Image

ദുഃഖം ശരശയ്യയോ?- ഡോ.എന്‍.പി.ഷീല

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 09 August, 2013
ദുഃഖം ശരശയ്യയോ?- ഡോ.എന്‍.പി.ഷീല
ഒരു പഴയ കണക്കുവച്ചുപറഞ്ഞാല്‍ ഈ മഹത്തായ അമേരിക്കാ ഭൂഖണ്ഡത്തില്‍ പലപല കാരണങ്ങലാല്‍ നൈരാശ്യത്തിനിരയായി 'ജീവിതം ഭാരഭൂതം' എന്നു വിലപിക്കുന്നവരുടെ സംഖ്യ അഞ്ചുകോടിയില്‍പരമാണത്രെ! ഇപ്പോഴത്തെ പോക്കുകണ്ടിട്ട് അത് ഇരട്ടിയാകാനാണു സാധ്യത.
ആകുലതകളും വ്യാകുലതകളും മാറ്റാന്‍ ചിലര്‍ കണ്ടെത്തുന്ന കുറുക്കുവഴി മദ്യം, മദിരാക്ഷി, മയക്കുമരുന്ന് ആദിയായവയാണ്. ആത്മഹത്യയും ഒരുപാധിയായി സ്വീകരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇക്കൂട്ടരുടെ എണ്ണം കേരളത്തിലേതിനൊപ്പം വരികയില്ല.

ലോകത്തേയ്ക്കും വലിയ സമ്പന്ന രാഷ്ട്രം! ലോകരാഷ്ട്രങ്ങളുടെ ചുക്കാന്‍ തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഊറ്റംകൊള്ളുന്ന അമേരിക്ക-തേനും പാലും ഒഴുകുന്ന കാനാന്‍ദേശം!
സമ്പത്തിന്റെ മടിത്തട്ടില്‍ ശയിക്കുന്നവരുടെ ഉള്ളില്‍ നൈരാശ്യത്തിന്റെ വിഷസര്‍പ്പമോ? അവിശ്വനീയമെന്നു തോന്നുന്ന പരമാര്‍ത്ഥം! അധികമായാല്‍ അമൃതും വിഷം എന്നു നാം പറയാറില്ലെ?
എല്ലാവിധ സുഖസൗകര്യങ്ങളും യഥേഷ്ടം അനുഭവിക്കാന്‍ സാഹചര്യവും സൗകര്യവും ഒത്തിണങ്ങിയ ഒരിടം.

ആണ്ടാരംഭത്തിലെ പൂക്കളും, ആണ്ടറുതിയിലെ ഫലങ്ങളും, സ്വര്‍ഗ്ഗവും, ഭൂമിയും ഒത്തുചേരുന്നത് ഇവിടെയാണ്, ഇവിടെയാണ് എന്ന് വിശേഷിപ്പിച്ചത് ഈ നാടുകണ്ടപ്പോള്‍ അതിവിടമാണെന്ന് എനിക്കും തോന്നി. പക്ഷേ, കൂടുതല്‍ അറിഞ്ഞറിഞ്ഞ് വരുന്തോറും പല മനസ്സുകളിലും നെരിപ്പോടു കത്തുന്ന അനുഭവം. ഈ ലേഖനത്തിന്റെ സ്രോതസ്സ് അതാണെന്നുകൂടി അറിയിക്കട്ടെ.

ഭാരം ചുമക്കുന്ന ഹൃദയങ്ങള്‍

കാരണങ്ങള്‍ വിഭിന്നമാണെങ്കിലും ദുഃഖത്തിന്റെ നീറിപ്പിടുത്തം എല്ലാവരിലും ഒരുപോലെത്തന്നെ. എക്കാലത്തും, എവിടേയും കണ്ണുനീരിന് ഒരേ ഉപ്പുരസം തന്നെയാണല്ലൊ. വിനോദോപധികളില്‍ മാത്രമേ വ്യത്യാസമുള്ളൂ.

ധനവാനോ ദരിദ്രനോ കൊട്ടാരവാസിയോ കുടില്‍വാസിയോ ആരുമായിക്കൊള്ളട്ടെ, ജീവിതത്തില്‍ ഒരിക്കലെങ്കിലും 'ഹറിക്കെയിന്‍' പിടിച്ചുലയ്ക്കാത്ത ജീവിതങ്ങളില്ല, തിരമാലകള്‍ അലയടിച്ചുയരാത്ത ഹൃദയങ്ങളും ഇല്ലാതിരുന്നിട്ടില്ല.

എന്നാല്‍ താന്താങ്ങളുടെ സംസ്‌കാരത്തിനും, സാഹചര്യത്തിനും, അഭിരുചിക്കും ഒത്തവിധം, ദുഃഖാനുഭവങ്ങളോടു പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്.
ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയതുകണ്ട വല്മീകി മഹര്‍ഷിയുടെ പ്രതികരണം മാനിഷാദയിലൂടെയായിരുന്നുവല്ലൊ.

ചിലര്‍ തങ്ങലുടെ വിഷമം നിശ്ശബ്ദം സഹിക്കുന്നു. ആരോടും പരാതിയോ പരിഭവമോ ഒന്നും പറയുകയില്ല. മറ്റുചിലര്‍ തങ്ങളുടെ ഏകാന്ത നിമിഷങ്ങളില്‍, നിശയുടെ നിശ്ശബ്ദതയില്‍ കണ്ണീര്‍ വാര്‍ക്കുന്നു. നിരാശയുടെ അഗാഥഗര്‍ത്തത്തില്‍നിന്നു കരകയറാനാവാതെ ജീവിതം ഒടുക്കാന്‍ തുനിയുന്നവരും ഏറെ. ദുഃഖത്തിന്റെ കാളരാത്രിക്കുശേഷം സന്തോഷത്തിന്റെ സൂര്യോദയം പ്രത്യാശയോടെ കാത്തിരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവ്.

നമുക്ക് ദുരന്തങ്ങളെ അതിജീവിച്ചു മാതൃക കാട്ടിത്തന്ന ഒരു വീരനായകനുണ്ട്. ബൈബിളിലെ ജോബ്. 'ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും തള്ളിനീക്കി.' ദൈവത്തെ മുറുകെപ്പിടിച്ചുകൊണ്ട് എപ്പോള്‍ പ്രഭാതം പൊട്ടിവിടരുമെന്ന് ചിന്തിച്ച് അസ്വസ്ഥനായി ഉഴലുന്ന ജോബ്. സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നത് “കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല, അഗ്നിസ്ഫുലിംഗങ്ങള്‍ മുകളിലേക്കു പറക്കുന്നതുപോലെ മനുഷ്യന്‍ കഷ്ടതയിലേക്കു പിറന്നു വീഴുന്നു”(ജോബ് 5.7)

ദുഃഖദുരിതങ്ങളുടെ കാണാപ്പുറങ്ങള്‍ കാണാന്‍ താത്പര്യമുള്ളവരും സഹനത്തിന്റെ കൊടുമുടികേറി കൈലാസം പ്രാപിക്കുന്നതെങ്ങനെയെന്നും അറിയേണ്ടവര്‍ സുവിശേഷം തുറന്ന് ജോബിന്റെ പുസ്തകം വായിക്കുവിന്‍! അല്ലെങ്കില്‍ കേള്‍ക്കുവിന്‍! ദുഃഖസഹനത്തിന്റെ വീരേതിഹാസം ചമച്ച് വിജയശ്രീലാളിതനായ ജോബിന്റെ ചരിത്രം ഒരു സാധനാപാഠമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍! മനഃശാന്തി അവര്‍ക്കുള്ളതാകുന്നു.

ദുഃഖത്തിന്റെ രാജവീഥി


സന്തോഷ-സന്താപങ്ങള്‍ ഓരോ നാണയത്തിന്റെ ഇരുവശങ്ങളാണ്. സന്തോഷം തരുന്ന ഈശ്വരന്‍തന്നെയല്ലെ സന്താപവും അയയ്ക്കുന്നത്? സമചിത്തതയോടെ ഇവ കൈനീട്ടി സ്വീകരിക്കയാണ് അഭികാമ്യം. ക്രിസ്തു പറയുന്നത് ഇപ്രകാരമാണ്:

“നിന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരിക, ഞാന്‍ നിന്നെ ആശ്വസിപ്പിക്കാം.” ദൈവത്തിലുള്ള ആശ്രയബോധവും വിശ്വാസവും സഹനത്തിനു നമ്മെ സജ്ജരാക്കുന്നു. സന്തോഷത്തോടെ കുരിശു ചുമക്കാന്‍ നാം സന്നദ്ധരാകുന്നു. ജീവിതസമരത്തില്‍ പ്രതിലോമശക്തികളെ നേരിടാനും അതിജീവിക്കാനും ആസ്തിക്യബോധം അനിവാര്യമാണ്. ഇല്ലെങ്കിലാണ് ലഹരിവസ്തുക്കളുടെ നേരെയും സ്ലീപ്പിങ്ങ്പില്‍സിന്റെ നേരെയും, തോക്കിന്റേയും ടിക്ട്വന്റിയുടെ നേരെയും ഒരു മുഴം കയറിനുനേരേയും നമ്മുടെ കൈകള്‍ നീളുന്നത്. ദുഃഖസഹനത്തിന്റെ അന്ത്യം ശുഭപര്യവസായിയായിരിക്കുമെന്ന പ്രത്യാശ നല്‍കുന്നത് ഈ ആസ്തിക്യബോധമാണ്.
ദാരിദ്ര്യം, മാറാരോഗം, അവഗണന, അപവാദത്തിനിരയാകുക, വിവാഹമോചനം, ശിഥിലമായ ബന്ധങ്ങള്‍, വഞ്ചിക്കപ്പെടുക, കുറ്റബോധം, പ്രിയപ്പെട്ടവരുടെ വേര്‍പാട്- എന്നിങ്ങനെ നമ്മുടെ മനഃശാന്തി തകര്‍ക്കുന്ന നൂറായിരം കാരണങ്ങളുണ്ട്. ഒരോന്നും തലനാരിഴകീറ പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും.

എല്ലാ പ്രശ്‌നങ്ങളേയും രണ്ട് കള്ളികളിലായി തരംതിരിക്കാം. പരിഹാരമുള്ളവ-പരിഹാരമില്ലാത്തവ എന്നിങ്ങനെ.

അപ്പോള്‍ നാം ചെയ്യേണ്ടതെന്താണ്? പരിഹാരമുള്ളവയ്ക്ക് സ്വയം അല്ലെങ്കില്‍ വിവേകമതികളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുക. പരിഹാരമേ ഇല്ലാത്തവയെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ അവഗണിക്കുക. മറക്കുകയാണ് അത്യുത്തമം.

ദുഃഖത്തിന്റെ ചൂളയില്‍

നാനാവഴിക്കുനിന്നും ദുരിതങ്ങള്‍ വന്നടുത്ത് നമ്മെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം നാം ആര്‍ജ്ജിക്കുന്നു. അതു നമ്മെ കൂടുതല്‍ സഹിഷ്ണുതയുള്ളവരും സൗമ്യശീലരുമാക്കുന്നു. ദുഃഖം ഏറ്റവും വലിയ ഗുരുവാണെന്ന് അഭിജ്ഞമതം. അനുഭവവും അതു സ്ഥിരീകരിക്കുന്നു. ഹൃദയം കൂടുതല്‍ കൂടുതല്‍ സാത്വികശോഭനേടുന്നു. അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്വര്‍ണ്ണംപോലെ. കവി വചനം നോക്കുക-

'ഉരുക്കിടുന്നു മിഴിനീരിലിട്ടു
മുക്കുന്നു മുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍.'

സ്വന്തം പീഡാനുഭവത്തിന്റെ ചൂളയില്‍നിന്ന് ഉരുത്തിരിഞ്ഞ വരികള്‍! അനുഭവത്തിന്റെ വേവും ചൂടും പ്രസരിക്കുന്നവ. പക്ഷെ, ഒന്നോര്‍മ്മിക്കണം; മിഴിനീരില്‍ക്കിടന്ന് ഉരുകുകയും വേവുകയുമൊക്കെ ചെയ്യുമ്പോള്‍ ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണ് ഓരോന്നും നടക്കുന്നതെന്ന ബോധമുണ്ടാകണം. 'എല്ലാം നന്മയ്ക്ക്' അല്ലെങ്കില്‍ 'ദൈവത്തിനു തെറ്റുപറ്റുകയില്ല' എന്ന വിചാരം ദുഃഖസഹനത്തിനുള്ള ഒറ്റമൂലിയാണ്. ലോക ഗുരുക്കന്മാരെല്ലാവരും, ലോകംകണ്ട മഹാന്മാരെല്ലാവരും തന്നെ ദുഃഖത്തിന്റെ രാജവീഥിയിലൂടെ നടന്ന് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണെന്ന കാര്യം മറക്കണ്ട.

സങ്കല്പദുഃഖം
ഉള്ള ദുഃഖം പോരാഞ്ഞിട്ട് നാം ഓരോന്നോരോന്ന് സങ്കല്‍പ്പിച്ചു ദുഃഖിക്കുകയും ചെയ്യുന്നു. ഒരുപക്ഷെ, അവ ഒരിക്കലും സംഭവിക്കാത്തവയായിരിക്കാം.

ഒരിക്കല്‍ ഞാന്‍ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ എന്റെ അടുത്ത ബഡ്ഡില്‍ കിടന്നിരുന്ന സൂസി ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് എഴുന്നേറ്റിരിക്കുന്നു. രാത്രി രണ്ടുമണി കഴിഞ്ഞ സമയം, വൈകി ഉറങ്ങാന്‍ കിടക്കുന്ന ഞാന്‍ ഉറക്കം പിടിച്ച് വരുന്നതേയുള്ളൂ. ഉറക്കം കളഞ്ഞ ദേഷ്യം ഉള്ളിലൊതുക്കി ഞാന്‍ കാര്യം തിരക്കി. കക്ഷിയിരുന്ന് ഏങ്ങലിടിക്കുകയാണ്. അപ്പോഴേക്കും ശബ്ദംകേട്ട് നാലഞ്ചുപേര്‍കൂടി വന്ന് കട്ടിലിനു ചുറ്റും നിന്നു; രാത്രി വേഷത്തില്‍ത്തന്നെ വാര്‍ഡന്‍സിസ്റ്ററും വന്നു. കുറച്ചുനേരം എന്തുപറ്റി, എന്താ ഉണ്ടായത്? എന്നെല്ലാമുള്ള ഞങ്ങളുടെ മുട്ടിക്കൂടിയുള്ള ചോദ്യങ്ങള്‍ക്ക് ഗത്യന്തരമില്ലാതെ സൂസി മറുപടി പറഞ്ഞു.

'ഞാന്‍ സ്വപ്നം കണ്ടതാണ്. സ്‌ക്കൂളില്‍പോയ എന്റെ കുട്ടി ബസ്സിടിച്ചു മരിക്കുന്നതു ഞാന്‍ കണ്ടു.'
സൂസി കല്യാണം കഴിച്ചിട്ടില്ല. പ്രസവിച്ചിട്ടില്ല. കുട്ടിയുമില്ല.(കല്യാണം കഴിക്കാതെയും മക്കളുണ്ടാവാം. അക്കളണ്ടാവാന്‍ കല്യാണം നിര്‍ബന്ധമല്ലല്ലോ)
എല്ലാവരുംകൂടി അട്ടഹസിച്ചു ചിരിച്ചു. സൂസി നാണിച്ചു തലകുനിച്ചിരുന്നു. സിസ്റ്റര്‍ 'Great Silence' നിയമം ലംഘിച്ചതിനു ശുണ്ഠിയെടുത്തു 'nonsence'എന്നു പറഞ്ഞു പോയി, ചിലപ്പോള്‍ വഴിയില്‍വച്ച് ഭര്‍ത്താവും കുട്ടികളുമായി വരുന്ന സൂസിയെ കാണുമ്പോള്‍ സൂസിയുടെ 'സ്വപ്നദുരന്തം' ഞാന്‍ ഓര്‍ക്കാറുണ്ട്.

വെള്ളപ്പൊക്ക സമയത്ത് പെരിയാര്‍ കരകവിഞ്ഞൊഴുകും. നദിയില്‍ ഭയങ്കര ഒഴുക്കും ചുഴികളും മലരികളുമൊക്കെയുണ്ടാകാറുണ്ട്. അക്കരെയിക്കരെ വഞ്ചിയില്‍ പുഴ കടക്കുന്നത് പലപ്പോഴും ഭയന്നു വിറച്ചാണ്. പക്ഷെ, നിത്യത്തൊഴിലഭ്യാസം എന്ന മട്ടില്‍ ആയാസരഹിതമായിട്ടാണ് തോണിക്കാരന്‍ കഴുക്കോല്‍ ഊന്നുന്നതും, കഴുക്കോല്‍ എത്താത്തിടങ്ങളില്‍ തുഴയുന്നതും. എന്നാല്‍ വെള്ളപ്പൊക്കം വരുന്നതിനുമുമ്പുതന്നെ പുഴകടക്കുന്നതോര്‍ത്ത് പലരും പേടിച്ചരളാന്‍ തുടങ്ങും. വഞ്ചിക്കാരനോ? സുഖസുഷുപ്തിയിലും! ഈക്കാര്യം പറഞ്ഞപ്പോള്‍ വേറൊരു സംഭവം വായിച്ചതോര്‍ക്കുന്നു.
ഒരിക്കല്‍ എബ്രഹാംലിങ്കണും(അമേരിക്കന്‍ പ്രസിഡന്റാകുന്നതിനു മുമ്പ്) കൂട്ടുകാരനും FOX നദി കടന്ന് ഒരു ചെറിയ പട്ടണത്തിലേക്കു പോകേണ്ടിയിരുന്നു. കര്‍ത്തുപെയ്യുന്ന മഴയും, ചീറിയടിക്കുന്ന കാറ്റും. അവര്‍ വഴിയില്‍ നദികടന്നുവന്ന ഒരാളോടു ചോദിച്ചു.

'നദികടക്കാന്‍ താങ്കള്‍ക്കു പേടിയായില്ലേ?' ങ്ഹാ! അതാണോ കാര്യം? ഞാന്‍ അതിനൊരു രഹസ്യം കണ്ടുപിടുച്ചിട്ടുണ്ട്. ഞാന്‍ നദിയുടെ കരയിലെത്തുന്നതിനുമുമ്പ് ഒരിക്കലും അക്കരെ കടക്കാന്‍ ശ്രമിച്ചിട്ടില്ല.' ഇതു പറഞ്ഞ് അവര്‍ക്കൊരു Good -night കൂടി ആശംസിച്ചുകൊണ്ട് സരസനായ ആ പഥികന്‍ കടന്നുപോയി.

പ്രതിസന്ധികളെ നേരിടുകയല്ലാതെ മുന്‍കൂട്ടി ചിന്തിച്ചു ഭയപ്പെടുന്നത് ആനമണ്ടത്തരമാണെന്ന് ആ പഥികന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പക്ഷെ നമ്മിലധികംപേരും ഒരിക്കും അക്കരെ കടക്കേണ്ടാത്ത പുഴയേയും അതില്‍ പതിയിരിക്കുന്ന അപകടത്തേയും കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പമ്പരവിഡ്ഢികളാണ്.
പ്രശസ്തനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ തോമസ് കാര്‍ലൈലിനെക്കുറിച്ചും ഒരു കഥ കേട്ടിട്ടുണ്ട്. തന്റെ എഴുത്തുമുറി അദ്ദേഹം 'സൗണ്ട് പ്രൂഫാക്കി' ചിട്ടപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ അയല്‍വക്കത്തെ പൂവന്‍കോഴി നേരംവെളുക്കാറായെന്ന് അറിയിക്കുന്ന കൂവല്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഒടുവില്‍ അയല്‍ക്കാരനോട് ഇതേക്കുറിച്ച് പരാതിപറഞ്ഞു.
'ഓ, ഇത്രേയുള്ളോ, നോക്കൂ മിസ്റ്റര്‍ കാര്‍ലൈല്‍, എന്റെ കോഴി വെളുക്കാറാവുമ്പോള്‍ വെറും മൂന്നേ മൂന്നു പ്രാവശ്യമേ കൂവുകയുള്ളൂ. അത് അത്ര വലിയൊരു ശല്യമായി എനിക്കു തോന്നിയിട്ടില്ല'
അയല്‍ക്കാരന്റെ മറുപടികേട്ട് കാര്‍ലൈല്‍ പ്രതിവചിച്ചു.

'കാര്യം ശരി; വെറും മൂന്നുപ്രാവശ്യത്തെ ആ കൂവലിനുവേണ്ടി ഞാന്‍ എത്ര മണിക്കൂറുകളാണു കാത്തിരിക്കുന്നതെന്നു താങ്കള്‍ക്കറിയാമോ?' എങ്ങനെയുണ്ട്?

അതിരുകടന്ന ആകാംക്ഷ-
നമ്മുടെ മനഃസമാധാനവും ആരോഗ്യവും വിലയേറിയ സമയവും അപഹരിക്കുന്ന എറ്റവും വലിയ 'വില്ലന്‍' ഈ ആകാംക്ഷയാണ്.

ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ നമ്മുടെ ജീവനുതന്നെ ഭീക്ഷണിയാണ്. ഒരു മനഃശാസ്ത്രജ്ഞന്റെ നിഗമനം നല്ലൊരു ശതമാനംപേരുടെയും മരണത്തിനു കാരണം ഇതാണെന്നാണ്. അതിരുകടന്ന ഉല്‍ക്കണ്ഠയും ദുഃഖവും ആമാശയവ്യവസ്ഥയെത്തന്നെ താറുമാറാക്കുന്നുവെന്നും ഇത് കുടലില്‍ അള്‍സര്‍ ഉണ്ടാക്കുന്നുവെന്നും വൈറ്റിലയിലെ 'ലേക്ഷോര്‍' ആശുപത്രിയിലെ ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിന്‍ പറയുകയുണ്ടായി. ഉല്‍ക്കണ്ഠ ഹൃദയത്തെ തിരുന്മേഷമാക്കുകയും ആരോഗ്യം നശിപ്പിക്കുകയും അതുവഴി അകാലത്തില്‍ മരിക്കാനിടയാകയും ചെയ്യുന്നു.

സൂക്ഷ്മം ആലോചിച്ചാല്‍ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം വെറും പൊള്ളയാണെന്നുള്ളതിന്റെ സുനിശ്ചിത ചിഹ്നമാണ് നിരാശയും സങ്കടവുമെല്ലാം. വിശ്വാസം പാറപോലെ ഉറച്ചതാണെങ്കില്‍ ദുഃഖത്തിന്റെ മുഖത്തേക്കു നിര്‍ന്നിമേഷം നോക്കാനുള്ള ധൈര്യം നമുക്കു ലഭിക്കും. നമ്മുടെ നേരേ കുരച്ചുകൊണ്ടു ചാടുന്ന പട്ടിയെ പേടിച്ചോടാതെ തിരിഞ്ഞുനിന്ന് ധൈര്യപൂര്‍വ്വം അതിനെ സൂക്ഷിച്ചൊന്നു നോക്കിയാല്‍ പട്ടി വാലും താഴ്ത്തി തിരിഞ്ഞോടുന്നതു കാണാം. വ്യക്തിജീവിതത്തില്‍ സമൂഹം അന്യായമായി കൈകടത്തിയാലും ഈ നയം സ്വീകരിക്കാവുന്നതാണ്. ഇതും ജിജ്ഞാസുക്കള്‍ക്ക് പരീക്ഷിച്ചറിയാവുന്നതേയുള്ളൂ.

ദൈവത്തിനു തെറ്റു പറ്റുകയില്ല.

നമ്മെ ഭൂമിയിലേക്കയച്ചപ്പോള്‍ സ്രഷ്ടാവ് നമ്മുടെ തലയില്‍ വിവേകത്തിന്റെ ഒരു ടോര്‍ച്ചുകൂടി ഘടിപ്പിച്ചാണു വിട്ടത്. ചിലര്‍ ഒരിക്കല്‍പോലും ഇതൊന്നു തെളിച്ചുനോക്കാന്‍ മെനക്കെടുകയില്ല. മണ്ടത്തരങ്ങളില്‍ച്ചെന്നു ചാടുകയും അതെചൊല്ലി പിന്നീട് കാലംമുട്ടെ വിഷമിച്ചു കരയുകയും ചെയ്യും. ഇത്തരം സ്വയംകൃതാനര്‍ത്ഥങ്ങള്‍ വിവേകമെന്ന ടോര്‍ച്ചുതെളിച്ചാല്‍ ഒഴിവാക്കാന്‍ കഴിയും. ഇതെഴുതുന്നയാളും ഇങ്ങനെ പലേ മണ്ടത്തരങ്ങളില്‍ ചെന്നു ചാടിയിട്ടുണ്ട്. 'അന്യനു ജാമ്യം നില്‍ക്കുന്നവര്‍ ദുഃഖിക്കേണ്ടിവരും' എന്ന സുഭാഷിതകാരന്റെ ഉപദേശം അറിയുന്നതിനുമുമ്പ് ജാമ്യക്കെടുതിയില്‍ പലപ്പോഴും നിപതിച്ചിട്ടുണ്ട്. കൈകൊണ്ട് ഒരിക്കലും തൊടാത്ത പണത്തിന് മുതലും പലിശയും വര്‍ഷങ്ങളോളം അടച്ചുതീര്‍ക്കേണ്ട ഗതികേട്! ഇത്തരം സ്വയംകൃതാനര്‍ത്ഥങ്ങള്‍ ഞാന്‍ സഹിക്കാവുന്നതാക്കി മാറ്റുന്നത് അതിലും വലിയ തീരാനഷ്ടങ്ങളേക്കുറിച്ചോര്‍മ്മിച്ചാണ്; പ്രിയപ്പെട്ടവരുടെ അകാലനിര്യാണവും മറ്റും ധനനഷ്ടത്തേക്കുറിച്ചുള്ള ചിന്ത താരതമ്യേന ലഘുവാക്കുന്നു.

എന്നാല്‍ മരണം പോലെയുള്ള നഷ്ടത്തില്‍ ഇതു വിധിയുടെ ക്രൂരവിനോദം എന്നൊക്കെ പറഞ്ഞു വിധിയെ പഴിക്കേണ്ടതില്ല. ആ നഷ്ടത്തില്‍ ദുഃഖിക്കരുതെന്നും അനര്‍ത്ഥമില്ല; ദുഃഖം ഏതായാലും അത് നമ്മെ തളര്‍ത്താന്‍ അനുവദിക്കരുത്; എല്ലാ ദുഃഖങ്ങളും വളര്‍ത്തയ്ക്ക് ഉപയുക്തമാക്കണം. ദൈവത്തിന് 'തെറ്റുപറ്റുകയില്ല' എന്ന് ദൃഢമായി വിശ്വസിച്ച് ടെന്‍ഷന്‍ ഒഴിവാക്കാകുക. ഇത്രയുംകൂടി ഓര്‍ക്കുക:

ഭൂതകാലത്തിന്റെ ശവവും പേറി വര്‍ത്തമാനകാലത്തിലേക്കു കടന്നാല്‍ ഏതു വമ്പനും മൂക്കുകുത്തും; ആകയാല്‍ ലളിതമായ ഒരു പ്രതിവിധി, അന്നന്നുള്ള പ്രശ്‌നങ്ങളും പ്രയാസങ്ങളും മതിയെന്ന് വയ്ക്കുക. Duty oriented ആയിരിക്കുക. സുഖം, സ്വസ്ഥം! പിന്നെ കുറെ കൂടി ക്‌ളേശകരമായ ഒന്നുണ്ട്-

“ദുഃമോചനത്തിനായി ഉഴറും മുഗ്ദാത്മാവേ!/ സ്‌നേഹിക്കാന്‍ പഠിച്ചാലും!”
ശുഭമസ്തു!


Join WhatsApp News
KRISHNA 2013-08-09 19:48:13
വളരെ നല്ല ലേഖനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക