഉമ്മന്‍ ചാണ്ടി രാജിവച്ചാല്‍ സോളാര്‍ പ്രശ്‌നം തീരും. അപ്പേങറ്റ പ്രശ്‌നമെന്താണ്? സോളാറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുകയാണോ അതോ ഉമ്മന്‍ചാണ്ടിയെ ഇറക്കുകയെന്നതാണോ?

ഇന്നു ഭരണപക്ഷത്തെ ചീഫ് വിപ്പ് പരസ്യമായി പറഞ്ഞു, ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന്. അമ്പലക്കാള കാണുന്നിടത്തൊക്കെ ചാണകമിടുന്നതുപോലെയാണ് പി.സി.ജോര്‍ജ് പരസ്യപ്രസ്താവന നടത്തുന്നത്. ഇപ്പോള്‍ നീതിക്കുവേണ്ടിയാണോ അദ്ദേഹം രോഷം കൊള്ളുന്നത്? നെല്ലിയാമ്പതിയില്‍ അച്ചായന്മാര്‍ വനം കൈയേറി കൃഷിയിറക്കിയപ്പോള്‍ അന്നുമന്ത്രി മന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ അവരെ പിടിച്ചു പുറത്താക്കിയതിന് ഗണേഷിനിട്ടു ശരിക്കും പണികൊടുത്ത ആളല്ലേ പി.സി. ജോര്‍ജ്ജ്? സര്‍ക്കാര്‍ ഭൂമി കയ്യേറിയതു തെറ്റായിപ്പോയി എന്നെന്താ അന്നു പറയാതിരുന്നത്? ഇന്നു വേറെ അജണ്ടയാണ്. ഉമ്മന്‍ചാണ്ടിയിറങ്ങിയാല്‍ കയറ്റിയിരുത്താന്‍ കെ.എം.മാണിയെ തയ്യാറാക്കി നിര്‍ത്തിയിട്ടാണു കളിക്കുന്നത്. കത്തോലിക്കാ സഭയിലെ ഒരു പ്രമുഖ ബിഷപ്പുപോലും ഉമ്മന്‍ചാണ്ടിക്കെതിരെ പ്രസ്താവനയിറക്കിയതു ശ്രദ്ധേയമാണ്. ഉമ്മന്‍ചാണ്ടി കത്തോലിക്കനായി ജനിക്കാതെ പോയതു നിര്‍ഭാഗ്യമെന്നു പറയട്ടെ. അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിലെ പല തിരുമേനിമാരും ഉമ്മന്‍ചാണ്ടി രാജിവയ്ക്കുമ്പോള്‍ പടക്കംപൊട്ടിക്കാന്‍ കാത്തിരിക്കുകയാണ്. കാരണം മുഖ്യമന്ത്രിയായാല്‍ ഉമ്മന്‍ചാണ്ടി സഭയെ വഴിവിട്ടു സഹായിക്കുമെന്നു ധരിച്ചവര്‍ നിരാശരായി. ആ പക്ഷപാതത്തിന് അദ്ദേഹം തയ്യാറായില്ല.
അട്ടപ്പാടിയിലെ ആദിവാസികളുടെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന കണ്ടപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികളെയൊക്കെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനുശേഷമാണ് അവിടെ കൊണ്ടുവന്നു താമസിപ്പിച്ചതെന്നും തോന്നിപ്പോയി. 5 വര്‍ഷം ഭരണം കയ്യിലിരുന്നിട്ടും പാവപ്പെട്ട ആദിവാസികള്‍ക്കു വേണ്ടി ഒന്നു ചെയ്യാന്‍ കഴിയാതെ പോയതില്‍ അദ്ദേഹം ക്ഷമ പറയേണ്ടതാണ്.

സ്മാര്‍ട്ട് സിറ്റി, കൊച്ചിന്‍ മെട്രോ തുടങ്ങി പല പദ്ധതികളും വിജയകരമായി ഉമ്മന്‍ചാണ്ടി തുടങ്ങിവച്ചു. ഇത്രയധികം ജനങ്ങളുടെ  ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നതൊന്നും സോളാര്‍ വിഷയം ചിന്തിക്കുമ്പോള്‍ കാര്യമാക്കുന്നില്ല. കാരണം സ്വന്തം ഓഫീസില്‍ സംഭവിച്ച ഈ വീഴ്ചയുടെ ധാര്‍മികമായ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെതാണ്. എന്നാല്‍ അതിന്റെ പേരില്‍ മരാല അരച്ചുവയ്ക്കുന്ന അയല്‍ക്കാരപ്പോലെ മുറവിളികൂട്ടുന്നവരുടെ  ആവശ്യത്തിനു വഴങ്ങി സര്‍ക്കാരിന്റെ കഴുത്തറുത്താല്‍ അതു കൃത്യവിലോപമാകും. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ അതു വലിയവാര്‍ത്തയാകും. പിന്നെ സര്‍ക്കാരുണ്ടാകാന്‍ വേണ്ടിയുള്ള പലരുടെയും മറുകണ്ടം ചാടല്‍ വാര്‍ത്തയാകും. പിന്നെ പുതിയ സര്‍ക്കാര്‍, പുതിയ മുഖ്യമന്ത്രി! അവരുടെ പുറകെ വാര്‍ത്തതേടി അവര്‍ പോകും. കാരണം എല്ലാവര്‍ക്കും “ബ്രേക്കിംഗ് ന്യൂസ്” ആണു വേണ്ടത്.

നാലു പതിറ്റാണ്ടോളം കറതീര്‍ന്ന രാഷ്ട്രീയ ജീവിതം കാഴ്ച വച്ച ഉമ്മന്‍ചാണ്ടി ഇതിന്റെ പേരില്‍ രാജിവയ്ക്കാതെ മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടുതന്നെ സോളാറില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണു വേണ്ടത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അതാണ് ആഗ്രഹിക്കുന്നതും. സോളാറില്‍ കളിപ്പിച്ചെടുത്ത കോടികള്‍ എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നതെന്നു കണ്ടുപിടിച്ച് അത് കൊടുത്തവര്‍ക്കു തിരിച്ചു നല്‍കണം. അതുപോലെ തന്നെകൂടെ നില്‍ക്കുന്നവരെ മനസ്സിലാക്കുവാന്‍ ഇനിയെങ്കിലും കുഞ്ഞൂഞ്ഞിനു കഴിയട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക