Image

ഇന്ത്യാ-യുഎസ്‌-ചൈന ബന്ധം അനിവാര്യം: ഹിലരി (അങ്കിള്‍സാം)

Published on 09 October, 2011
ഇന്ത്യാ-യുഎസ്‌-ചൈന ബന്ധം അനിവാര്യം: ഹിലരി (അങ്കിള്‍സാം)
വാഷിംഗ്‌ടണ്‍: ഇരുപത്തിയൊന്നാം നൂറ്റാണ്‌ടിന്റെ നിര്‍ണായക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ഇന്ത്യാ-യുഎസ്‌-ചൈനാ ബന്ധം അനിവാര്യമാണെന്ന്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ദക്ഷിണേഷ്യയുടെ മാത്രമല്ല മധ്യേഷ്യയുടെ ഭാവിയിലും ഇന്ത്യന്‍ നേതൃത്വം ക്രിയാത്മകമായ നിലപാട്‌ സ്വീകരിക്കണമെന്നും ഹിലരി പറഞ്ഞു. കിഴക്കിലോട്ട്‌ നോക്കുകയല്ല കിഴക്കുമായി ക്രിയാത്മകമായി ഇടപെടുകയാണ്‌ ഇന്ത്യ ചെയ്യേണ്‌ടതെന്നും പിടിഐയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ഹിലരി പറഞ്ഞു.

ഇന്ത്യയും അമേരിക്കയും ചൈനയും തമ്മില്‍ ക്രിയാത്മകവും ദൃഢവുമായ ബന്ധം സൃഷ്‌ടിക്കുന്നതിന്‌ യുഎസ്‌ പ്രതിജ്ഞാബന്ധമാണ്‌. ഇത്‌ അത്ര എളുപ്പമാവില്ലെന്ന്‌ അറിയാം. മൂന്നു രാജ്യങ്ങളും വിയോജിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്‌ട്‌. എങ്കിലും യോജിപ്പുള്ള മേഖലകളാണ്‌ കൂടുതലെന്നതിനാല്‍ ഇത്‌ അസാധ്യവുമല്ല. 21-ാം നൂറ്റാണ്‌ടിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അവയെ നേരിടാനും പരിഹരിക്കാനും ഇന്ത്യ-യുഎസ്‌-ചൈന ബന്ധം ശക്തമാക്കേണ്‌ടതുണ്‌ട്‌. മേഖലയ്‌ക്ക്‌ ആകെ മാതൃകയാകാന്‍ ഇന്ത്യക്ക്‌ കഴിയും.

കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിന്‌ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്‌ട്‌. ഇന്ത്യന്‍ നിക്ഷേപകരെ യുഎസും സ്വാഗതം ചെയ്യുന്നു. ഇത്‌ ഇരുരാജ്യങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ സമീപകാലത്ത്‌ ചില പ്രശ്‌നങ്ങളുണ്‌ടായിട്ടുണ്‌ടെങ്കിലും ആ രാജ്യവുമായി ദീര്‍ഘകാല ബന്ധം കാത്തുസൂക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഹിലരി വ്യക്തമാക്കി.

അനധികൃത കുടിയേറ്റ വിദ്യാര്‍ഥികള്‍ക്കും കാലിഫോര്‍ണിയയില്‍ വിദ്യാഭ്യാസ സഹായം

കാലിഫോര്‍ണിയ: അനധികൃത കുടിയേറ്റ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വിദ്യാഭ്യാസ സഹായം നല്‍കാനുള്ള നിയമം(കാലിഫോര്‍ണിയ ഡ്രീം ആക്‌ട്‌) കാലിഫോര്‍ണിയ സംസ്ഥാനം പാസാക്കി. ഇതു സംബന്ധിച്ച നിയമനിര്‍മാണത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഒപ്പുവെച്ചു. ഇതോടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, കോളജ്‌ പരീക്ഷകള്‍ എഴുതുന്ന പാവപ്പെട്ടവരായ അനധികൃത കുടയേറ്റ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭ്യമാകും.

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിനായി ശരാശരി 4500 ഡോളറെങ്കിലും സര്‍ക്കാര്‍ ധനസഹായമായി ലഭ്യമാകുമെന്നാണ്‌ കരുതുന്നത്‌. 2500 വിദ്യാര്‍ഥികള്‍ക്ക്‌ നിയമത്തിന്റെ ഗുണഫലം ലഭിക്കുമെന്നാണ്‌ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്‌. ഫെഡറല്‍ ഡ്രീം ആക്‌ടിനെച്ചൊല്ലി അമേരിക്കയില്‍ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ്‌ കാലിഫോര്‍ണിയയില്‍ ഡ്രീം ആക്‌ട്‌ പാസാക്കിയത്‌. കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ഹോളിവുഡ്‌ താരവുമായ അര്‍നോള്‍ഡ്‌ ഷ്വാസ്‌നെഗര്‍ ഇത്തരമൊരു നിയമനിര്‍മാണത്തെ ശക്തമായി എതിര്‍ത്തിരുന്നു.

അമേരിക്കയുടെ ആളില്ലാ യുദ്ധവിമാന കേന്ദ്രത്തില്‍ വൈറസ്‌ ബാധ

ലോസ്‌ ഏയ്‌ഞ്‌ജല്‍സ്‌: അഫ്‌ഗാനിസ്ഥാനുള്‍പ്പെടെയുള്ള യുദ്ധമേഖലകളില്‍ അമേരിക്ക വിന്യസിച്ച ആളില്ലാ യുദ്ധവിമാനങ്ങളുടെ നെവാഡയിലെ നിയന്ത്രണ കേന്ദ്രത്തില്‍ മാരകമായ കമ്പ്യൂട്ടര്‍ വൈറസ്‌ ബാധിച്ചതായി റിപ്പോര്‍ട്ട്‌. രണ്‌ടാഴ്‌ചമുമ്പാണ്‌ വൈറസ്‌ ബാധ കണെ്‌ടത്തിയതെന്ന്‌ വയേഡ്‌ മാസിക റിപ്പോര്‍ട്ടു ചെയ്‌തു. വിദൂരനിയന്ത്രിത വിമാനങ്ങളായ പ്രഡേറ്ററിനെയും റീപ്പറിനെയുമാണ്‌ കംപ്യൂട്ടര്‍ വൈറസുകള്‍ ബാധിച്ചിരിക്കുന്നത്‌.

വൈറസ്‌ ബാധിച്ചെങ്കിലും നെവാഡയിലെ ക്രീച്ച്‌ വ്യോമസേനാ താവളത്തിലെ പൈലറ്റുമാരുടെ ജോലിയെ ബാധിച്ചിട്ടില്ല. എന്നാല്‍ നീക്കം ചെയ്‌ത വൈറസുകള്‍ ഉടന്‍ തിരിച്ചു വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാപ്രാധാന്യമുള്ള കമ്പ്യൂട്ടറുകളെയും വൈറസ്‌ ബാധിച്ചിട്ടുണെ്‌ടങ്കിലും രഹസ്യവിവരങ്ങള്‍ നഷ്ടപ്പെട്ടതായി അറിവില്ല. കണ്‍ട്രോള്‍ റൂമിലിരുന്നു വിമാനം നിയന്ത്രിക്കുന്നവരുടെ കീബോര്‍ഡിലെ ഓരോ ചലനവും പകര്‍ത്തുന്ന വൈറസിനെ ഏതെങ്കിലും തീവ്രവാദി വിഭാഗങ്ങള്‍ കടത്തിവിട്ടതാണോ എന്നു വ്യക്‌തമായിട്ടില്ല. അഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും യെമനിലെയും പര്‍വതപ്രദേശങ്ങളിലാണ്‌ യു.എസ്‌ ആളില്ലായുദ്ധവിമാനങ്ങള്‍ പ്രധാനമായും ആക്രമണം നടത്തുന്നത്‌.

കോടികളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌; പിടിയിലായവരില്‍ 13 ഇന്ത്യക്കാരും

ന്യൂയോര്‍ക്ക്‌: യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക തട്ടിപ്പുനടത്തിയ 111പേരില്‍ 13 ഇന്ത്യന്‍ വംശജരും. ആയിരക്കണക്കിനാളുകളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ ചോര്‍ത്തി 1.3 കോടി ഡോളറിന്റെ (64 കോടി രൂപ) തട്ടിപ്പ്‌ നടത്തിയ അന്താരാഷ്ട്ര സംഘത്തിലെ 86 പേരാണ്‌ അമേരിക്കയില്‍ പിടിയിലായത്‌. സംഘത്തിലെ 25 പേര്‍ ഇപ്പോഴും ഒളിവിലാണ്‌.

വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ `ആപ്പിളി'ന്റെ കമ്പ്യൂട്ടറുകളും മറ്റ്‌ ഉന്നത ബ്രാന്‍ഡുകളുടെ ഉത്‌പന്നങ്ങളും വാച്ചുകളും അലങ്കാരവസ്‌തുക്കളുമാണ്‌ വാങ്ങിക്കൂട്ടിയത്‌. ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍ പിന്നീട്‌ ചൈനയിലും യൂറോപ്പിലും അറബ്‌ രാജ്യങ്ങളിലും മറിച്ചുവിറ്റു. ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചും വിലകൂടിയ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തും ഇവര്‍ ആഡംബരജീവിതം നയിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണെ്‌ടത്തി. മോഷ്ടിച്ച വ്യക്തിഗത വിവരങ്ങളുപയോഗിച്ച്‌ വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്‌ടാക്കിയാണ്‌ ഇവര്‍ തട്ടിപ്പ്‌ നടത്തിയത്‌.

വിഷ്‌ണു ഹരിലാല്‍, രവീന്ദ്ര സിംഗ്‌, അമര്‍ സിംഗ്‌്‌, നേഹ പഞ്ചാബി സിംഗ്‌, രവി രാംരൂപ്‌, കമന്‍ സന്‍സായി എന്നിവര്‍ തട്ടിപ്പുനടത്തിയ ഇന്ത്യന്‍ വംശജരില്‍ ഉള്‍പ്പെടുന്നു.`ഓപ്പറേഷന്‍ സൈ്വപ്പര്‍' എന്ന പേരില്‍ രണ്‌ട്‌ വര്‍ഷത്തോളം നീണ്‌ടുനിന്ന രഹസ്യാന്വേഷണത്തിനൊടുവിലാണ്‌ ക്വീന്‍സ്‌കൗണ്‌ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഞ്ച്‌ ഡാറ്റ മോഷണ സംഘങ്ങളിലുള്ളവര്‍ പിടിയിലായത്‌. അറസ്റ്റിലായവരില്‍ ബാങ്ക്‌ ഉദ്യോഗസ്ഥരും കടകളിലെ ജീവനക്കാരും ഹോട്ടല്‍ തൊഴിലാളികളും ഉള്‍പ്പെടും

ക്വീന്‍സ്‌ കൗണ്‌ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്കേതിക തട്ടിപ്പു ശൃംഖലകളില്‍ അംഗങ്ങളായ ഇവര്‍ക്ക്‌ യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്ക, മധ്യപൂര്‍വദേശം എന്നിവിടങ്ങളിലും ബന്ധങ്ങളുണ്‌ട്‌. ഇമ്രാന്‍ഖാന്‍, അലിഖയിസ്‌, ആന്റണി മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.

മൈക്കല്‍ ജാക്‌സന്‍ അമിതഡോസ്‌ ലഹരി മരുന്ന്‌ സ്വയം ഉപയോഗിച്ചിരിക്കാമെന്നു ഡോക്‌ടര്‍

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: മരണത്തിന്‌ തൊട്ടുമുന്‍പു പോപ്പ്‌ ഇതിഹാസം മൈക്കല്‍ ജാക്‌സനു മാരക ലഹരിമരുന്നായ പ്രോപ്പഫോള്‍ നല്‍കിയിരുന്നുവെന്നു ഡോക്‌ടറുടെ വെളിപ്പെടുത്തല്‍. ജാക്‌സന്റെ ഡോക്‌ടര്‍ കൊണ്‍റാഡ്‌ മുറേയുടെ മൊഴി ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ ദിവസം കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ്‌ ഈ വിവരം പുറത്തുവന്നത്‌.

മരണദിവസം രാവിലെ 10.50നാണു ജാക്‌സന്‌ പ്രോപ്പഫോള്‍ നല്‍കിയത്‌. ഉറക്കത്തിനുവേണ്‌ടി ജാക്‌സന്‍ കേണപേക്ഷിച്ചപ്പോഴായിരുന്നു ഇത്‌. മരുന്നു നല്‍കി അദ്ദേഹത്തെ അല്‍പസമയം നിരീക്ഷിച്ചു. കുഴപ്പമില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ മുറിയില്‍നിന്നു പോയി. രണ്‌ടു മിനിറ്റിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ജാക്‌സന്റെ ചേതനയറ്റ ശരീരമാണു കണ്‌ടത്‌.

താന്‍ പോയപ്പോള്‍ ജാക്‌സന്‍ സ്വയം മരുന്ന്‌ ഉപയോഗിച്ചിരിക്കാമെന്നാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്‌ഥാനമാക്കി ഡോക്‌ടറുടെ വാദം. ദിവസവും 15 - 18 മണിക്കൂര്‍ ഉറങ്ങാന്‍ ആഗ്രഹിച്ചിരുന്ന ജാക്‌സന്‍ ആദ്യം മുതലേ പ്രോപ്പഫോളിന്‌ അടിപ്പെട്ടിരുന്നുവെന്നും അതില്‍നിന്നു മോചിപ്പിക്കാന്‍ താന്‍ ശ്രമിക്കുകയായിരുന്നുവെന്നും മുറേ മൊഴി നല്‍കി.

ഉറക്കം ലഭിക്കാന്‍ ഉപയോഗിച്ചിരുന്ന ഇഷ്‌ട ലഹരിമരുന്നായ പ്രോപ്പഫോളിനെ ജാക്‌സന്‍ വിളിച്ചിരുന്നത്‌ `പാല്‍' എന്നായിരുന്നുവെന്നും ഡോക്‌ടര്‍ വെളിപ്പെടുത്തുന്നു. ആഗോള പര്യടനത്തിലൂടെ വന്‍ തിരിച്ചുവരവിനുള്ള തയാറെടുപ്പിനിടെ സ്വവസതിയില്‍ 2009 ജൂണ്‍ 25നായിരുന്നു ജാക്‌സന്റെ മരണം. രണ്‌ടു ദിവസത്തിനു ശേഷമാണ്‌ മുറെയെ പൊലീസ്‌ ചോദ്യം ചെയ്‌തത്‌. ശസ്‌ത്രക്രിയാ വേളയില്‍ അനസ്‌തീസിയയ്‌ക്കു നല്‍കുന്ന പ്രോപ്പഫോള്‍ നിയന്ത്രണമില്ലാത്ത അളവില്‍ കൊടുത്തതാണ്‌ മരണകാരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണെ്‌ടത്തിയിരുന്നു.

പ്രോപ്പഫോള്‍ നല്‍കിയ മുറെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു വിചാരണ നേരിടുകയാണ്‌. കുറ്റം തെളിയിക്കപ്പെട്ടാല്‍ നാലു വര്‍ഷം വരെ തടവു ലഭിക്കാം. ഡോക്‌ടര്‍ ലൈസന്‍സ്‌ നഷ്‌ടപ്പെടുകയും ചെയ്യും.

ലിമസിന്‍ ഉപയോഗിച്ചതിന്‌ പണം നല്‍കിയില്ല; ലിന്‍ഡ്‌സേ ലോഹനെതിരെ കേസ്‌

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: ലിമസിന്‍ ഉപയോഗിച്ചതിന്‌ പണം നല്‍കാത്തതിന്‌ ഹോളിവുഡ്‌ താരം ലിന്‍ഡ്‌സെ ലോഹനെതിരെ കേസ്‌. 2009 ഫെബ്രുവരി മുതല്‍ മെയ്‌ മാസം വരെയാണ്‌ ലോഹന്‍ തങ്ങളുടെ സേവനം ഉപയോഗിച്ചതെന്ന്‌ ലിമോ ആന്‍ഡ്‌ സെക്യൂരിറ്റി സര്‍വീസസ്‌ അറിയിച്ചു. വാഹനം ഉപയോഗിച്ചതിന്‌ 33, 978 ഡോളറാണ്‌ ലോഹന്‍ നല്‍കാനുള്ളത്‌. ഈ പണത്തിന്‌ പുറമെ മറ്റു ചെലവുകളും ചേര്‍ത്ത്‌ ലോഹന്‍ 90, 585 ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ ലിമോ ആന്‍ഡ്‌ സെക്യൂരിറ്റി സര്‍വീസസ്‌ കേസ്‌ കൊടുത്തിരിക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ ലോഹന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക