Image

കത്തോലിക്കാ സഭ വനിതാ എഴുത്തുകാര്‍ക്ക് നേരെ; കത്തിപ്പടരുന്ന വിവാദം

Published on 14 August, 2013
കത്തോലിക്കാ സഭ വനിതാ എഴുത്തുകാര്‍ക്ക് നേരെ; കത്തിപ്പടരുന്ന വിവാദം

(കത്തോലിക്കാ സഭ പറയുന്നത്; 2: മാത്രുഭുമിയിലെ ചര്‍ച; 3: സാറ ജോസഫ് പറഞ്ഞതു)

സാറാ ജോസഫിന്റെ വെളിപാടുകള്‍
മലയാളത്തില്‍ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട സാഹിത്യ ശാഖയാണ് 'പെണ്ണെഴുത്ത്'. സ്ത്രീകള്‍ എഴുതുന്ന കഥയും കവിതയും എന്നൊക്കെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.

മുമ്പൊന്നും സ്ത്രീകള്‍ മലയാള കവിതയിലോ സാഹിത്യത്തിലോ ഇല്ലാതിരുന്നിട്ടില്ല. അറുപതുകളിലും എഴുപതുകളിലുമൊക്കെ, ഒരു പക്ഷേ അതിനു മുമ്പും, നല്ല കഥകളും കവിതകളും ഇവിടത്തെ സ്ത്രീകള്‍ എഴുതിയിട്ടു്. ലളിതാംബിക അന്തര്‍ജ്ജനം, നാലപ്പാട്ട് ബാലാമണിയമ്മ, കടത്തനാട്ട് മാധവിയമ്മ, സിസ്റ്റര്‍ മേരി ബനീഞ്ഞ, സുഗതകുമാരി തുടങ്ങി ഒരു നീണ്ട നിര കവയിത്രികള്‍ തന്നെ മലയാളത്തിലുണ്ടായിട്ടുണ്ട്.
പിന്നീടാണ് 'പെണ്ണെഴുത്ത്' തലനീട്ടിയത്. അതിനു തുടക്കമിട്ടത് മാധവിക്കുട്ടിയാകണം. പിന്നീട് സമീപകാലത്ത് കുറെ പുത്തന്‍കൂറ്റുകാര്‍ രംഗപ്രവേശം ചെയ്തു. മാധവിക്കുട്ടിയുടെ 'എന്റെ കഥ' യുടെ മാതൃകയാണിവരിലേറെയും പിന്തുടര്‍ന്നത്. വാന്‍ നഗരങ്ങളില്‍ പഠിച്ചു വളര്‍ന്ന മാധവിക്കുട്ടി ഇംഗ്ലീഷിലും മലയാളത്തിലും 'തുറന്ന്' എഴുതിയതൊക്കെ തികഞ്ഞ അരാജകത്വത്തിന്റെ രചനകളായിരുന്നു. കുടുംബം, ദാമ്പത്യം, ധാര്‍മിക മൂല്യങ്ങള്‍, വ്യവസ്ഥാപിത ഭാര്യാ-ഭര്‍തൃ ബന്ധങ്ങള്‍, ആചാരങ്ങള്‍ എന്നിവ നഖശിഖാന്തം പുച്ഛിച്ചു തള്ളിക്കൊണ്ടുള്ള അവരുടെ രചനകള്‍, പുതിയ തലമുറയിലെ പെണ്ണെഴുത്തുകാരെ പ്രേതം കണക്കെ ആവേശിച്ചു. അങ്ങനെ ജന്മംകൊണ്ട കുറെ കഥകളും കവിതകളും ഉള്‍പ്പെട്ട പ്രത്യേകയിനം വികല സൃഷ്ടികളെയാണ് 'പെണ്ണെഴുത്ത്' എന്നു ലേബല്‍ ഒട്ടിച്ചു മാര്‍ക്കറ്റിലിറക്കിയത്. നവ ലിബറല്‍ ചിന്തകളും സ്ത്രീ വിമോചനവും ശാക്തീകരണവുമാണ് പുരുഷാധിപത്യത്തിനെതിരെയെന്ന വ്യാജ മേല്‍വിലാസവുമാണ് ഇത്തരം കൃതികളുടെ പൊതു മുഖമുദ്ര. ഗ്രേസി, വിജയ ലക്ഷ്മി തുടങ്ങി പുതുതലമുറക്കാര്‍ ഈ ഗണത്തില്‍ ഏറെയുണ്ടായി. ലൈംഗിക അരാജകത്വവും വ്യഭിചാരവും ഒരു തെറ്റായി ഇവര്‍ കാണുന്നതേയില്ല.
കോളജ് അധ്യാപികയായിരുന്ന സാറാ ജോസഫിന്റെ കഥകളും ഈ 'നവ ലിബറല്‍' ചിന്തയുടെ ഉല്‍പ്പന്നങ്ങളാണെന്നാണ് വയ്പ്. അല്ലെങ്കില്‍, പ്രസാധകരും മറ്റു പെണ്ണെഴുത്തുകാരും ആരാധകരും പ്രചരിപ്പിക്കുന്നത് അതാണ്.
സാറാ ജോസഫിന്റെ ചിന്തകളുടെ ഏകദേശം പോക്ക് ജൂലൈ അഞ്ചിനിറങ്ങിയ 'മലയാളം' വാരികയിലെ ലേഖനത്തിലുണ്ട്. സമൂഹത്തിന്റെ ഇന്നത്തെ വഴിപിഴച്ച പോക്കിനു സാമാന്യ ജനങ്ങള്‍ കാരണമായി പറയാറുള്ളത് ജനം മതത്തില്‍ നിന്നും മതം മുന്നോട്ടു വയ്്ക്കുന്ന ധാര്‍മിക മൂല്യങ്ങളില്‍ നിന്നും അകന്നുപോകുന്നു എന്നതാണ്. ഇതില്‍ നിന്നു കടക വിരുദ്ധമാണ് സാറാ ജോസഫിന്റെ കണ്ടെത്തല്‍. മതമാണ് ഇന്നത്തെ സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് അവരുടെ വിലാപം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പുറകില്‍ മതത്തിന്റെ നീരാളിപ്പിടിത്തവും ഗൂഢാലോചനയുമുണ്ടെന്നു പോലും അവര്‍ സൂചിപ്പിക്കുന്നു.
അവര്‍ പറയുന്നു: 'കുടുംബത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്ന മതം പുരുഷാധിപത്യത്തിന്റെ ഒരു യൂണിറ്റ് എന്ന നിലയില്‍, കുടുംബത്തെ നിലനിര്‍ത്താനാണ് ശ്രമിച്ചുപോരുന്നത്. സമൂഹത്തിന്റെ എല്ലാ മൂല്യരാഹിത്യങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മതങ്ങളാണ്'.
പിന്നെയും: 'ഏദന്‍ തോട്ടത്തില്‍ ആദാമും ഹവ്വയും മനുഷ്യനും സ്ത്രീയുമായി ജീവിക്കുമ്പോള്‍, പ്രശ്‌നങ്ങളില്ലായിരുന്നു. പക്ഷേ, അവര്‍ ഭര്‍ത്താക്കന്മാരായി മാറുമ്പോള്‍ അധികാരത്തിന്റെ ഇടപെടല്‍ കടന്നുവരികയും ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു'.
ലേഖനത്തിന്റെ പോക്ക് ഇങ്ങനെയാണ്. മതമില്ലാത്ത, അരാജകത്വം വാഴുന്ന ഒരു ലോകമാണ് സാറാ ജോസഫിന്റെ സ്വപ്നം. വിവാഹമേ വേണ്ടെന്നും മൃഗങ്ങളെപ്പോലെ പുരുഷനും സ്ത്രീയും ഒരുമിച്ചു ജീവിച്ചാല്‍ മതിയെന്നും കുടുംബം പഴയ ഫാഷനാണെന്നും സ്ത്രീക്ക് സര്‍വ സ്വതന്ത്രയായി നടക്കാനാവണമെന്നും ശഠിക്കുന്ന 'പെണ്ണെഴുത്തി'ന്റെ ജീര്‍ണതയാണ് ലേഖനത്തില്‍ ഉടനീളം കാണുന്നത്. ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്ന കേരളത്തിലെ സ്ത്രീ കുറ്റവാളികളുടെയും പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തിനും തയ്യാറാവുന്ന അധമ സ്്ത്രീ മനസ്സുകളുടെയും സ്ത്രീ കൊലപാതകികളുടെയും കുടുംബ വഞ്ചകികളുടെയും അവര്‍ വഴി പൊതുസമൂഹത്തിന്റെ മനസ്സില്‍ രൂപപ്പെടുന്ന ജീര്‍ണതകളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടിട്ടും, കുടുംബത്തിന്റെയും ദാമ്പത്യസങ്കല്‍പ്പങ്ങളുടെയും മൂല്യബോധത്തിന്റെയും നേര്‍ക്ക് കല്ലെറിയാന്‍ സാറാ ജോസഫ് തുനിയുന്നത് അത്ഭുതകരം തന്നെ. സ്വകാര്യ ജീവിതത്തിലെ തിക്താനുഭവങ്ങളെയും ദുരന്തങ്ങളെയും സാമാന്യവല്‍ക്കരിക്കുകയെന്ന പാപമാണ് പലപ്പോഴും നമ്മുടെ പെണ്ണെഴുത്തുകാര്‍ ചെയ്യുന്നതെന്നു സംശയിക്കണം.

See discussion in Mathrubhumi
എഴുത്തിന് ലിംഗഭേദമോ പക്ഷപാതമോ ഇല്ല എന്ന് ഒരുപക്ഷമുണ്ട്. സാഹിത്യത്തില്‍ ഈ പക്ഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, എഴുത്തിലെ സ്ത്രീപക്ഷം ഈ വിശ്വാസത്തെ അടിമുടി ചോദ്യംചെയ്യുന്നു. കാരണം ഇക്കാലമത്രയും സ്ത്രീകളുടെ പക്ഷം എന്തെന്ന് വെളിപ്പെടുത്താന്‍ സ്ത്രീകള്‍ക്കുപോലും കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും എഴുത്തിലെ സ്ത്രീപക്ഷം ആവിഷ്‌കരിക്കപ്പെടുന്നതോടുകൂടി പക്ഷങ്ങളില്ലാത്തതെന്ന് അറിയപ്പെടുന്ന എഴുത്തിന്റെ അന്ത്യമാകുമെന്നും അവര്‍ വാദിക്കുന്നു.
ഇത് വെറുമൊരു വാദമുഖം മാത്രമല്ല. സ്ത്രീവാദികളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്‌നം തന്നെയാണ്. മലയാളത്തില്‍ എണ്‍പതുകളിലാണ് അതുടലെടുത്തത്. അത് കാര്യങ്ങളെ സ്ത്രീകളുടെ പക്ഷത്തുനിന്ന്, അവരുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നു. പെണ്ണെഴുത്തെന്നത് ആ നിലയ്ക്ക് ചരിത്രത്തിലെ തീര്‍ത്തും പുതിയ പ്രതിഭാസം തന്നെയാണ്. മാധവിക്കുട്ടിയെയും സാറാ ജോസഫിനെയുമൊക്കെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് തൃശ്ശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ 'കത്തോലിക്ക സഭ'യില്‍ വന്ന ലേഖനം അഴിച്ചുവിട്ട വിവാദങ്ങള്‍ ആ നിലയ്ക്ക് എഴുത്തിന്റെ ലോകത്തെ പ്രത്യയശാത്രയുദ്ധത്തെയാണ് വെളിപ്പെടുത്തുന്നത്്.
http://www.mathrubhumi.com/books/article/outside/2569/

See Sara Joseph's speech
സാറാ ജോസഫിന്റെ വിവാദമായ പ്രഭാഷണം


Join WhatsApp News
JOSEPH NAMBIMADAM 2013-08-16 21:25:59
സര്ഗ വാസനയുള്ള എഴുകാര് എഴുതുന്നത്‌ സ്വന്തം ഹൃദയത്തില് നിന്നാണ്,പ്രതിഭയില് നിന്നാണ്.ഇങ്ങിനെ ഉള്ള കൃതികളെ ദളിത് എഴുത്ത്,പെണ്ണ് എഴുത്ത്,അരാജക രചന എന്നൊക്കെ ഉള്ള ലെയ്ബേല്കളില് തളച്ചിടുന്നത് എഴുത്ത് കാരോടുള്ള അനീതിയാണ്,അത് സര്ഗ സൃഷ്ടിയുടെ നേരെ ഉള്ള കടന്നു കയറ്റമാണ്. അതിനെ ചെറുക്കേണ്ടതാണ്. കമ്മ്യൂണിസം പോലുള്ള ഇസങ്ങളുടെയോ,മതമൗലികവാദിക ളുടെയോ,ചട്ടക്കൂട്ടില്,അവരുടെ ആജ്ഞപ്രകാരം, വാർത്ത്എടുക്കേണ്ടത്അല്ലസര്ഗസാഹിത്യം. "എന്റെകഥ"എഴുതിയമാധവിക്കുട്ടിയും,"ആലാഹയുടെ പെണ്മക്കള്"എഴുതിയസാറാജോസെഫും സര്ഗ വാസനയുള്ള എഴുത്ത്കാരാണ്.അവരുടെ നേരെ കുരക്കുന്നവര്ബഹുമാനംഅര്ഹി ക്കുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക