Image

പരാജയങ്ങളുടെ തിരക്കഥ സ്വയം എഴുതുന്ന സൂപ്പര്‍താരം

ജയമോഹനന്‍ എം Published on 05 September, 2013
പരാജയങ്ങളുടെ തിരക്കഥ സ്വയം എഴുതുന്ന സൂപ്പര്‍താരം
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക്‌ ഒരു സൂപ്പര്‍ ഹിറ്റ്‌ പോയിട്ട്‌ ഒരു സാദാ ഹിറ്റ്‌ പോലും കിട്ടിയിട്ട്‌ വര്‍ഷം രണ്ടു കഴിയുന്നു. പതിമൂന്ന്‌ സിനിമകള്‍ തുടര്‍ച്ചയായി പൊട്ടിയതിന്റെ ക്രെഡിറ്റുമായിട്ടാണ്‌ മമ്മൂട്ടി ഇപ്പോള്‍ മലയാള സിനിമയില്‍ നില്‍ക്കുന്നു. ആദ്യ സിനിമ ഓസ്‌കാര്‍ വേദിവരെ എത്തിച്ച സലിംഅഹമ്മദിനെ കൂട്ടുപിടിച്ചപ്പോഴും തികഞ്ഞ പരാജയം തന്നെ മമ്മൂട്ടി ബാക്കി വെക്കുന്നു. ഒരു കാലഘട്ടം മുഴുവന്‍ ഇതിഹാസം തുല്യം നിറഞ്ഞു നിന്ന മമ്മൂട്ടിയുടെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരം തന്നെയെന്ന്‌ മനസിലാകും സൂപ്പര്‍താരത്തിന്റെ പരാജയങ്ങളെ ശ്രദ്ധിച്ചാല്‍.

ആദാമിന്റെ മകന്‍ അബുവിലൂടെ ഏറെ ജനശ്രദ്ധ നേടിയ സലിം അഹമ്മദും മമ്മൂട്ടിയും ഒരുമിക്കുന്നു എന്നതു തന്നെയായിരുന്നു കുഞ്ഞനന്തന്‍ എന്ന കടയുടെ ഹൈലൈറ്റ്‌. മമ്മൂട്ടിയുടെ മികച്ച അഭിനയ പ്രകടനവും കാമ്പുള്ള പ്രമേയവും തിരക്കഥയുമായി സലിം അഹമ്മദിന്റെ സംവിധാന മേന്മയും പ്രതീക്ഷച്ച്‌ തീയറ്ററിലെത്തുന്നവര്‍ തികഞ്ഞ നിരാശയാണ്‌ കുഞ്ഞനന്തന്റെ കട സമ്മാനിക്കുക. വെറും ഒരു മൂന്നാംകിട തല്ലിപ്പൊള്ളി സിനിമ എന്നതിനും അപ്പുറം രാഷ്‌ട്രീയമായി നോക്കിയാല്‍ പോലും തികച്ചും ജനവിരുദ്ധം തന്നെയാണ്‌ കുഞ്ഞനന്തന്റെ കട എന്ന ചിത്രം.

എപ്പോഴും ഒരു നിസംഗ ഭാവത്തോടെ നടക്കുന്ന കണ്ണൂരിലെ ഒരു ഗ്രാമത്തിലെ പലചരക്കു കടക്കാരനാണ്‌ കുഞ്ഞനന്തന്‍. അതിന്റെ കാരണം എന്താണെന്ന്‌ ചോദിച്ചാല്‍ ഈ ഭാവത്തിന്‌ മാത്രമേ അവാര്‍ഡ്‌ കിട്ടാന്‍ സാധ്യതയുള്ള എന്നതാണ്‌ ലളിതമായ ഉത്തരം. അതല്ലാതെ ഒരു കാരണവും ഇല്ല തന്നെ. നിസഗഭാവം പിന്നെ ഇടക്കൊരു പൊട്ടിക്കരച്ചിലാക്കി അവാര്‍ഡിന്‌ സ്‌കോപ്പ്‌ കൂട്ടുകയും ചെയ്യുന്നുണ്ട്‌ മമ്മൂട്ടിയും സലിം അഹമ്മദും. ഈ കുഞ്ഞനന്തനും ഭാര്യ ചിത്തിരയും തമ്മില്‍ നല്ല സ്വരച്ചേര്‍ച്ചയിലില്ല. അതിനും പ്രത്യേകിച്ചു കാരണമൊന്നുമില്ല. കാരണം അന്വേഷിക്കാന്‍ പോയാല്‍ പ്രേക്ഷകന്‍ അന്തമില്ലാതെ ആലോചിച്ചിരിക്കേണ്ടി വരും. അത്ര തന്നെ.

ഇങ്ങനെ പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും സ്വരചേര്‍ച്ചയില്ലാതെ കഴിയുന്ന കുഞ്ഞനന്തന്‌ സ്വന്തം കടയോടാണ്‌ ഇഷ്‌ടം. അതിന്‌ മാത്രം സലിം അഹമ്മദ്‌ ഒരു കാരണം പറയുന്നുണ്ട്‌. കുഞ്ഞനന്തന്റെ അച്ഛന്‍ നടത്തിയതാണ്‌ ഈ കട. ഇപ്പോ അച്ഛനോടുള്ള സ്‌നേഹം കാരണം കുഞ്ഞനന്തന്‍ നടത്തുന്നു. പിന്നെ കുഞ്ഞനന്തന്‌ എന്തോ ഒരു മാനസിക പ്രശ്‌നമുള്ളതായി പ്രേക്ഷകന്‌ തോന്നും. അങ്ങനെയൊരു മാനസിക പ്രശ്‌നം കഥയെഴുത്ത്‌ തുടങ്ങിയപ്പോള്‍ സലിം അഹമ്മദും ഉദ്ദേശിച്ചിട്ടുണ്ടാവണം. പക്ഷെ എഴുതി എഴുതി സംഗതി ഒരു മഹാഭാരതമായപ്പോള്‍ ഈ മാനസിക പ്രശ്‌നത്തെ സലിം അഹമ്മദ്‌ കൈവിട്ടു. അങ്ങനെ പാതിവെന്ത ഒരു പാത്രസൃഷ്‌ടി മാത്രമായി കുഞ്ഞനന്തന്‍ എന്ന കേന്ദ്രകഥാപാത്രം.

കുഞ്ഞനന്തന്റെ കടയിരിക്കുന്ന സ്ഥലത്തു കൂടി ഗവണ്‍മെന്റ്‌ നാലുവരിപ്പാത തീരുമാനിക്കുന്നതോടെയാണ്‌ കുഞ്ഞനന്തന്റെ ടെന്‍ഷനുകള്‍ ആരംഭിക്കുന്നത്‌. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്‌ എങ്ങനെയും ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും കുഞ്ഞനന്തന്‍ പയറ്റുന്നു. എന്തിന്‌ ജാതിയെയും മതത്തെയും വരെ കൂഞ്ഞനന്‍ കൂട്ടുപിടിക്കുന്നു. ആ സമയത്താണ്‌ കുഞ്ഞനന്തന്റെ മകന്‍ മാവില്‍ നിന്നും താഴെ വീഴുന്നത്‌. താഴെ വീണ്‌ മകന്റെ തലപൊട്ടി ചോര വരുന്നു. കുഞ്ഞനന്തന്‌ മകനെ ഹോസ്‌പിറ്റലില്‍ എത്തിക്കണം. എന്നാല്‍ ഹോസ്‌പിറ്റലില്‍ മകനെക്കൊണ്ടു പോകാന്‍ ഒരു ജീപ്പില്‍ കയറിപോകുമ്പോഴാണ്‌ തന്റെ നാട്ടിലെ റോഡിനും പാലത്തിനുമൊന്നും വീതിയില്ല എന്ന്‌ കുഞ്ഞനന്തന്‍ മനസിലാക്കുന്നത്‌. ഉത്സവത്തിനിടയിലൂടെയും ഒരു നാട്ടു രാഷ്‌ട്രീയ നേതാവിന്റെ പ്രസംഗം റോഡിലെ വഴിമുടക്കിയതിനു നടുവിലൂടെയുമൊക്കെ ഒരു തരത്തില്‍ മകനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞനന്തന്‍ മനസിലാക്കുന്നു. നാലുവരിപ്പാത ഒരു അത്യാവശ്യം തന്നെ. അതോടെ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്ന പരിപാടി കുഞ്ഞനന്തന്‍ നിര്‍ത്തി. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത്‌ നാലുവരിപ്പാത ഉണ്ടാക്കി. കുഞ്ഞനന്തന്‍ അലക്കിത്തേച്ച കുപ്പായമൊക്കെ ധരിച്ച്‌ നാലുവരിപ്പാതയുടെ ഓരത്ത്‌ ഒരു നല്ല സൂപ്പര്‍മാര്‍ക്കറ്റിട്ട്‌ സസുഖം ജീവിച്ചു.

യാതൊരു യഥാര്‍ഥ്യബോധവുമില്ലാത്ത പൈങ്കിളിക്കഥകളെ വെല്ലുന്ന ഈ കുഞ്ഞനന്തന്റെ കഥ പറഞ്ഞു തീരുമ്പോഴേക്കും ഒരുവിധപ്പെട്ട പ്രേക്ഷകരെല്ലാം ഒന്നുകില്‍ കൂര്‍ക്കം വലിച്ച്‌ ഉറക്കമായിട്ടുണ്ടാവും അല്ലെങ്കില്‍ നേരത്തെ ഇറങ്ങിപ്പോയിട്ടുണ്ടാകും. അത്രത്തോളം നിരാശപ്പെടുത്തുന്ന ടിപ്പിക്കല്‍ അവാര്‍ഡ്‌ പടം ശൈലിയില്‍ കാമ്പില്ലാത്ത ഒരു പടം പടച്ചു വിടുകയാണ്‌ സലിം അഹമ്മദ്‌ ചെയ്യുന്നത്‌. ഒപ്പം ഭൂമി ഏറ്റെടുക്കലിനെതിരെ സാധാരണക്കാരനും പാവപ്പെട്ടവനും നടത്തുന്ന സമരങ്ങളെ ക്രൂരമായി അപഹസിക്കുന്നു എന്ന കുറ്റം കൂടി ചെയ്യുന്നുണ്ട്‌ കുഞ്ഞനന്തന്റെ കടയില്‍. ഇടതുപക്ഷ സഹയാത്രികാന്‍ കൂടിയായ മമ്മൂട്ടി എങ്ങനെ ഇത്തരത്തിലൊരു സാമാന്യ ജനവിരുദ്ധ സിനിമക്ക്‌ കൂട്ടുനിന്നു എന്നാണ്‌ മനസിലാക്കാന്‍ കഴിയാത്തത്‌. ഭൂമിയും വരുമാനവും നഷ്‌ടപ്പെട്ട മനുഷ്യന്‍ എങ്ങനെ സൂപ്പര്‍മാര്‍ക്കറ്റ്‌ തുടങ്ങുമെന്ന്‌ സലിം അഹമ്മദിന്‌ അറിയില്ല. അത്രത്തോളം റിയാലിറ്റിയുമായി അകലെയാണ്‌ സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട. ചിത്രത്തിന്റെ മമ്മൂട്ടിയുടെ അഭിനയം പരിതാപകരമാകുന്നതിന്‌ ഒരേയൊരു കാരണമേയുള്ളു. അത്‌ അദ്ദേഹം ചെയ്യുന്ന കയറിയത്‌ ഒരു മോശം തിരക്കഥയിലേക്കാണ്‌ എന്നതാണ്‌.

എന്തായാലും കുഞ്ഞനന്തന്റെ കട വലിയ ആഘോഷത്തോടെ അമ്പതോളം തീയേറ്ററില്‍ എത്തിച്ചുവെങ്കിലും മാന്യമായ പരാജയം തന്നെ ഏറ്റുവാങ്ങി. ഇനിയുള്ളത്‌ അവാര്‍ഡാണ്‌. ഈ സിനിമക്ക്‌ ആരെങ്കിലും അവാര്‍ഡ്‌ കൊടുത്തിട്ടുണ്ടെങ്കില്‍ കൊടുത്തവനെ ചാണകം മുക്കിയ ചൂലിന്‌ അടിക്കണം.

ഇവിടെ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി മറന്നു പോകുന്ന ഒരുകാര്യമുണ്ട്‌. കെട്ടുകാഴ്‌ചകള്‍ കൊണ്ട്‌ ഒരിക്കലും വിജയമുണ്ടാകില്ല. അതിന്‌ കഠിനമായ പരിശ്രമങ്ങള്‍ തന്നെ വേണം. ഇത്‌ ഏറ്റവും നന്നായി അറിയുന്നത്‌ മമ്മൂട്ടിക്ക്‌ തന്നെയാവും. കാരണം കഷ്‌ടപ്പാടുകളില്‍ നിന്നും കഠിന പരിശ്രമങ്ങളില്‍ നിന്നുമാണ്‌ മമ്മൂട്ടി എന്ന താരവും നടനും ജനിച്ചത്‌. പക്ഷെ ഇന്ന്‌ മമ്മൂട്ടിയുടെ കരിയര്‍ എത്തിനില്‍ക്കുന്നത്‌ സ്വയം സൃഷ്‌ടിക്കുന്ന പരാജയങ്ങളുടെ മധ്യത്തിലാണ്‌.

2010 അവസാനത്തോടെയാണ്‌ മമ്മൂട്ടിക്ക്‌ എടുത്ത പറയത്തക്ക ഒരു ഹിറ്റ്‌ ചിത്രം ലഭിക്കുന്നത്‌. മാര്‍ട്ടിന്‍ പ്രക്കാട്ട്‌ സംവിധാനം ചെയ്‌ത ബെസ്റ്റ്‌ ആക്‌ടര്‍ എന്ന ചിത്രം. അതിനു മുമ്പ്‌ പ്രാഞ്ചിയേട്ടനും, പഴശ്ശിരാജയുമൊക്കെയായി തിളങ്ങി നിന്നിരുന്നു മമ്മൂട്ടി. എന്നാല്‍ 2011 തുടക്കം മുതല്‍ എവിടെയും പിഴയ്‌ക്കുന്ന മമ്മൂട്ടിയെയാണ്‌ പ്രേക്ഷകര്‍ കാണുന്നത്‌. 2011 ആദ്യമെത്തിയ ഷാജി കൈലാസ്‌ - മമ്മൂട്ടി ചിത്രം ആഗസ്റ്റ്‌ 15 ദയനീയമായി പരാജയപ്പെട്ടു. തുടര്‍ന്ന്‌ സോഹന്‍ സീനു ലാലിന്റെ ഡബിള്‍സ്‌, ജയരാജിന്റെ ദി ട്രെയിന്‍, ബാബു ജനാര്‍ദ്ദനനന്റെ ബോംബെ മാര്‍ച്ച്‌ 12, ഷാഫിയുടെ വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. തുടര്‍ന്ന്‌ ഒരു വിജയത്തിനു വേണ്ടിയാണ്‌ ഷാജി കൈലാസ്‌ രഞ്‌ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ദി കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെ പഴയ ജോസഫ്‌ അലക്‌സായി മമ്മൂട്ടി എത്തിയത്‌. പക്ഷെ ദയനീയ പരാജയമായിരുന്നു പ്രേക്ഷകര്‍ വിധിച്ചത്‌.

കിംഗ്‌ ആന്‍ഡ്‌ കമ്മീഷണറുടെ പരാജയം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു തകര്‍ച്ചയുടെ തുടക്കം മാത്രമായിരുന്നു. പിന്നീട്‌ ഒരു വിജയത്തിനായി മമ്മൂട്ടിയുടെ ഹിറ്റ്‌ മേക്കേഴ്‌സിനൊപ്പം അദ്ദേഹം ഒന്നിച്ചുവെങ്കിലും പരാജയം തന്നെയായിരുന്നു അവസ്ഥ. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ തുറുപ്പുഗുലാന്‍ ഒരുക്കിയ ജോണി ആന്റണി സംവിധാനം ചെയ്‌ത താപ്പാനയായിരുന്നു തുടര്‍ന്ന്‌ പരാജയപ്പെട്ടത്‌. തൊട്ടടുത്ത്‌ തന്നെ ലാല്‍ സംവിധാനം ചെയ്‌ത കോബ്ര ഏറ്റവും മോശം ബോക്‌സ്‌ ഓഫീസ്‌ കളക്ഷനോടെ പരാജയപ്പെട്ടു. അടുത്തത്‌ മമ്മൂട്ടി തന്നെ നിര്‍മ്മിച്ചെത്തിച്ച ജവാന്‍ ഓഫ്‌ വെള്ളിമല എന്ന ചിത്രമായിരുന്നു. ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും വാലും തലയുമില്ലാത്ത ഈ ചിത്രത്തിനും പരാജയം തന്നെയായിരുന്നു വിധി. തുടര്‍ന്ന്‌ വി.എം വിനു സംവിധാനം ചെയ്‌ത ഫേയ്‌സ്‌ ടു ഫേയ്‌സ്‌ എന്ന മമ്മൂട്ടി ചിത്രത്തെ ആരാധകര്‍ പോലും കൈയ്യൊഴിഞ്ഞു. നിര്‍മ്മാതാവിന്‌ വന്‍ നഷ്‌ടം വരുത്തി ഫേയ്‌സ്‌ ടു ഫേയ്‌സും തകര്‍ന്നു.

എന്നാല്‍ മമ്മൂട്ടിയുടെ പരാജയങ്ങളുടെ കഥ ഇവിടെ തീരുന്നില്ല. പേരിനെങ്കിലും ഒരു വിജയം മമ്മൂട്ടിക്ക്‌ ആവിശ്യമായ ഈ ഘട്ടത്തിലാണ്‌ രഞ്‌ജിത്ത്‌ തിരക്കഥയെഴുതി ജി.എസ്‌ വിജയന്‍ സംവിധാനം ചെയ്‌ത ബാവൂട്ടിയുടെ നാമത്തില്‍ എത്തുന്നത്‌. വേണമെങ്കില്‍ വിജയം എന്ന്‌ പറഞ്ഞൊപ്പിക്കാവുന്ന തരത്തില്‍ രക്ഷപെട്ടു കിട്ടിയ ചിത്രമാകുന്നു ബാവൂട്ടിയുടെ നാമത്തില്‍. എന്നാല്‍ തീയറ്ററില്‍ ഒരു വന്‍ വിജയം ഈ ചിത്രവും നേടിയില്ല. ഒരു സൂപ്പര്‍ഹിറ്റ്‌ കൊമേഴ്‌സ്യല്‍ ഫോര്‍മുലയില്‍ മമ്മൂട്ടിയെയും ദിലീപിനെയും നായകന്‍മാരാക്കി തോംസണ്‍ ഒരുക്കിയ കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്തും മമ്മൂട്ടിയെ രക്ഷിച്ചില്ല. ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം പ്രേക്ഷകര്‍ ഒരു മടിയും കൂടാതെ തള്ളി. തുടര്‍ന്നെത്തിയ ലാല്‍ ജോസിന്റെ മമ്മൂട്ടി ചിത്രം ഇമ്മാനുവല്‍ ഒരു നല്ല ചിത്രം എന്നു പറയാവുന്നത്‌ തന്നെയായിരുന്നു. പക്ഷെ എന്തുകൊണ്ടോ ഒരു ലാല്‍ ജോസ്‌ ചിത്രം നേടുന്ന ബോക്‌സ്‌ ഓഫീസ്‌ കളക്ഷന്‍ ഇമ്മാനുവല്‍ നേടിയില്ല. മമ്മൂട്ടിക്ക്‌ ഒരു മാന്യമായ ഹിറ്റ്‌ നല്‍കാന്‍ ഇമ്മാനുവലിനും കഴിഞ്ഞില്ല എന്നു ചുരുക്കം. എന്തുകൊണ്ട്‌ ഇമ്മാനുവേല്‍ വേണ്ടവിധം ഒരു ഹിറ്റായി മാറിയില്ല എന്ന സംശയത്തിന്‌ വ്യക്തമായി മറുപടി തരുന്നത്‌ തുടര്‍ന്നെത്തിയ രഞ്‌ജിത്ത്‌ ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ്‌. എല്ലാ രീതിയിലും നല്ലൊരു മലയാള ചിത്രം എന്നു തന്നെ പറയണം കടല്‍ കടന്നൊരു മാത്തുക്കുട്ടിയെ. പ്രേക്ഷകര്‍ക്ക്‌ രസിക്കുന്ന ഹ്യൂമറും സെന്റിമെന്‍ന്‍സും ഫാമിലി ഡ്രാമയുമെല്ലാം ചേര്‍ന്ന ഒരു ക്ലാസ്‌ രഞ്‌ജിത്ത്‌ ചിത്രം തന്നെയായിരുന്നു മാത്തുക്കുട്ടിയും. പക്ഷെ മമ്മൂട്ടി ചിത്രങ്ങള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന നിഗമനത്തിലേക്ക്‌ എത്തേണ്ടി വരും മാത്തുക്കുട്ടി ഏറ്റുവാങ്ങിയ പരാജയം കാണുമ്പോള്‍. എന്തുകൊണ്ടും പ്രാഞ്ചിയേട്ടന്‍ ശൈലിയില്‍ ഒരു മികച്ച വിജയം നേടേണ്ട മാത്തുക്കുട്ടി ഒരാഴ്‌ച കൊണ്ട്‌ തീയറ്റര്‍ വിടുമ്പോള്‍ മമ്മൂട്ടിയിലുള്ള പ്രേക്ഷക വിശ്വാസം നഷ്‌ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

തുടര്‍ച്ചയായി ഒരു ഡസനിലേറെ പരാജയങ്ങളുടെ തിരക്കഥയെഴുതിയ താരമാകുന്നു ഇവിടെ മമ്മൂട്ടി. മലയാളത്തിലെ സൂപ്പര്‍താരമായി എന്നും നിറഞ്ഞു നിന്ന മമ്മൂട്ടി വെറും ആസിഫ്‌ അലിയെപ്പോലെ വര്‍ഷം നാലും അഞ്ചും പൊട്ടപ്പടങ്ങളില്‍ അഭിനയിക്കുന്ന തരത്തിലേക്ക്‌ സ്വന്തം വിലകുറയ്‌ക്കുന്നതാണ്‌ ഈ തകര്‍ച്ചയുടെ പ്രധാന കാരണം. വര്‍ഷം രണ്ടു സിനിമ എന്ന നിലയില്‍ മികച്ച സിനിമകള്‍ക്കായി സമയം മാറ്റിവെച്ച്‌ നല്ല സിനിമകളുമായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തേണ്ട പ്രായം കഴിഞ്ഞിരിക്കുന്നു മമ്മൂട്ടിക്ക്‌. മമ്മൂട്ടിയെങ്കിലും ഇനിയത്‌ തിരിച്ചറിഞ്ഞില്ലെങ്കല്‍ പരാജയങ്ങളുടെ തിരക്കഥ വീണ്ടും വീണ്ടും എഴുതേണ്ടി വരും മലയാളികളുടെ പ്രീയപ്പെട്ട സൂപ്പര്‍താരത്തിന്‌.
പരാജയങ്ങളുടെ തിരക്കഥ സ്വയം എഴുതുന്ന സൂപ്പര്‍താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക