Image

'ഇലക്ട്രാ' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനവേദിയില്‍ നിന്നും

ജോസ് പിന്റോ സ്റ്റിഫന്‍ Published on 30 May, 2011
'ഇലക്ട്രാ' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനവേദിയില്‍ നിന്നും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്പ്രിംഗ് വാലിയിലുള്ള മാവേലി ട്വിന്‍ സിനിമാ തിയേറ്ററില്‍ 'ഇലക്ട്രാ' എന്ന മലയാള സിനിമയുടെ ഒരു പ്രത്യേക പ്രദര്‍ശനം നടക്കുകയുണ്ടായി. ഈ സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല. എങ്കിലും ന്യൂയോര്‍ക്ക് മേഖലയിലെ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംകഷികള്‍ക്കുമായി പ്രത്യേക താല്പര്യമെടുത്താണ് ഈ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്താന്‍ സംവിധായകന്‍ ശ്രീ. ശ്യാമപ്രസാദ് തയ്യാറായത്.

തൃശ്ശൂരില്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനിടിയില്‍ മനസ്സില്‍ കയറിപ്പറ്റിയ കഥാപാത്രം വെള്ളിത്തിരയില്‍ പുനരവതരിപ്പിക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലണ്ടനില്‍ ഉന്നതപഠനം നടത്തിയ ശ്യാമപ്രസാദിന് ബി.ബി.സി.ചാനലുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

മറ്റ് പലരും ചിന്തിക്കാത്തതോ സിനിമയാക്കാന്‍ ധൈര്യം കാണിക്കാത്തതോ ആയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക മിടുക്ക് ശ്യാമപ്രസാദിനുണ്ട്.

യവനകഥകളിലെ വിശ്വോത്തര കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലോകപ്രസിദ്ധ മനഃശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡ് പേരുചൊല്ലി വിളിച്ച ഈഡിപ്പസ് കോംപ്ലക്‌സ്, ഇലക്ട്രാ കോംപ്ലക്‌സ്, നാര്‍സി യൂസ് കോംപ്ലക്‌സ്, സിന്‍ഡ്രല്ലാ കോംപ്ലക്‌സ് തുടങ്ങിയ കോംപ്ലക്‌സുകള്‍ അഥവാ മാനവഭാവങ്ങള്‍ സിനിമായുടെ വിഷയമായി തിരഞ്ഞെടുക്കാന്‍ ശ്യാമപ്രസാദിനുള്ള കഴിവ് അപാരം തന്നെ.

ഇലക്ട്രാ എന്ന സിനിമയെക്കുറിച്ചഭിമാനിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെയുണ്ട്. ഒരു മഞ്ഞുകാല സീസണില്‍ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ സുഹൃത്ത് എബിയുടെ വീട്ടില്‍ കുറെ ദിനങ്ങള്‍ താമസിക്കാന്‍ ശ്യാമപ്രസാദ് എത്തി. അവിടെ ഇരുന്ന് ശ്യാമപ്രസാദ് 'ഇലക്ട്രായുടെ' കഥ സിനിമയ്ക്കായി രൂപപ്പെടുത്തിയെടുത്തു. കിരണ്‍ പ്രഭാകര്‍ ഇക്കാര്യത്തില്‍ തന്നെ ഏറെ സഹായിച്ചുവെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനും തിരക്കഥാകൃത്ത് എന്ന ക്രെഡിറ്റ് പങ്കുവച്ചതെന്നും ശ്യാമപ്രസാദ് പറഞ്ഞു.

മഞ്ഞുക്കാലത്ത് സ്‌ക്രിപ്റ്റ് എഴുതിയതുകൊണ്ടാവാം ആ സീസണില്‍ അനുഭവവേദ്യമാക്കുന്ന നൈരാശ്യവും വിരസതയും ഈ ചിത്രത്തിലും കടന്നുകൂടിയിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സഹനത്തിന്റെ അന്ത്യത്തില്‍ ജ്ഞാനം കടന്നു വരുമെന്ന ഗ്രീക്ക് തത്ത്വശാസ്ത്രം ഈ ചിത്രത്തിന്റെ അന്ത്യഭാഗത്ത് ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഈ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്താന്‍ സന്മനസ് കാണിച്ച ശ്യാമപ്രസാദിനോടും മാവേലി തിയേറ്റര്‍ ഉടമ ജേക്കബ് റോയിയോടും മറ്റ് സുഹൃത്തുക്കളോടും കാണികളെല്ലാം ഏകണ്‌ഠേന നന്ദി പറഞ്ഞു. ഇടദിവസമായിരിന്നിട്ടു കൂടി ദൂര സ്ഥലങ്ങളില്‍ നിന്നുപോലും സിനിമാസ്വാദകര്‍ എത്തിയിരുന്നു.

അക്കരക്കാഴ്ചയുടെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും സാന്നിദ്ധ്യം കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ടു. ഫ്രെഡ് കൊച്ചിന്‍, ഡോ.ജോണ്‍, ഡോ.ലില്ലി ജോണ്‍, ബാലു മേനോന്‍, സണ്ണി കല്ലൂപാറ, ജോബ് നെറ്റിക്കാടന്‍, രാജു പ്രാലേല്‍, ജിനു അലക്‌സ് കോശി എന്നിവരും സന്നിഹതരായിരുന്നു.

പ്രസിദ്ധ മീഡിയാ പ്രവര്‍ത്തകന്‍ ജോര്‍ജാ തുമ്പയില്‍ തന്റെ സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ ഈ ചടങ്ങ് ആകര്‍ഷകമാക്കി. അദ്ദേഹമായിരുന്നു മുഖ്യ അവതാരകന്‍. ജേക്കബ് റോയി ശ്യാമപ്രസാദിനെ ബൊക്കെ നല്കി സ്വീകരിച്ചു.

ചോദ്യോത്തരവേള വിജ്ഞാനപ്രദമായിരുന്നു. “അങ്ങ് ഒരു മനശാസ്ത്രജ്ഞന്‍ കൂടിയാണോ?” “ഇതായിരുന്നു അലക്‌സ് വിളനിലം കോശിയുടെ ചോദ്യം”. “ഇത്ര തന്മയത്വത്തോടെ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള അങ്ങയുടെ കഴിവിനെ ഞാന്‍ അഭിനന്ദിക്കുന്നു”. അലക്‌സ് വിളനിലം കോശി കൂട്ടിചേര്‍ത്തു.

എഴുത്തുകാരി റീന മാമ്പലത്തിനറിയേണ്ടിയിരുന്നത്. ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍' എന്ന ചിത്രത്തിന്റെ കഥാസാരമായിരുന്നു. സ്വന്തം ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മീരാ ജാസ്മിന്‍ അവതരിപ്പിച്ച 'കഥാപാത്രത്തിന്' തന്നെക്കാള്‍ ഏറെ പ്രായമുണ്ടായിരുന്ന മമ്മൂട്ടി അവതരിപ്പിച്ച 'കഥാപാത്രത്തിനോട്' പ്രണയം തോന്നാനുള്ള കാരണം? അതായിരുന്നു റീനി മാമ്പലത്തിനറിയേണ്ടിയിരുന്നത്.

'ഒരേ കടല്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ശ്യാമപ്രസാദിന്റെ സുഹൃത്തുമായ റ്റോം ജോര്‍ജ് കോലാത്തിനറയേണ്ടിയിരുന്നത് എന്തുകൊണ്ടാണ് രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മികവുറ്റ കലാകാരനായ പ്രകാശ് രാജിനെ തന്നെ തെരഞ്ഞെടുത്തു എന്നതാണ്.

പ്രസിദ്ധ സാംസ്‌ക്കാരിക പ്രവര്‍ത്തിക ഷീലാ ചെറു സംവിധായകന്‍ ശ്യാമപ്രസാദിനെ അഭിനന്ദിച്ചു സംസാരിച്ചു. 'ഇലക്ട്രാ' എന്ന സങ്കീര്‍ണ്ണ കഥാപാത്രത്തെ മലയാളീകരിച്ച് ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ശ്യാമപ്രസാദ് ഏറെ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹനാണെന്ന് ഷീല പറഞ്ഞു.

സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും മാറ്റം വരുത്തിയിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് തങ്ങള്‍ക്ക് തോന്നുന്നതുമായ ചില കാര്യങ്ങളെക്കുറിച്ച് മനോഹര്‍ തോമസും ഫിലിപ്പ് മാരേട്ടും ശ്യാമപ്രസാദുമായി പങ്കുവച്ചു.

ക്രിസ്തീയ പശ്ചാത്തലത്തിലുള്ള കഥാഖ്യാനം നടത്താന്‍ ഹൈന്ദവവിശ്വാസിയായ ശ്യാമപ്രസാദ് ഏറെ പരിശ്രമം നടത്തിയിട്ടുണ്ടെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും ഫാ. തദേവൂസ് അരവിന്ദത്ത് ചൂണ്ടിക്കാട്ടി.

ഏറ്റവുമവസാനം സമീപപ്രദേശത്തെ കാരാവള്ളി റസ്റ്റോറന്റില്‍ ഏവരും ഒത്തുകൂടി ഭക്ഷണം കഴിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം അവരവരുടെ കര്‍മ്മഭൂമികളിലേക്ക് യാത്രയായി.

ഈ ചിത്രത്തിന്റെ കഥയെ പറ്റി എഴുതാത്തതും കഥാപാത്രങ്ങളെപ്പറ്റിയും താരങ്ങളെപ്പറ്റിയും വിശദീകരിക്കാത്തതും ചെയ്യാത്തത് നിങ്ങള്‍ ഈച ചിത്രം കാണാന്‍ ശ്രമിക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ്. എനിക്ക് ഏറെ ഇഷ്ടമായി. നിങ്ങള്‍ക്കും ഇഷ്ടപ്പെടും എന്ന് ഞാന്‍ കരുതുന്നു.
'ഇലക്ട്രാ' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനവേദിയില്‍ നിന്നും'ഇലക്ട്രാ' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനവേദിയില്‍ നിന്നും'ഇലക്ട്രാ' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനവേദിയില്‍ നിന്നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക