Image

ഫൊക്കാന നാഷനല്‍ സ്‌പെല്ലിങ് ബീ ചാംപ്യന്‍ഷിപ്പ് - 2011ന് ന്യൂയോര്‍ക്ക് വേദിയൊരുക്കുന്നു

വര്‍ഗീസ് പോത്താനിക്കാട് Published on 11 October, 2011
ഫൊക്കാന നാഷനല്‍ സ്‌പെല്ലിങ് ബീ ചാംപ്യന്‍ഷിപ്പ് - 2011ന് ന്യൂയോര്‍ക്ക് വേദിയൊരുക്കുന്നു

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ, കാനഡ പ്രദേശങ്ങളിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്‌പെല്ലിങ് ബീ ചാംപ്യന്‍ഷിപ്പ് മല്‍സരം 29 ശനിയാഴ്ച നടത്തും. ന്യൂയോര്‍ക്കില്‍ ക്വീന്‍സിലുള്ള ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂളില്‍ (Glean Oaks H.S, 74 20 Common Wealth Blvd,Bellerose, NY 11426) 1.30ന് മല്‍സരം ആരംഭിക്കും. മൂന്നുവരെ നടക്കുന്ന വിവിധ റൗണ്ടുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് മല്‍സരാര്‍ഥികള്‍ 6.30 ന് നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കും. ഫൊക്കാന ന്യൂയോര്‍ക്ക് റീജന്റെ സമ്മേളനവും കലാപരിപാടികളും അരങ്ങേറുന്ന പൊതുവേദിയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ട് മല്‍സരത്തിന് കലാ - സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ വിശിഷ്ടാതിഥികള്‍ സാക്ഷ്യം വഹിക്കും.

മല്‍സരത്തില്‍ കാനഡയില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, വാഷിങ്ടണ്‍ ഡിസി, ഒഹായോ, ഡിട്രോയിറ്റ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജന്‍ ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
കാണികളുടെ ഹൃദയസ്പന്ദനം കൂട്ടുന്ന ആകാംഷാഭരിതമായ ഈ വാശിയേറിയ മത്സരം ഇതിനോടകം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. അമിതമായ എസ്.എം.എസ് ഭാഷയുടെ പ്രയോഗത്താല്‍ യുവതലമുറ യുക്തമായ ഭാഷാപ്രയോഗത്തില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌പെല്ലിംഗ് ബീ പോലുള്ള മത്സരങ്ങള്‍ ഇവരില്‍ ഭാഷാതാല്പര്യം വളര്‍ത്താന്‍ ഉതകുന്നവയായിരിക്കും.

ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കുന്ന മല്‍സരാര്‍ഥിക്ക് അയ്യായിരം ഡോളര്‍ കാഷ് അവാര്‍ഡും രണ്ടാം സ്ഥാനത്തിന് ആയിരം ഡോളര്‍  ‍, മൂന്നാം സ്ഥാനത്തിന് 500 ഡോളര്‍ ‍, നാലാം സ്ഥാനത്തിന് 300 ഡോളര്‍ , അഞ്ചാം സ്ഥാനത്തിന് 200 ഡോളര്‍ ‍, തൊട്ടടുത്ത അഞ്ചു വിജയികള്‍ക്കും 100 ഡോളര്‍ വീതം ഇങ്ങനെ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു മുതല്‍ എട്ടുവരെ ഗ്രേഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായവര്‍ .

ചാംപ്യന്‍ഷിപ്പ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരായ മല്‍സരാര്‍ഥികളുടെ മാതാപിതാക്കള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷകള്‍ പൂരിപ്പിച്ച് നാഷനല്‍ കോ - ഓര്‍ഡിനേറ്റര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാത്യു കുക്കൂറ (നാഷനല്‍ ഡയറക്ടര്‍ ): 516 351 6705
ജോണ്‍ ഐസക് : 914 720 5030
വര്‍ഗീസ് പോത്താനിക്കാട് : 917 488 2590


ഫൊക്കാന നാഷനല്‍ സ്‌പെല്ലിങ് ബീ ചാംപ്യന്‍ഷിപ്പ് - 2011ന് ന്യൂയോര്‍ക്ക് വേദിയൊരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക