Image

മേജര്‍ രവിയെ മര്‍ദ്ദിച്ചു

ജയമോഹനന്‍ എം Published on 20 August, 2013
മേജര്‍ രവിയെ  മര്‍ദ്ദിച്ചു
സിനിമക്കുള്ളില്‍ സംഘടന രംഗങ്ങള്‍ പുതിയ കാര്യമില്ല. എന്നാല്‍ സിനിമക്കാര്‍ തന്നെ സിനിമാ സ്റ്റൈലില്‍ സംഘടനം നടത്തിയാലോ. അങ്ങനെയൊരു സംഭവം നടന്നു കഴിഞ്ഞു കൊച്ചിയില്‍. ജോഷി സംവിധാനം ചെയ്യുന്ന സലാംകാഷ്‌മീര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്‌ സിനിമയേക്കാള്‍ ഗംഭീരമായ ഒറിജലനല്‍ ആക്ഷന്‍ നടന്നത്‌.

യുവതാരം ഉണ്ണിമുകുന്ദനും സംവിധായകന്‍ മേജര്‍ രവിയും തമ്മിലാണ്‌ പൊരിഞ്ഞ അടിപിടി നടന്നത്‌. സംഭവം അരങ്ങേറിയത്‌ ഇങ്ങനെ...

സലാം കാഷ്‌മീര്‍ സുരേഷ്‌ ഗോപിയും ജയറാമും നായകന്‍മാരാകുന്ന പട്ടാള സിനിമയാണ്‌. മലയാളത്തിലെ മിക്ക പട്ടാള സിനിമകളിലും മേജര്‍ രവി അസോസിയേറ്റാണ്‌. സംവിധായകന്‍ ജോഷി സഹായിക്കാന്‍ സ്വാഭാവികമായും മേജര്‍രവിയും ലൊക്കേഷനിലുണ്ട്‌. ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കാന്‍ ഉണ്ണിമുകുന്ദനെ ജോഷി വിളിച്ചു. മുതിര്‍ന്ന സംവിധായകനായ ജോഷിയുടെ വിളിയെത്തിയ താമസം ഉണ്ണിമുകുന്ദന്‍ ലൊക്കേഷനില്‍ ഹാജര്‍. എന്നാല്‍ ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മില്‍ മറ്റൊരു ഫ്‌ളാഷ്‌ ബാക്കുണ്ടെന്ന്‌ ലൊക്കേഷനില്‍ പലര്‍ക്കുമറിയില്ലായിരുന്നു. മേജര്‍ രവി ഒരു സിനിമയിലേക്ക്‌ ഉണ്ണിയെ കാസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രതിഫലം ലഭിക്കില്ല എന്ന്‌ വന്നപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ്‌ ഉണ്ണിമുകുന്ദന്‍ സിനിമയില്‍ നിന്നും ഒഴിഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ പല വാക്കു തര്‍ക്കങ്ങളും നടന്നിരുന്നുവത്രേ.

എന്തായാലും സലാം കാഷ്‌മീരിന്റെ ലൊക്കേഷനിലാണ്‌ ഇരുവരും നാളുകള്‍ക്ക്‌ ശേഷം കണ്ടു മുട്ടുന്നത്‌. ഉണ്ണിമുകുന്ദന്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ സ്വീക്കന്‍സ്‌ ചിത്രീകരിക്കുന്നതിനിടെ ഉണ്ണിയുടെ അഭിനയം മോശമെന്ന്‌ പറഞ്ഞ്‌ മേജര്‍ രവി പലതവണ ശകാരിച്ചു. സുരേഷ്‌ ഗോപിയുടെയും ജയറാമിന്റെയുമൊക്കെ മുമ്പില്‍ വെച്ച്‌ അസഭ്യവര്‍ഷം തന്നെ ഉണ്ണിക്ക്‌ മേല്‍ മേജര്‍ രവി നടത്തിയെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. സംവിധായകന്‍ ജോഷി വിലക്കിയിട്ടു പോലും മേജര്‍ ഉണ്ണിയെ അവഹേളിക്കുന്നത്‌ തുടര്‍ന്ന്‌. അവസാനം സഹികെട്ട്‌ ഉണ്ണി മേജറിനെ മര്‍ദ്ദിക്കുകയായിരുന്നു. ലൊക്കേഷന്റെ ഒഴിഞ്ഞ കേണിലേക്ക്‌ മേജറിനെ കൂട്ടിക്കൊണ്ടുപോയിട്ടാണ്‌ ഉണ്ണിമുകുന്ദന്‍ മര്‍ദ്ദിച്ചതത്രേ. യൂണിറ്റ്‌ അംഗങ്ങള്‍ ഓടിയെത്തി ഇരുവരെയും പിടിച്ചു മാറ്റുന്നത്‌ വരെ ഉണ്ണി മേജര്‍ രവിയെ ഇടിക്കുകയും ചവുട്ടുകയും ചെയ്‌തു. പട്ടാളത്തില്‍ മേജറായിരുന്നു എന്ന്‌ പറയുന്നുണ്ടെങ്കിലും ഒരു അടിപോലും തിരിച്ചു കൊടുക്കാന്‍ മേജര്‍ രവിക്ക്‌ കഴിഞ്ഞില്ലത്രേ.

എന്തായാലും ഉണ്ണിയുടെ പിടിയില്‍ നിന്നും രക്ഷപെട്ട മേജര്‍ അപ്പോള്‍ തന്നെ കാറില്‍ കയറിപ്പോയി. ഉണ്ണിയുടെ ഒറിജിനല്‍ ആക്ഷന്‍ കണ്ട്‌ സുരേഷ്‌ഗോപി പോലും അമ്പരന്നു പോയി എന്നാണ്‌ പിന്നീടുള്ള അണിയറക്കഥകള്‍.

എന്തായാലും ഉണ്ണിമുകുന്ദനെതിരെ താരസംഘടനയായ അമ്മയില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്‌ മേജര്‍ രവി. സംഭവം വലിയ വാര്‍ത്തയാകുമെന്ന്‌ പറഞ്ഞ്‌ സഹപ്രവര്‍ത്തകര്‍ നിരുല്‍സാഹപ്പെടുത്തിയെങ്കിലും പരാതിയുമായി ഉറച്ചു നില്‍ക്കുകയാണ്‌ മേജര്‍. എന്നാല്‍ ലൊക്കേഷനിലുണ്ടായിരുന്ന താരങ്ങളെല്ലാം ഉണ്ണിമുകുന്ദനുവേണ്ടി നിലകൊള്ളും എന്നാണ്‌ അറിയുന്നത്‌.
മേജര്‍ രവിയെ  മര്‍ദ്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക