Image

മഞ്‌ജുവിന്റെ മടങ്ങി വരവ്‌ രഞ്‌ജിത്ത്‌ ചിത്രത്തിലൂടെ; ചിത്രം മാന്‍ ഫ്രൈഡേ

Published on 01 September, 2013
മഞ്‌ജുവിന്റെ മടങ്ങി വരവ്‌ രഞ്‌ജിത്ത്‌ ചിത്രത്തിലൂടെ; ചിത്രം മാന്‍ ഫ്രൈഡേ
(latest: മാന്‍ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജുവാര്യര്‍ കരാര്‍ ഒപ്പിട്ടു.
മഞ്ജുവിന്റെ വീട്ടിലെത്തിയാണ് ആന്റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് നല്‍കി മഞ്ജുവിന്റെ രണ്ടാം വരവ് ഉറപ്പാക്കിയത്. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളിയുടെ ഇഷ്ടതാരം വെള്ളിത്തിരയിലേക്കു മടങ്ങിയെത്തുന്നത്. )

വളരെ അപ്രതീക്ഷിതമാണ്‌ മഞ്‌ജു വാര്യരെക്കുറിച്ച്‌ കേള്‍ക്കുന്ന ഓരോ വാര്‍ത്തകളും. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം നര്‍ത്തകിയായി വീണ്ടും അരങ്ങേറ്റം, ദിലീപുമായുള്ള ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ച, ബച്ചനൊപ്പം പരസ്യ ചിത്രത്തിലൂടെ കാമറക്ക്‌ മുമ്പിലേക്കുള്ള തിരിച്ചു വരവ്‌... അങ്ങനെ സമീപകാലത്ത്‌ മഞ്‌ജു വാര്‍ത്തകളിലെ സൂപ്പര്‍താര പരിവേഷമുള്ള വ്യക്തി തന്നെയാണ്‌. ഇപ്പോഴിതാ മഞ്‌ജുവിനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയും എത്തിയിരിക്കുന്നു. രഞ്‌ജിത്ത്‌ ചിത്രത്തിലൂടെ മഞ്‌ജു വാര്യര്‍ മലയാള സിനിമയിലേക്ക്‌ തിരിച്ചു വരുന്നു എന്ന വാര്‍ത്ത.

മഞ്‌ജുവിന്റെ തിരിച്ചുവരവിന്റെ വാര്‍ത്ത ചാനല്‍ മാധ്യമങ്ങളിലൂടെ എത്തിയിട്ട്‌ മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളു. ആദ്യം വെറും കെട്ടുകഥയെന്ന തോന്നിപ്പിച്ച വാര്‍ത്ത പക്ഷെ രഞ്‌ജിത്ത്‌ നേരിട്ടെത്തി ശരിയെന്ന്‌ സമ്മതിച്ചു. തന്റെ പുതിയ ചിത്രത്തില്‍ നായികയായി മഞ്‌ജുവിനെ കരാര്‍ ചെയ്‌തുവെന്ന്‌ രഞ്‌ജിത്ത്‌ തന്നെ മാധ്യമങ്ങളോട്‌ തുറന്നു സമ്മതിച്ചു. മോഹന്‍ലാലാണ്‌ ചിത്രത്തിലെ നായകന്‍ എന്നതാണ്‌ മറ്റൊരു കൗതുകം. മോഹന്‍ലാലിന്റെ ഷാഡോ പ്രൊഡ്യൂസറായ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ഇത്രയുമാണ്‌ രഞ്‌ജിത്ത്‌ ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള വിവരങ്ങള്‍. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കുമെന്നും പറയുന്നു.

എന്നാല്‍ മഞ്‌ജുവിന്റെയും ലാലിന്റെയും കഥാപാത്രങ്ങളെക്കുറിച്ചോ, സിനിമയുടെ സ്വഭാവത്തെക്കുറിച്ചോ രഞ്‌ജിത്ത്‌ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. മോഹന്‍ലാല്‍, മഞ്‌ജുവാര്യര്‍ രഞ്‌ജിത്ത്‌ ടീം ഒന്നിച്ച ആറാം തമ്പുരാന്റെ രണ്ടാം ഭാഗമാണ്‌ ഇപ്പോഴത്തെ രഞ്‌ജിത്ത്‌ ചിത്രമെന്ന്‌ ആദ്യം പറഞ്ഞു കേട്ടെങ്കിലും രഞ്‌ജിത്ത്‌ ഇത്‌ നിഷേധിക്കുകയും ചെയ്‌തു.

ഒരു വര്‍ഷം മുമ്പ്‌ രഞ്‌ജിത്ത്‌ തന്നെ പ്ലാന്‍ ചെയ്‌ത `ലീല' എന്ന ചിത്രമാണ്‌ ഇപ്പോള്‍ മോഹന്‍ലാലിനെയും മഞ്‌ജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുക എന്നതാണ്‌ പുതിയ വിവരം. മോഹന്‍ലാലിനെ നായകനാക്കി രഞ്‌ജിത്ത്‌ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു ലീല. പ്രശസ്‌ത യുവ ചെറുകഥാകൃത്ത്‌ ഉണ്ണി.ആറിന്റെ ചെറുകഥയാണ്‌ ലീല. ഈ ചെറുകഥ ഇതേ പേരില്‍ തന്നെ സിനിമയാക്കാനാണ്‌ രഞ്‌ജിത്ത്‌ ആഗ്രഹിച്ചത്‌. എന്നാല്‍ ഈ സിനിമയില്‍ സഹകരിക്കാന്‍ അന്ന്‌ മോഹന്‍ലാല്‍ തയാറായില്ല. ഒരുപാട്‌ കാലമായി മോഹന്‍ലാലിനും രഞ്‌ജിത്തിനും ഇടയില്‍ നിലനിന്ന ശീത സമരമാണ്‌ അന്ന്‌ മോഹന്‍ലാല്‍ രഞ്‌ജിത്തിന്‌ നോ പറയാന്‍ കാരണമായത്‌. തുടര്‍ന്ന്‌ ശങ്കര്‍ രാമകൃഷ്‌ണനെ നായകനാക്കി രഞ്‌ജിത്ത്‌ ലീല അനൗണ്‍സ്‌ ചെയ്‌തു. മംമ്‌താ മോഹന്‍ദാസിനെയാണ്‌ അന്ന്‌ നായികയായി തീരുമാനിച്ചത്‌. മംമ്‌ത പിന്നീട്‌ ഈ പ്രോജക്‌ടില്‍ നിന്ന്‌ പിന്മാറിയതോടെ ആന്‍ അഗസ്റ്റിനെ നായികയായി തീരുമാനിച്ചിരുന്നു. പക്ഷെ പല കാരണങ്ങളാലും ചിത്രം ഏറെ നീണ്ടു പോയി. അടുത്തു തന്നെ ചിത്രം ചെയ്യണമെന്നാണ്‌ ആഗ്രഹമെന്നും ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും രഞ്‌ജിത്ത്‌ അടുത്തിടെ പറഞ്ഞിരുന്നു.

നായികാ പ്രധാന്യമുള്ള ചെറുകഥയാണ്‌ ലീല. സ്വാഭാവികമായും സിനിമയും നായികാ പ്രധാന്യമുള്ളത്‌ തന്നെയായിരിക്കും. ഉണ്ണി.ആറിന്റെ ചെറുകഥയില്‍ നായികയായ ലീല അവസാനം പൂര്‍ണ്ണ നഗ്നയായി എത്തുന്ന രംഗങ്ങളുണ്ട്‌. രഞ്‌ജിത്ത്‌ തയാറാക്കിയ തിരക്കഥയിലും സമാനമായ രംഗങ്ങളുണ്ട്‌ എന്ന കാരണത്താലാണ്‌ മംമ്‌ത മോഹന്‍ദാസ്‌ ആദ്യം ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നത്‌.

മോഹന്‍ലാലിന്റെ മലയാളി പുരുഷ ഇമേജുകള്‍ സൃഷ്‌ടിച്ച പത്മരാജന്റെ തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണന്റെയും, രഞ്‌ജിത്തിന്റെ തന്നെ ദേവാസുരത്തിലെ മംഗലശേരി നീലകണ്‌ഠന്റെയുമൊക്കെ മറ്റൊരു വേര്‍ഷനാണ്‌ ലീല എന്ന ചിത്രത്തിലെ നായകനായ കുട്ടിയപ്പന്‍. ചെറുകഥ വായിച്ചവര്‍ക്ക്‌ മോഹന്‍ലാലിനെയല്ലാതെ മറ്റൊരു നായകനെയും ലീലയില്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. അത്രത്തോളം ലാല്‍ എന്ന താരസ്വത്വത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ്‌ ലീലയിലെ കുട്ടിയപ്പന്‍. എന്നാല്‍ ദേവാസുരം പോലെയുള്ള രഞ്‌ജിത്തിന്റെ ലാല്‍ ചിത്രങ്ങളുടെ ആക്ഷന്‍ ഫ്‌ളേവര്‍ ലീലയിലില്ല. മറിച്ച്‌ ഉന്മാദിയായ നായകനാണ്‌ ലീലയിലെ കുട്ടിയപ്പന്‍.

ഉന്മാദവും മദ്യവും മദിരാക്ഷിയുമായി സരസ ജീവിതം നയിക്കുന്ന കുട്ടിയപ്പന്റെ കഥയാണ്‌ ലീല. അങ്ങനെയിരിക്കുമ്പോള്‍ കുട്ടിയപ്പന്റെ ലൈംഗീക വേഴ്‌ചക്കായി കണ്ടെത്തുന്ന പെണ്‍കുട്ടിയാണ്‌ ലീല. സ്വന്തം പിതാവ്‌ തന്നെയാണ്‌ ലീലയെ വേശ്യാവൃത്തിക്കായി കുട്ടിയപ്പന്‌ മുമ്പിലെത്തിക്കുന്നത്‌. ഉന്മാദത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കുട്ടിയപ്പന്‌ തോന്നുന്ന മോഹം വിചിത്രമാണ്‌. ലീലയെ ഒരു ആനയുടെ തുമ്പിക്കൈയ്യില്‍ ചേര്‍ത്ത്‌ നിര്‍ത്തി ഭോഗിക്കണമെന്നാണ്‌ കുട്ടിയപ്പന്റെ മോഹം. അതിനായി ഒരു കൊമ്പനാനയെ തിരഞ്ഞു നടക്കുന്ന കുട്ടിയപ്പനാണ്‌ പിന്നീട്‌ കഥയെ മുമ്പോട്ടു കൊണ്ടുപോകുന്നത്‌. ഒപ്പം ലീലയുടെ തകര്‍ന്ന മാനസിക നിലയും ചിത്രത്തില്‍ പ്രമേയമാകുന്നു.

ഒരുകാലത്ത്‌ ഭരതനും പത്മരാജനും രതിനിര്‍വേദത്തിലും തകരയിലുമൊക്കെ പരീക്ഷിച്ച മൃദു ലൈംഗീക സ്വഭാവത്തിലൂള്ള ലീല ഇന്ന്‌ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഏറെ സംശയമുണ്ട്‌. സ്‌പിരിറ്റ്‌ എന്ന ചിത്രത്തിലൂടെ രഞ്‌ജിത്തും മോഹന്‍ലാലും വീണ്ടും സൗഹൃദത്തിലായതോടെ കുട്ടിയപ്പനാവാന്‍ മോഹന്‍ലാല്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. മലയാളത്തില്‍ ശക്തമായ ഒരു തിരിച്ചുവരവ്‌ ആഗ്രഹിക്കുന്ന മഞ്‌ജുവാര്യര്‍ ലീല എന്ന കഥാപാത്രത്തെ തീര്‍ച്ചയായും ഏറ്റെടുത്തേക്കാം. അങ്ങനെയെങ്കില്‍ മലയാള സിനിമയില്‍ പല രീതിയിലും വിവാദവും സംവാദവും സൃഷ്‌ടിക്കാന്‍ പോകുന്ന സിനിമയായിരിക്കും ലീല. മഞ്‌ജു ലീലയായി തിരിച്ചെത്തുമോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടതുള്ളു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളുമായിട്ടുള്ള ഔദ്യോഗിക അറിയിപ്പ്‌ ഓണത്തിന്‌ മുമ്പുണ്ടാകുമെന്ന്‌ രഞ്‌ജിത്ത്‌ തന്നെ അറിയിച്ചിട്ടുണ്ട്‌.

എന്നാല്‍ സിനിമയിലേക്ക്‌ മഞ്‌ജുവിന്റെ മടങ്ങിവരവ്‌ പ്രഖ്യാപിച്ചതോടെ മലയാള സിനിമയിലെ ദിലീപ്‌ ക്യാംപ്‌ ഏറെ നിശബ്‌ദതയിലാണ്‌. ദിലീപിന്‌ ഒരിക്കലും താത്‌പര്യമില്ലാത്ത ഒന്നായിരുന്നു സിനിമയിലേക്കുള്ള മഞ്‌ജുവിന്റെ തിരിച്ചുവരവ്‌. ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തിയതും സിനിമയിലേക്ക്‌ തിരിച്ചുവരാനുള്ള മഞ്‌ജുവിന്റെ തീരുമാനമായിരുന്നു. രഞ്‌ജിത്ത്‌ ചിത്രത്തിനൊപ്പം സത്യന്‍ അന്തിക്കാടിന്റെ ചിത്രവും തുടര്‍ന്ന്‌ ഗീതുമോഹന്‍ദാസിന്റെ ചിത്രവും മഞ്‌ജുവാര്യര്‍ തിരഞ്ഞെടുത്തു എന്നും സൂചനകളുണ്ട്‌.
മഞ്‌ജുവിന്റെ മടങ്ങി വരവ്‌ രഞ്‌ജിത്ത്‌ ചിത്രത്തിലൂടെ; ചിത്രം മാന്‍ ഫ്രൈഡേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക