Image

ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)

Published on 25 August, 2013
ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)
കലാപകലുഷിതമായ ഈജപ്‌തിനുവേണ്ടി കെയ്‌റോയില്‍ ഒരു മലയാളി അര്‍പ്പിക്കുന്ന ഹൃദയാര്‍ച്ചനയാണിത്‌. ഫറവോമാരും വിശ്വസുന്ദരി ക്ലിയോപാട്രയും വാണ നാട്‌, പാപ്പിറസും പിരമിഡും ഗതകാല പ്രതാപങ്ങളുടെ പ്രതീകങ്ങളായി ഇന്നും വാഴ്‌ത്തപ്പെടുന്ന നാട്‌, ലോകത്തിലെ ഏറ്റം നീളം കൂടിയ നദി നൈല്‍ സഹാറാ മരുഭൂമിയെ കുളിപ്പിക്കുന്ന നാട്‌ - അതാണ്‌ ആഫ്രിക്കയുടെ വടക്കേയറ്റത്തു ലിബിയയ്‌ക്കും സുഡാനുമിടയില്‍ മെഡിറ്ററേനിയന്‍ കടലിന്റെ താലോലമേറ്റുകിടക്കുന്ന ഈജിപ്‌ത്‌.

കൊച്ചിയില്‍നിന്നു കഷ്‌ടിച്ച്‌ എട്ടു മണിക്കൂര്‍ ഫ്‌ളൈയിംഗ്‌ ടൈമേയുള്ളൂ കെയ്‌റോയ്‌ക്ക്‌. കോട്ടയംകാരനായ അബു മാത്തന്‍ ജോര്‍ജ്‌ അവിടെ എത്തിയിട്ടു രണ്ടു വര്‍ഷം മാത്രം. എങ്കിലും ബൈബിള്‍ കാലം മുതലേ ഉള്ള ഒരു ജനിതകബന്ധത്തിന്റെ വേരറ്റുപോകാത്ത കണ്ണികളില്‍ ഒന്നാണു താനെന്ന ബോധം ഇടയ്‌ക്കിടെ നുരച്ചുപൊങ്ങുന്നു. ലോക ഓര്‍ത്തഡോക്‌സ്‌ സഭകളില്‍പ്പെട്ട കോപ്‌റ്റിക്‌ സഭയുടെ ആഗോളാസ്ഥാനമാണ്‌ ഈജിപ്‌ത്‌. അബുവിന്‌ ഈജിപ്‌ത്‌ ഒരു `ഹോം എവേ ഫ്രം ഹോം' എന്നു തോന്നാന്‍ ഇതു കാരണമാകാം. ഇന്ത്യന്‍ എംബസിയില്‍ രണ്ടാം സെക്രട്ടറിയാണ്‌ അബു. ഫോറിന്‍ സര്‍വ്വീസില്‍പ്പെട്ട മറ്റൊരു മലയാളികൂടിയുണ്ട്‌. കണ്ണൂരുകാരി സൗമ്യാ നായര്‍. അടുത്തകാലത്ത്‌ അംബാസഡറായിരുന്ന മലയാളി എ. ഗോപിനാഥന്‍ ഇപ്പോള്‍ ജനീവയില്‍ യു.എന്നിലാണ്‌.

ഇന്ത്യക്കും ഈജിപ്‌തിനും പൊതുവായ ഒരു പൈതൃകമുണ്ട്‌. കോളനിവാഴ്‌ചയുടേതാണത്‌. സ്വാതന്ത്ര്യം ലഭിച്ചയുടന്‍ ഗമാല്‍ അബ്‌ദുള്‍ നാസര്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച സൂയസ്‌ കനാല്‍ ദേശസാത്‌കരിച്ചു. തുടര്‍ന്ന്‌ നെഹ്‌റുവുമൊത്ത്‌ കോളനിശക്തികള്‍ക്കെതിരേ ഒരാഗോള നേതൃനിര കെട്ടിപ്പടുത്തു. കെയ്‌റോയുടെ കണ്ണായ സ്ഥലത്ത്‌ നൈല്‍ നദിയിലെ സെമാലിക്‌ ദ്വീപില്‍ത്തന്നെ ഇന്ത്യന്‍ എംബസിക്ക്‌ സ്ഥലവും അനുവദിച്ചു. അവിടെ പഴമയുടെ പ്രതാപവും പേറി എംബസി ഇന്നും നിലകൊള്ളുന്നു.

ഓള്‍ഡ്‌ ഡല്‍ഹിയുടെ പഴമയും തിരക്കും, നൈല്‍ ചുറ്റിയൊഴുകുന്നതിനാല്‍ കൊച്ചിയുടെ മുഖവുമുള്ള നഗരമാണ്‌ കെയ്‌റോ. കേരളത്തിന്റെ മൂന്നിരട്ടി വലുപ്പവും നാലിലൊന്ന്‌ ജനങ്ങളുമുണ്ട്‌ ഈജിപ്‌തില്‍. ഇന്ത്യയിലും വന്നെത്തിയിട്ടുള്ള ഗ്രീസിലെ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ വരവിനെ ഓര്‍മ്മിപ്പിക്കുന്നതാണ്‌ അവരുടെ വടക്കുകിഴക്കേ കോണിലുള്ള തുറമുഖപട്ടണം അലക്‌സാണ്‍ഡ്രിയ. അസ്വാന്‍, ലക്‌സോര്‍, ഗിസ എന്നിവയാണ്‌ മറ്റു നഗരങ്ങള്‍. ഫറവോമാരെ അടക്കിയ പിരമിഡുകള്‍ കെയ്‌റോയുടെ പ്രാന്തത്തില്‍ത്തന്നെ; ഇരുപതു കിലോമീറ്റര്‍ അകലെ.

സൂയസ്‌ കനാലിലൂടെ കപ്പലുകള്‍ യൂറോപ്പിലേക്കും തിരിച്ചും കടത്തിവിട്ടുണ്ടാക്കുന്ന ചുങ്കമാണ്‌ ഈജിപ്‌തിന്റെ മുഖ്യവരുമാനം. ടൂറിസത്തില്‍നിന്നുള്ള വരുമാനം 11 ശതമാനം വരും. കഴിഞ്ഞ വര്‍ഷം 1,18,000 ഭാരതീയര്‍ ഈജിപ്‌ത്‌ സന്ദര്‍ശിക്കുകയുണ്ടായി. ഹെറോദേസ്‌ രാജാവിന്റെ കാലത്ത്‌ പീഡനം ഭയന്ന്‌ ഈജിപ്‌തില്‍ അഭയം തേടിയ യഹൂദരില്‍ ഈശോ, മറിയം, യൗസേപ്പുമാര്‍ ഉണ്ടായിരുന്നുവെന്നാണല്ലോ ബൈബിള്‍ പറയുന്നത്‌. ആ സ്‌മാരകങ്ങള്‍ കാണാനെത്തുന്നവരുടെ കൂട്ടത്തില്‍ മലയാളികളും ധാരാളം. വടക്കുകിഴക്കേ കോണില്‍ ത്രികോണാകൃതിയില്‍ തള്ളിനില്‍ക്കുന്ന സീനായ്‌ വഴിയും വിശുദ്ധ നാട്ടില്‍ പ്രവേശിക്കാം.

അറബികള്‍ കേരളത്തില്‍നിന്നു കുരുമുളകും ഏലവും മറ്റും വാങ്ങി കപ്പലില്‍ ഈജിപ്‌തിലെത്തിച്ച്‌ ഒട്ടകപ്പുറത്ത്‌ മണലാരണ്യം താണ്ടി യൂറോപ്പിലെത്തിച്ചിരുന്നതായാണു ചരിത്രം. സൂയസ്‌ തുറന്നതോടെ ആ ചരിത്രം മാറി. ടോളമി ഭരിച്ചിരുന്ന കാലത്ത്‌ അശോക ചക്രവര്‍ത്തിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുത്രെ.

എന്നാലിന്ന്‌ വിദ്യാസമ്പന്നരുടെ നാടായ ഈജിപ്‌തില്‍ ഇന്ത്യക്കാര്‍ക്ക്‌ പോക്കിടമില്ലെന്നതാണു വസ്‌തുത. തൊട്ടടുത്തു ലിബിയയില്‍ ആയിരക്കണക്കിനു ഭാരതീയര്‍ ഉണ്ടുതാനും. ഈജിപ്‌തിലെ ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും ഗള്‍ഫിലും യൂറോപ്പിലും ജോലിതേടി പോകുന്നു. ഈജിപ്‌തിലാകെ 3500-4000 ഭാരതീയര്‍ ഉണ്ടായിരിക്കും. അതില്‍ പത്തിലൊന്നു വരും മലയാളികള്‍. സ്‌കോഷ്യാ ബാങ്കിലെ വി.പി. റഹ്‌മാന്‍, ഐഫ്‌ളക്‌സ്‌ സി.ഇ.ഒ റെജി പോള്‍, അല്‍സലാം ഇന്റര്‍നാഷണല്‍ ഹോസ്‌പിറ്റല്‍ മേധാവി ഡോ. ഹാരിഷ്‌ പിള്ള എന്നിവര്‍ പ്രമുഖര്‍. പിള്ള കൊച്ചിയിലേക്കു തിരികെപ്പോന്നിരിക്കുകയാണ്‌.

നെടുമ്പാശേരിയോടു കിടപിടിക്കുന്ന എയര്‍പോര്‍ട്ട്‌. നമ്മുടെ നാഷണല്‍ ഹൈവേയോടു താരതമ്യപ്പെടുത്താവുന്ന റോഡുകള്‍. നഗരങ്ങളെ ബന്ധിപ്പിക്കുന്ന വലുതും ചെറുതും ക്ലാസ്സുകളുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍. നൈലില്‍ ഉടനീളം ബോട്ട്‌ - ഇവയെല്ലാം ഈജിപ്‌തിന്റെ ആധുനികമുഖങ്ങളാണ്‌. ഒരു ഈജിപ്‌ഷ്യന്‍ പൗണ്ടിന്‌ പത്തു രൂപ വിലവരും. കൊച്ചിയില്‍നിന്നു ഗള്‍ഫ്‌ വഴി എല്ലാ ഗള്‍ഫ്‌ വിമാനക്കമ്പനികളും മത്സരിച്ചു സര്‍വ്വീസ്‌ നടത്തുന്നു. 35,000 രൂപയാണ്‌ പോയിവരാനുള്ള നിരക്ക്‌.

ഹിന്ദി സിനിമയാണ്‌ ഇന്ത്യ-ഈജിപ്‌ത്‌ ബന്ധം ഊട്ടിയുറപ്പിക്കുന്ന മറ്റൊരു ഘടകം. ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്‌സ്‌പ്രസ്സ്‌ എന്ന പുതിയ ചിത്രം സെപ്‌റ്റംബര്‍ ഏഴിന്‌ അവിടെ റിലീസ്‌ ചെയ്യുകയാണ്‌. മലയാളം ചാനലുകള്‍ എത്തിയിട്ടില്ല. `സീ'യുടെ `സീ അഫ്‌ളേം' എന്നൊരു ഹിന്ദി ചാനലുണ്ട്‌.

പ്രശസ്‌ത വേദശാസ്‌ത്ര പണ്‌ഡിതനും പാരിസ്ഥിതികവാദിയുമായ ഫാ. ഡോ. കെ.എം. ജോര്‍ജിന്റെ ഏകപുത്രനാണ്‌ അബു. ഐ.പി.എസ്‌ കിട്ടി പരിശീലനത്തിലിരിക്കുമ്പോള്‍ വീണ്ടും പരീക്ഷയെഴുതി ഫോറിന്‍ സര്‍വ്വീസില്‍ത്തന്നെ കയറിപ്പറ്റിയതാണ്‌. പക്ഷേ, ലുവെയ്‌നിലും പാരീസിലും പഠിച്ചും ജനീവയില്‍ പഠിപ്പിച്ചും പിതാവ്‌ നേടിയ സഞ്ചാരപാഥേയം സ്വായത്തമാക്കണമെങ്കില്‍ ഇനിയും കാലങ്ങളെടുക്കും. ഐ.എഫ്‌.എസില്‍ അതിനുള്ള ധാരാളം അവസരമുണ്ടുതാനും.
ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)ഈജിപ്‌തിനുവേണ്ടി ഒരു മലയാളിയുടെ ഹൃദയാര്‍ച്ചന (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക