Image

ഒരു കുടയുടെ സഞ്ചാരം-(നോവല്‍: ഒന്നാംഭാഗം)- റെജീഷ് രാജന്‍)

റെജീഷ് രാജന്‍ Published on 23 August, 2013
ഒരു കുടയുടെ സഞ്ചാരം-(നോവല്‍:  ഒന്നാംഭാഗം)- റെജീഷ് രാജന്‍)
( ഇത്  ഒരു കുടയുടെ സഞ്ചാരം എന്ന നോവലെറ്റിന്റെ ഒന്നാം ഭാഗമാണു്. ഏഴു് അദ്ധ്യായങ്ങളിലായി അവസാനിക്കുന്ന ഈ കഥയുടെ ഓരോ അദ്ധ്യായവും മുടങ്ങാതെ വായിക്കുക. റെജീഷ് രാജന്‍ എന്ന ചാലക്കുടിക്കാരനാണു എഴുത്തുകാരന്‍. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. editor@emalayalee.com)

ഒന്ന്

'ഈ മനുഷ്യനെക്കൊണ്ട് ഞാന്‍ തോറ്റു. പല മറവിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു മാസത്തിന്റെ ഇടയ്ക്കു മൂന്നു തവണ ഒക്കെ കുട മറന്നു കളയുക എന്ന് വെച്ചാല്‍, വേണ്ടാ ഞാന്‍ ഒന്നും പറയുന്നില്ല. ദാ പിടിച്ചോ പുതിയൊരു കുട. ഇത് ഞാന്‍ ഇന്നലെ വരുന്ന വഴി ഒരു ചെരുപ്പ് കടയില്‍ നിന്നും വാങ്ങിച്ചതാ. ഇനി ജോലി കിട്ടിയുള്ള ആദ്യത്തെ ശമ്പളത്തില്‍ നിന്നും എന്റെ വക ഒരു സമ്മാനം വാങ്ങിച്ചില്ല എന്ന് വേണ്ടാ. 250 രൂപയാ ഇതിന്റെ വില. നാളെ തന്നെ എവിടെങ്കിലും കൊണ്ട് പോയി കളയണേ! ' 

'ജോലി കിട്ടി ഒരു മാസം തികഞ്ഞില്ല, അപ്പോഴേക്കും കണ്ടില്ലേ പെണ്ണിന്റെ ഒരു അഹങ്കാരം ! ' , ഭാര്യ രേണുകയുടെ മേല്പറഞ്ഞ സംഭാഷണത്തെ കുറിച്ച് ശ്യാം ഓര്‍ത്തു. ഇത് കൊണ്ടൊക്കെയാവും 'ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' എന്ന് പണ്ടേതോ മഹാന്‍ പറഞ്ഞത്. ബൈ ദ ബൈ ആരാ അത് പറഞ്ഞത് ? ആ ആര്‍ക്കറിയാം, ചട്ടമ്പി സ്വാമിയോ, വിവേകാനന്ദനോ, ഇവരില്‍ ആരോ ഒരാള്‍ ആണെന്ന് തോന്നുന്നു. അല്ലേലും സ്വന്തം ഭര്‍ത്താവിനെ കൊച്ചാക്കാന്‍ കിട്ടുന്ന ഒരവസരവും ഈ ഭാര്യമാര്‍ പാഴാക്കില്ല. മാസം പത്തു പതിനായിരം രൂപ ശമ്പളം വീട്ടിലോട്ടു കൊണ്ട് വരുന്നതല്ലേ, സഹിക്കുക, അല്ലാതിപ്പോള്‍ എന്താ ചെയ്യുക.

അതൊരു ശനിയാഴ്ച ദിവസം ആയിരിന്നു. ജോലി ഐ ടി സ്ഥാപനത്തില്‍ ആയതിനാല്‍ ശനി ഞായര്‍ ദിവസം ഓഫീസില്‍ പോകേണ്ട എന്നൊരു സൗകര്യം  ഉണ്ട്. അവധി ദിവസത്തിന്റെ ആലസ്യത്തിലങ്ങനെ മുങ്ങി നടക്കവേ ഇന്നത്തെ കാര്യ പരിപാടികള്‍ എന്തൊക്കെ എന്ന് മനസ്സില്‍ പ്ലാന്‍ ചെയ്യുമ്പോഴാണ്, പൊടുന്നനെ വെള്ളിടി പോലെ ആ കാര്യം ശ്യാമിന് ഓര്‍മ വന്നത്. ഇന്ന് തിയ്യതി മൂന്നല്ലേ, കാര്‍ ലോണ് ഈ.എം.ഐ അടക്കാന്‍ അടക്കാന്‍ സമയമായി. നാലാന്തി തന്നെ അവന്‍മാര് അക്കൌണ്ടില്‍ നിന്നും പൈസ പിന്‍വലിക്കും. അക്കൌണ്ടില്‍ ആവശ്യത്തിനു പൈസ ഇല്ലെങ്കില്‍ രൂപ ഇരുന്നൂറ്റി അമ്പതാ ഫൈന്‍. ന്യൂ ജനറേഷന്‍ ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ അല്ലെ, വെറും ഒരു ദിവസം മാറി പോയാല്‍ മതി, യാതൊരു ദയാ ദാക്ഷിണ്യം ഇല്ലാതെ ഇവന്മാര് ഫൈന്‍ അടിക്കും. ഇന്ന് ശനിയാഴ്ച ആയതിനാല്‍, പന്ത്രണ്ടു മണി വരെയേ ബാങ്ക് പ്രവര്‍ത്തിക്കു. മിക്കവാറും നല്ല തിരക്ക് ആയിരിക്കുകയും ചെയ്യും. വേഗം വിട്ടേക്കാം അങ്ങോട്ട്.


പെട്ടെന്ന് ശടെന്നൊരു കുളി പാസാക്കി, തീന്‍ മേശയില്‍ പ്രാതല്‍ കഴിക്കുവാനായി ശ്യാം ഇരുന്നു. പതിവ് പോലെ അന്നും ഭാര്യ ഉണ്ടാക്കിയ വിഭവങ്ങല്‍ എല്ലാം തന്നെ ഒരു തരം തട്ടി കൂട്ടായിരുന്നു. അവള്‍ ഉണ്ടാക്കുന്ന ഏതു വിഭവം എടുത്താലും ഒന്നുകില്‍ അതില്‍ ഉപ്പു, എരിവ്, മുതലായവയുടെ അഭാവം, അല്ലെങ്കില്‍ അതില്‍ ഇവയുടെ എല്ലാം ആവശ്യത്തില്‍ കവിഞ്ഞ സാന്നിധ്യം ആയിരിക്കും. ഇന്നത്തെ വിഭവം ഗോതമ്പ് ദോശ, സാമ്പാര്‍ ആണ്. ശ്യാം സാമ്പാര്‍ വെറുതെ ഒന്ന് രുചിച്ചു നോക്കി. പ്രതീക്ഷിച്ചത് പോലെ തന്നെ അതില്‍ ഉപ്പിന്റെ ധാരാളിത്തവും, മുളകിന്റെ അസാന്നിധ്യവുമാണ് ശ്യാമിന് അനുഭവപ്പെട്ടത്. ഇതൊന്നും പോരാഞ്ഞു ആവശ്യം ഇല്ലാതെ കുറെ സവാള അരിഞ്ഞ് ഇട്ടിട്ടുണ്ട് സാമ്പാറില്‍. എന്റെ അമ്മ മരിച്ചതിനു ശേഷം കഴിഞ്ഞ രണ്ടു വര്‍ഷം ആയി ഞാന്‍ ശ്രദ്ധിക്കുന്നതാ, പലപ്പോഴായി എന്നോടുള്ള ഭാര്യയുടെ തീര്‍ത്തും അവഗണനയും ബഹുമാനക്കുറവും നിറഞ്ഞ സമീപനം, ശ്യാം ഓര്‍ത്തു.

ഭക്ഷണത്തിന്റെ സ്വാദില്ലായ്മയെ കുറിച്ച് പരാതി പറഞ്ഞാലോ എന്ന് ആദ്യം ശ്യാം ആലോചിച്ചു. വേണ്ട, ഒന്നാമത് മണി പതിനൊന്നായി, വേഗം ബാങ്കിലോട്ടു ചെല്ലണം. പിന്നെ ഇവളോട് ഒന്നും പറഞ്ഞു തര്‍ക്കിച്ചത് കൊണ്ട് യാതൊരു കാര്യവും ഇല്ല. അവള്‍ അവളുടെ അമ്മ പറയുന്നതല്ലാതെ വേറെ ആരുടേയും ഉപദേശം മുഖ വിലയ്ക്ക് പോലും എടുക്കില്ല. ബാങ്കിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ രേണുക ഓര്‍മിപ്പിച്ചു, 'അതേയ്, ആ കുട എടുക്കാന്‍ മറക്കരുത്, നല്ല മഴക്കാറുണ്ട്, പിന്നേ, പഞ്ചസാര തീര്‍ന്നു, തിരിച്ചു വരുമ്പോള്‍ ഒരു കിലോ വാങ്ങാന്‍ മറക്കെല്ലേ.' ശ്യാം അനുസരണയോടെ തലയാട്ടി, മേശപ്പുറത്തിരിക്കുന്ന കുട എടുത്തു നോക്കി. സത്യത്തില്‍ ശ്യാം കുട നന്നായി ശ്രദ്ധിച്ചത് അപ്പോള്‍ മാത്രം ആയിരുന്നു. കാഴ്ചയ്ക്ക് നല്ല ചന്തമുണ്ട്, പോപി കമ്പനി നിര്‍മിതി, റോസ് കളര്‍. കൊള്ളാം എവിടെ എടുത്തു വെച്ചാലും ആരും ഒന്ന് ശ്രദ്ധിക്കും. ചുമ്മാ കുട ഒന്ന് നിവര്‍ത്തിയപ്പോഴാകട്ടെ, കുടയ്ക്ക് നല്ല ബലവും വിസ്തൃതിയും ഉണ്ടെന്നുള്ള കാര്യം ശ്യാമിന് മനസ്സിലായി. കൊള്ളാം ഒരു മാതിരി പെട്ട മഴയൊക്കെ ഇവന്‍ പുല്ലു പോലെ തടുത്തോളും.  സാധനം പക്ഷെ നല്ല വില ആണെന്ന് തോന്നുന്നു. ഈശ്വരാ, ഇതെങ്കിലും എവിടെയും കൊണ്ട് പോയി കളയാന്‍ ഇട വരുത്തല്ലേ ദൈവമേ....


മഴക്കാര്‍ ഉണ്ടായിരുന്നെങ്കിലും മഴ പെയ്യാത്ത കാരണം കുട നിവര്‍ത്തേണ്ടി വന്നില്ല. ബാങ്കില്‍ പ്രതീക്ഷിച്ചത് പോലെ നീണ്ട ക്യൂ ആയിരുന്നു. ക്യൂ ഇഴഞ്ഞു നീങ്ങുന്നതിന്റെ ഇടയില്‍ ശ്യാം തന്റെ കയ്യില്‍ ഉള്ള നോട്ടു കെട്ടുകളുടെ എണ്ണം ശരിയല്ലേ എന്ന് ഒന്ന് കൂടി എണ്ണി തിട്ടപ്പെടുത്തി. അതിന്റെ ഇടയില്‍ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ക്യാബിന്‍, ശ്യാം ശ്രദ്ധിച്ചു. അവിടെ മേശപ്പുറത്തു വെച്ചിരിക്കുന്ന നെയിം പ്ലേറ്റില്‍ 'വിനോദ് ജോര്‍ജ്, മ്യുച്ചുവല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് അഡ്വൈസര്‍' എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടു. ആ ക്യാബിനില്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഏതോ ഒരു കസ്റ്റമറുമായി കാര്യമായിട്ടെന്തോ ഡിസ്‌ക്കസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും പോളിസി ആവും വിഷയം. അല്ല, അത് പറഞ്ഞപ്പഴാ ഓര്‍ത്തത്. ഇനി മൂന്നു നാല് മാസം കൂടിയല്ലേ ഉള്ളു, മാര്‍ച്ച് മാസം ആവുമ്പോള്‍ ആദായ നികുതി കുറയ്ക്കാന്‍ വേണ്ടിയുള്ള നിക്ഷേപങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ശ്യാമിന് അപ്പോള്‍ ബോധോദയം ഉണ്ടായി. ഈ പണം അടച്ച ശേഷം വിനോദിനെ കണ്ടു മ്യുച്ചുവല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് മുതലായവയെ കുറിച്ചൊക്കെ വിശദമായി ചോദിച്ചറിയാം എന്ന് ശ്യാം തീര്‍ച്ചപ്പെടുത്തി.

ക്യൂ മുന്നില്‍ നിന്നും ഏകദേശം രണ്ടാം സ്ഥാനത് എത്തിയപ്പോഴാണ്, ശ്യാമിന്റെ ഇടതു പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ശബ്ദിച്ചത്. പരിചയം ഇല്ലാത്തൊരു നമ്പര്‍, ഏതായാലും എടുത്തേക്കാം. എടുത്തപ്പോഴാകട്ടെ അപ്പുറത്ത് നിന്ന് നല്ല പരിചയം ഉള്ള ശബ്ദം.
'എടാ ശ്യാമേ, ഇത് ഞാനാ, അനൂപാ, ഞാന്‍ മിനിഞ്ഞാന്ന് രാത്രിയിലത്തെ ഫ്‌ലൈറ്റില്‍ ഇവിടെ ലാന്‍ഡ് ചെയ്തു. നീയിപ്പോള്‍ എവിടെയാ നില്‍ക്കുന്നെ ?'

'എടാ അനൂപേ, നിന്റെ യാതൊരു വിവരവും ഇല്ലല്ലോ, കുറെ നാളായിട്ട്, എത്ര കാലമായി കണ്ടിട്ട്. എന്താ വിശേഷം, ഭാര്യെയും പിള്ളേരെയും നീ ദുബായിക്ക് കൊണ്ട് പോയോ? നിനക്ക് എത്ര ദിവസത്തെ ലീവ് ഉണ്ട്? എന്നാ ഇങ്ങോട്ട് ഇറങ്ങുന്നേ, നമുക്കൊന്ന് കൂടണ്ടേ ?' ആറു കൊല്ലം മുന്‍പ് ഗള്‍ഫിലേക്ക് ജോലിക്ക് പോയ പഴയ സ്‌കൂള്‍ സഹപാഠിയുടെ ശബ്ദം കേട്ടതിന്റെ ആഹ്ലാദത്തില്‍ പരിസര ബോധം മറന്നു ശ്യാം കുറെ ചോദ്യ ശരങ്ങള്‍ എറിഞ്ഞു.

'ഹാ അടങ്ങ് ഭായ്, ഇങ്ങനെ എല്ലാം കൂടി ഒരുമിച്ച് ചോദിച്ചാല്‍ ഞാന്‍ ചുറ്റി പോകുമല്ലോ. നീയിപ്പോള്‍ ചാലക്കുടിയില്‍ ഉണ്ടോ ? ഞാന്‍ ഇപ്പോള്‍ ആമ്പല്ലൂര്‍ എന്റെ പഴയ തറവാട്ടില്‍ ഉണ്ട്. നിനക്കൊരു അര മണിക്കൂറിനുള്ളില്‍ ഇങ്ങോട്ട് വരാന്‍ പറ്റുമോ ?' അനൂപ് ചോദിച്ചു.
'അങ്ങനെ ചോദിച്ചാല്‍, ഞാനിപ്പോള്‍ ചാലക്കുടിയില്‍ ഒരു ബാങ്കിനകത്താ നില്‍ക്കുന്നത്. ഒന്ന് രണ്ടു ചെറിയ കാര്യങ്ങല്‍ ചെയ്തു തീര്‍ക്കാനുണ്ട്. ചിലപ്പോല്‍ ഒരു മണിക്കൂര്‍ പിടിക്കും. എന്താ കാര്യം?' ശ്യാം ചോദിച്ചു.

'എടാ നല്ല ഒറിജിനല്‍ ഷിവാസ് റീഗല്‍ സ്‌കോച്ച് ഫുള്‍ ബോട്ടില്‍ ഇപ്പോള്‍ എന്റെ കൈവശം ഉണ്ട്. വീട്ടിലാണേല്‍ ഞാന്‍ ഒറ്റയ്ക്കാ. ഭാര്യ, അമ്മ, പിള്ളേര്, ഇവരൊക്കെ അമ്മാവന്റെ വീട്ടിലൊരു ആവശ്യത്തിനു പോയിരിക്കുവാ. രാത്രി ഏഴു മണി കഴിയാതെ അവറ്റകള് തിരിച്ചു വരില്ല. ഒരു അര മണിക്കൂറിനുള്ളില്‍ നമ്മുടെ സ്ഥിരം ടീമുകള്‍ എല്ലാം ഇവിടെ ലാന്‍ഡ് ചെയ്യും. നീ പെട്ടെന്ന് വന്നാല്‍, സ്‌കോച്ചിന്റെ ഒരു പങ്ക് നിനക്കും കിട്ടും, വൈകി പോയാല്‍ പിന്നെ എന്നെ കുറ്റം പറഞ്ഞേക്കരുത്.' 

ഇത്രെയും വലിയൊരു പ്രലോഭനം എങ്ങനെ നിരസിക്കാനാകും ? രണ്ടാമതൊന്നു പോലും ചിന്തിക്കാതെ ശ്യാം പറഞ്ഞു, 'എന്നാല്‍ അര മണിക്കൂര് വേണ്ട, ഞാന്‍ അഞ്ചു മിനിട്ടിനുള്ളില്‍ അവിടെ എത്താം. നീ ആ സ്‌കോച്ച് വേറെ ആര്‍ക്കും കൊടുക്കരുത്. വരുന്ന വഴി ഞാന്‍ വല്ല ടച്ചിങ്ങ്‌സ് വാങ്ങണോ ?'
'ഒന്നും വേണ്ട അതെല്ലാം നമ്മുടെ പിള്ളേരോട് വാങ്ങാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. നീ വേഗം ഇങ്ങോട്ട് വന്നാല്‍ മാത്രം മതി. അപ്പോള്‍ ബാക്കി കാര്യങ്ങള്‍ നേരില്‍ കാണുമ്പോള്‍ ഓക്കേ ? ' അനൂപ് ഫോണ്‍ വെച്ചു.

വേറെ ഒന്നിനേയും പറ്റി ചിന്തിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. പൈസ അടച്ച ഉടന്‍, ബാങ്കില്‍ നിന്നും ശ്യാം അക്ഷരാര്‍ഥത്തില്‍ ഓടുക തന്നെ ആയിരുന്നു. ഭാഗ്യത്തിന് ബസ് സ്‌റ്റോപ്പില്‍ ശ്യാം വരാനായി കാത്തു നില്‍ക്കുന്നത് പോലെ തോന്നിക്കുമാറ്, ഒരു ആമ്പല്ലൂര്‍ ബസ് വന്നു കിടപ്പുണ്ടായിരുന്നു. അതിലേക്കു ശ്യാം ചാടി കയറി ഇടതു ഭാഗത്തായി ഒരു ഒഴിഞ്ഞ സീറ്റില്‍ സ്ഥാനം പിടിച്ചു. ബസ് കഷ്ടിച്ച് ഒരു സ്‌റ്റോപ്പ് പിന്നിട്ടപ്പോള്‍ ചെറുതായിട്ട് ഒരു ചാറ്റല്‍ മഴ പെയ്തു.

'ദൈവമേ, എന്റെ കുട, ഇനി ഞാന്‍ അവളോട് എന്ത് സമാധാനം പറയും ?' ശ്യാം അറിയാതെ തലയില്‍ കൈ വെച്ചു പോയി. അപ്പോള്‍ മാത്രം ആണ് താന്‍ രാവിലെ ഇറങ്ങുമ്പോള്‍ ഒരു കുട കയ്യില്‍ ഉണ്ടായിരുന്നു എന്നുള്ള വസ്തുത ശ്യാമിന്റെ ഓര്‍മയില്‍ ഉദിച്ചത്.

'ഞാന്‍ എവിടെയാ ആ കുട മറന്നു വെച്ചത് ? ഓ ഇപ്പോള്‍ പിടി കിട്ടി. ആ പേ സ്ലിപ് വെച്ചിരിക്കുന്ന കൌണ്ടര്‍, അവിടെ ഞാന്‍ ഫോം പൂരിപ്പിക്കുന്നതിന്റെ ഇടയില്‍ കുട ആ കൌണ്ടറില്‍ തന്നെ വെച്ചായിരുന്നു. ക്യൂ നില്ക്കാന്‍ പോയപ്പോള്‍ ഞാന്‍ കുട എടുത്തതുമില്ല. നശിക്കാനായിട്ട് ! ഞാന്‍ എന്ന് കുടയും കൊണ്ട് വെളിയില്‍ ഇറങ്ങിയോ അന്ന് മഴ പെയ്യില്ല, കുട എടുക്കാതിരുന്നാലോ, അന്ന് കറക്റ്റ് മഴ പെയ്തിരിക്കും ! ' ശ്യാം സ്വയം ശപിച്ചു.

'ഇനിയിപ്പോള്‍ എന്ത് ചെയ്യും, ഇപ്പോള്‍ തന്നെ മണി പന്ത്രണ്ടര ആയി. ബസില്‍ നിന്ന് ഇറങ്ങി തിരിച്ചു ചെല്ലുമ്പോഴേക്കും, ബാങ്ക് അടച്ചു കാണും. കുട അവിടെ തന്നെ കാണും, പക്ഷെ നാളെ സണ്‍ഡേ, തിങ്കളാഴ്ച പോയി നോക്കാം എന്ന് വെച്ചാല്‍ എനിക്ക് അന്ന് എറണാകുളത്തേക്ക് ജോലിക്ക് പോവുകയും വേണം. ഒരു തരത്തിലും ലീവ് എടുക്കാന്‍ പറ്റാത്ത ജോലി തിരക്കാണ് അവിടെ. പിന്നെ ഒരു കുട വീണ്ടെടുക്കാന്‍ വേണ്ടി മാത്രം വെറുതെ ഒരു ലീവ് കളയാന്‍ പറ്റുമോ ? ഇനി ലീവ് എടുത്തു അവിടെ പോയി അന്വേഷിച്ചാല്‍ തന്നെ അവിടെ കുട കാണും എന്ന് എന്താ ഒരു ഉറപ്പ് ? ആ പോട്ടെ സാരമില്ല, ഒരു വേല ഇറക്കാം. ഇന്ന് വൈകുന്നേരം തിരികെ പോരുമ്പോള്‍ അതെ മട്ടിലും മാതിരിയിലും ഉള്ള കുട വാങ്ങിച്ചു ഇതാണ് ആ കുട എന്നും പറഞ്ഞു അവളെ പറ്റിക്കാം. അതെ ഞാന്‍ നോക്കിയിട്ട് ഒരു മാര്‍ഗമുള്ളൂ.' ഇങ്ങനെ എല്ലാം ചിന്തിച്ചു ശ്യാം തന്നെ സ്വയം ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി.



(തുടരും)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക