Image

മുങ്ങിമരിച്ച ബിബി സക്കറിയയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

റോയി മണ്ണൂര്‍ Published on 30 May, 2011
മുങ്ങിമരിച്ച ബിബി സക്കറിയയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഫീനിക്‌സ്: അരിസോണയില്‍ വീടിനു പിന്നിലുള്ള നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച ബിബി സക്കറിയയുടെ (37) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബിബിയുടെ ഭര്‍ത്താവ് ജോര്‍ജ് ചാക്കോയും (പോളി) ഏകമകനും ബന്ധുക്കളും നാട്ടിലേക്ക് തിരിച്ചു. സംസ്‌കാരം അടുത്തയാഴ്ച ചെങ്ങന്നൂരിനടുത്തുള്ള ആറാട്ടുപുഴ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും.

26-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 8.30 വരെ ഫീനിക്‌സിലെ ഗ്രീന്‍ എക്കേഴ്‌സ് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനയിലും അനുശോചന യോഗത്തിലും ജാതി-മത വ്യാത്യാസമെന്യേ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ഫീനിക്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ ഫാ. ശ്ശോമോ ഐസക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ശുശ്രൂഷകളില്‍ റവ.ഫാ. സജി മര്‍ക്കോസ് (യാക്കോബായ ചര്‍ച്ച്), ഫാ. മാത്യു മുഞ്ഞനാട്ട് (സീറോ മലബാര്‍), റവ. ജോര്‍ജ് ഉമ്മന്‍ (സി.എസ്.ഐ), പാസ്റ്റര്‍ തോമസ് ശാമുവേല്‍ (ബഥേല്‍ ഐ.പി.സി), പാസ്റ്റര്‍ മാത്യു തോമസ് (ഇന്റര്‍നാഷണല്‍ അസംബ്ലി), അലക്‌സ് കോലോത്ത് (മാര്‍ത്തോമാ ചര്‍ച്ച്) തുടങ്ങിയവര്‍ സഹോദര സഭകളെ പ്രതിനിധീകരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് അരിസോണയെ പ്രതിനിധീകരിച്ച് പോള്‍ പുളിക്കന്‍ (പ്രസിഡന്റ്), ഫീനിക്‌സ് ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ നഴ്‌സിംഗ് ഡയറക്ടര്‍ ലിന്‍ഡാ എന്നിവരും, കൂടാതെ ഫീനിക്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സെക്രട്ടറി ബിനു തങ്കച്ചന്‍, മാര്‍ത്തമറിയം സമാജത്തെ പ്രതിനിധീകരിച്ച് ദീനമ്മ ജോയി, യുവജന പ്രതിനിധി രേണു ജോണ്‍സണ്‍, സണ്‍ഡേ സ്‌കൂള്‍ പ്രതിനിധി ജമിനി ജോണ്‍, ബെന്‍സണ്‍ തോമസ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

കൂടാതെ ഫീനിക്‌സില്‍ വന്ന് പങ്കെടുക്കാന്‍ കഴിയാതെവന്ന ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി, ഭദ്രാസന സെക്രട്ടറി ഫാ. തമ്പാന്‍ വര്‍ഗീസ്, സാന്‍ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുസ്മിതാ തോമസും കുടുംബവും, പാസ്റ്റര്‍ റോയി ചെറിയാന്‍ എന്നിവരും അനുശോചന സന്ദേശം അറിയിച്ചു.

ബിബിയുടെ അപകടം നടന്നതുമുതല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്ത സഹോദര സഭകളിലെ അംഗങ്ങളോടും, പ്രത്യേകിച്ച് അരിസോണയിലെ മലയാളി സമൂഹത്തോടുമുള്ള പ്രത്യേക നന്ദിയും സ്‌നേഹവും അറിയിക്കുന്നതായി ഫീനിക്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കുവേണ്ടി ഫാ. ശ്ശോമോ ജോര്‍ജ് അറിയിച്ചു.
മുങ്ങിമരിച്ച ബിബി സക്കറിയയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക