Image

അങ്ങനെ കുട്ടപ്പനും കിട്ടി ഡോക്ടറേറ്റ് -ഷോളി കുമ്പിളുവേലി

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 10 August, 2013
അങ്ങനെ കുട്ടപ്പനും കിട്ടി ഡോക്ടറേറ്റ് -ഷോളി കുമ്പിളുവേലി
ഉപജീവ മാര്‍ഗം തേടിയാണ് ഐ.റ്റി.ക്കാരനായ കുട്ടപ്പന്‍ എച്ച്.വണ്‍ വിസയില്‍ അമേരിക്കയില്‍ എത്തിയത്. ആദ്യമൊക്കെ ജീവിതം ഭയങ്കര കഷ്ടപ്പാടായിരുന്നു. ഭാര്യക്കാണെങ്കില്‍ ജോലിയില്ല. പോരാത്തതിന് 'കാപ്പിരി-കീപ്പിരി' രണ്ടു പിള്ളേരും. ജോലി കഴിഞ്ഞു വന്നാല്‍ കുട്ടപ്പന്‍ പിള്ളേരെ നോക്കണം, എങ്കിലെ ഡന്നര്‍ കിട്ടുകയുള്ളൂ. ശനിയും ഞായറുമാണെങ്കില്‍ പറയുകയേ വേണ്ട! വീട്, ക്ലീനിംഗ്, ബാത്ത്‌റൂം ക്ലീനിംഗ്, ഷോപ്പിംഗ്… സത്യത്തില്‍ നടു നിവര്‍ക്കാന്‍ സമയം കിട്ടില്ല. മലയാളം പള്ളിലൊക്കെ അടുത്തുണ്ടായിട്ടെന്താ കര്യം! ഞായറാഴ്ച കുര്‍ബ്ബാനക്കു പോകുവാന്‍ സാധിക്കാറില്ല. വല്ലകാലത്തും ഒന്നു പോയാലോ, തിരിച്ചു വരുമ്പോള്‍ ഒരു സമയമാകും. അച്ചന്‍ ആഴ്ചയിലൊരിക്കലാ 'ജന'ത്തിനെ കാണുന്നത്, വലിച്ചങ്ങു നീട്ടു. നമുക്ക് വീട്ടില്‍ പോയിട്ട് നൂറുകൂട്ടം പണിയുള്ളതാണെന്ന് അച്ചനറിയില്ലല്ലോ!!

പറഞ്ഞു വരുന്നത്, മൂന്നു നാലു വര്‍ഷം ബാഹ്യലോകവുമായി വലിയ ബന്ധമില്ലാതെയായിരുന്നു കുട്ടപ്പന്റെ ജീവിതം. ജോലിക്കു പോകും തിരിച്ചുവരും. അത്ര തന്നെ! ജീവിതം ഒന്നു പച്ച പിടിച്ചു വന്നപ്പോഴാണ് ഒരു ഗ്രീന്‍ കാര്‍ഡിന്റെ ആവശ്യകതയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. 'മലയാളി' കടയിലെ ചേട്ടനോടുള്ള സംസാരമധ്യേ, അദ്ദേഹം പറഞ്ഞാണ് എല്ലാവരേയും 'ഹെല്‍പ'് ചെയ്യുന്ന ഒരാളെപ്പറ്റി അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒരു മലയാള പത്രവും എടുത്തു തന്നു. അപ്പോഴാണ് കടയില്‍ പോയാല്‍ മലയാള പത്രങ്ങള്‍ ഫ്രീയായി കിട്ടുമെന്ന് കുട്ടപ്പന്‍ അറിയുന്നത്. എത്ര നാളായി എന്റെ 'ശ്രേഷ്ഠ മലയാളം' ഒന്നു വായിച്ചിട്ട്!! അമ്മ തന്നു വിട്ട വേദപുസ്തകം വീട്ടില്‍ ഇരിപ്പുണ്ടെങ്കിലും സമയകുറവുമൂലം തുറന്നു നോക്കിയിട്ടില്ല. കുട്ടപ്പന്‍ ഒറ്റയിരിപ്പില്‍ പത്രം മുഴുവന്‍ വായിച്ച് സായൂജ്യമടഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനങ്ങളും, പ്രസ്താവനകളും പരസ്പര 'സഹായ' സഹകരണ മനോഭാവമൊക്കെ കണ്ട് കുട്ടപ്പന്‍ കോരിത്തരിച്ചു. ഈ അമേരിക്കയിലും നമ്മളിത്രയും കേമന്‍ന്മാരോ!! പല കടകളില്‍ നിന്നും വ്യത്യസ്ത മലയാള പത്രങ്ങള്‍ കൊണ്ടു വന്നു വായിക്കുവാന്‍ തുടങ്ങി. തുടര്‍ച്ചയായുള്ള വായനയിലൂടെ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളെപ്പറ്റിയും, അവരിലെ 'ഇടതു-വലതു' ചാവ്കളെപ്പറ്റിയും മോശമല്ലാത്ത ജ്ഞാനം കുട്ടപ്പനുണ്ടായിയെന്നു പറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തി ഇല്ല. ഇതിന്റെ ഇടയില്‍ പറയാന്‍ വിട്ടുപ്പോയ മറ്റൊരു മഹാസംഭവം, പത്രത്തിലെ പരസ്യങ്ങള്‍ കണ്ട് കാക്കത്തൊള്ളായിരം ചാനലുകള്‍ കിട്ടുന്ന ഒരു 'ബോക്‌സ്' കുട്ടപ്പന്‍ വാങ്ങിയെന്നതാണ്. ഈ അമേരിക്കയില്‍പ്പോലും നമ്മുടെ മലയാളത്തിന്റെ വക രണ്ടു ചാനലുകള്‍ ഉണ്ടെന്ന കാര്യം കട്ടപ്പനിയെ മലയാളിക്കു കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. ഇപ്പോളേതാണ്ട് 'ഭാരതമെന്നു കേട്ടാല്‍' ഒന്നു സംഭവിക്കില്ലെങ്കിലും 'കേരളമെന്നു കേട്ടാല്‍ കുട്ടപ്പന്റെ ചോര തിളക്കുന്ന' പരവുത്തിലായി.

പിള്ളാരേയും മലയാളം പഠിപ്പിക്കണമെന്ന ആശയം അതില്‍ നിന്നാണ് ഊരിത്തിരിഞ്ഞത്. അങ്ങനെ കുട്ടപ്പനും കുടുംബവും അഞ്ഞൂറ് ഡോളര്‍ അടച്ച് അടുത്തുള്ള മലയാളം പള്ളിയില്‍ അംഗങ്ങളായി. 'അഞ്ഞൂറ് കുറച്ച് കടുത്ത കൈയ്യായിപ്പോയി,' ഇതൊക്കെ ഫ്രീയായി ചെയ്യേണ്ടതല്ലേ എന്നു മനസില്‍ വിചാരിച്ചു. പക്ഷേ അഞ്ഞൂറ് പോയാലെന്താ പിള്ളാര് കിളിപോലെ മലയാളം പറയത്തില്ലയോ, അതു മതി; കുട്ടപ്പന്‍ സ്വയം ആശ്വസിച്ചു. പക്ഷേ അത് നീണ്ടു നിന്നില്ല!! സണ്‍ഡേ സ്‌ക്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു “ഒരു നൂറു ഡോളര്‍” അടച്ചേര്. മിണ്ടാന്‍ പറ്റുമോ; കൊടുത്തു. അതുകൊണ്ട് തീര്‍ന്നുവെന്ന് വിചാരിച്ച് “മലയാളം” സ്‌ക്കൂളില്‍ ചെന്നപ്പോള്‍ “നൂറ്റമ്പത്” അടക്കണം. എന്റെ ശ്രേഷ്ഠ മലയാളം അല്പം കഠിനമാണെന്ന് മനസില്‍ വിചാരിച്ച്, അതും കുട്ടപ്പന്‍ അടച്ചു. (ഇതൊക്കെ വെറു “അപറ്റൈസര്‍” മാത്രമാണെന്നും “മെയിന്‍ കോഴ്‌സ്” വരാന്‍ പോകുന്നതേയുള്ളൂവെന്നും കുട്ടപ്പന്‍ താമസിച്ചാണ് മനസിലാക്കിയത്).

ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് കുട്ടപ്പന് പള്ളിയില്‍ പരിചയക്കാര്‍ ആയിത്തുടങ്ങി. പത്രത്തിലെ 'ഫോട്ടോയില്‍' കാണുന്ന ചേട്ടന്മാരില്‍ പലരും തന്റെ ഇടവകക്കാരാണന്നറിഞ്ഞപ്പോള്‍ കുട്ടപ്പന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അഭിമാനം. കുട്ടപ്പനും സാവധാനം പള്ളിയില്‍ അറിയപ്പെട്ടു തുടങ്ങി. അച്ചനാണെങ്കില്‍ കുട്ടപ്പനെ പേരെടുത്തു വിളിച്ച്, കുശലങ്ങള്‍ ആരാഞ്ഞു തുടങ്ങി. കൊച്ചിന്റെ തലയില്‍ കൈവച്ച് പ്രത്യേക അനുഗ്രഹം.  എല്ലാംകൂടി കണ്ടിട്ട് കുട്ടപ്പന് ആകെ രോമാഞ്ചം. പണ്ട് ഏതോ സിനിമയില്‍ ശ്രീനിവാസന്‍ ചോദിച്ചത്, കുട്ടപ്പന്‍ സ്വയം ആവര്‍ത്തിച്ചു. “ഈ ബുദ്ധിയെന്തേ നേരത്തേ തോന്നാഞ്ഞത്.”

ആയിടക്കാണ് പള്ളിയുടെ മെയിന്റനന്‍സ് പണി തുടങ്ങിയത്. പതിവുപോലെ അടുത്തിരിത്തി തോളില്‍ കൈയിട്ട് കുശലം ചോദിക്കുന്നതിനിടയില്‍, അടുത്തു നിന്ന കൈക്കാരനെ പരിചയപ്പെടുത്തിക്കൊണ്ട് അച്ചന്‍ പറഞ്ഞു. "ഇത് മിസ്റ്റര്‍ കുട്ടപ്പന്‍, മാന്യനും ഉദാര മനസ്‌ക്കനുമാണ്. ഇവരൊക്കെ നമുക്കുള്ളപ്പോള്‍ പള്ളി പണിക്ക്-പൈസാ ഒരു പ്രശ്‌നമാണോ? കുട്ടപ്പനില്‍ നിന്നും ഞങ്ങള്‍ ഒരു അയ്യായിരമാണ് പ്രതീക്ഷിക്കുന്നത്." ലഡു പൊട്ടിയതു പോലെയല്ല, ഇട്ടി വെട്ടിയതു പോലെയാണ് കുട്ടപ്പന് തോന്നിയത്. അച്ചന്റെ "ചൂണ്ടയും" അതിലെ "ഇരകളേയും" വേദനയോടെയാണെങ്കിലും കുട്ടപ്പന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിലാണ് തനിക്കും ഒരു 'ഡോക്ടറ്റേറ്റ്' എടുക്കമെന്നാഗ്രഹം കുട്ടപ്പന്റെ തലിയിലുദിച്ചത്. പള്ളിയില്‍ മുന്‍പന്തിയില്‍ "ഇടിച്ചു"നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും ഡോക്ടര്‍മാര്‍, സി.പി.എ.ക്കാര്‍, പി.എച്ച്.ഡിക്കാര്‍, എന്തിന് എം.എസ്.സി ഇല്ലാത്ത നേഴ്‌സുമ്മാര്‍ പോലും ഇപ്പോള്‍ ഇല്ല. ഇവരുടെയൊക്കെ ഇടയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ തനിക്കും മിനിമം ഒരു "പി.എച്ച്.ഡി."യെങ്കിലും വേണം. ഇതാണ് കുട്ടപ്പനെ ഇത്രയും 'കടുത്ത' നടപടിയെടുക്കാന് പ്രേരിപ്പിച്ചത്. പിന്നെ, ആനക്കു നെറ്റിപ്പട്ടം പോലെ ഒരു തലയെടുപ്പും ആകും.

ഏതു വിഷയത്തില്‍ റിസേര്‍ച്ച് നടത്തണമെന്നും കുട്ടപ്പന് അധികം ആലോചിക്കേണ്ടി വന്നില്ല. “അമേരിക്കയിലെ മലയാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍.”  റിസേര്‍ച്ചിനും തന്റെ നാടിന്റേയും, ഭാഷയേയും കൂട്ടുപിടിക്കാന്‍ സാധിച്ചതില്‍ കുട്ടപ്പന്‍ സന്തോഷിച്ചു. അങ്ങനെ 'ഉന്തിയും തള്ളിയും' രണ്ടുമൂന്നു വര്‍ഷങ്ങള്‍കൊണ്ട് കുട്ടപ്പന്‍ തന്റെ 'തിസീസ്' സമര്‍പ്പിച്ചു. അതിലെ ചില പ്രസക്ത കണ്ടുപിടുത്തങ്ങള്‍  പ്രിയ വായനക്കാര്‍ക്കുവേണ്ടി ഇവിടെ കുറിക്കുന്നു.

1)    വീട്ടില്‍ (ഭാര്യയുമായി) 'അസോസിയേഷന്‍' ഇല്ലാത്തവരിലാണ്, സംഘടനാ പ്രവര്‍ത്തന വ്യഗ്രത കൂടുതലായി കാണുന്നത്.
2)    ഭാര്യയുടേയും മക്കളുടേയും, അംഗീകാരം വീട്ടില്‍ നിന്നും കിട്ടാത്തവരാണ്, ഏതു സംഘടനകളിലും താക്കോല്‍ സ്ഥാനം കിട്ടിയേ തീരൂ എന്നു ശാഠ്യം പിടിക്കുന്നത്.
3)    കുടുംബ ജീവിതത്തില്‍ സംതൃപ്തിയില്ലാത്തവരിലാണ്, ഒരേ സമയം ഒന്നില്‍ കൂടുതല്‍ സംഘടനകളില്‍ 'ഓടി നടന്ന്' പ്രവര്‍ത്തിക്കുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നത്.
4)    വീട്ടുകാരുടേയും, സുഹൃത്തുക്കളുടേയും 'പ്രശംസ' തുടര്‍ച്ചയായി ലഭിക്കാതെ വരുന്ന നേതാക്കളാണ് പൈസാ കൊടുത്ത് അവാര്‍ഡുകള്‍ തരപ്പെടുത്തുന്നത്.
5)    പല സംഘടനകളിലും മാറി മാറി പ്രവര്‍ത്തിച്ചും, നേതൃത്വം കൊടുത്തും, കാലക്രമേണ ഒരു തരം മരവിപ്പ് ബാധിച്ചവരിലാണ് പണം മുടക്കി സിനിമ-സീരിയില്‍ തുടങ്ങിയവയില്‍ മുഖം കാണിക്കുന്ന പ്രതിഭാസം കാണുന്നത്.
6)    ഭൂതകാലം മുഴുവന്‍, "ബര്‍മൂഡയിട്ടും", "ബര്‍ഗര്‍ തിന്നും", ഇംഗ്ലീഷ് മാത്രം സംസാരിച്ചും തള്ളി നീക്കിയതില്‍  നിന്നുണ്ടായ കുറ്റബോധമാണ്, റിട്ടയര്‍മെന്റിനു ശേഷം ചിലരം, ജീവിതത്തില്‍ ഒരു മലയാളകവിതപോലും ഇതുവരെ മുഴുവനായി വായിച്ചിട്ടില്ലെങ്കില്‍ കൂടിയും, കഥയും കവിതയും എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്. (ഇത്തരക്കാരുടെ അക്ഷരത്തെറ്റുകള്‍ ക്ഷമിക്കാവുന്നതാണ്)

കുടപ്പന്റെ തീസിസിന്റെ പൂര്‍ണ്ണരൂപം പിന്നീട് വായനക്കാര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്നതാണ്. ഇപ്പോള്‍ നമുക്ക് കുട്ടപ്പന് നല്ലൊരു ആശംസ നേരാം.

ഷോളി കുമ്പിളുവേലി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക