Image

ആപ്പിള്‍ ഐ ഫോണ്‍ 4 എസിനുള്ള മുന്‍കൂര്‍ ബുക്കിംഗ് 10 ലക്ഷം കവിഞ്ഞു (അങ്കിള്‍സാം)

Published on 11 October, 2011
ആപ്പിള്‍ ഐ ഫോണ്‍ 4 എസിനുള്ള മുന്‍കൂര്‍ ബുക്കിംഗ് 10 ലക്ഷം കവിഞ്ഞു (അങ്കിള്‍സാം)


സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐ ഫോണ്‍ 4 എസിനുള്ള മുന്‍കൂര്‍ ബുക്കിംഗ് ഒറ്റ ദിവസം കൊണ്ട് 10 ലക്ഷം കവിഞ്ഞു. ഐ ഫോണ്‍ 4 സ്ഥാപിച്ച മുന്‍കൂര്‍ ബുക്കിംഗിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് ഐ ഫോണ്‍ 4 എസിനുള്ള ബുക്കിംഗ് പുരോഗമിക്കുന്നത്. ഐ ഫോണ്‍ 4 അവതരിപ്പിച്ചപ്പോള്‍ ഒറ്റദിവസം കൊണ്ട് ആറു ലക്ഷം മുന്‍കൂര്‍ ബുക്കിംഗ് ആയിരുന്നു ലഭിച്ചിരുന്നത്.

ആപ്പിളിന്റെ ഏതെങ്കിലും ഉല്‍പ്പന്നത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മുന്‍കൂര്‍ ബുക്കിംഗ് ആണ് 4 എസിന് ലഭിച്ചതെന്ന് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് ഷില്ലര്‍ പറഞ്ഞു. ഐഫോണ്‍ 4 ന്റെ അതേ മാതൃക തന്നെയാണ് 4 എസിന്. ഹാര്‍ഡ് വെയര്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ടെന്നതു മാത്രമാണ് പ്രധാന മാറ്റം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 4 എസിനുള്ള മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചത്. ഈ വെള്ളിയാഴ്ചയാണ് ഐ ഫോണ്‍ 3 എസ് സ്റ്റോറുകളിലെത്തുക.

സ്റ്റീവ് ജോബ്‌സ് മരിച്ചത് ശ്വസന സ്തംഭനം മൂലമെന്ന് മരണസര്‍ട്ടിഫിക്കറ്റ്

ന്യൂയോര്‍ക്ക് : ആപ്പിള്‍ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ മരണകാരണം പാന്‍ക്രിയാസിന് ബാധിച്ച ക്യാന്‍സറിനെത്തുടര്‍ന്നുള്ള ശ്വസന സ്തംഭനം (റെസ്പിരേറ്ററി അറസ്റ്റ്) ആണെന്ന് മരണ സര്‍ട്ടിഫിക്കറ്റ്. പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് ചികിത്സയിലായിരുന്ന ജോബ്‌സ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് കാലിഫോര്‍ണിയയിലെ പാളോ ആള്‍ട്ടോയിലുള്ള വസതിയില്‍ അന്തരിച്ചത്.

ശ്വസന സ്തംഭനമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന മരണ സര്‍ട്ടിഫിക്കറ്റില്‍ അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കിയില്ലെന്നും വ്യക്തമാക്കുന്നു. സാന്റാ ക്ലാരാ കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റാണ് ജോബ്‌സിന്റെ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. മരണസമയത്ത് ഭാര്യയും അടുത്ത ബന്ധുക്കളും ജോബ്‌സിന്റെ ചുറ്റുമുണ്ടായിരുന്നുവെന്നും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. 2004 മുതല്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് ചികിത്സയിലായിരുന്നു ജോബ്‌സ്.

കാത്തിരിപ്പിന് വിട, ഫേസ്ബുക്ക് ഐപാഡ് അപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും.

ന്യൂയോര്‍ക്ക് : ഐപാഡ് ഉപയോക്താക്കളുടെ ദീര്‍ഘകാല കാത്തിരിപ്പിന് വിരാമം. ഐപാഡില്‍ എന്നാണ് സ്വന്തം ഫേസ്ബുക്ക് അപ്ലിക്കേഷന്‍ ലഭ്യമാക്കുക എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫേസ്ബുക്ക് തങ്ങളുടെ ഐപാഡ് അപ്ലിക്കേഷന്‍ പുറത്തിറക്കാതിരുന്നത് ഉപയോക്താക്കളെ നിരാശരാക്കിയിരുന്നു. സ്വന്തം ഫേസ്ബുക്ക് അപ്ലിക്കേഷനുകളുമായി ഇടനിലക്കാര്‍ ലാഭം കൊയ്യുകയും ചെയ്തു. മറ്റ് ഫേസ്ബുക്ക് അപ്ലിക്കേഷനുകള്‍ പോലെ സൗജന്യമായി ഐപാഡ് അപ്ലിക്കേഷനുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഷിക്കാഗോ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കി ആംബര്‍ മില്ലര്‍ അമ്മയായി.

ഷിക്കാഗോ: ഷിക്കാഗോ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ആംബര്‍ മില്ലര്‍ എന്ന ഷിക്കാഗോക്കാരി അമ്മയായി. ഞായറാഴ്ച ഷിക്കാഗോയില്‍ നടന്ന മാരത്തോണിലാണ് ഒമ്പതു മാസം ഗര്‍ഭിണിയായ മില്ലര്‍ (27) പങ്കെടുത്തത്. മാരത്തണ്‍ ഓടാന്‍ ഡോക്ടറില്‍ നിന്ന് അനുമതി ലഭിച്ച ശേഷമാണ് ഷിക്കാഗോ മാരത്തണില്‍ മില്ലര്‍ ഓടിയത്. ഓട്ടം പൂര്‍ത്തിയാക്കി ഏതാനും മണിക്കൂറുകള്‍ക്കകം മകള്‍ ജൂണിന് മില്ലര്‍ ജന്മം നല്‍കുകയും ചെയ്തു.

മാരത്തണില്‍ പങ്കെടുക്കാനായി നേരത്തെ കരാറില്‍ ഒപ്പിട്ടതിനാലാണ് പങ്കെടുത്തതെന്ന് പരിചയസമ്പന്നയായ മാരത്തണ്‍ ഓട്ടക്കാരി കൂടിയായ മില്ലര്‍ പറഞ്ഞു. ആറു മണിക്കൂര്‍ 25 മിനിട്ടുകൊണ്ടാണ് മില്ലര്‍ 42 കിലോമീറ്റര്‍ ദൂരം പിന്നിട്ടത്. മുമ്പ് ഏഴുതവണയും ഇതിനേക്കാള്‍ മികച്ച സമയത്തിലായിരുന്നു മില്ലര്‍ ഈ ദൂരം പിന്നിട്ടത്. മത്സരത്തിലുടനീളം കാണികള്‍ തന്നെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചുവെന്ന് മില്ലര്‍ പറഞ്ഞു.

ഇന്ത്യയുമായി ശക്തമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് ജോണ്‍ ഹണ്ട്‌സ്മാന്‍

ന്യൂയോര്‍ക്ക് : പുതിയ കാലഘട്ടത്തില്‍ ഇന്ത്യയുമായി ശക്തമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ജോണ്‍ ജോണ്‍ ഹണ്ട്‌സ്മാന്‍ . പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഹണ്ട്‌സ്മാന്‍ പറഞ്ഞു. മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല വാണിജ്യാടിസ്ഥാനത്തിലും ഇന്ത്യയുമായുള്ള ബന്ധമാണ് യുഎസിന് ഗുണകരമാകുകയെന്നും ഹണ്ട്‌സ്മാന്‍ വ്യക്തമാക്കി. യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ താന്‍ പിന്തുണയ്ക്കുന്നുവെന്നും ഹണ്ട്‌സ്മാന്‍ പറഞ്ഞു.

ജനസംഖ്യയുടെ അടിസ്ഥാനത്തിലും സാമ്പത്തിക, സൈനിക ശക്തിയുടെ അടിസ്ഥാനത്തിലും ഏഷ്യാ പസഫിക് മേഖലയില്‍ ശക്തിയാര്‍ജിക്കുന്ന ഇന്ത്യയുമായും ചൈനയുമായും യുഎസ് ശക്തമായ ബന്ധം നിലനിര്‍ത്തണം. അഫ്ഗാനിലെ യുഎസ് സൈനിക നടപടിയെ ക്കുറിച്ചും പുനരാലോചന വേണം. ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കാമെന്നും ഹണ്ട്‌സ്മാന്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹണ്ട്‌സ്മാന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തുന്നത്.

യുഎസിനൊരു വനിതാ പ്രസിഡന്റ് വേണമെന്ന് സാറാ പാലിന്‍

ന്യൂയോര്‍ക്ക് : അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ അലാസ്‌കന്‍ ഗവര്‍ണറും 2008 ലെ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന സാറാ പാലിന്‍ . യു.എസിനൊരു വനിതാ പ്രസിഡന്റ് ഉണ്ടാവുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും വൈകാതെ അതുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സോളില്‍ നടക്കുന്ന വേള്‍ജ് നോളജ് ഫോറത്തില്‍ പങ്കെടുക്കവെ പാലിന്‍ പറഞ്ഞു. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള വനിത ആരായിരിക്കും എന്നതിനെക്കുറിച്ച് പാലിന്‍ സൂചനയൊന്നും നല്‍കിയില്ല.

അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തില്‍ നിന്ന് പാലിന്‍ അടുത്തിടെ പിന്‍മാറിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പാലിന്റെ ആത്മകഥയിലെ വിവാദപരാമര്‍ശങ്ങള്‍ പ്രതിച്ഛായ മോശമാക്കിയ പശ്ചാത്തലത്തിലാണ് പാലിന്റെ പിന്‍മാറ്റമെന്ന് അഭ്യൂഹങ്ങളുണ്ടെന്നായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും പരാമര്‍ശിക്കാന്‍ പാലിന്‍ തയ്യാറായില്ല.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് 51 ശതമാനം അമേരിക്കക്കാര്‍ക്കും അ
ിയാം.

ന്യൂയോര്‍ക്ക്: കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കും സാമ്പത്തിക അസുന്തലനത്തിനുമെതിരെ യുഎസില്‍ നടക്കുന്ന ഒക്യൂപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് 51 ശതമാനം അമേരിക്കക്കാര്‍ക്കും അിറയാമെന്ന് അഭിപ്രായ സര്‍വ്വെ. പ്രക്ഷോഭത്തെക്കുറിച്ചറിയാവുന്നവരില്‍ 27 ശതമാനം പേരും പ്രതിഷേധ പ്രകടനങ്ങളെ അനുകൂലിക്കുമ്പോള്‍ 19 ശതമാനം പേര്‍ പ്രതിഷേധത്തോട് യോജിപ്പില്ലാത്തവരാണ്.

സര്‍വ്വെയില്‍ പങ്കെടുത്ത 54 ശതമാനം പേര്‍ക്കും പ്രക്ഷോഭത്തെക്കുറിച്ച് അഭിപ്രായമില്ല. ഈ മാസം ആറു മുതല്‍ ഒമ്പതുവരെ 1,005 പേരെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടാണ് സര്‍വ്വെ നടത്തിയത്. സെപ്റ്റംബര്‍ 17ന് ആരംഭിച്ച ഒക്യൂപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം യു.എസിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഒആര്‍സി ഇന്റര്‍ലാകിയോണല്‍ കാരവന്‍ സര്‍വ്വെ നടത്തിയത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം മോര്‍മോണിസം വീണ്ടും ചര്‍ച്ചയാവുന്നു.

ന്യൂയോര്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള മത്സരത്തിലെ മുന്‍നിരക്കാരായ റിക് പെറിയും മിറ്റ് റോമ്‌നെയും തമ്മിലുള്ള പോരാട്ടത്തില്‍ മോര്‍മോണിസം മുഖ്യ ചര്‍ച്ചാവിഷയമാവുന്നു. റോമ്‌നെയുടെ മോര്‍മോണ്‍ പശ്ചാത്തലമാണ് അദ്ദേഹത്തിന്റെ മുഖ്യ എതിര്‍സ്ഥാനാര്‍ത്ഥിയായ പെറി പരോക്ഷമായി ആയുധമാക്കുന്നത്. വാഷിംഗ്ടണില്‍ നടന്ന വാല്യൂസ് വോട്ടര്‍ സമ്മിറ്റിലാണ് ഇക്കാര്യം വീണ്ടും മുഖ്യ ചര്‍ച്ചയായത്. മോര്‍മോണിസം ക്രിസ്റ്റ്യാനിറ്റി അല്ലെന്നും അതൊരു കള്‍ട്ട് മാത്രമാണെന്നും അതുകൊണ്ടു തന്നെ മിറ്റ് റോമനെ ക്രൈസ്തവനല്ലെന്നുമായിരുന്നു. പ്രമുഖ ഇവാഞ്ചലിക്കല്‍ പാസ്റ്ററും പെറിയെ പിന്തുണക്കുന്നവരില്‍ പ്രമുഖനുമായ റോബോര്‍ട്ട് ജെഫേഴ്‌സ് സമ്മിറ്റില്‍ പ്രഖ്യാപിച്ചത്.

പിന്നീട് മാധ്യമപ്രവര്‍ത്തകരോടും ജെഫേഴ്‌സ് തന്റെ നിലപാട് ആവര്‍ത്തിച്ചു. തനിക്ക് വ്യക്തിപരമായി റോമ്‌നെയോട് എതിര്‍പ്പില്ലെന്നും ജീസസ് ക്രൈസ്റ്റില്‍ വിശ്വസിക്കുന്ന ഒരാളെ മാത്രമേ ക്രൈസ്തവനായി കാണാനാവൂ എന്നും ജെഫേഴ്‌സ് പറഞ്ഞു. എന്നാല്‍ ജെഫേഴ്‌സിന്റെ നിലപാടുകളോട് റിക് പെറി വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് പിന്നീട് പെറിയുടെ തെരഞ്ഞെടുപ്പ് വക്താവ് റോബര്‍ട്ട് ബ്ലാക്ക് പറഞ്ഞു.
ചടങ്ങ് പെറിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായിരുന്നില്ലെന്നും ബ്ലാക് പറഞ്ഞു. ഓഗസ്റ്റില്‍ നടന്ന 'ദ് റെസ്‌പോണ്‍സ്' എന്ന പ്രാര്‍ഥനാ യോഗത്തില്‍ പെറിയും ജെഫേഴ്‌സും ഒരുമിച്ച് പങ്കെടുത്തിരുന്നു. കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ റോമ്‌നെ രംഗത്തെത്തിയപ്പോഴും ജെഫേഴ്‌സ് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നിരവധി വിശ്വാസികള്‍ തന്റെ നിലപാടിനോട് യോജിക്കുന്നവരാണെന്ന് ജെഫേഴ്‌സ് പറഞ്ഞു.

റിപ്പബ്ലിക്കന്‍മാരില്‍ 20 ശതമാനവും പ്രൊട്ടസ്റ്റന്റുകളില്‍ 23 ശതമാനവും ഒരു മോര്‍മോണ്‍ നേതാവ് പ്രസിഡന്റാവുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ജെഫേഴ്‌സ് പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ വോട്ട് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്ക റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മോഹികളും സമ്മിറ്റില്‍ പ്രസംഗിക്കുന്നുണ്ട്. ശനിയാഴ്ചയാണ് റോമ്‌നെ സമ്മിറ്റില്‍ പ്രസംഗിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക