Image

കേരളത്തിലും ഭരണം ഫാസിസമായി മാറുന്നുവോ? (ജയമോഹനന്‍ എം)

Published on 29 July, 2013
കേരളത്തിലും ഭരണം ഫാസിസമായി മാറുന്നുവോ? (ജയമോഹനന്‍ എം)
(അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ പട്ടിണി മരണങ്ങള്‍ ഏറുകയാണ്‌. പക്ഷെ അധികാരികള്‍ പറയുന്നു വേണ്ടുവോളം ഭക്ഷണമിരുന്നിട്ടും അവര്‍ കഴിക്കുന്നില്ല, അങ്ങനെ പട്ടിണി കിടന്നു മരിക്കുന്നുവെന്ന്‌. യഥാര്‍ഥത്തില്‍ അട്ടപ്പാടിയില്‍ നടക്കുന്നത്‌ നിശബ്‌ദ വംശഹത്യയാണ്‌. വംശഹത്യ ഫാസിസ്റ്റുകളുടെ നയമാണ്‌...ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സമീപനത്തെക്കുറിച്ച്‌ ഒരു നിരീക്ഷണം)

ജൊനാഥന്‍ സിഫ്‌റ്റ്‌ തന്റെ പ്രശസ്‌തമായ `ദി മോഡസ്റ്റ്‌ പ്രൊപ്പോസല്‍' എഴുതിയത്‌ 283 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. ദരിദ്രര്‍ക്ക്‌ നേരെയുള്ള ക്രൂരമായ ഭരണകൂട നിലപാടുകള്‍ക്കെതിരെയുള്ള ശബ്‌ദമായിരുന്നു ദി മോഡസ്റ്റ്‌ പ്രൊപ്പോസല്‍. അയര്‍ലന്റിലെ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്നതിന്‌ പ്രതിവിധിയായി ഒരു പരിഹാരം നിര്‍ദ്ദേശിക്കുകയാണ്‌ അദ്ദേഹം തന്റെ രചനയില്‍. വിശന്നു വലഞ്ഞ്‌ തെരുവിലൂടെ അലയുന്ന കുട്ടികളെ അവിടുത്തെ ഭൂപ്രഭുക്കന്‍മാര്‍ക്കും ജന്മിമാര്‍ക്കും തിന്നാന്‍ കൊടുക്കുക. സമ്പന്ന വര്‍ഗത്തോടുള്ള ഭരണകൂടത്തിന്റെ വിധേയത്വത്തിനെതിരെ ഐറണിയുടെ സകല സാധ്യതകളും ഉപയോഗിച്ച പ്രതിഷേധമായിരുന്നുവിത്‌.

ഏകദേശം മൂന്ന്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പട്ടിണിപ്പാവങ്ങളോട്‌ നമ്മുടെ മന്ത്രിമാരും മേലാളന്‍മാരും പറയുന്നത്‌ കേള്‍ക്കുമ്പോള്‍ ജൊനാഥന്‍ സിഫ്‌റ്റിന്റെ പ്രതിവിധി തന്നെയാണ്‌ നിര്‍ദ്ദേശിക്കാന്‍ തോന്നുന്നത്‌. അട്ടപ്പാടിയിലെ പട്ടിണിപ്പാവങ്ങളുടെ കുഞ്ഞുങ്ങള്‍ മരിക്കുന്നത്‌ ഭക്ഷണം ഉണ്ടായിട്ടും കഴിക്കാത്തത്‌ കൊണ്ടാണെന്നും, അവിടുത്തെ ഗര്‍ഭിണികള്‍ കള്ളുകുടിക്കുന്നത്‌ കൊണ്ടാണെന്നും ഉളുപ്പില്ലാതെ പറയുന്ന മന്ത്രിമാരെ കാണുമ്പോള്‍ മറ്റെന്താണ്‌ തോന്നേണ്ടത്‌. ആദിവാസികളെയും പാവങ്ങളെയും സംരക്ഷിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കുവാനും കോടികള്‍ ബജറ്റില്‍ വകയിരുത്തി, അതേ കോടികള്‍ സ്വന്തം കീശയിലാക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളെന്ന ഇന്നത്തെ ജന്മിമാരും ഈ പാവപ്പെട്ടവരെ തിന്നുക. നിങ്ങളുടെ വയറ്റിലെത്തുമ്പോഴെങ്കിലും നിറഞ്ഞ വയറിന്റെ അനുഭൂതി അവര്‍ അറിയട്ടെ. ദയവ്‌ ചെയ്‌ത്‌ ഈ ആദിവാസികളെ പട്ടിണിക്കിട്ട്‌ വംശഹത്യ നടത്താതെ നിങ്ങള്‍ തന്നെ തിന്നു തീര്‍ക്കുക.

അട്ടപ്പാടി ഊരുകളില്‍ നടക്കുന്നത്‌ വംശഹത്യ തന്നെയെന്നതിന്‌ ഒരു സംശയവുമില്ല. കലാപങ്ങള്‍ വഴിയും യുദ്ധങ്ങള്‍ വഴിയും നടപ്പാക്കപ്പെടുന്ന വംശഹത്യപോലെ തന്നെ ഒരു നിശബ്‌ദ വംശഹത്യയാണെന്ന്‌ യഥാര്‍ഥത്തില്‍ അട്ടപ്പാടിയടക്കം കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും നടപ്പാക്കപ്പെടുന്നത്‌. യഥാര്‍ഥത്തില്‍ കാടിന്റെ മക്കളെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്നും പുറത്തള്ളുകയാണ്‌ നമ്മുടെ ഗവണ്‍മെന്റ്‌ ചെയ്‌തത്‌. കാട്ടുകള്ളന്‍മാര്‍ ചന്ദനമരങ്ങളും വനസമ്പത്തും വെട്ടി കൊള്ളയടിച്ച്‌ കടത്തുമ്പോള്‍ പാവം ആദിവാസി അടുപ്പില്‍ തീ കത്തിക്കാന്‍ ഒരു മരക്കൊമ്പ്‌ പോലും വെട്ടാന്‍ പാടില്ല. വെട്ടിയാല്‍ അവനെ പോലീസ്‌ കൊണ്ടുപോകും. കാട്ടില്‍ കൃഷിയിറക്കാനും അവന്‌ നിയമങ്ങളുടെ പൊല്ലാപ്പുകള്‍ കാരണം കഴിയില്ല. അങ്ങനെ കാടുമായി സഹവസിച്ച്‌ ജീവിക്കാനുള്ള ആദിവാസിയുടെ സ്വാതന്ത്രത്തെ പൂര്‍ണ്ണമായും ഹനിച്ചതിനു ശേഷം അവരെ നിശബ്‌ദമായി മരിക്കാന്‍ വിടുകയാണ്‌ ഇന്ന്‌ ഭരണകൂടം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

അവസാനം മാധ്യമങ്ങള്‍ വഴി അട്ടപ്പാടിയിലെ ശിശുമരണവും പട്ടിണി മരണവും പുറത്തു വന്നപ്പോള്‍ അതിനെ പരിഹാസത്തോടെ നോക്കിയ നമ്മുടെ മുഖ്യമന്ത്രിയുടെ നിലപാട്‌ അത്ഭുതപ്പെടുത്തുന്നത്‌ തന്നെ. അട്ടപ്പാടിയില്‍ പട്ടിണി മരണത്തിന്‌ കാരണം അവര്‍ ഭക്ഷണം കഴിക്കാതിരുന്നതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അല്‌പമൊന്ന്‌ ഞെട്ടാതെയിരുന്നില്ല. പക്ഷെ സരിതാ നായരുടെ സോളാര്‍ വിവാദത്തില്‍ ലക്കും ലഗാനുമില്ലാതെ നില്‍ക്കുന്ന മുഖ്യന്‌ അല്‌പം മതിഭ്രമം ബാധിച്ചതാകുമെന്നാണ്‌ ആദ്യം കരുതിയത്‌. എന്നാല്‍ തൊട്ടുപിന്നാലെ വന്നു മന്ത്രി കെ.സി ജോസഫിന്റെ വെളിപ്പെടുത്തല്‍. ആദിവാസി സ്‌ത്രീകളുടെ മദ്യപാനം മൂലമാണ്‌ അവിടെ ശിശുമരണം സംഭവിക്കുന്നതെന്നായിരുന്നു കെ.സി ജോസഫിന്റെ കണ്ടെത്തല്‍. ഭരണകൂടത്തിന്റെ താത്‌പര്യം എല്ലാവരിലും ഒന്നു തന്നെയെന്ന്‌ വ്യക്തമാക്കുന്നതാണ്‌ മുഖ്യമന്ത്രിയുടെയും സാദാമന്ത്രിയുടെയും വാക്കുകളിലെ സാമ്യത.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ അനുസരിച്ച്‌ അട്ടപ്പാടിയില്‍ 186 ഊരുകളിലായി 14 ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നാണ്‌ സര്‍ക്കാര്‍ രേഖകളിലുള്ളത്‌. ഇതിനായി 120 കോടി രൂപയാണ്‌ അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്‌. എന്നാല്‍ രേഖകളില്‍ പണിതീര്‍ത്ത്‌ ആദിവാസികള്‍ക്ക്‌ നല്‍കിയിരിക്കുന്നു എന്ന്‌ പറയപ്പെടുന്ന വീടുകളില്‍ ഭൂരിഭാഗവും രേഖകളില്‍ മാത്രമുള്ള വീടുകളാണ്‌. ബാക്കിയുള്ളവ ഭാഗീകമായി മാത്രം കെട്ടിപ്പൊക്കിയവയും. രേഖകളില്‍ പദ്ധതികള്‍ പൂര്‍ത്തിയായതായി കാണിച്ച്‌ ഫണ്ടുകള്‍ കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ തട്ടിയെടുക്കുകയായിരുന്നുവെന്ന്‌ സി.ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഒരു വീടുപോലും നിര്‍മ്മാണം പൂര്‍ത്തിയാക്കി ആദിവാസികള്‍ക്ക്‌ നല്‍കിയിട്ടില്ല എന്ന്‌ മനസിലാകുമ്പോഴാണ്‌ ആദിവാസികള്‍ക്ക്‌ മേല്‍ ഭരണകൂടം നടത്തുന്ന ഏകപക്ഷീയ ഭരണം എത്രത്തോളം ക്രൂരവും അഴിമതി നിറഞ്ഞതുമാണെന്ന്‌ വ്യക്തമാകുക. ഇതുപോലെ ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും മറ്റു ക്ഷേമപ്രവര്‍ത്തങ്ങള്‍ക്കുമായി എത്തുന്ന കോടികളില്‍ നിന്ന്‌ ഒരു രൂപപോലും അവരിലേക്ക്‌ എത്തുന്നില്ല എന്നതിന്‌ തെളിവാണ്‌ അട്ടപ്പാടിയിലെ മരണങ്ങള്‍. ഈ നിശബ്‌ദ വംശഹത്യയെ ഫാസിസം എന്നല്ലാതെ മറ്റെന്താണ്‌ വിളിക്കുക. കാരണം വംശഹത്യ ഫാസിസ്റ്റുകളുടെ നയം തന്നെയാണ്‌.

കേരള സര്‍ക്കാരിന്റെ ഫാസിസത്തിന്റെ തനിനിറം കഴിഞ്ഞ ദിവസം മറ്റൊരുവിധത്തിലും വ്യക്തമായിരുന്നു. കേരളത്തിലെ റോഡുകള്‍ `കുഴിയേത്‌, കുളമേത്‌' എന്നറിയാത്ത അവസ്ഥയിലാണ്‌ കുറെ മാസങ്ങളായി. നമ്മുടെ പൊതുമരാമത്ത്‌ വകുപ്പും നഗരസഭയുമൊക്കെ ടാര്‍ ചെയ്‌ത്‌ വിദഗ്‌ധമായി തയാറാക്കിയ റോഡുകള്‍ ഒറ്റ മഴകൊണ്ടു തന്നെ പൊട്ടിപ്പൊളിഞ്ഞ്‌ കുണ്ടും കുഴിയുമായി. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ എത്ര ജീവനുകളാണ്‌ റോഡിലെ കുഴികള്‍ കാരണം അപകടത്തില്‍ പെട്ട്‌ നഷ്‌ടമായത്‌. ഏറ്റവും അവസാനം തൃപ്പൂണിത്തുറയില്‍ രണ്ട്‌ ചെറുപ്പക്കാര്‍ ബൈക്ക്‌ യാത്രക്കിടയില്‍ റോഡിലെ കുഴികാരണം അപകടത്തില്‍ പെട്ട്‌ മരിച്ചു. എന്നാല്‍ കേരള ഭരണം സരിതാ നായരുടെയും ശാലുമേനോന്റെയും പാവാട ചരടിലായതിനാല്‍ ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ല എന്നു മാത്രം.

അതിനിടയിലാണ്‌ കഴിഞ്ഞ വാരം ചലച്ചിത്രതാരം ജയസൂര്യ കൊച്ചി മേനകാ ജംഗ്‌ഷനിലെ റോഡിലെ കുഴികള്‍ സ്വന്തം ചിലവില്‍ മിറ്റലിട്ട്‌ മൂടിയത്‌. രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ലോറികളില്‍ മിറ്റിലുമായി എത്തി അത്‌ കുഴികളില്‍ നിറച്ച്‌ സിമന്റ്‌ ചെയ്യുകയായിരുന്നു ജയസൂര്യ ചെയ്‌തത്‌. സംഭവം കേട്ടറിഞ്ഞ്‌ ചാനലുകളും അവിടെയെത്തി. ഇത്‌ ആരോടുമുള്ള പ്രതിഷേധമല്ലെന്നും നിത്യേന ആളുകള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ മനസു മടുത്ത്‌ ചെയ്‌തുപോയതാണെന്നും ജയസൂര്യ പറയുന്നു. ജയസൂര്യയുടെ പ്രവൃത്തി സൈബര്‍ലോകത്ത്‌ ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്‌തു. ആരോടും പ്രതിഷേധമില്ലെന്ന്‌ പറഞ്ഞുവെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധം തന്നെയായിരുന്നു ജയസൂര്യയുടെ നടപടി.

എന്നാല്‍ ജയസൂര്യയുടെ പ്രതിഷേധത്തെ പോസിറ്റീവായി കാണാന്‍ നമ്മുടെ ഭരണകൂടം തയാറായില്ല എന്നതാണ്‌ യഥാര്‍ഥത്തില്‍ ഭരണകൂടത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നത്‌. ജയസൂര്യയുടെ നടപടി സ്വാഗതം ചെയ്‌ത്‌ ജനവികാരം കുറയ്‌ക്കാനെങ്കിലുമുള്ള വിവേകം കാണിക്കേണ്ടതിനു പകരം ജയസൂര്യക്കെതിരെ തിരിയാനാണ്‌ ഭരണകൂടം ശ്രമിച്ചത്‌. കൊച്ചി മേയര്‍ ടോണി ചമ്മണിയും പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയും ജയസൂര്യയുടെ നടപടിയെ വിമര്‍ശിച്ചു. റോഡിലെ കുഴിയടക്കാന്‍ സിനിമക്കാരന്‍ ആരാണ്‌? റോഡിലെ കുഴി മൂടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്‌ മാത്രമേ അവകാശമുള്ളു എന്ന മട്ടിലാണ്‌ കൊച്ചി മേയര്‍ ടോണി ചമ്മിണി പ്രതികരിച്ചത്‌. കുഴിമൂടണമെങ്കില്‍ വിദഗ്‌ധന്‍മാരെകൊണ്ട്‌ ടാറിംഗ്‌ നടത്തിക്കണമായിരുന്നുവെന്നും ടോണി ചമ്മിണി പറഞ്ഞു. വിദഗ്‌ധന്‍മാരെക്കൊണ്ട്‌ നഗരസഭയും പൊതുമരാമത്ത്‌ വകുപ്പം ടാറിംഗ്‌ നടത്തിച്ചിട്ടും ഒരു മഴകൊണ്ട്‌ ഈ റോഡുകള്‍ എങ്ങനെ പൊട്ടിപ്പൊളിഞ്ഞു പോകുന്നു എന്ന ചോദ്യത്തിന്‌ ടോണി ചമ്മിണിയുടെ കൈയ്യില്‍ മറുപടിയില്ല. മറിച്ച്‌ ആരെങ്കിലും കുഴിയില്‍ വീഴണ്ട എന്നു കരുതി അത്‌ മൂടാന്‍ തയാറായ ഒരാളെ കുറ്റപ്പെടുത്താനാണ്‌ നഗരസഭാ മേയര്‍ തയാറായത്‌.

ജയസൂര്യയുടെ മേല്‍ കേസെടുക്കാനായിരുന്നു ആദ്യം നഗരസഭയുടെയും പൊതുമരാമത്ത്‌ വകുപ്പിന്റെയും തീരുമാനം. എന്നാല്‍ ജനരോഷം ഭയന്ന്‌ അതില്‍ നിന്നും നഗരസഭ പിന്തിരിഞ്ഞു എന്നാണ്‌ ഇപ്പോള്‍ അറിയുന്നത്‌. എങ്കിലും ഈ നാട്ടുകാര്‍ റോഡ്‌ ടാക്‌സ്‌ കൊടുത്ത്‌ സഞ്ചരിക്കുന്ന റോഡ്‌ കുഴികള്‍ നിറഞ്ഞു കിടക്കുമ്പോള്‍ അതൊന്ന്‌ ശരിയാക്കുവാന്‍ ശ്രമിച്ച ഒരു ചലച്ചിത്രതാരത്തോട്‌ അയാളുടെ പൗരബോധത്തോട്‌ നമ്മുടെ രാഷ്‌ട്രീയക്കാര്‍ കാണിച്ച നീതി കാട്ടുനീതി തന്നെയെന്ന്‌ പറയാതെ വയ്യ.

ഇതും ഫാസിസം തന്നെയാണ്‌. പ്രതിഷേധിക്കാന്‍ പാടില്ല എന്നു പറയുന്നത്‌, പ്രതിഷേധിക്കുവരെ എതിര്‍ത്തും കേസില്‍ കുടുക്കിയും നിശബ്‌ദമാക്കുമെന്ന്‌ പറയുന്നത്‌ ഫാസിസമല്ലെങ്കില്‍ പിന്നെ എന്താണ്‌. അപ്പോള്‍ പിന്നെ കേരളീയരെ പുരോഗമന ജനാധിപത്യ സമൂഹം എന്ന്‌ വിളിക്കുന്നതില്‍ എന്താണ്‌ അര്‍ഥം. അതോ സരിതയും ശാലുമേനോനുമാണോ ഇപ്പോള്‍ പുരോഗമനവും ജനാധിപത്യവും നിശ്ചയിക്കുന്നത്‌.
കേരളത്തിലും ഭരണം ഫാസിസമായി മാറുന്നുവോ? (ജയമോഹനന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക