Image

പത്രാധിപന്മാര്‍ക്കുള്ള കത്ത്‌: ഡി. ബാബുപോള്‍

Published on 09 August, 2013
പത്രാധിപന്മാര്‍ക്കുള്ള കത്ത്‌:  ഡി. ബാബുപോള്‍
`ദൈവം ഭൂമിയെ നോക്കി. അതുവഷളായി എന്ന്‌ കണ്ടു... ഞാന്‍ ഭൂമിയില്‍ നാല്‍പത്‌ രാവും നാല്‍പത്‌ പകലും മഴ പെയ്യിക്കും...' (ബൈബ്‌ള്‍, പഴയനിയമം, ഉല്‍പത്തി പുസ്‌തകം).

ദൈവം മാധ്യമങ്ങളെ നോക്കി. അതുവഷളായി എന്നുകണ്ടു. ഞാന്‍ തോരാത്ത മഴ അയച്ച്‌ മാധ്യമങ്ങള്‍ക്ക്‌ വേറെ വിഷയം നല്‍കും എന്ന്‌ കല്‍പിച്ചു.

ദൃശ്യമാധ്യമങ്ങള്‍ വര്‍ത്തമാനപത്രങ്ങള്‍ക്കും പത്രങ്ങള്‍ ജുഡീഷ്യറി, രാഷ്ട്രീയനേതൃത്വം തുടങ്ങി സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ക്കും അജണ്ട നിശ്ചയിച്ചുകൊടുക്കുന്ന സമ്പ്രദായം വേരുറച്ചുവരുന്നു. ഇത്‌ ഗുണത്തെക്കാളേറെ ദോഷമാണ്‌ ചെയ്യുക എന്ന്‌ വിനയം വിടാതെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

ദൃശ്യമാധ്യമങ്ങള്‍ക്ക്‌ അവര്‍ തിരിച്ചറിയാത്ത രണ്ട്‌ പരിമിതികള്‍ ഉണ്ട്‌. ഒന്നാമത്‌ പൂര്‍വ നിശ്ചിതമായ പൊതുപരസ്യബജറ്റിലെ പങ്ക്‌ വര്‍ധിപ്പിക്കാന്‍ ശ്രമിക്കാതെ വയ്യ. പരസ്യങ്ങള്‍ കിട്ടണമെങ്കില്‍ ജനം അത്‌ കാണുന്നുണ്ട്‌ എന്ന്‌ പരസ്യം നല്‍കുന്ന കമ്പനിക്ക്‌ ബോധ്യം വരണം. അതുകൊണ്ട്‌ യേനകേനപ്രകാരേണ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച്‌ അനുധാവകരാക്കണം. അതിനായി വാര്‍ത്താചാനലുകള്‍ വിനോദചാനലുകള്‍ തുടങ്ങിക്കൊണ്ട്‌ സയാമീസ്‌ ഇരട്ടകളായി മാറുന്നു. ആ ചാനലുകളില്‍ വരുന്ന കഥകളിലൂടെ ദാമ്പത്യജീവിതത്തിലെ അവിശ്വസ്‌തത നാട്ടുനടപ്പാണ്‌ എന്ന്‌ ജനത്തെ ബോധ്യപ്പെടുത്തുന്നു. അക്രമങ്ങള്‍ അത്ര വലിയ അതിക്രമങ്ങളല്ല എന്ന്‌ നമ്മുടെ ഉപബോധമനസ്സുകളെ തെര്യപ്പെടുത്തുന്നു. അതുകൊണ്ടാവശ്യം തീരാഞ്ഞ്‌ വാര്‍ത്തകളെ സ്‌തോഭജനകങ്ങളായി അവതരിപ്പിക്കുന്നു. അവയുടെ പേരില്‍ നടത്തുന്ന ഒമ്പതുമണി ചര്‍ച്ചകളില്‍ പക്ഷപാതപരം എന്ന്‌ നിഷ്‌പക്ഷമതികള്‍ക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാനാവുന്ന നിലപാടുകള്‍ എടുത്ത്‌ വാദിയെ ക്രോസ്‌ ചെയ്യുന്നതില്‍ മള്ളൂര്‍, ടി.എം. വര്‍ഗീസ്‌, കെ.ടി. തോമസ്‌ സീനിയര്‍, അന്നാചാണ്ടി, വൈക്കം നാരായണപിള്ള, ഈശ്വരയ്യര്‍, ടി.വി. പ്രഭാകരന്‍ തുടങ്ങിയവരുടെ വക്കീലാപ്പീസുകള്‍ പൂട്ടിക്കാന്‍ പോന്ന പ്രാഗല്‌ഭ്യം കാണിക്കുന്നു.

ദൃശ്യമാധ്യമങ്ങളുടെ രണ്ടാമത്തെ പരിമിതി ഭൂമിശാസ്‌ത്രവും സാമൂഹികശാസ്‌ത്രവും ആയി ബന്ധപ്പെട്ടിരിക്കുന്നു. മലയാളിയുടെ ജീവിതശൈലിയില്‍ വന്ന മാറ്റമാണ്‌ സാമൂഹികശാസ്‌ത്രഘടകം. പ്രവാസലോകത്തത്തെുന്ന പ്രകാശവീചികളാണ്‌ ഭൂമിശാസ്‌ത്രഘടകം. സൂര്യന്‍ ഒന്നേയുള്ളു. എന്നാല്‍, അത്‌ പല ഇടങ്ങളില്‍ പല നേരങ്ങളില്‍ ഉദിക്കുകയും അസ്‌തമിക്കുകയൂം ചെയ്യുന്നു. രാജ്യത്തൊട്ടാകെ ഒരേ സമയക്രമം ആകയാല്‍ നാം അത്ര ശ്രദ്ധിക്കുന്നില്‌ളെങ്കിലും ഇതെഴുതുന്ന കൊച്ചുവെളുപ്പാന്‍കാലത്തുതന്നെ അരുണാചലില്‍ ഇളംവെയില്‍ കിട്ടിത്തുടങ്ങിക്കാണും; രാജസ്ഥാനില്‍ പ്രഭാതം അകലെയാണ്‌ താനും. എങ്കിലും എല്ലായിടത്തും ഒരേ സമയം ആയിരിക്കും ഘടികാരത്തില്‍. ശരീരത്തിനകത്തെ ഘടികാരവും അതനുസരിച്ച്‌ ക്രമപ്പെട്ടിരിക്കും. വിദേശങ്ങളിലെ അവസ്ഥ അതല്ല. ഇപ്പോള്‍ ഇംഗ്‌ളണ്ടില്‍ പാതിരനേരം. അമേരിക്കയില്‍ മനുഷ്യന്‍ ജോലി കഴിഞ്ഞ്‌ പോകാന്‍ തിരക്കിടുന്ന നേരം. ന്യൂസിലന്‍ഡില്‍ ഉച്ചഭക്ഷണ കാലമായിക്കഴിഞ്ഞു. ഇപ്പറഞ്ഞ ഇടങ്ങളിലൊക്കെ മലയാളികള്‍ ഉണ്ട്‌. അതാണ്‌ കേരളത്തില്‍ മനുഷ്യര്‍ ഉറങ്ങിയാലും മലയാളം ചാനലുകള്‍ക്ക്‌ വിളക്കണക്കാന്‍ കഴിയാത്തത്‌. കുറെയൊക്കെ ആവര്‍ത്തിക്കാം. എങ്കിലും പുതിയ പുതിയ മസാലകള്‍ അനുപേക്ഷണീയമാകുന്നു.

ദൃശ്യമാധ്യമങ്ങളില്‍ `ന്യൂസ്‌' ഇരുപത്തിനാല്‌ മണിക്കൂറും `ബ്രേക്ക്‌' ചെയ്‌തുകൊണ്ടിരിക്കും. മലയാളം ശ്രേഷ്‌ഠഭാഷതന്നെ. എങ്കിലും ന്യൂസ്‌ ബ്രേക്ക്‌ ചെയ്യുകതന്നെ വേണം എന്നാണ്‌ സായിപ്പ്‌ പറഞ്ഞുവെച്ചിട്ടുള്ളത്‌. അവര്‍ ബ്രേക്ക്‌ ചെയ്‌താല്‍ അച്ചടിക്കാര്‍ക്ക്‌ വെപ്രാളമായി. പണ്ടുപണ്ട്‌ പാലക്കാട്ട്‌ ബാലേട്ടന്‍, ജോയി എന്നിങ്ങനെ രണ്ട്‌ പത്രപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ബാലേട്ടന്‍ കേശവമേനോനായില്ല. ജോയി പാലക്കാട്ടെ പ്രാദേശിക മാത്തുക്കുട്ടിച്ചായനായി വളര്‍ന്നു. അതൊക്കെ പില്‍ക്കാലചരിത്രം. 43 കൊല്ലം മുമ്പ്‌ ജോയി ഉശിരുള്ള ലേഖകനായിരുന്നു. ശിവരാമഭാരതിയെ മാത്രമല്ല, സാക്ഷാല്‍ എ.കെ.ജിയെ വരെ വെട്ടിലാക്കുന്ന അഭിമുഖങ്ങള്‍ സൃഷ്ടിക്കും. ബാലേട്ടന്‌ അന്നേ പ്രായം കൂടുതലാണ്‌. അതുകൊണ്ട്‌ ജോയിയെ നിരീക്ഷിക്കാന്‍ ശട്ടംകെട്ടി ബാലേട്ടന്‍. ജോയി എവിടേക്കെങ്കിലും പുറപ്പെട്ടാല്‍ വാര്‍ത്ത ബ്രേക്കിങ്‌ ന്യൂസ്‌ ആയി ബാലേട്ടന്‌ കിട്ടും. പിന്നെ മൂപ്പര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ല. കലക്ടറെയും ഡി.സി.സി പ്രസിഡന്‍റിനെയും സമാനമായി വാര്‍ത്താസ്രോതസ്സുകളാകാവുന്ന എല്ലാവരെയും വിളിക്കും. ജോയി എത്തിയിട്ടുണ്ടോ എന്നാണ്‌ അറിയേണ്ടത്‌. വിഡ്‌ഢിപേടകത്തില്‍ ബ്രേക്കിങ്‌ ന്യൂസ്‌ വന്നാല്‍ അച്ചടിമാധ്യമക്കാര്‍ തോമസ്‌ ജേക്കബ്‌ മുതല്‍ താഴോട്ട്‌ കാമറ സഞ്ചരിക്കട്ടെ ഇപ്പോള്‍ബാലേട്ടന്‍െറ അവസ്ഥയിലാവും.

അപ്പോള്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തികയാതെ വരുന്ന തരം പ്രസാരണങ്ങള്‍ അതിസാധാരണമാവുന്നു. ജോസ്‌ തെറ്റയിലിന്‍െറ കേസ്‌തന്നെ എടുക്കുക. വാര്‍ത്തയായി അവതരിപ്പിച്ച നീലച്ചിത്രത്തിന്‌ സെന്‍സര്‍ബോര്‍ഡ്‌ `യു' നല്‍കുകയില്ല എന്നുറപ്പാണ്‌. അതുപോകട്ടെ, ആ സംഭവത്തിന്‍െറ മൗലികധാര്‍മികത അപ്പാടെ വിസ്‌മരിച്ചിട്ട്‌ പൊതുപ്രവര്‍ത്തകന്‍െറ ധാര്‍മികത എന്ന ചെറിയ അംശം മാത്രം ആണ്‌ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌. വിശ്വാമിത്രന്‌ പോലും അടിതെറ്റിയ മേഖലയാണ്‌. തെറ്റയിലിന്‌ തെറ്റിയോ എന്ന്‌ നമുക്കറിഞ്ഞുകൂടാ. ചിത്രം മോര്‍ഫ്‌ ചെയ്‌തതല്‌ളെങ്കില്‍ തെറ്റി എന്നതാണ്‌ ശരി. എന്നാല്‍, കാമാതുരയായ ഭാര്യ ഷണ്ഡനായ ഭര്‍ത്താവിനെ ആസക്തനാക്കാന്‍ ശ്രമിക്കുന്നത്‌ പോലെയല്‌ളേ ആ രംഗങ്ങള്‍ തെളിയുന്നത്‌? അതിലെന്താണ്‌ ധാര്‍മികത എന്ന്‌ ചോദിക്കാന്‍ മാധ്യമങ്ങളും ഒരു പന്ന്യനും ഉത്സാഹിച്ചുകാണുന്നില്ല. 25 വയസ്സായ മകനെ ബലികൊടുത്ത്‌ തന്‍െറ താല്‍ക്കാലികാഭിനിവേശം സാക്ഷാത്‌കരിക്കാന്‍ ഒരു പിതാവ്‌ ശ്രമിക്കുകയില്ല എന്ന്‌ ആണ്‍മക്കളുള്ള തന്തമാര്‍ക്ക്‌ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇനി പ്‌ളാവില കാട്ടി ആടിനെ അറവുശാലയില്‍ എത്തിക്കുന്ന തരം ചതിയാണ്‌ ആ തന്ത ഉദ്ദേശിച്ചിരുന്നത്‌ എന്ന്‌ വെക്കുക. അതിന്‌ വഴങ്ങിയ സ്‌ത്രീ യൂദായെ വീഴ്‌ത്തിയ താമാറിന്‍െറ ഉദ്ദേശ്യശുദ്ധി പോലും കാണിച്ചില്ല എന്നത്‌ പ്രധാനമല്‌ളേ? യൂദായുടെ കഥ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ബൈബ്‌ള്‍, പഴയനിയമം, ഉല്‍പത്തി പുസ്‌തകം വായിക്കാം അറിയേണ്ടവര്‍ക്ക്‌. യൂദാ ശ്വശുരന്‍, താമാര്‍ സ്‌നുഷ എന്നതാണ്‌ ആ കഥയെ ഇവിടെ പ്രസക്തമാക്കുന്നത്‌. ആലുവയിലെ സ്‌ത്രീക്ക്‌ കോടതിയില്‍ പറയാവുന്ന ഒരു മാതൃകയാണത്‌. അതിരിക്കട്ടെ, സ്‌ത്രീയുടെ ചതി ആയാലും മഹര്‍ഷി ശകുന്തളയെ വളര്‍ത്തിയേ മതിയാകൂ. എന്നാല്‍, നമ്മുടെ ദൃശ്യമാധ്യമങ്ങളെ വേദപാഠക്‌ളാസെടുക്കാന്‍ ആരാണ്‌ ചുമതലപ്പെടുത്തുന്നത്‌? പെരിയാര്‍ റെസിഡന്‍സിക്കടുത്ത്‌ മംഗലപ്പുഴ സെമിനാരിയില്‍ മോറല്‍ തിയോളജി എന്ന വിഷയത്തില്‍ ബിരുദാനന്തരപഠനം നടത്തുന്നവര്‍ക്ക്‌ പഠിക്കാന്‍ പറ്റിയ ഒരു കേസ്‌ സ്റ്റഡി തന്നെ. എന്നാല്‍, അതാണോ ഈ മഴക്കാലത്ത്‌ കേരളത്തിലെ പൊതുസമൂഹത്തിന്‍െറ അജണ്ട ആകേണ്ടിയിരുന്നത്‌? മേഘങ്ങളുടെ സ്‌ഫോടനത്തെ തൃണമൂലാക്കി തെറ്റയിലിന്‍െറ സ്‌ഖലിതത്തിന്‌ പിറകെ വണ്ടിവിടുന്നത്‌ നമ്മുടെ സ്വന്തം മനോരമ ചാനലായാലും (ജോണി ഭ്രാതൃതുല്യനാകയാലാണ്‌ ?നമ്മുടെ? എന്ന്‌ കുറിച്ചത്‌) അതുശരിയായ വഴിയല്ല. ഉമ്മന്‍ചാണ്ടിയുടെ ഓഫിസിലെ കഥ അതിനേക്കാള്‍ വിചിത്രം. അവിടെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറ്റാന്‍ കൊള്ളാത്ത ചിലര്‍ ഉണ്ടായിരുന്നു എന്നതുശരി തന്നെ. എന്നാല്‍, ഇവിടെയും മുഖ്യമന്ത്രി രാജിവെക്കണം എന്നുപറയുന്നതിന്‍െറ കാരണം തിരിയുന്നില്ല. മുഖ്യമന്ത്രിയുടെ ശൈലിയില്‍ മാറ്റം വരണം, ജാഗ്രതൈ എന്ന്‌ പറയാം, ശരി. സരിതയും കൂട്ടാളികളും പറ്റിച്ചു എന്നത്‌ ശരിയാണെങ്കില്‍തന്നെ അതിന്‌ മുഖ്യമന്ത്രി എങ്ങനെ ഉത്തരവാദിയാവും. അദ്ദേഹത്തിന്‍െറ സത്യസന്ധതയും കാര്യക്ഷമതയും രമേശും പിണറായിയും അംഗീകരിക്കുന്നു. വാഴക്ക്‌ താങ്ങായി നാട്ടിയ കമ്പുകള്‍ ഉപയോഗിച്ച്‌ റിപ്പര്‍ ജയില്‍ചാടിയതിന്‌ വാഴ വെച്ചവനാണോ മറുപടി പറയേണ്ടത്‌? യു.എന്‍ പുരസ്‌കാരം നേടി. സംഗതികളൊക്കെ ഒരുവിധം ഭംഗിയായി പോകുന്നു. കോണ്‍ഗ്രസിന്‌ സഹജമായ ഗ്രൂപ്പിസത്തിന്‍െറ ചുടുവാതംകൊണ്ട്‌ നടക്കാന്‍ അല്‍പം ക്‌ളേശം ഉണ്ട്‌ എന്നേ ഉള്ളൂ. അതിന്‍െറ ക്‌ളേശം യഥാസമയം വി.എസിന്‍െറ ചികിത്സകൊണ്ട്‌ വേറൊരു വഴിക്ക്‌ നേരെയാവുന്നുമുണ്ടായിരുന്നു. അപ്പോഴാണ്‌ സരിതയുടെ അവതാരം. മുങ്ങിച്ചാവുന്നതില്‍നിന്ന്‌ രക്ഷ നേടാന്‍ വയ്‌ക്കോല്‍ത്തുരുമ്പും പിടിച്ചുപോകും മനുഷ്യന്‍. അങ്ങനെ ഒരു ഗതികേടൊന്നും മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇല്ല. 2014ല്‍ ഫലം അത്ര മോശമാകാനിടയില്ല. 1214 സീറ്റ്‌ ഉറപ്പല്‌ളേ? 2016ല്‍ പിണറായി ആവും മുഖ്യമന്ത്രി. പിന്നെ ഈ വയ്‌ക്കോല്‍ത്തുരുമ്പ്‌ എന്തിന്‌ എന്നാണ്‌ മനസ്സിലാകാത്തത്‌.

ഈ ലേഖനം തെറ്റയിലിനെയോ സരിതയെയോ ഉമ്മന്‍ചാണ്ടിയെയോ കുറിച്ചല്ല. രണ്ട്‌ ഉദാഹരണങ്ങള്‍ എടുത്തുപറഞ്ഞത്‌ നമ്മുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്ത്വമാണ്‌. മാധ്യമങ്ങളുടെയും തദ്വാരാ രാഷ്ട്രീയകക്ഷികളുടെയും ഈദൃശ കര്‍മങ്ങള്‍ വഴി ലംഘിക്കപ്പെടുന്നത്‌ എന്ന്‌ പറയാനാണ്‌. ആംഗ്‌ളോസാക്‌സന്‍ നിയമത്തിന്‍െറ താക്കോല്‍, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ എന്ന പ്രമാണമാണ്‌. അതായത്‌, കുറ്റം സംശയാതീതമായി തെളിയുന്നതു വരെ ഏത്‌ പ്രതിയെയും നിരപരാധി എന്നാണ്‌ എണ്ണേണ്ടത്‌. ഇവിടെ ഇപ്പോള്‍ നടക്കുന്നതോ? നിരപരാധിത്വം സംശയാതീതമായി തെളിയുന്നതുവരെ ഏത്‌ കുറ്റാരോപിതനെയും ശിക്ഷാര്‍ഹനായി എണ്ണുകയാണ്‌ നാം. നമ്മുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനശിലയാണ്‌ നമ്മുടെ മാധ്യമങ്ങള്‍ പറിച്ചെറിയുന്നത്‌.

ഉത്തരവാദിത്തബോധം കൈമോശം വന്ന നിലയിലാണ്‌ പ്രതിപക്ഷവും. വി.എസ്‌ നവതി അടുത്ത വൃദ്ധനാണ്‌. വി.എസിനെയും ഗൗരിയമ്മയെയും ക്രിസോസ്‌തം തിരുമേനിയെയും ഒന്നും ഈ പ്രായത്തില്‍ കുറ്റപ്പെടുത്തരുത്‌. അവരൊക്കെ പറയുന്നത്‌ പറയട്ടെ. മാധ്യമങ്ങള്‍ ഏറ്റുപിടിക്കാതിരുന്നാല്‍ ജനം ഉചിതമായി പരിഗണിച്ചുകൊള്ളും. കുഴല്‍ കുടഞ്ഞുകളയുന്ന ഏതെങ്കിലും ജീവി അംഗീകരിക്കുമോ വളയാത്ത വാലിനാണ്‌ ഭംഗിയെന്ന്‌. കോടിയേരിയും മറ്റും അങ്ങനെയാണോ? വിഷയം കുറയുമ്പോള്‍ വിഷയംതന്നെ വിഷയം എന്ന സമ്പ്രദായം പക്വതയാര്‍ന്ന രാഷ്ട്രീയനേതൃത്വത്തിന്‌ ഭൂഷണമല്ല. അത്‌ ഏറ്റുപിടിച്ച്‌ വരിക്കാരെ കൂട്ടുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത്‌ ധര്‍മവുമല്ല. ചുരുക്കിപ്പറയാം: മാധ്യമങ്ങള്‍ സ്വകാര്യലാഭത്തിനായി നിയമവ്യവസ്ഥയുടെ നിയാമകതത്ത്വങ്ങള്‍ അട്ടിമറിക്കരുത്‌; രാഷ്ട്രീയനേതൃത്വം താല്‍ക്കാലികലാഭത്തിനു വേണ്ടി അപക്വമായി മുന്‍ഗണനകള്‍ നിശ്ചയിക്കരുത്‌.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക