Image

ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ ജനകീയ പിന്തുണ

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 10 October, 2011
ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ ജനകീയ പിന്തുണ
ന്യൂയോര്‍ക്ക്‌:  ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ പ്രവാസികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന  അവഹേളനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും, പ്രതികരിക്കാനും രൂപീകരിച്ച `ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍' വിവിധ റീജിയനുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു.

അമേരിക്കയിലെ പ്രവാസികളില്‍ നിന്ന്‌ അപ്രതീക്ഷിതമായ പ്രതികരണങ്ങള്‍ ലഭിക്കുന്നതോടൊപ്പം നിരവധി പേര്‍ തങ്ങള്‍ക്ക്‌ ഇന്ത്യയിലും ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി പങ്കുവെച്ചു. മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും നേരിട്ട്‌ പരിചയമുണ്ടായിരുന്നിട്ടുപോലും പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ തങ്ങളെ കൈയ്യൊഴിഞ്ഞു എന്നാണ്‌ പലര്‍ക്കും പറയാനുണ്ടായിരുന്നത്‌. നാട്ടിലുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെട്ടവരും, കുടുംബസമേതം യാത്രചെയ്‌തവര്‍ക്ക്‌ വിമാനത്താവളങ്ങളില്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും, ഓ.സി.ഐ. കാര്‍ഡ്‌ വാങ്ങി നാട്ടില്‍ സ്ഥിരതാമസത്തിനു പോയവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും എല്ലാം അവര്‍ പങ്കുവെച്ചു. പ്രവാസി ആക്‌ഷന്‍ കൗണ്‍സിലില്‍ ചേരാന്‍ വ്യഗ്രത കാണിച്ച പലര്‍ക്കും കയ്‌പേറിയ ഏറെ അനുഭവങ്ങളുണ്ടായിരുന്നു.

ഒക്ടോബര്‍ 4ന്‌ വിളിച്ചു ചേര്‍ത്ത ഹൂസ്റ്റണ്‍ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പ്രമുഖരായ മുപ്പത്തിയാറോളം പേര്‍ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ഫോമ സ്ഥാപക പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, ഫോമ മുന്‍ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ എന്നിവരെക്കൂടാതെ, എബ്രഹാം തെക്കേമുറി, പി.പി. ചെറിയാന്‍, എ.സി. ജോര്‍ജ്ജ്‌ എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

അനിവാര്യമായ ഈ ജനകീയ മുന്നേറ്റത്തിന്‌ ഫൊക്കാനയുടെ മാത്രമല്ല, വ്യക്തിപരമായും എല്ലാ പിന്തുണയും പ്രസിഡന്റ്‌ ജി.കെ. പിള്ള പ്രഖ്യാപിച്ചു. ഇങ്ങനെയൊരു നീക്കം വളരെ നേരത്തെ വേണ്ടതായിരുന്നു എന്നും തന്റെ എല്ലാ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നു എന്ന്‌ ഫോമ മുന്‍ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ അറിയിച്ചു. പ്രവാസികളുടെ നന്മയെക്കരുതി ഭിന്നതകളില്ലാതെ പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവന്ന എല്ലാ സഹൃദയര്‍ക്കും നന്ദി പറയുകയും അതോടൊപ്പം സകല പിന്തുണകളും ഉണ്ടകുമെന്ന്‌ ഫോമ സ്ഥാപക പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ പ്രഖ്യാപിച്ചു.

അഞ്ചു റീജിയനുകളായി തിരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാണ്‌ ഐപാക്‌ ലക്ഷ്യമിടുന്നത്‌. വാഷിംഗ്‌ടണ്‍ ഡി.സി., ചിക്കാഗോ, ന്യൂയോര്‍ക്ക്‌, ഹ}സ്റ്റണ്‍, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ റീജിയനുകളില്‍ ഐപാകിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ അമേരിക്കന്‍ പ്രവാസികള്‍ക്കിടയില്‍ ഐപാക്‌ തരംഗം സൃഷ്ടിക്കുമെന്ന്‌ ഉറപ്പാണ്‌. ഒക്ടോബര്‍ പതിനഞ്ചിന്‌ വെബ്‌സൈറ്റ്‌ തയ്യാറാകുന്നതോടെ ലോകത്തിന്റെ നാനാഫാഗങ്ങളില്‍ നിന്ന്‌ പ്രവാസികള്‍ക്ക്‌ തങ്ങളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും.

ഹ്യൂസ്റ്റണ്‍ റീജിയണില്‍ പ്രവര്‍ത്തിക്കുവാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു: ഹരികൃഷ്‌ണന്‍ നമ്പൂതിരി (മക്കാലന്‍, സാന്‍ ആന്റോണിയ ഏരിയ), ബിജു-ലാവ്‌സണ്‍ (ഡാളസ്‌ ഏരിയ), ശശിധരന്‍ നായര്‍, റെജി ജോണ്‍ (ഹ്യൂസ്റ്റണ്‍ ഏരിയ). കൂടാതെ, ലോസ്‌ ഏഞ്ചലസ്‌, ഹൂസ്റ്റണ്‍, സിയാറ്റില്‍, ഡാളസ്‌ എന്നിവിടങ്ങളില്‍നിന്ന്‌ നിരവധി പേരെ വിവിധ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക