Image

സെയിന്റ്‌ എഫ്രേം മെഡിക്കല്‍ മിഷന്‍ യു.കെ. ചാപ്‌റ്റര്‍ ഉത്‌ഘാടനം ചെയ്‌തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 October, 2011
സെയിന്റ്‌ എഫ്രേം മെഡിക്കല്‍ മിഷന്‍ യു.കെ. ചാപ്‌റ്റര്‍ ഉത്‌ഘാടനം ചെയ്‌തു
ബ്രിസ്റ്റോള്‍: കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെയിന്റ്‌ എഫ്രേം യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്റെ ഇംഗ്ലണ്ടിലെ പുതിയ ചാപ്‌റ്റര്‍ ഒക്ടോബര്‍ രണ്ടാം തിയ്യതി ഞായറാഴ്‌ച ബ്രിസ്റ്റോളില്‍ ഉത്‌ഘാടനം ചെയ്‌തു.

യാക്കോബായ സുറിയാനി കൃസ്‌ത്യാനികളുടെ ഇംഗ്ലണ്ടിലെ മൂന്നാമത്തെ ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ തയ്യാറാക്കിയ വേദിയില്‍ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി ജനറല്‍ ഫാ. ബാബു പെരിങ്ങോള്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുകയും ചെയ്‌തു. മോര്‍ കൂറിലോസ്‌ ഗീവര്‍ഗീസ്‌, മോര്‍ അഫ്രേം മാത്യൂസ്‌, മോര്‍ ഒസ്‌താത്തിയോസ്‌ ഐസക്‌ എന്നീ മെത്രാപ്പോലീത്തമാരും വൈദികരായ രാജു ചെറുവിള്ളില്‍, ഗീവര്‍ഗീസ്‌ തണ്ടയത്ത്‌, തോമസ്‌ പുതിയാമഠത്തില്‍, പീറ്റര്‍ കുര്യാക്കോസ്‌, സിബി അടിമാലി, ജിബി ഇഞ്ചിക്കോട്ടില്‍, പ്രിന്‍സ്‌ മണ്ണത്തൂര്‍ എന്നിവരും എഴുനൂറോളം വരുന്ന വിശ്വാസികളും ഉദ്‌ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.

പരിശുദ്ധ പാത്രിയാര്‍ക്കീസ്‌ ബാവയുടെ അനുഗ്രഹകല്‌പന യു.കെ.യിലെ മുന്‍ പാട്രിയര്‍ക്കന്‍ വികാരി കൂടിയായ മോര്‍ കൂറിലോസ്‌ ഗീവര്‍ഗീസ്‌, ഇപ്പോഴത്തെ പാട്രിയര്‍ക്കന്‍ വികാരിയും മെഡിക്കല്‍ മിഷന്റെ വൈസ്‌ പ്രസിഡന്റുമായ മോര്‍ അഫ്രേം മാത്യൂസ്‌, കുവൈറ്റിലെ പാട്രിയര്‍ക്കന്‍ വികാരിയും ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനാധിപനുമായ മോര്‍ ഒസ്‌താത്തിയോസ്‌ ഐസക്‌ എന്നിവര്‍?ചേര്‍ന്ന്‌ വായിച്ചു. മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ്‌ മോര്‍ ക്ലീമീസ്‌ യൂജിന്‍ കാപ്ലാന്റെ അഭിനന്ദന സന്ദേശവും തദവസരത്തില്‍ വായിക്കുകയുണ്ടായി.

അഭിവന്ദ്യ തിരുമേനിമാര്‍ നിലവിളക്കു കൊളുത്തി ഔപചാരികമായി മെഡിക്കല്‍ മിഷന്റെ ഉത്‌ഘാടനം നിര്‍വ്വഹിക്കുകയും അനുഗ്രഹ പ്രഭാഷണത്തില്‍ സഭയുടെ ദൗത്യനിര്‍വ്വഹണത്തില്‍ പങ്കുചേരാന്‍ യു.കെ.യിലെ വിശ്വാസികളെ ഉത്‌ബോധിപ്പിക്കുകയും ചെയ്‌തു.

ആകമാന സുറിയാനി സഭയുടെ സോഷ്യല്‍ മിനിസ്‌ട്രിയുടെ ഭാഗമായ സെയിന്റ്‌ എഫ്രേം മെഡിക്കല്‍ മിഷന്‍ റെഡ്‌ക്രോസിന്റെ മാതൃകയില്‍ ലോകത്തിലെ മുപ്പതിലധികം രാജ്യങ്ങളില്‍ തികച്ചും സൗജന്യമായി വൈദ്യസഹായവും അതിനോടനുബന്ധിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താന്‍തക്കവണ്ണം കാലിഫോര്‍ണിയ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിച്ചു വരുന്നു.

ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവ മുഖ്യ രക്ഷാധികാരിയും, മലങ്കരയിലെ ശ്രേഷ്ട കാതോലിക്ക ബസ്സോലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ രക്ഷാധികാരിയും സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ അഭിവന്ദ്യ ക്ലീമിസ്‌ യൂജിന്‍ കാപ്ലാന്‍ തിരുമേനി പ്രസിഡന്റും ഓക്‌ലഹോമയിലെ ഫാ. ബാബു പെരിങ്ങോള്‍ സെക്രട്ടറി ജനറലുമായി ഇരുപതു പേരടങ്ങുന്ന ഒരു എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌.
സെയിന്റ്‌ എഫ്രേം മെഡിക്കല്‍ മിഷന്‍ യു.കെ. ചാപ്‌റ്റര്‍ ഉത്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക