Image

സുഭിക്ഷതയുടെ എഴുത്തുകളും കലാരൂപങ്ങളും (ജോണ്‍ മാത്യു)

Published on 03 September, 2013
സുഭിക്ഷതയുടെ എഴുത്തുകളും കലാരൂപങ്ങളും (ജോണ്‍ മാത്യു)
ലേഖനങ്ങളില്‍ ഞാന്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്‌തിട്ടുള്ളത്‌ സാഹിത്യസംവാദങ്ങളെപ്പറ്റിയാണ്‌. ലാന, ഹൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ്‌ ഫോറം, മലയാളം സൊസൈറ്റി, പിന്നെ അമേരിക്കയിലെ നിരവധി സാഹിത്യ സംഘടനകളും എഴുത്തിന്റെ സാമൂഹികവും സാങ്കേതികവുമായ വശങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചിട്ടപ്പടിയുള്ള കാര്യങ്ങള്‍! തുടര്‍ന്ന്‌ കുറേക്കൂടി ആഴത്തിലുള്ള പഠനങ്ങള്‍ നടക്കുന്നത്‌ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ എഴുത്തുകാര്‍ തമ്മില്‍ ടെലിഫോണ്‍ വഴിയുള്ള വ്യക്തിപരമായ സംഭാഷണങ്ങളിലും. സാഹിത്യസമ്മേളനങ്ങളിലെ ഔദ്യോഗിക പരിപാടികള്‍ കഴിഞ്ഞുള്ള സ്വകാര്യ കൂടിവരവുകളും എഴുത്തുരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ സ്വതന്ത്രമായി വിലയിരുത്താന്‍ ശ്രമിക്കാറുണ്ട്‌.

ഒറ്റതിരിഞ്ഞുള്ള ഒരു ഫോണ്‍ ചര്‍ച്ചയില്‍ ഈയിടെ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണ്‌ ഇന്നത്തെ എഴുത്തുകള്‍ എന്തുകൊണ്ട്‌ ശ്രദ്ധിക്കപ്പെടുന്നില്ലെന്നത്‌. ഇതേ ചോദ്യംതന്നെ മറ്റൊരു സാഹിത്യ ചര്‍ച്ചയിലും ഇക്കഴിഞ്ഞദിവസം ഉന്നയിക്കപ്പെട്ടു. ഗൗരവപൂര്‍വ്വം വായിക്കേണ്ടുന്നവയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതും ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ പല തലങ്ങളില്‍നിന്ന്‌ നോക്കിക്കാണുന്നതുമായ കൃതികള്‍ എന്തുകൊണ്ട്‌ നമുക്കുണ്ടാകുന്നില്ല?

ഉണ്ടാകുന്നില്ല എന്ന്‌ പറയുന്നത്‌ ഒരു സ്ഥിരം പ്രയോഗമാണ്‌, ഇന്നത്തെ തലമുറ നശിച്ചുവെന്ന പ്രസ്‌താവനപോലെ. മുതിര്‍ന്നവര്‍ അവരുടെ ചെറുപ്പകാലത്ത്‌ കാണിച്ചിരുന്നതുപോലെയുള്ള ആവേശവും ആത്മാര്‍ത്ഥതയും സാമൂഹിക സാഹിത്യരംഗങ്ങളില്‍ കാണുന്നില്ലെന്നതും ഭാഗികമായ സത്യമാണ്‌.

കൃതികള്‍ വിലയിരുത്തുമ്പോള്‍ സാധാരണ ചോദിക്കാറുണ്ട്‌ വായിച്ചു പോകാന്‍ പറ്റുമോ, ഒരു വായനാസുഖമുണ്ടോ എന്നൊക്കെ. ശരിയാണ്‌ ഒരു `ഫീല്‍ ഗുഡ്‌' ഇല്ലെങ്കില്‍ ഒന്നും ആസ്വാദ്യകരമാകുകയില്ലതന്നെ. ഇനിയുമെന്തെന്ന്‌ ചോദ്യം മുന്നില്‍ നില്‍ക്കണംപോലും!

മലയാളത്തില്‍ മാത്രമല്ല ലോകത്തിലെ ഭാഷകളിലെല്ലാംതന്നെ ആഖ്യായികളില്‍നിന്നും കഥകളില്‍നിന്നും `നീണ്ടകഥ'കളിലേക്ക്‌ എഴുത്തുകാര്‍ തിരിഞ്ഞത്‌ ഈ ആകാംക്ഷ നിലനിര്‍ത്താനാണ്‌, പിന്നെ കച്ചവടലക്ഷ്യവും. ഒരോ അദ്ധ്യായവും വായിച്ചു കഴിയുമ്പോള്‍ ഇനിയുമെന്ത്‌ എന്ന്‌ ചോദിച്ചിരിക്കണംപോലും. മലയാളത്തില്‍ സമൂഹത്തിന്റെയും വ്യക്തിയുടെയും മനസ്സിന്റെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ട കൃതികള്‍ക്കൊപ്പംതന്നെ ഈ `നീണ്ടകഥാപ്രസ്ഥാന'വും വളര്‍ന്നുവന്നു. നീണ്ടകഥകള്‍ ആഖ്യായികളാണെന്ന്‌ ധാരണയാണ്‌ നമ്മുടെ സാഹിത്യത്തിനുണ്ടായ ദുരന്തം. ഒരു ചോദ്യവും ചോദിക്കാതെയാണ്‌ ഈ നീണ്ടകഥകള്‍ അവസാനിക്കാറ്‌. ജീവിതത്തിന്റെ ആഴത്തിലേക്കൊന്നും ഇറങ്ങിച്ചെല്ലാതെ ഉപയോഗിച്ച്‌ മുനയൊടിഞ്ഞ്‌ പ്രയോഗങ്ങളും ശൈലിയും പ്രകൃതിവര്‍ണ്ണനയും അല്‍പം നാടകീയതയുമാണ്‌ ഈ നീണ്ടകഥകള്‍.

ഗൗരവമായിമാത്രം വായിക്കണമെന്നും ഒരു കോമഡിഷോ കാണരുതെന്നൊന്നുമല്ല ഇവിടെ പറഞ്ഞുവരുന്നത്‌. വേഗത്തില്‍ വായിച്ചു പോകാവുന്നതുകൊണ്ടോ ലക്ഷക്കണക്കിന്‌ കോപ്പികള്‍ വിറ്റഴിയുന്നതുകൊണ്ടോ ഒരു കൃതി സാഹിത്യലോകത്ത്‌ നാഴികക്കല്ല്‌ ആയിത്തീരുന്നില്ലന്നെ പറയുന്നുള്ളൂ. `ദ ഡാവിഞ്ചിക്കോഡ്‌', `ഗോഡ്‌ ഒഫ്‌ സമാള്‍ തിങ്ങ്‌സ്‌' പോലുള്ളവ ധാരാളം കോപ്പികള്‍ വിറ്റഴിഞ്ഞു. എന്നാല്‍ `യുളീസസ്‌' `ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍', `ഖസാക്കിന്റെ ഇതിഹാസ'വും തുടങ്ങിയവ സാഹിത്യലോകത്ത്‌ ചലനങ്ങള്‍ സൃഷ്‌ടിച്ചു. മാറ്റങ്ങള്‍ വരുത്തി, ചരിത്രത്തിലെ വിലപ്പെട്ട സംഭവങ്ങളുമായി.

സാഹിത്യ ചര്‍ച്ചകളില്‍ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്‌ എന്തുകൊണ്ട്‌ നമുക്ക്‌ സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കൃതികള്‍ ഉണ്ടാകുന്നില്ലെന്നത്‌, പ്രത്യേകിച്ചും അമേരിക്കയില്‍നിന്നുള്ള മലയാളം എഴുത്തുകളില്‍. കാരണം, സാധാരണജീവിതത്തില്‍ സര്‍ക്കാരോ സമൂഹമോ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്ലാത്തതുതന്നെ. പകരം നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ത്തന്നെയുണ്ടാക്കുന്നതോ നിര്‍ഭാഗ്യംകൊണ്ട്‌ വന്നുചേരുന്നതോ മാത്രം.

അറേബ്യന്‍നാടുകളുടെ പശ്ചാത്തലത്തില്‍ എഴുതിയ `ആടുജീവിത'വും അതുപോലെയുള്ള നിരവധി കൃതികളിലെയും സാമൂഹിക പ്രശ്‌നങ്ങള്‍ ദൂരെനിന്ന്‌ കാണുന്നതേയുള്ളൂ, വായനക്കാരും ദൂരെമാറിനിന്ന്‌ സഹതപിക്കുന്നു.

ഇവിടെ പ്രശ്‌നത്തിലെ പ്രതിയായ `അറബി സമൂഹം' ഈ കൃതികള്‍ ഒന്നുംതന്നെ വായിക്കുന്നില്ല. അഥവാ മൊഴിമാറ്റി വായിച്ചാല്‍ത്തന്നെ അവരുടെ മനസ്സ്‌ മാറുമോ? അവരുടെ സമൂഹം മാറുമോ? ഇന്ന്‌ കേരളത്തിലെയും വരേണ്യവര്‍ഗ്ഗം ഏതാണ്ടൊക്കെ ഈ അറബിയെപ്പോലെതന്നെയാണ്‌. `സാരി-സിനിമ-സ്വര്‍ണ്ണ-സൗന്ദര്യവര്‍ദ്ധകവിപണിയുടെ ലോകത്ത്‌, ലക്ഷത്തിന്റെയും കോടികളുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിന്നിടത്ത്‌ ദാരിദ്ര്യമേയില്ല. പണ്ട്‌ കേശവദേവ്‌ കണ്ട `ഓട' ഇന്നുമുണ്ട്‌. പക്ഷേ, നമ്മളെന്തിന്‌ അങ്ങോട്ട്‌ നോക്കണം? മറ്റൊരു വേഷത്തില്‍ `തോട്ടിയും' `തോട്ടിയുടെ മകനു'മുണ്ട്‌. അതും മറന്നേക്കുക!

നമ്മുടെ തനതായ ലോകത്തിനപ്പുറത്തേക്ക്‌ കണ്ണുകള്‍ എത്തുന്നില്ല. മനസ്സിന്റെ ആഴത്തിലേക്കും ഇറങ്ങിച്ചെല്ലുന്നില്ല. ഇതൊന്നും കാണാതെ കണ്ണുപൊത്തുന്ന സ്വഭാവം സ്ഥിരമാക്കിക്കഴിഞ്ഞു, അര്‍ത്ഥമില്ലാത്ത കോമഡിഷോകള്‍ കണ്ടിരിക്കാന്‍ മാത്രം ജീവിതം പാകപ്പെടുത്തിക്കഴിഞ്ഞു ബഹുഭൂരിപക്ഷവും. വെറും `ആകാംക്ഷ'ക്ക്‌ പകരം `എന്തുകൊണ്ട്‌' എന്ന്‌ ചോദിക്കാന്‍ മറന്നുപോയതുപോലെ!

ഇവിടെ ഒന്നുമാത്രം പറയുകയാണ്‌: തന്‍കാര്യം മാത്രം നോക്കി ജീവിക്കുന്ന സമൂഹത്തിന്റെ മേല്‍ അവിചാരിതമായ മാറ്റങ്ങളുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണെന്ന്‌ ചരിത്രപാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നത്‌.

സുഭിക്ഷതയുടെ എഴുത്തുകളും കലാരൂപങ്ങളും (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക