Image

തിരിച്ചുവരവിന്‌ എല്ലാവരോടും കടപ്പാട്‌; മഞ്‌ജു മനസു തുറക്കുന്നു

Published on 03 September, 2013
തിരിച്ചുവരവിന്‌ എല്ലാവരോടും കടപ്പാട്‌; മഞ്‌ജു മനസു തുറക്കുന്നു
തന്റെ തിരിച്ചുവരവിന്‌ എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായി നടി മഞ്‌ജു വാര്യര്‍ ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. ഫെയ്‌സ്‌ ബുക്കിലെ മഞ്‌ജു എഴുതിയത്‌ ഇപ്രകാരം: ഒടുവില്‍ അത്‌ സംഭവിക്കുന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയെന്ന മാന്ത്രിക ലോകത്തേക്ക്‌ വീണ്ടും.... ജനിച്ച ഗ്രാമത്തിലേക്ക്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മടങ്ങിപ്പോകുന്നത്‌ പോലുള്ള മാനസികാവസ്ഥയിലാണ്‌ ഇപ്പോള്‍. എന്റെ ഗുരുനാഥന്മാര്‍, സുഹൃത്തുക്കള്‍, സ്‌നേഹം എല്ലാം അവിടെ എപ്പോഴും ഉണ്ടായിരിക്കും...അല്ലേ എനിക്ക്‌ അത്രയും പ്രിയപ്പെട്ടവരോടൊത്താണ്‌ ഞാന്‍ നിങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ വീണ്ടും വരുന്നത്‌ എന്ന കാര്യം എന്റെ സന്തോഷം കൂട്ടുന്നു. ലാലേട്ടനും രഞ്‌ജിയേട്ടനും എനിക്ക്‌ ഏട്ടന്മാര്‍ തന്നെയായിരുന്നു. നല്ലതിലേക്ക്‌ മാത്രം വഴി കാട്ടിയവര്‍.

രഞ്‌ജിയേട്ടന്‍ ഉണ്ണിമായയ്‌ക്ക്‌ എന്റെ ഛായ നല്‍കിയപ്പോള്‍ ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ടവളായി. ലോഹിസാര്‍ ഭാനുമതിയെ മെനഞ്ഞപ്പോഴും അരികില്‍ ലാലേട്ടന്‍ തന്നെയായിരുന്നു...അങ്ങനെയൊക്കെയാണ്‌ ഞാന്‍ മഞ്‌ജു വാര്യരായി മാറിയത്‌.

എന്റെ വിജയത്തിനു പിന്നിലുള്ളവരെ അനുസ്‌മരിക്കുന്നു സംവിധായകര്‍ മുതല്‍ എന്റെ മുഖത്തിന്‌ പ്രകാശം പരത്തിയവര്‍ വരെ. ആ നിമിഷങ്ങളൊക്കെ പല പല റീലുകളായി മുന്നിലോടുകയാണ്‌ ഇപ്പോള്‍. ലോഹി സാറും തിലകന്‍ ചേട്ടനും മുരളിയേട്ടനും ഹനീഫിക്കയും ഒടുവി ഉണ്ണിയേട്ടനും ഒന്നും ഞാന്‍ തിരിച്ചു ചെല്ലുന്‌പോള്‍ തറവാട്ടിലില്ല.... അതിന്റെ സങ്കടമുണ്ട്‌. അകലെയിരുന്ന്‌ അവര്‍ എന്നെ അനുഗ്രഹിക്കുമെന്ന്‌ വിശ്വസിക്കാന്‍ ശ്രമിക്കുകയാണ്‌ ഞാന്‍.

സിനിമകള്‍ക്കിടയില്‍ ഇടവേളകളില്ലേ? അതുകഴിഞ്ഞ്‌ രണ്ടാം പകുതി,... അങ്ങനെയേ എനിക്ക്‌ തോന്നുന്നുള്ളൂ. ഈ ഇടവേളയുടെ നീളം എനിക്ക്‌ അനുഭവപ്പെടാതിരുന്നത്‌ നിങ്ങളുടെ സ്‌നേഹം കൊണ്ടു മാത്രമാണ്‌. എന്നെ സ്‌നേഹിക്കുന്നതിന്‌ ഞാനെന്താണ്‌ പകരം തരേണ്ടത്‌ അറിയില്ല. കാലം തൊട്ടുനോക്കാത്തത്‌ ഒന്നില്‍ മാത്രമാണെന്ന്‌ എനിക്ക്‌ തോന്നുന്നു, സ്‌നേഹം, അതില്‍ മാത്രം. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സ്‌നേഹം മാത്രമേയുള്ളൂ. അതുകൊണ്ട്‌ തന്നെ എത്രകാലം കഴിഞ്ഞാലും അതിന്‌ തിളക്കം കുറയുന്നുമില്ലല്ലോ എന്നും ഫെയ്‌സ്‌ ബുക്കിലൂടെ ചോദിക്കുന്നു.
തിരിച്ചുവരവിന്‌ എല്ലാവരോടും കടപ്പാട്‌; മഞ്‌ജു മനസു തുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക