Image

നഃ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ?- ജി. പുത്തന്‍കുരിശ്

ജി. പുത്തന്‍കുരിശ് Published on 26 July, 2013
  നഃ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ?-  ജി. പുത്തന്‍കുരിശ്
 
ഒരു മാതാവ്, തന്റെ പോളിയോമൂലം കാലിന് ബലഹീനത വന്ന മകളെക്കുറിച്ച് ആകുല ചിത്തയായിരുന്നു. തന്റെ മകളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു പക്ഷെ അവര്‍ക്ക് ഉറക്കം വരാത്ത രാവുകള്‍ ഉണ്ടായിരിന്നിരിക്കാം. പക്ഷെ ആ അമ്മക്ക് ഒരു ദിവ്യദര്‍ശനംപോലെ വെളിപ്പെടുത്തി കിട്ടിയത് മറ്റൊന്നാണ്. മകള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞാല്‍ അത് ഏത് പ്രതിസന്ധിയേയും നേരിടാന്‍ അവള്‍ക്ക് ആത്മശക്തിയും കരുത്തും നല്‍കുമെന്നുള്ള ഉള്‍ക്കാഴ്ചയാണ്. ആ ഉള്‍ക്കാഴ്ചയെ സാക്ഷാത്ക്കരിക്കാന്‍ ആ മാതാവ് പല വെല്ലുവിളികളെയും നേരിടേണ്ടി വന്നെങ്കിലും, അതിന്റെ ഫലം തലമുറകള്‍ക്ക് ആവേശം പകരുന്നതാണ്. റിട്ടയര്‍മെന്റിന് ശേഷവും ഇന്ന് കേരളത്തിലെ തീരദേശങ്ങളില്‍ മീന്‍ പിടുത്തം തൊഴിലായി സ്വീകരിച്ചിരിക്കുന്നവരെ ശുചിത്വത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും വിലനിശ്ചയിക്കാനാവാത്ത ഗുണങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലൂടെ തനിക്ക് ലഭിച്ച സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് അതിന്റെ പിന്നിലെ ചാലക ശക്തിയെന്നതിന്് എനിക്കും നല്ല ഉറപ്പുണ്ട് കാരണം മറ്റൊന്നുമല്ല അവര്‍ എന്റെ മൂത്ത സഹോദരിയാണ്. ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ നില്ക്കുന്നത് ഒരു കാര്യത്തിനുവേണ്ടിയാണ്. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ലോകത്ത് വിദ്യാഭ്യാസം ഇല്ലാത്തവരായി ഇരുന്നുകൂടാ. പ്രത്യേകിച്ച് തീവ്രവാദികളുടെ കുട്ടികള്‍. അവരുടെ വെടിയുണ്ടകള്‍ എന്നെ നിശബ്ദയാക്കുമെന്നവര്‍ തെറ്റ് ധരിച്ചു. പക്ഷെ അവയൊക്കെ എന്നെ ശക്തീകരിച്ചതെയുള്ളു. ഐക്യരാഷ്ട്ര സഭയില്‍ മുഴങ്ങികേട്ട മലാലയുടെ ശബ്ദം വിദ്യാഭ്യാസം മനുഷ്യ മനസ്സിന്, പ്രത്യേകിച്ച് ഒരു സ്ത്രീക്ക് നല്‍കുന്ന സ്വാതന്ത്ര്യം എത്ര വലുതെന്ന് ഒരിക്കല്‍ കൂടി നമ്മെ വിളിച്ചറിയിക്കുന്നു.

    താലിബാന്റെ വെടിയുണ്ടെക്ക് ഇരയായി മലാല യുസഫായി എന്ന പതിനാല്കാരി റാവല്‍പിണ്ടിയിലെ ഒരു ഹോസ്പറ്റലില്‍ യന്ത്രത്തിന്റെ സാഹായത്തോടെ ജീവനെ നിലനിറുത്താന്‍ മല്ലിട്ടുകൊണ്ടിരുന്നപ്പോള്‍ നിയമപാലകര്‍ അതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തേടുകയായിരുന്നു. സ്‌കൂളില്‍ പോകാനും വിദ്യാഭ്യാസം ആര്‍ജിക്കുവാനുമുള്ള ഈ കൗമാരക്കാരിയുടെ അഭിലാഷവും   അതുപോലെ ആ അവസരം മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള അവളുടെ ഒടുങ്ങാത്ത ആഗ്രഹവുമാണ് സ്ത്രീ സ്വാതന്ത്ര്യത്തേയും സ്ത്രീ വിദ്യാഭ്യാസത്തേയും എതിര്‍ക്കുന്ന മത തീവ്രവാദികളെ ചൊടിപ്പിച്ചതും മലാലയെ ഈ അവസ്ഥയില്‍ എത്തിച്ചതും.   മലാല സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ അവള്‍ സഞ്ചരിച്ചിരുന്ന ബസില്‍ അക്രമി കയറി കൂടുകയും അവളുടെ പേര് വിളിച്ച് അവളെ തിരിച്ചറിഞ്ഞ് കഴുത്തിന് വെടി വയ്ക്കുകയുമാണ് ചെയ്തതു. അവളുടെ രണ്ട് കൂട്ടുകാരികള്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി.  മലാലയുടെ കുടുംബം അവളുടെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍തന്നെ, അവളെ വെടിവച്ചു വീഴ്ത്താന്‍ ഒരുമ്പെട്ട താലിബാന്‍ ആ കുടുംബത്തെ വേട്ടയാടാന്‍ മടിയ്ക്കയില്ലെന്ന് ഭയപ്പെടുകയും ചെയ്യുന്നു.

    പാക്കിസ്ഥാനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ബ്‌ളോഗിലൂടെ എഴുതുകയും സ്വാതന്ത്ര്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുകുയും ചെയ്തതുവഴിയാണ് ഈ പതിനാല് വയസുകാരി ജനങ്ങളുടെ ശ്രദ്ധയില്‍പെടാന്‍ തുടങ്ങിയത്. അതുപോലെ അത് മതത്രീവ്രവാദികളേയും സ്ത്രീ സ്വാതന്ത്യത്തെ എതിര്‍ക്കുന്നവരേയും ഒരുപോലെ കുപിതരാക്കുകയും ചെയ്തു. എനിക്ക് പഠിക്കാനും കളിക്കാനും പാടാനും സംസാരിക്കാനും എഴുതാനും സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യപിക്കുകയും, ആ അഭിപ്രായം ബി. ബി. സി യോട് ഒരഭിമുഖ സംഭാഷണത്തില്‍ തുറന്ന് പറയുകയും ചെയ്തു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ പതിനാലുകാരിയുടെ ലേഖനങ്ങള്‍ പാക്കിസ്ഥാനിലെ ദേശീയ സമാധാനത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് നല്‍കുന്ന സമ്മാനത്തിന് അര്‍ഹയാക്കി തീര്‍ത്തു.  ഒരു സ്തീകളും വിദ്യാഭ്യാസത്തിന് അര്‍ഹയല്ലാ എന്ന താലിബാന്റെ നിലപാടിനെതിരെ രൂക്ഷമായ പ്രതിരോധം വര്‍ദ്ധിക്കും തോറും, താലിബാന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ഭീഷണിയും അക്രമവുമാണ് ഈ കൗമാരത്തിലേക്ക് കാലുന്നി നില്‍ക്കുന്ന ധീരരായ യുവതികള്‍ നേരിടുന്നത്.

    മലാലയുടെ നേരെയുള്ള അക്രമണം ലോകത്തിലാകമാനം ഇന്ന ് ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഈ കൗമാരക്കാരി, സ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും, അക്രമവും സമാധാനവും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. പാക്കിസ്ഥാനെ തീവ്രവാദത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും ചങ്ങലയില്‍ ബന്ധിക്കാനുള്ള ഒരു കൂട്ടരും അതിനെ അതിജീവാക്കാനുള്ള പുതു തലമുറയും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകം.  നീതിയുടേയും സമത്വത്തിന്റേയും പാതയിലൂടെ, ഈശ്വരന്റെ സൃഷ്ടികളെ സ്ത്രീപുരുഷ ഭേദംമില്ലാതെ നയിക്കേണ്ട എല്ലാ മതങ്ങളും സ്ത്രീകളോട് കാണിക്കുന്ന വിവേചനം മറ്റേത് കാലത്തേക്കാളും രുക്ഷമായിരിക്കുകയാണ്. അടുത്തകാലത്ത് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജിമ്മികാര്‍ട്ടര്‍ നടത്തിയ പ്രസംഗം ഏറ്റവും ശ്രദ്ധേയമാണ്.

നേതൃത്വ സ്ഥാനങ്ങളിലും തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ സമുന്നത പദവികള്‍ അലങ്കരിക്കുമ്പോള്‍, മതപരമായ നേതൃത്വ സ്ഥാനത്ത് അവരെ വെറും താഴേക്കിടയിലുള്ളവരായി കണക്കാക്കിയിരിക്കുന്നത് വിരോധഭാസമായി തോന്നുന്ന്.  പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ കഷ്ടാവസ്ഥ മതനേതാക്കന്മാരെ സംബന്ധിച്ചടത്തോളം, മൗനം സമ്മത ലക്ഷണം എന്ന അവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നു.  പുരുഷന്മാരായ മതനേതൃത്വത്തിന് വേദപഠനങ്ങളെ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് സ്ത്രീകളെ ഉയര്‍ത്തുവാനും താഴ്ത്തി കെട്ടുവാനുമായി ഉപയോഗിക്കുന്നു. സ്ഥാപിത താത്പര്യക്കാരായ മതനേതാക്കള്‍ കൂടുതല്‍ സമയവവും സ്ത്രീകളെ താഴ്ത്തികെട്ടാനാണ് ഈ പഠനങ്ങള്‍ ഉപയോഗിക്കുന്നത്. മതത്തിന്റെ ഇത്തരം സമീപനങ്ങളെ മറയാക്കി ലോകത്തിന്റെ വിവധ ഭാഗങ്ങളിലും സ്ത്രീകള്‍ ചവിട്ടി മെതിക്കപ്പെടുന്നു.  ഇത് മനുഷ്യാവകാശ ധ്വംസനം മാത്രമല്ല നേരെ മറിച്ച് മോസസ്, ജീസസ്, മുഹമദ് നബി തുടങ്ങിയ പ്രവാചകന്മാരെ കൂടാതെ പല ആചാര്യന്മാരുടെയും സ്ത്രീകളോടുള്ള നിലപാടിന്റേയും കാതലായ പഠനത്തിന്റേയും ലംഘനം കൂടിയാണ്.

    സ്ത്രീകള്‍ ഏറ്റവും താഴേക്കിടയിലുള്ള ഈശ്വരന്റെ സൃഷ്ടിയാണെന്നുള്ള നിന്ദ്യമായ മതത്തിന്റെ ഈ നിലപാട്, പുരുഷന് അവന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതിനും, ഒരു ഭടന് സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്നതിനും, തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് തുച്ഛവേദനം നല്‍കുന്നതിനും, സ്ത്രീയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് പെണ്‍കുട്ടിയായതുകൊണ്ട് ഗര്‍ഭം അലസിപ്പിക്കുന്നതിനും സമൂഹത്തിന് അധികാരം നല്‍കിയിരിക്കുന്നു. അതുപോലെ തന്നെ അനേകായിരം സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തിന്റെമേലുള്ള അവകാശവും നഷ്ടമായിരിക്കുന്നു. അതിലുപരി മതത്തിന്റെ ഈ വെറുപ്പുളവാക്കുന്ന നിലപാട്മൂലം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, തൊഴിലവസരങ്ങള്‍ക്കും, സമൂഹത്തെ സ്വാധീനിക്കാന്‍ ലഭിക്കുന്ന അവസരങ്ങളും തുടര്‍ച്ചയായി നിരസിക്കപ്പെടുന്ന്. അതിന്റെ ഏറ്റവും ക്രൂരമായ പ്രത്യാഘാതമാണ് മലാല എന്ന കൗമാരക്കാരിയുടമേല്‍ വെടിയുണ്ട ഉതിര്‍ത്തുകൊണ്ട് താലിബാന്‍ പാക്കിസ്ഥാനില്‍ അരങ്ങേറിയത്.  ഈ അവസരത്തില്‍ സ്ത്രീകളാല്‍ ജീവിതകാലം മുഴുവന്‍ പരിചരിക്കപ്പെടുന്ന നാം ഒരോരത്തരും നമ്മളോട്തന്നെ ചോദിക്കേണ്ടിയിരിക്കുന്നു സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ടോ എന്ന്.

    നാം ജനിക്കുമ്പോള്‍ മതാപിതാക്കളുടെ പരിചരണത്തിലാണ്.  രോഗത്താലും വാര്‍ദ്ധക്ക്യത്താലും നാം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ മറ്റുള്ളവരുടെ സംരക്ഷണവും കരുതലുമാണ് നമ്മളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതാരംഭം തുടങ്ങി അവസാനം വരെ നമ്മള്‍ മറ്റുള്ളവരുടെ കരുണയിലായിരിക്കുമ്പോളും അത് തിരിച്ചുകൊടുക്കേണ്ടി വരുമ്പോള്‍ നാം നമ്മളുടെ ഹൃദയത്തെ കഠിനമാക്കുന്നു.  (ദലയിലാമ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക