Image

സംഗീതവസന്തം ഇനി ശ്രീരഞ്‌ജിനിയിലൂടെ....

അനില്‍ പെണ്ണുക്കര Published on 09 August, 2013
സംഗീതവസന്തം ഇനി ശ്രീരഞ്‌ജിനിയിലൂടെ....
സംഗീതം അറിയാവുന്ന ആരും ദൈവത്തിന്‌ തുല്യരാണ്‌. അവര്‍ മനോജ്ഞങ്ങളായ ധ്വനികളാല്‍ ഏതു ഹൃദയത്തേയും വെണ്ണപോലെ അലിയിക്കുന്നു. ആ നാമം അനശ്വര-പ്രകൃതി സ്‌മരണകളെ തട്ടിയുണര്‍ത്തുന്നു. മലയാണ്മയ്‌ക്ക്‌ ഒരു പുതിയ സംഗീതജ്ഞയെ ലഭിച്ചിരിക്കുന്നു. ശ്രീരഞ്‌ജിനി കോടമ്പള്ളി.

യുവ ഗായികമാരില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ അകക്കാമ്പോടുകൂടി സംഗീതരംഗത്ത്‌ ചുവടുറപ്പിക്കുകയാണ്‌ ഈ അനുഗ്രഹീത ഗായിക. വേറിട്ട ശബ്‌ദം, പ്രതിഭാധന, പുതിയ ഗായികമാരുടെ ഗര്‍വ്വോ, പാണ്‌ഡിത്യ തലക്കനമോ ഇല്ലാതെ സംഗീതത്തെ മാത്രം ഉപാസിച്ച്‌ വളര്‍ന്നുവരുന്ന ഈ കലാകാരിക്ക്‌ സംഗീതം ജന്മനാ കൂടെയുണ്ട്‌. മുത്തച്ഛന്‍, അച്ഛന്‍, അമ്മ, ചെറിയച്ഛന്‍, സഹോദരന്‍ എല്ലാവരും സംഗീതജ്ഞര്‍. ഇതില്‍പ്പരം മറ്റെന്ത്‌ ഭാഗ്യം വേണം കൂട്ടിന്‌?

സ്‌കൂള്‍-കോളജ്‌ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ യുവ പ്രതിഭ എം.എ മ്യൂസിക്കില്‍ ഒന്നാം റാങ്കോടെ പാസായി. കേരളാ യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ ചെയ്‌തു. ഇപ്പോള്‍ സംഗീതത്തില്‍ റിസര്‍ച്ച്‌ ചെയ്യുന്നു.

ശ്രീരഞ്‌ജിനിയുടെ മുത്തച്ഛന്‍ കോടമ്പള്ളി ഗോപാലപിള്ള പ്രശസ്‌തനായ സംഗീതജ്ഞനാണ്‌. ദക്ഷിണാമൂര്‍ത്തിയുടെ സമകാലികനും. അദ്ദേഹത്തോടൊപ്പം സംഗീതസദസ്സുകളും നടത്തിയിട്ടുണ്ട്‌. മഹത്തായ പാരമ്പര്യസിദ്ധിയോടെ ഈ രംഗത്തേക്ക്‌ വന്ന ഈ യുവ ഗായിക ഷാജി എം. കരുണിന്റെ `സോപാനം' എന്ന സിനിമയില്‍ ശ്രീവത്സന്‍മേനോന്റെ സംഗീതത്തില്‍ ഒരു അഷ്‌ടപദി പാടി സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്ന ഈ ഗായികയുടെ `നിദ്ര' എന്ന സംഗീത ആല്‍ബം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

മുത്തച്ഛന്റെ കീഴില്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയ ശ്രീരഞ്‌ജിനിക്ക്‌ നിരവധി ഗുരുക്കന്മാരുടെ ശിക്ഷണം ലഭിച്ചിട്ടുണ്ട്‌. 2009-ല്‍ കേരളാ ഗവണ്‍മെന്റിന്റെ യുവ സംഗീതപ്രതിഭയ്‌ക്കുള്ള ചെമ്പൈ പുരസ്‌കാരം ഉള്‍പ്പടെ ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളാണ്‌ ഈ കലാകാരിയെ തേടിയെത്തിയിട്ടുള്ളത്‌. യൂണിവേഴ്‌സിറ്റി തലത്തില്‍ തുടര്‍ച്ചയായി നാലു തവണയാണ്‌ ശാസ്‌ത്രീയസംഗീതത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്‌.

കേരളത്തിനകത്തും പുറത്തും ഇരുനൂറിലധികം വേദികളില്‍ കച്ചേരി അവതരിപ്പിച്ച ശ്രീരഞ്‌ജിനി നിരവധി ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്‌.

സംഗീതം എന്നത്‌ ഹൃദയാര്‍ജ്ജവങ്ങളായ ധ്വിനികളെ അടിസ്ഥാനമാക്കിയുള്ള ലളിതകലയാകുന്നു. കര്‍ണ്ണകഠോരമല്ലാത്ത സല്‍ധ്വനികള്‍കൊണ്ട്‌ ഹൃദയത്തില്‍ ഉത്‌കൃഷ്‌ടവിചാരങ്ങളുണര്‍ത്തി ആനന്ദം ഉളവാക്കുകയാണ്‌ സംഗീതത്തിന്റെ ലക്ഷ്യമെന്ന്‌ ശ്രീരഞ്‌ജിനി പറയുന്നു. ജീവനുള്ള സകലതിനേയും രസിപ്പിക്കാനുള്ള ശക്തി സംഗീതത്തിനോളം മറ്റൊന്നിനില്ല.

ചികിത്സയ്‌ക്കായി, മനസുഖത്തിനായി സംഗീതം ഉപയോഗിക്കുന്നു. പ്രകൃതിയുടെ താളക്രമങ്ങളെ സ്വാധീനിപ്പിക്കുവാന്‍ സംഗീതത്തിനാകുന്നു.

സംഗീതംകൊണ്ട്‌ ദീപം തെളിയിച്ചവരും മഴപെയ്യിച്ചവരും ഉണ്ട്‌. ഇങ്ങനെയുള്ള സവിശേഷതകളെ പരിഗണിച്ചാണ്‌ സംഗീതത്തെ പരംപ്രസന്നമായ ഒരു കലയായി നാം ആദരിക്കുന്നത്‌. ഗന്ധര്‍വ്വം എന്ന പേരില്‍ ഒരു ഉപവേദമായി സ്വീകരിച്ചിട്ടുള്ളതും.

ഒരു ജനതയുടെ സംസ്‌കാരത്തിന്റെ മാറ്റ്‌ കണക്കാക്കുന്നതില്‍ ഉത്‌കൃഷ്‌ടമായ സംഗീതത്തിന്‌ സ്ഥാനമുണ്ട്‌. അവരുടെ സംഗീതത്തിന്റെ മേന്മ എത്രമാത്രം ഉയര്‍ന്നതാണോ അത്രയ്‌ക്ക്‌ ഉയര്‍ന്നതാവും അവരുടെ സംസ്‌കാരവും. സംഗീതാസ്വാദനം ഏകാഗ്രമായ ഒന്നാണെന്നും ആ ഏകാഗ്രത ഹൃദയത്തെ നിര്‍മ്മലമാക്കുന്നുവെന്നും ശ്രീരഞ്‌ജിനി പറയുമ്പോള്‍ ഹൃദയനൈര്‍മല്യം മോക്ഷത്തിനുള്ള വഴിയാണെന്ന്‌ ഈ കലാകാരി തന്റെ വാക്കിലും നോക്കിലും പാട്ടിലും തെളിയിക്കുന്നു.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ്‌ ശ്രീരഞ്‌ജിനിയുടെ തറവാടെങ്കിലും മലപ്പുറത്താണ്‌ കുടുംബാംഗങ്ങള്‍ താമസിക്കുന്നത്‌. ഇപ്പോള്‍ വിവാഹശേഷം ബാംഗ്ലൂരില്‍ ഭര്‍ത്താവ്‌ പ്രദീപുമായി താമസമാക്കിയെങ്കിലും കേരളത്തിലേയും ബാംഗ്ലൂരിലേയും സംഗീതസദസുകളിലെ സ്ഥിരം സാന്നിധ്യമാണ്‌ ശ്രീരഞ്‌ജിനി.

റിയാലിറ്റി ഷോകളും, റീമിക്‌സ്‌ ഗാനങ്ങളും ഒരു പരിധിവരെ മാത്രമേ ഗായകര്‍ക്ക്‌ ഗുണം ചെയ്യുന്നുള്ളുവെന്നും ഇത്തരം ഷോകള്‍ പലപ്പോഴും പരിധി വിടുന്നു എന്ന അഭിപ്രായവും ഈ ഗായികയ്‌ക്കുണ്ട്‌. ശാസ്‌ത്രീയമായ അടിത്തറയുള്ള ഗായകര്‍ക്ക്‌ ഏതു തരത്തിലുള്ള ഗാനങ്ങളും വഴങ്ങും. ശാസ്‌ത്രീയമായ അടിത്തറയുടെ ശക്തി പക്ഷെ, യുവ ഗായികാ-ഗായകര്‍ തിരിച്ചറിയുന്നില്ല. കാരണം സിനിമയില്‍ പാടുക എന്ന ഒരു ലക്ഷ്യം മാത്രമെ പലര്‍ക്കും ഉള്ളൂ. സിനിമയില്‍ പാടി പ്രശസ്‌തിയിലേക്കെത്തുന്നവര്‍ക്ക്‌ ലഭിക്കുന്ന പരിഗണനപോലും വര്‍ഷങ്ങളായി ശാസ്‌ത്രീയ സംഗീത രംഗത്തുള്ളവര്‍ക്ക്‌ ലഭിക്കുന്നില്ല എന്ന പരാതിയും ശ്രീരഞ്‌ജിനിക്കുണ്ട്‌.

വീണാവദനതത്ത്വജ്ഞ:
ശ്രുതിജാതി വിശാദ
താളജ്ഞ ശ്വാപ്രയാസേന
മോക്ഷമാര്‍ഗ്ഗം നിയച്യുതി-
എന്നത്‌
സംഗീതത്തിന്റെ പ്രാധാന്യവും വിശുദ്ധിയും തിരിച്ചറിയുന്നവര്‍ക്ക്‌ മനസിലാകുമെന്ന്‌ ശ്രീരഞ്‌ജിനിയുടെ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
സംഗീതവസന്തം ഇനി ശ്രീരഞ്‌ജിനിയിലൂടെ....സംഗീതവസന്തം ഇനി ശ്രീരഞ്‌ജിനിയിലൂടെ....സംഗീതവസന്തം ഇനി ശ്രീരഞ്‌ജിനിയിലൂടെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക