Image

റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 12 October, 2011
റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ പരി. ദൈവമാതാവിന്റെ തിരുനാള്‍ സെപ്‌റ്റംബര്‍ 9,10,11 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഒമ്പതാംതീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ തിരുനാളിന്‌ കൊടിയേറ്റി. ഫാ. സന്തോഷ്‌ മാത്തന്‍കുന്നേല്‍ സി.എം.ഐയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും, വി. യൂദാശ്ശീഹായുടെ നൊവേനയും ലദീഞ്ഞും അര്‍പ്പിക്കപ്പെട്ടു. ഫാ. ഏബ്രഹാം വല്ലയില്‍, ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തിരുനാളിന്റെ രണ്ടാംദിനമായ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ആഘോഷമായ പാട്ടുകുര്‍ബാനയും, ലദീഞ്ഞും പരി. ദൈവമാതാവിന്റെ നൊവേനയും നടത്തി. ഫാ. ഏബ്രഹാം വല്ലയില്‍ സി.എം.ഐ മുഖ്യകാര്‍മികനായിരുന്നു. ഫാ. അലക്‌സ്‌ വാച്ചാപറമ്പില്‍ വചന ശുശ്രൂഷയും സന്ദേശവും നല്‍കി. മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ സഹകാര്‍മികനായിരുന്നു. കുര്‍ബാനയ്‌ക്കുശേഷം സോഷ്യല്‍ ഹാളില്‍ കാപ്പി സത്‌കാരവും നടന്നു.

ഇടവക തിരുനാള്‍ ദിനമായ ഞായറാഴ്‌ച രാവിലെ 11.30-ന്‌ അര്‍പ്പിക്കപ്പെട്ട ഭക്തിനിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. ഇമ്മാനുവേല്‍ പൂവത്തിനാല്‍ സി.എം.ഐ മുഖ്യകാര്‍മികനായിരുന്നു. ഫാ. ബിജു പീറ്റര്‍ നാറാണത്ത്‌ സി.എം.ഐ, ഫാ. പോള്‍ കോട്ടയ്‌ക്കല്‍, ഫാ. അലക്‌സ്‌ വാച്ചാപറമ്പില്‍, ഫാ. ഏബ്രഹാം വല്ലയില്‍ സി.എം.ഐ, ഫാ. ജോര്‍ജ്‌ കോശി, ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോര്‍ജ്‌ കോശി തിരുനാള്‍ സന്ദേശം നല്‍കി. ലോകത്തിലെ ഏറ്റവും മധുരമായ നാമം അമ്മയാണെന്നും അമ്മയോടുള്ള ഭക്തി ഏത്‌ ആപത്‌ഘട്ടത്തിലും തുണയേകുമെന്നും, സ്‌ത്രീ മഹത്വത്തിനു നിദാനം ദൈവമാതാവിന്റെ അചഞ്ചലമായ വിശ്വാസമാണെന്നും ഫാ. ജോര്‍ജ്‌ കോശി ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ആഘോഷകരമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിനും തുടര്‍ന്ന്‌ നടന്ന ലദീഞ്ഞിനും ഫാ. വര്‍ഗീസ്‌ ചെത്തിപ്പുഴ കാര്‍മികത്വം വഹിച്ചു. അടുത്തവര്‍ഷത്തെ പ്രസുദേന്തിയായി അജിന്‍ ആന്റണിയെ മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ തിരുനാള്‍ ഏല്‍പിച്ചു. മാതാവിന്റെ മുടിയെടുക്കല്‍ ചടങ്ങില്‍ അനേകം പേര്‍ ഭക്ത്യാദര പൂര്‍വ്വം പങ്കെടുത്തു. തുടര്‍ന്ന്‌ സോഷ്യല്‍ ഹാളില്‍ സ്‌നേഹവിരുന്നും നടന്നു.

സന്തോഷ്‌ മണലില്‍, ജോമോന്‍ ജോസഫ്‌, ടിന്റു ഫ്രാന്‍സീസ്‌, സോഫിയ മണലില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ക്ക്‌ ധന്യതയേകി. പാടുംപാതിരി ഫാ. പോള്‍ പൂവത്തിങ്കലും തിരുനാളില്‍ സംബന്ധിച്ചു.

ടീന പത്തില്‍, ബാബു പത്തില്‍ എന്നിവരായിരുന്നു പ്രസുദേന്തിമാര്‍. കൈക്കാരന്മാരായ ജോസഫ്‌ വാണിയപ്പള്ളി, ഫ്രാന്‍സീസ്‌ ക്ലമന്റ്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക