Image

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം മൂന്ന്)- റെജീഷ് രാജന്‍

റെജീഷ് രാജന്‍ Published on 06 September, 2013
ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം മൂന്ന്)- റെജീഷ് രാജന്‍
മൂന്ന്
 

തിങ്കളാഴ്ച ദിവസം രാവിലെ കൃത്യം ആറു മണിക്ക് തന്നെ അലാറം അടിച്ചു. മനസ്സില്ലാ  മനസ്സോടെ ആണെങ്കിലും ഒരു പത്തു മിനിറ്റിനു ശേഷം വിനോദ് ഒരു വിധത്തില്‍ നെരങ്ങി എഴുന്നേറ്റു പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ബസ് സ്‌റ്റോപ്പിലേക്ക്  നടന്നു പോകവെ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പെട്ടെന്ന് ശക്തമായി മഴ പെയ്തതിനാല്‍, വിനോദിന് ആ റോസ് കളര്‍ കുട നിവര്‍ത്തണ്ടി  വന്നു. ഏഴു മണിക്ക് തന്നെ ബസ് സ്‌റ്റോപ്പില്‍ എത്തി കാത്തു നില്‍പ്പ് തുടങ്ങി. ഒന്ന് രണ്ടു ബസ് മുന്നില്‍ വന്നു നിര്‍ത്തിയെങ്കിലും ബസിലെ വന്‍ ആള്‍തിരക്ക് കാരണം അതില്‍ കയറാന്‍ തോന്നിയില്ല. ഇടയ്ക്ക് അതിലെ പോയ രണ്ടു പാണ്ടി ലോറികള്‍ക്ക് കൈ കാണിച്ചു. പഴയ അനുഭവം വെച്ച് ഈ ലോറികള്‍ നിര്‍ത്തണ്ടതാണ് പക്ഷെ ഇന്നെന്തോ, മഴ കാരണം ആവും ലോറികള്‍ എല്ലാം നിര്‍ത്താതെ കടന്നു പോയി.
കുറച്ചകലെ നിന്നൊരു പുത്തന്‍ ടൊയോട്ട കൊറോള കാര്‍ വരുന്നത് കണ്ടു. നിര്‍ത്തും എന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും വിനോദ് ചുമ്മാ അതിനൊരു കൈ കാണിച്ചു നോക്കി. അതിശയം എന്ന് പറയട്ടെ, ആ വണ്ടി സ്പീഡ് കുറച്ചു മെല്ലെ വിനോദിന്റെ മുന്നില്‍ വന്നു നിര്‍ത്തി. അടുത്ത് വന്നപ്പോഴാണ് കാറിന്റെ മൊത്തത്തിലുള്ള ഭംഗി വിനോദിന് ശരിക്കും ആസ്വദിക്കാനായത്. വെള്ള നിറം, ഏറിയാല്‍ ആറു മാസം പഴക്കമേ കാണൂ, കൊറോള അല്‍ട്ടിസ് ആണ് മോഡല്‍, പോണ്ടിച്ചേരി റെജിസ്‌ട്രേഷന്‍. പക്ഷെ വണ്ടിയ്ക്കകത്തെ കറുത്ത ഫിലിം കാരണം െ്രെഡവറെ വ്യക്തമായി കാണാന്‍ പറ്റുന്നില്ല. ഏതായാലും അധികം നേരം സസ്‌പെന്‍സ്  കളിക്കാതെ കാറിന്റെ ഗ്ലാസ് മെല്ലെ തുറന്നു.
'എവിടെ പോകാനാ?', െ്രെഡവര്‍ ചോദിച്ചു. എറണാകുളം എന്ന് പറഞ്ഞപ്പോള്‍ കയറിക്കോളാന്‍ പറഞ്ഞു. െ്രെഡവര്‍ കാഴ്ചയ്ക്ക് ചെറുപ്പക്കാരന്‍ ആണ്. പ്രായം ഏറിയാല്‍ ഇരുപത്തിയഞ്ച്.
'ആക്ച്വലി എനിക്ക് ആലപ്പുഴ ആണ് പോകേണ്ടത്. ഇടപ്പള്ളി സിഗ്‌നലിന്റെ അവിടെ ഡ്രോപ്പ് ചെയ്യാം. എന്താ പോരെ?'
'മതി', വിനോദ് പറഞ്ഞു. 
വണ്ടിയുടെ ഉള്‍ഭാഗം വിനോദിന് നന്നായി ഇഷ്ടപ്പെട്ടു. ധാരാളം ലെഗ് സ്‌പേസ്. നല്ല മിനുസമുള്ള സീറ്റ് കവര്‍. ഉള്ളില്‍ ഇഷ്ടം പോലെ സ്ഥലം. നല്ല പേര്‍ഫ്യൂമിന്റെ മണം, മൊത്തത്തില്‍ ഒരു ലക്ഷ്വറി ഫീല്‍. െ്രെഡവറിനോട് ചെറിയൊരു അസൂയ തോന്നുന്നു. ഇത് പോലൊരു വണ്ടി ഈ വാങ്ങാന്‍ ജന്മത്തു തനിക്കു സാധിക്കും എന്ന് തോന്നുന്നില്ല. ഈ ചെറുപ്പക്കാരന്‍, ഉടമസ്ഥന്‍ അല്ലെങ്കിലും ഇത് പോലൊരെണ്ണം ഓടിക്കാനുള്ള ഭാഗ്യം എങ്കിലും ഉണ്ടല്ലോ. ആ ഒരു കണക്കിന് ഈ നശിച്ച ബാങ്ക് ഉദ്യോഗത്തെക്കാള്‍ ഭേദം ഈ ജാതി ആഡംബര കാറിന്റെ െ്രെഡവര്‍ ആകുന്നതാ എന്ന് വിനോദിന് തോന്നി.
 െ്രെഡവര്‍ ഒരു കൂസലും ഇല്ലാതെ വണ്ടി നൂറു കിലോമീറ്റര്‍ സ്പീടിലിട്ടു പെടയ്ക്കുകയാണ്. പക്ഷെ വണ്ടിയ്ക്കകത്തു ഇരിക്കുമ്പോള്‍ ഇത്രെയും വേഗത്തില്‍ സഞ്ചരിക്കുന്നു എന്നാ തോന്നല്‍ ഉളവാകുന്നില്ല. ഓസിനുള്ള യാത്ര ആണെങ്കിലും െ്രെഡവറിനു എന്തെങ്കിലും കൈ മടക്കു കൊടുക്കണ്ടേ? വിനോദ് പോക്കറ്റില്‍ നിന്നും ഒരു ഇരുപതു രൂപ നോട്ട് എടുത്തു െ്രെഡവറിന്റെ പോക്കറ്റില്‍ തിരുകാന്‍ തുടങ്ങി.
'ഏയ്, എനിക്ക് കാശൊന്നും വേണ്ട. സാറിനെ കണ്ടിട്ട് ഒരു മാന്യന്‍ ആണെന്ന് തോന്നി അതാ ലിഫ്റ്റ് തന്നത്. എന്റെ മുതലാളി പ്രത്യേകം പറഞ്ഞിട്ടുണ്ട് ആര്‍ക്കും ലിഫ്റ്റ് കൊടുക്കരുതെന്ന്. ഞാന്‍ പിന്നെ ഇന്നലെ പാതിരായ്ക്ക് സേലത്ത് നിന്നും പുറപ്പെട്ടതാ. ഒരു പോള കണ്ണടയ്ക്കാന്‍ പറ്റിയിട്ടില്ല. സാര്‍ എന്തെങ്കിലും ഒക്കെ സംസാരിച്ചോണ്ടിരുന്നാല്‍ മതി. അപ്പോള്‍ പിന്നെ എനിക്ക് ഉറക്കം വരില്ല.'

ഒരു നിമിഷത്തേക്ക് വിനോദിന്റെ ഹൃദയമിടിപ്പ് നിശ്ചലം ആയതു പോലെ തോന്നി. കര്‍ത്താവേ ഈ കാലമാടന്‍ ഫ്രീ ലിഫ്റ്റ് ഓഫര്‍ ചെയ്തത് എന്നെ കൊലയ്ക്കു കൊടുക്കാന്‍ വേണ്ടിയാണോ? എറണാകുളത്തെക്കെന്നും പറഞ്ഞു എന്റെ യാത്ര അവസാനം സ്വര്‍ഗ്ഗ ലോകത്ത് ചെന്നവസാനിക്കുമോ?

'എങ്കില്‍ പിന്നെ നമുക്ക് വല്ല ഹോട്ടലിലും കയറി ഒരു കപ്പ് കാപ്പി കുടിക്കാം, അതല്ലേ നല്ലത്?' വിനോദ് ചോദിച്ചു.
'ഏയ് അത് ശരിയാവില്ല, ഈ വണ്ടി ഒന്‍പതു മണിക്ക് മുന്നേ ആലപ്പുഴ എത്തിച്ചേ പറ്റു. ഇല്ലേല്‍ മുതലാളി തെറി വിളിക്കും. വണ്ടി നിര്‍ത്തിയാല്‍ വെറുതെ കുറെ സമയം പോകും. മാത്രമല്ല എട്ടു മണി കഴിഞ്ഞാല്‍ വൈറ്റില സിഗ്‌നല്‍ ഭാഗത്ത് നല്ല ട്രാഫിക് ആണ്. വെറുതെ സിഗ്‌നലില്‍ കുരുങ്ങി നേരം പോകും. സാര്‍ പേടിയ്ക്കുകയോന്നും വേണ്ട. അഞ്ചു കൊല്ലമായി ഞാന്‍ വളയം പിടിയ്ക്കാന്‍ തുടങ്ങിയിട്ട്. ഇത് വരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഈ രാത്രി ഉറക്കിളപ്പു ഒക്കെ എനിക്ക് പതിവാ. സാറിനെ സേഫ് ആയി എറണാകുളത്തു എത്തിച്ചാല്‍ പോരെ? അത് ഞാന്‍ ഏറ്റു.'


വണ്ടി ഒരു ലക്കും ലഗാനും ഇല്ലാതെ നൂറില്‍ പറക്കുകയാണ്. െ്രെഡവറിന്റെ മുഖത്ത് നിന്നും വിനോദിന് കണ്ണെടുക്കാന്‍ പറ്റുന്നില്ല. ഒരു നിമിഷം അറിയാതെ െ്രെഡവര്‍ കണ്ണടച്ചുവോ എന്നൊരു സംശയം. ഗീവര്‍ഗീസ്, സെന്റ് ഫ്രാന്‍സിസ്, അന്തോണി മുതലായ സകല പുണ്യാളന്‍മാരുടെയും പേരുകള്‍ ഉരുവിട്ട് മനമുരുകി പ്രാര്‍ഥിച്ചു വിനോദ് തന്റെ ഉള്ളിലുള്ള ഭയത്തെ ഒരു വിധം നിയന്ത്രണ വിധേയമാക്കി. അതിനിടയില്‍ െ്രെഡവര്‍ സ്വയം പരിചയപ്പെടുത്തി. പേര് സാബു, നാട് മലപ്പുറം. വിനോദ് സാബുവിനോട് വണ്ടിയുടെ വില, മൈലേജ് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നെ പതുക്കെ ആ സംഭാഷണം വിവിധ തരം വാഹനങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര ചര്‍ച്ചയായി പരിണമിച്ചു.

സംസാരിച്ചു നേരം പോയതറിഞ്ഞില്ല. സമയം എഴേമുക്കാള്‍ ആയപ്പോഴേ വണ്ടി ആലുവ ഫ്‌ലൈഓവര്‍ കടന്നു. മഴ ഏകദേശം നിന്ന മട്ടായി. സിഗ്‌നല്‍ കഴിഞ്ഞു കഷ്ടിച്ച് ഒരു നൂറു മീറ്റര്‍ പിന്നിട്ടപ്പോഴാണ് രണ്ടു പോലീസ് ജീപ്പ് റോഡ് സൈഡിലായി പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്. അതില്‍ നിന്നിറങ്ങിയ രണ്ടു പോലീസുകാര്‍ സാബുവിന്റെ വണ്ടിക്കു നേരെ കൈ കാണിച്ചു. എന്നാല്‍ സാബു യാതൊരു കൂസലുമില്ലാതെ വണ്ടി ഒന്ന് കൂടി സ്പീഡ് കൂട്ടി നിര്‍ത്താതെ ഓടിച്ചു പോയത് വിനോദിനെ അത്ഭുതപ്പെടുത്തി.

'അവര്‍ വണ്ടിയുടെ ബുക്കും പേപ്പറും ചോദിക്കാനാവും കൈ കാണിച്ചത്.' വിനോദ് പറഞ്ഞു.
'ഏയ് അതിനൊന്നുമല്ല. അതേ, അവര്‍ നമ്മളെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് സാര്‍ ജസ്റ്റ് ഒന്ന് നോക്കി പറയാമോ?' സാബു ആവശ്യപ്പെട്ടു.
വിനോദ് പിന്നിലേക്ക് നോക്കി. സാബു സംശയിച്ച പോലെ തന്നെ ആ പോലീസുകാര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ഈ കൊറോള വണ്ടിയെ പിന്തുടരാന്‍ തുടങ്ങി.
'അതെ, അവര്‍ തൊട്ടു പുറകെ തന്നെയുണ്ട്, നമുക്ക് വണ്ടി നിര്‍ത്താം, അതാ നല്ലത്. അല്ലെങ്കില്‍ അവന്‍മാര്‍ നമുക്കിട്ടു പണി തരും.' വിനോദ് പറഞ്ഞു.
'വണ്ടി നിര്‍ത്തിയാലാണ് നമുക്ക് പണി കിട്ടാന്‍ പോകുന്നത്. സാര്‍ ടെന്‍ഷന്‍ ഒന്നും അടിക്കണ്ട. ഇവന്‍മാരില്‍ നിന്നും എങ്ങനെയും രക്ഷപ്പെടണം. സാറിനെ ഞാന്‍ സേഫ് ആയി ഒരു സ്‌പോട്ട് കണ്ടാല്‍ ഉടന്‍ തന്നെ ഇറക്കി വിടാം.'
'എന്താ പ്രശ്‌നം, വണ്ടിയുടെ ബുക്കും പേപ്പറും കയ്യില്‍ ഇല്ലേ?', വിനോദ് ചോദിച്ചു.
'ബുക്കും പേപ്പറും ഒക്കെയുണ്ട്, അതല്ല പ്രശ്‌നം.'
'പിന്നെ?'
ഒരു നിമിഷം പറയണോ വേണ്ടയോ എന്ന ആലോചനയില്‍ സാബു മുഴുകി. പിന്നെ പറഞ്ഞു, 'സാര്‍ പേടിക്കുകയൊന്നും വേണ്ട, ഈ വണ്ടിക്കകത്തു സ്പിരിറ്റ് ഉണ്ട്.'
'എടാ സാമ ദ്രോഹി, നീ എന്നെ കൊലയ്ക്കു കൊടുക്കാനാണോ പ്ലാന്‍? ഈ വണ്ടി ഇപ്പോള്‍ നിര്‍ത്തണം. എനിക്ക് അഴിയെണ്ണാന്‍ ഒന്നും പറ്റില്ല.'

'ഇപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി സാര്‍ ഇറങ്ങിയാല്‍, അവര് സാറിനെ പൊക്കും, സാര്‍ ലോക്കപ്പില്‍ കിടക്കും, ഞാന്‍ രക്ഷപ്പെടുകയും ചെയ്യും. അത് വേണോ എന്ന് നന്നായി ആലോചിക്ക്. പിന്നെ വണ്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായും എന്റെ കയ്യിലാണ്, അത് മറക്കണ്ട.' അല്പം ഭീഷണി കലര്‍ന്ന സ്വരത്തിലാണ് സാബു ഇത് പറഞ്ഞത്.

വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ട് വിനോദ് കുറച്ചു നേരം മിണ്ടാതിരുന്നു. വണ്ടിയെ സാബു ഒരു ഫോര്‍മുല വണ്‍ കാറോട്ടക്കാരനെ പോലെയാണ് കൈകാര്യം ചെയ്തത്. വണ്ടി വളയ്ക്കുമ്പോള്‍ ആയാലും നേരെ പോകുമ്പോള്‍ ആയാലും, നൂറു കിലോമീറ്റര്‍ സ്പീഡ് നില നിര്‍ത്തിക്കൊണ്ട് തന്നെ, മുന്നിലുള്ള പല വാഹനങ്ങളേയും അവയുടെ വലിപ്പ ചെറുപ്പം നോക്കാതെ, അവയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സാബു കൊറോളയെ ഏറെ ദൂരം മുന്നോട്ടു കൊണ്ട് പോയി. അധികം താമസിയാതെ തന്നെ ആ പോലീസ് ജീപ്പുകള്‍ ബഹുദൂരം പിന്നിലായി.

കളമശ്ശേരി എത്താറായപ്പോള്‍ സാബു പറഞ്ഞു, 'സാര്‍ കര്‍ചീഫ് കൊണ്ട് മുഖം മൂടിക്കോ അതാ നല്ലത്. പറയാന്‍ പറ്റില്ല സിറ്റിയുടെ പല ഭാഗത്തും ഇപ്പോള്‍ ഹിഡന്‍ ക്യാമറ ഉണ്ട്. വെറുതെ എന്തിനാ പോലീസുകാര്‍ക്ക് നമ്മുടെ മുഖം കാണാന്‍ അവസരം കൊടുക്കുന്നത്.' പറഞ്ഞു തീര്‍ന്നതും, വളരെ വേഗത്തില്‍ സ്റ്റിയറിങ്ങില്‍ നിന്നും കൈ എടുത്തു പെട്ടെന്ന് തന്നെ പോക്കറ്റിലുള്ള തൂവാല എടുത്ത് സാബു തന്റെ മുഖം മൂടി കെട്ടി. വിനോദും അപ്രകാരം തന്നെ ചെയ്തു. അധികം താമസിയാതെ കൊറോള പ്രീമിയര്‍ ജങ്ങ്ഷനില്‍ എത്തി. കഷ്ടകാലത്തിനു ട്രാഫിക് സിഗ്‌നല്‍ അന്നേരം ചുവപ്പ് കാണിച്ചപ്പോള്‍, സാബു സ്വയം ശപിച്ചു കൊണ്ട് വണ്ടി നിര്‍ത്തി.
 
'ഇനി രക്ഷയില്ല, വണ്ടി സേഫ് ആയി അധികം ആള്‍ത്തിരക്കും ബഹളവും ഇല്ലാത്ത ഒരു സ്ഥലത്ത് നിര്‍ത്തി ഇറങ്ങി ഓടുക. അതെ മാര്‍ഗമുള്ളൂ. അവന്‍മാര്‍ വയര്‍ലെസ്സില്‍ കൂടി മറ്റു പോലീസുകാരെ എന്തായാലും വിവരം അറിയിച്ചു കാണും. ഇനി വേറെ പോലീസ് വണ്ടി എതിരെ വന്നു ഈ വണ്ടിയെ ബ്ലോക്ക് ചെയ്യാന്‍ അധികം സമയം വേണ്ട. സാര്‍ ഒന്ന് പിന്നെലേക്ക് നോക്കി, അവര്‍ എത്ര ദൂരം പിറകിലാണെന്ന് ഒന്ന് പറഞ്ഞേ.'

വണ്ടിയില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങി ഓടുന്നത് ബുദ്ധി അല്ലെന്നു വിനോദിന് തോന്നി. നല്ല തിരക്കുള്ള ജങ്ങ്ഷന്‍ ആയതിനാല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നിലേക്ക് നോക്കിയപ്പോള്‍ ആ പോലീസ് ജീപ്പ് ഏതാണ്ട് അമ്പതു മീറ്റര്‍ എങ്കിലും അകലെ ആയിരുന്നു. ആ പോലീസുകാര്‍ക്ക് ഈ കൊറോളയുടെ ഒപ്പം എത്തണമെങ്കില്‍ കുറഞ്ഞത് ഒരു അഞ്ചു വാഹനങ്ങളെ എങ്കിലും ഓവര്‍ടെക്ക് ചെയ്യേണ്ടി വരും.

എന്നാല്‍ അല്പം ആശ്വസിക്കാം എന്ന് വിചാരിക്കുമ്പോഴാണ് ആ പോലീസ് ജീപ്പില്‍ നിന്നും രണ്ടു പോലീസുകാര്‍ ഇറങ്ങി മുമ്പോട്ടു ഓടുന്നത് വിനോദ് കണ്ടത്. അവര്‍ തങ്ങളുടെ കൊറോള ലക്ഷ്യമാക്കി തന്നെ ആണ് വരവ്. അവര്‍ അടുക്കുംതോറും വിനോദിന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.

ഏതായാലും ഭാഗ്യത്തിന് ആ പോലീസുകാര്‍ കൊറോളയില്‍ നിന്ന് കഷ്ടിച്ച് ഒരു പത്തു മീറ്റര്‍ അകലത്തു എത്തിയപ്പോള്‍ സിഗ്‌നല്‍ പച്ച കാണിച്ചു. സാബു വീണ്ടും വണ്ടി റെയിസ് ചെയ്തു പഴയ നൂറു കിലോമീറ്റര്‍ സ്പീഡ് നിലവാരത്തിലേക്ക് അതിവേഗം എത്തിച്ചു. വിനോദ് അല്പം ആശ്വാസത്തോടെ വീണ്ടും തിരിഞ്ഞു നോക്കിയപ്പോള്‍ വഴിയില്‍ പെട്ട് പോയ ആ രണ്ടു പോലീസുകാര്‍ പോലീസ് ജീപ്പ് അടുത്ത് എത്തിയ ഉടന്‍ അതിലേക്കു ചാടി കയറുന്നത് കണ്ടു. അവര്‍ക്ക് നമ്മളെ അങ്ങനെ വിടാന്‍ ഭാവമില്ല. വിനോദ് വീണ്ടും ഗീവര്‍ഗീസ് പുണ്യാളന്റെ നാമം ഉരുവിട്ട് മനമുരുകി പ്രാര്‍ഥിച്ചു.

പെട്ടെന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ സാബു കൊറോളയെ ഇടതു ഭാഗത്തേക്ക് വെട്ടിച്ചു എച്.എം.ടി ജങ്ങ്ഷന്‍ ലക്ഷ്യമാക്കി പാഞ്ഞു. ഭാഗ്യം, സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് കൊണ്ട് വിനോദ് ആ വെട്ടിക്കലിന്റെ അഖാതത്തില്‍ മറിഞ്ഞു വീണില്ല. പിന്നില്‍ പോലീസ് ഇല്ല എന്ന് റിയര്‍ വ്യൂ മിററില്‍ നോക്കി ഉറപ്പു വരുത്തി സാബു വീണ്ടും കൊറോളയെ ഇടത്തേക്ക് വെട്ടിച്ചു എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡിലേക്ക് പ്രവേശിച്ചു. 
പിന്നില്‍ പോലീസ് ഇല്ല എന്ന് കണ്ടപ്പോള്‍ വിനോദിന് ചെറിയ ആശ്വാസം തോന്നി. വണ്ടി കുറച്ചു ദൂരം കൂടി മുമ്പോട്ടു ഓടിച്ച ശേഷം നിര്‍ത്താന്‍ ആവും സാബുവിന്റെ പ്ലാന്‍ എന്ന് പുള്ളി കരുതി. എന്നാല്‍ അപ്രതീക്ഷിതമായി സാബു കൊറോളയെ വലതു ഭാഗത്തേക്ക് വെട്ടിച്ചു ഒരു പോക്കറ്റ് റോഡില്‍ ചെന്ന് കയറി.

'നമ്മള്‍ എവിടെക്കാ ഈ പോകുന്നത്?', വിനോദ് ചോദിച്ചു.
'കൊച്ചിന്‍ യൂണിവേര്‍സിറ്റി ക്യാമ്പസ്. അവിടാവുമ്പോള്‍ ഈ സമയം ആള്‍ത്തിരക്കും ബഹളവും കുറവാ. ഇനി സാര്‍ പേടിക്കേണ്ട, സ്ഥലം ഇപ്പോള്‍ എത്തും. പിന്നൊരു കാര്യം, വണ്ടിയില്‍ നിന്ന് ഇറങ്ങിയാല്‍ ഒരു കാരണവശാലും ഓടരുത്, വേഗത്തില്‍ നടക്കുകയെ ആകാവു. ഓടുന്നതെങ്ങാനും നാട്ടുകാര് കണ്ടാല്‍ അവര്‍ക്ക് സംശയം തോന്നും, പിന്നീട് പോലീസ് എങ്ങാനും അന്വേഷിച്ചാല്‍ ഈ കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്യും.' സാബു പറഞ്ഞു. ഏതാനും സെക്കണ്ടുകള്‍ക്കുള്ളില്‍ തന്നെ സ്ഥലം എത്തി.

'സാര്‍, ദാ ഈ വഴി സ്വല്പം നേരെ നടന്നാല്‍ അവിടൊരു ബസ് സ്‌റ്റോപ്പ് ഉണ്ട്. അവിടുന്ന് ഓട്ടോയോ ബസിലോ കയറി സിറ്റിയിലേക്ക് പോകാം. വേഗം വിട്ടോ. ഞാന്‍ എതിരെയുള്ള വഴിയെ പൊയ്‌ക്കോളാം.', സാബു പറഞ്ഞു.
ഇതൊന്നും കേട്ട് നില്‍ക്കാനുള്ള ക്ഷമ വിനോദിന് ഇല്ലായിരുന്നു. വണ്ടിയില്‍ നിന്നിറങ്ങി ഉടനെ തന്നെ ബസ് സ്‌റ്റോപ്പ് ലക്ഷ്യമാക്കി നടന്നു, റോഡില്‍ ആരുമില്ല എന്ന് കണ്ടപ്പോള്‍ ഓടാനും തുടങ്ങി. ബസ് സ്‌റ്റോപ്പ് എത്തിയപ്പോള്‍ അതിനടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഓട്ടോ വിളിച്ചു, അതില്‍ ഇരുന്നപ്പോളാണ് വിനോദിന് ശ്വാസം നേരെ വീണത്.

ഓട്ടോ കുറച്ചു ദൂരം പിന്നിട്ടു ഇടപ്പള്ളി എത്താറായപ്പോള്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. വിനോദിന് പെട്ടെന്ന് ആ റോസ് കളര്‍ കുടയുടെ കാര്യം ഓര്‍മ വന്നു. ബാഗിനകത്തു തപ്പിയപ്പോള്‍ അതിനുള്ളില്‍ ഇല്ല. 'അപ്പോള്‍ ആ കാറിനകത്തു തന്നെ ആണ് ഞാന്‍ ആ കുട മറന്നു വെച്ചത്. അതെങ്ങനാ ഈ മരണ വെപ്രാളത്തിന് ഇടയില്‍ ഈ കാര്യം ഒക്കെ ഓര്‍മ വരണ്ടേ? ഇനി പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ആ കുട എനിക്കെതിരെ വല്ല തുമ്പോ തെളിവോ അങ്ങനെ എന്തെങ്കിലും ഒക്കെ ആകുമോ? ഏയ്, ഒരു ഉണക്ക കുടയില്‍ നിന്ന് എന്ത് തുമ്പ് കിട്ടാന്‍ ? തല്‍കാലം കാട് കയറി ചിന്തിക്കേണ്ട, ഇപ്പോള്‍ ഞാന്‍ സേഫ് ആണ്. പോലീസുകാര്‍ എന്തായാലും എന്നെ നേരെ ചൊവ്വേ കണ്ടിട്ടില്ല, അത് കൊണ്ട് തന്നെ എന്നെ അവര്‍ സംശയിക്കാനുള്ള സാധ്യതയും ഇല്ല.' വഴിയില്‍ മറ്റു ദുര്‍ഖടങ്ങള്‍ ഒന്നും ഇല്ലാതെ വിനോദ് സഞ്ചരിച്ച ഓട്ടോ ഹോട്ടല്‍ റെനൈസ്സന്‍സ് ലക്ഷ്യമാക്കി സുഗമമായി നീങ്ങി.


സാബു എന്ന കള്ള പേര് മൂപ്പരുടെ അടുത്ത് പറഞ്ഞത് ഏതായാലും നന്നായി, കിഷോര്‍ ഓര്‍ത്തു. നടന്നു നടന്നു തൃക്കാക്കര അമ്പലത്തിന്റെ സമീപത്തു എത്തിയപ്പോഴേക്കും നേരം ഒന്‍പതു മണിയായി. പോലീസുകാരില്‍ നിന്ന് തല്‍കാലം രക്ഷപ്പെട്ടെങ്കിലും കിഷോറിന്റെ മുഖത്ത് നിന്ന് പേടിയും നിരാശയും പൂര്‍ണമായി വിട്ടു മാറിയിരുന്നില്ല. 'മുതലാളിയെ ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? അങ്ങേരോട് ഞാന്‍ ഇനി എന്ത് സമാധാനം പറയും? രണ്ടു കൊല്ലം മുമ്പ് മൂപ്പരുടെ കൂടെ കൂടിയതാ. എത്രയോ വണ്ടികള്‍, ലോറി, സെഡാന്‍, എസ്.യൂ.വീ ഇവയിലെല്ലാം ഞാന്‍ സ്പിരിറ്റ് കടത്തിയേക്കുന്നു. എത്രയോ അനവധി യാത്രകള്‍. ഇന്നേവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇതാരോ ഒറ്റി കൊടുത്തതാ, സംശയമില്ല. ', കിഷോര്‍ ഓര്‍ത്തു.

'ഈ പരിസരത്തെങ്ങും ടെലിഫോണ് ബൂത്ത് കാണുന്നില്ല. മുതലാളിയെ ഇപ്പോള്‍ എന്റെ സെല്‍ ഫോണില്‍ നിന്ന് വിളിച്ചാല്‍ റിസ്‌ക് ആണ്. ഈ ഭാഗത്തെ മൊബൈല്‍ ടവറുകള്‍ എല്ലാം പോലീസ് നിരീക്ഷിക്കും എന്നുറപ്പാണ്. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ മുന്നില്‍ ഒരു ബൂത്ത് പണ്ടെങ്ങോ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു. അങ്ങോട്ട് വിടാം.' കിഷോര്‍ ആ വഴി വന്ന ഒരു ഓട്ടോ വിളിച്ചു ഇടപ്പള്ളി ലക്ഷ്യമാക്കി നീങ്ങി.


(തുടരും..)

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം മൂന്ന്)- റെജീഷ് രാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക