Image

മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഷിക്കാഗോ (ബെല്‍വുഡ്‌) മാര്‍ത്തോമാശ്ശീഹാ കത്തീഡല്‍ ഇടവകയില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പ്രൗഢഗംഭീരവും സ്‌നേഹോഷ്‌മളവുമായി വരവേല്‍പ്‌ നല്‍കി.

ഒക്‌ടോബര്‍ 9-ന്‌ ഞായറാഴ്‌ച രാവിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ വിശാലമായ പാര്‍ക്കിംഗ്‌ ലോട്ടിന്റെ പ്രവേശന കവാടത്തില്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍, ചാന്‍സിലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം രൂപതാ ആസ്ഥാനത്തുനിന്നും എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌, വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവരുടെ നേതൃത്വത്തില്‍, കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും, നൂറുകണക്കിന്‌ വേദപഠന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന യുവജനങ്ങള്‍, മറ്റ്‌ പ്രതിനിധികള്‍ എന്നിവരും ആയിരക്കണക്കിന്‌ വിശ്വാസികളും ചേര്‍ന്ന്‌ സ്വീകരിച്ചു.

കൈക്കാരന്മാരായ സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവര്‍ യഥാക്രമം മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനും, ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനും ബൊക്കെ നല്‍കി ഔപചാരികമായി സ്വീകരിച്ചു.

തുടര്‍ന്ന്‌ നൂറുകണക്കിന്‌ കുട്ടികളും, യുവജനങ്ങളും ഇരുവശങ്ങളിലുമായി അണിനിരന്ന്‌ ആയിരക്കണക്കിന്‌ വിശ്വാസികളുടെ സാന്നിധ്യത്തില്‍, ചെണ്ടമേളങ്ങളുടേയും വാദ്യമേളങ്ങളുടേയും, നൂറുകണക്കിന്‌ വര്‍ണ്ണശബളമായ മുത്തുക്കുടകളുടേയും അകമ്പടിയോടെ അഭിവന്ദ്യ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനേയും, മറ്റ്‌ വിശിഷ്‌ടാതിഥികളേയും ചുവപ്പുപരവാതിനിയിലൂടെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക്‌ ആനയിച്ചു. കത്തീഡ്രല്‍ ദേവാലയത്തിന്റെ ആനവാതിലില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ കത്തിച്ച മെഴുകുതിരി നല്‍കി ദേവാലയത്തിലേക്ക്‌ ആനയിച്ചു.

പത്തുമണിക്ക്‌ അഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും, ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍, വികാരി ഫാ. ജോയി ആലപ്പാട്ട്‌, രൂപതാ ചാന്‍സിലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. ആന്റോ മാമ്പള്ളില്‍, ഫാ. റ്റോം പന്നലക്കുന്നേല്‍, ഫാ. തോമസ്‌ കുറ്റിയാനിക്കല്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ സമൂഹബലി നടത്തപ്പെട്ടു. ദിവ്യബലി മധ്യേ അഭിവന്ദ്യ ആലഞ്ചേരി പിതാവ്‌ വചന സന്ദേശം നല്‍കുകയും, സീറോ മലബാര്‍ സഭയ്‌ക്ക്‌ അഭിമാനമായി, ഷിക്കാഗോ കത്തീഡ്രല്‍ സമൂഹത്തിനുണ്ടായ പുരോഗതിയിലും, മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലും താന്‍ സന്തുഷ്‌ടനാണെന്നും, ഈ വിശ്വാസി സമൂഹം ഇനിയും ഉയരങ്ങളിലേക്ക്‌ വളരട്ടെയെന്നും പിതാവ്‌ ആശംസിച്ചു.

കത്തീഡ്രല്‍ ഗായകസംഘം കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി. ജോസുകുട്ടി നടയ്‌ക്കപ്പാടം, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം എന്നിവര്‍ അടങ്ങിയ ലിറ്റര്‍ജി കമ്മിറ്റി തിരുകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമാക്കുവാന്‍ നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ദേവാലയത്തിനുപുറത്ത്‌ പുതുതായി നിര്‍മ്മിച്ച മാതാവിന്റെ മനോഹരമായ ഗ്രോട്ടോയുടെ വെഞ്ചരിപ്പ്‌ കര്‍മ്മം അഭിവന്ദ്യ പിതാവ്‌ നിര്‍വഹിച്ചു.

തുടര്‍ന്ന്‌ ചെണ്ടമേളങ്ങളുടേയും, വാദ്യമേളങ്ങളുടേയും, മുത്തുക്കുടകളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ അഭിവന്ദ്യ പിതാവിനെ കത്തീഡ്രല്‍ ഹാളിലേക്ക്‌ സ്വീകരിച്ചാനയിക്കുകയും, തുടര്‍ന്ന്‌ പൊതുസമ്മേളനം നടത്തപ്പെടുകയും ചെയ്‌തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക