Image

അനുസരണയും വിധേയത്വവും പ്രധാനം: മേജര്‍ ആര്‍ച്ച്ബിഷപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 10 October, 2011
അനുസരണയും വിധേയത്വവും പ്രധാനം: മേജര്‍ ആര്‍ച്ച്ബിഷപ്പ്‌
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ അനുമോദനവും, വിവിധ ഇടവക, മിഷന്‍ സെന്ററുകളുടെ പ്രതിനിധി സമ്മേളനവും സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ മുഴുദിന പരിപാടിയായി നടത്തപ്പെട്ടു.

ഒക്‌ടോബര്‍ എട്ടിന്‌ ശനിയാഴ്‌ച അല്‍ഫോന്‍സാ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം സിസ്റ്റര്‍ ജീനയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആമുഖ പ്രസംഗം നടത്തുകയും മുഖ്യാതിഥിയായി പങ്കെടുത്ത സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനേയും, മറ്റ്‌ വൈദീകരേയും, അമേരിക്കയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍ നിന്നും, മിഷന്‍ സെന്ററുകളില്‍ നിന്നും എത്തിച്ചേര്‍ന്ന കൈക്കാരന്മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വേദപഠന സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവരേയും, മാധ്യമ പ്രതിനിധികളേയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്‌തു.

തുടര്‍ന്ന്‌ ദിവംഗതനായ മുന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ അനുസ്‌മരണാര്‍ത്ഥം ഒരു മിനിറ്റ്‌ മൗനപ്രാര്‍ത്ഥന നടത്തി.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനം മുതല്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ രൂപതയുടെ ചരിത്രവും, വളര്‍ച്ചയും നേട്ടങ്ങളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്‌ത രൂപം വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. അതുപോലെ തന്നെ രൂപതയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നാളിതുവരെ പങ്കുവഹിച്ച എല്ലാ സഭാ പിതാക്കന്മാരേയും, ആന്റണിയച്ചന്‍ തന്റെ പ്രസംഗത്തില്‍ അനുസ്‌മരിക്കുകയും, കുടിയേറ്റ ജനതയുടെ പൊതു സ്വഭാവത്തെക്കുറിച്ചും, സീറോ മലബാര്‍ കുടിയേറ്റ ജനതയുടെ വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം വിശദമായി വിശകലനം ചെയ്‌തു.

തുടര്‍ന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ച്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

വിശ്വാസികള്‍ക്ക്‌ സഭാ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കേണ്ട അനുസരണത്തിന്റേയും വിധേയത്വത്തിന്റേയും ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞുകൊണ്ട്‌ അഭിവന്ദ്യ ജോര്‍ജ്‌ ആലഞ്ചേരി പിതാവ്‌ സംസാരിച്ചു. സഭാ പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അഭിവന്ദ്യ പിതാവ്‌ ഏവരേയും ആഹ്വാനം ചെയ്‌തു.

തുടര്‍ന്ന്‌ വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധികളുമായി പിതാവ്‌ സംവാദം നടത്തുകയുണ്ടായി. സഭാംഗങ്ങളുടെ സഭാപരവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

ഉച്ചയ്‌ക്കുശേഷം വിവിധ ഇടവകകളുടേയും മിഷന്‍ സെന്ററുകളുടേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി രൂപതയുടെ ഐ.ടി ടീം രൂപംകൊടുത്ത `Parishonnet' എന്ന പാരീഷ്‌ മാനേജ്‌മെന്റ്‌ സോഫ്‌റ്റ്‌ വെയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ രൂപതാ ചാന്‍സിലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ നേതൃത്വം നല്‍കി.

രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയ ഡെലിഗേറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച്‌ പ്രത്യേകമായി പിതാവ്‌ കൂടിക്കാഴ്‌ചയും ചര്‍ച്ചയും നടത്തി.

കത്തീഡ്രല്‍ ഇടവക വികാരി ഫാ. ജോയി ആലപ്പാട്ട്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. രൂപതാ ചാന്‍സിലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ കോര്‍ഡിനേറ്റ്‌ ചെയ്‌ത പരിപാടികളില്‍ വികാരി ജനറാള്‍ ഫാ. ഏബ്രഹാം മുത്തോലത്ത്‌, കത്തീഡ്രല്‍ അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. റ്റോം പന്നലക്കുന്നേല്‍ എന്നിവരും സജീവമായി പങ്കെടുത്തു.

കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും പരിപാടികളുടെ വിജയകരമായ നടത്തിപ്പിന്‌ വേണ്ട ക്രമീകരണങ്ങള്‍ നടത്തി.

രാവിലെ 9.30-ന്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച പരിപാടികള്‍ വൈകിട്ട്‌ 6 മണിക്ക്‌ നടന്ന വിശുദ്ധ കുര്‍ബാനയോടെ സമാപിച്ചു.
അനുസരണയും വിധേയത്വവും പ്രധാനം: മേജര്‍ ആര്‍ച്ച്ബിഷപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക